സ്തുതിക്കേണ്ടത് സന്ദര്‍ഭാനുസരണം
Friday 11 October 2019 2:45 am IST
വേധാധികരണം
ഒരു സൂത്രമാണ് ഇതിലുള്ളത്.
സൂത്രം-വേധാദ്യര്‍ത്ഥഭേദാത്
വേധം മുതലായ ക്രിയകളുടെ അര്‍ത്ഥം എല്ലാ ഉപാസനകളിലും ഒരുപോലെ ചേരില്ല. അര്‍ത്ഥ വ്യത്യാസമുള്ളതിനാലാണിത്. അഥര്‍വവേദക്കാരുടെ ഉപനിഷത്ത് ആരംഭത്തില്‍ 'സര്‍വം പ്രസിധ്യ... ത്രിധാവിപൃക്തഃ'- ദേവതേ എല്ലാറ്റിനേയും പിളര്‍ക്കൂ, എന്റെ ശത്രുക്കളുടെ ഹൃദയം പിളര്‍ക്കൂ.. ഞരമ്പുകളെ പിളര്‍ക്കൂ .. ശിരസ്സ് പിളര്‍ക്കൂ ... മൂന്നായി വേര്‍പ്പെടുത്തൂ.. എന്നിങ്ങനെ പറയുന്നു.
മുണ്ഡകോപനിഷത്തില്‍ 'ആയമ്യ തദ്... സോമ്യ വിദ്ധി' വലിച്ച് കുലച്ച ബ്രഹ്മഭാവത്തില്‍ ഉറച്ചതായ ഏകാഗ്രമായ മനസ്സിനാല്‍ അക്ഷരബ്രഹ്മമാകുന്ന ലക്ഷ്യത്തെ വേധിക്കണം എന്ന്.
ഇങ്ങനെ വേധനക്രിയയെപ്പറ്റി പല ഉപനിഷത്തുകളിലും പറഞ്ഞിട്ടുണ്ടെങ്കിലും അത് എല്ലാം ഉപാസനയില്‍ ഒരേ നിലയില്‍ എടുക്കാന്‍ പാടില്ല. അതെല്ലാം വേറെ വേറെ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥം സ്വീകരിക്കണം.
ഹാന്യധികരണം
ഇതിലും ഒരു സൂത്രമേ ഉള്ളൂ...
സൂത്രം - ഹാനൗ ഉപായനശബ്ദശേഷ ത്വാത് കുശാച്ഛന്ദസ്തുത്യുപഗാനവത്തദുക്തം.
ഹാനിയിലും ദുഃഖശോക പുണ്യപാപങ്ങളുടെ നാശത്തെ വര്‍ണ്ണിക്കുമ്പോഴും ബ്രഹ്മപദപ്രാപ്തിയെ പ്രകാശിപ്പിക്കുന്ന വാക്യ ശേഷങ്ങള്‍ ഉള്ളതിനാല്‍ കുശ, ഛന്ദസ്സ് സ്തുതി ഉപഗാനം എന്നിവയെ പോലെ പറഞ്ഞിട്ടുണ്ട്.
ബ്രഹ്മവിദ്യയുടെ ഫലത്തെ ഈ സൂത്രം മുതല്‍ നിരൂപണം ചെയ്യുന്നു.
ഛാന്ദോഗ്യത്തില്‍ വൈശ്വാനര വിദ്യയെ അറിഞ്ഞ് ഹവനം ചെയ്യുന്നയാള്‍ എല്ലാ പാപങ്ങളേയും ഭസ്മാക്കി കളയുന്നുവെന്ന് പറയുന്നു.
മുണ്ഡകത്തില്‍ നാമരൂപങ്ങളില്‍ നിന്ന് മുക്തനായി പരമപുരുഷനെ പ്രാപിക്കുമെന്ന് പറയുന്നു.മറ്റ് ഉപനിഷത്തുകളിലും വൈശ്വാനര വിദ്യകൊണ്ട് എല്ലാ ശോക മോഹങ്ങളും പുണ്യപാപങ്ങളും നശിക്കുമെന്ന് പറയുന്നുണ്ട്.
ബ്രഹ്മപദപ്രാപ്തിയാണ് അതിന്റെ ഫലം എന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ ബ്രഹ്മവിദ്യകൊണ്ട് അവിദ്യ ഇല്ലാതാകുക എന്നല്ലാതെ ബ്രഹ്മപദപ്രാപ്തി ഉണ്ടാകുന്നില്ലേ എന്ന് സംശയം ഉണ്ടാകാം.
എന്നാല്‍ അവിദ്യാ നാശം പറയുന്ന ഇവിടങ്ങളില്‍ വാക്യശേഷം എന്ന നിലയില്‍ ബ്രഹ്മപദപ്രാപ്തിയെ കൂടി ചേര്‍ക്കുകയോ അറിയുകയോ ചെയ്യണമെന്ന് സൂത്രം വ്യക്തമാക്കുന്നു. അവിദ്യ ഇല്ലാതായാല്‍ പിന്നെ ബ്രഹ്മപദം നേടാം.
മുണ്ഡകം, ഛാന്ദോഗ്യം തുടങ്ങിയ ഉപനിഷത്തുക്കളിലെല്ലാം ബ്രഹ്മവിദ്യയുടെ ഫലമായി ബ്രഹ്മപദപ്രാപ്തി പറയുന്നുണ്ട്. അതിനാല്‍ അങ്ങനെ പറയുന്ന സ്ഥലങ്ങളില്‍ നിന്ന് വാക്യശേഷരൂപത്തില്‍ അധ്യാഹരിച്ച് ചേര്‍ക്കാം, അതുമൂലം ഫലഭേദമോ വികല്പമോ ഉണ്ടാകില്ല.
കുശാ എന്നാല്‍ വനസ്പതി എന്ന് പൊതുവെയും ആ വര്‍ഗത്തില്‍ പെട്ട പ്രത്യേക ചെടിയെന്ന് വിശേഷമായും പറയാം. ആ വ്യത്യാസത്തെ ആരും അത്ര കാര്യമായി എടുക്കാറില്ല.
സ്തുതിയുടെ കാര്യത്തിലും അങ്ങനെയാണ്. ആരെസ്തുതിക്കണം എപ്പോള്‍ സ്തുതിക്കണം എന്നത് സന്ദര്‍ഭത്തിനനുസരിച്ച് ചെയ്യണം.
ഇത്തരത്തില്‍ ശോക മോഹപുണ്യപാപനാശമെന്ന ഫലം പറയുന്നിടങ്ങളില്‍ ബ്രഹ്മപദപ്രാപ്തിയെ വാക്യ ശേഷമായി അറിയണം.
No comments:
Post a Comment