Friday, October 11, 2019

ദേവി തത്ത്വം-25

സലില ഏകോ ദൃഷ്ടാ അദ്വൈതോ ഭവതി .വസ്തു ഒന്നാണെന്ന് കണ്ട് കഴിയുമ്പോൾ പിന്നെ എന്തൊക്കെ തന്നെ കണ്ടാലും അത് തന്നെ. ഈ സ്ഥിതിയാണ് സഹജ സമാധി. ഇതാണ് നമ്മുടെ സകല ബന്ധങ്ങളിലും നിന്നുമുള്ള വിമുക്തി മാർഗ്ഗം. നമ്മുടെ ലക്ഷ്യ സ്ഥാനം.

ഈ ലക്ഷ്യ സ്ഥാനത്തിലേയ്ക്കുള്ള പ്രയാണത്തിൽ ശ്രീവിദ്യ ഒന്നും അഭ്യസിച്ചിട്ടില്ലെങ്കിൽ പോലും ശുദ്ധമായ വേദാന്ത വിചാരം ചെയ്ത് പോകുന്ന  ഒരാൾ വഴിയിൽ ശ്രീവിദ്യയെ കാണും. ആത്മ വിചാരം ചെയ്ത് സത്യത്തിലേയ്ക്കടുക്കുന്തോറും നമ്മളീ ശ്രീവിദ്യയെ തെളിഞ്ഞ് കാണും. അതുകൊണ്ട് നമുക്ക് ശ്രീവിദ്യ പ്രത്യേകം ഒരു ശാസ്ത്രമായി പഠിക്കേണ്ട ആവശ്യമില്ല. പഠിച്ചാലൊട്ട് മനസ്സിലാവുകയുമില്ല. ശ്രീവിദ്യ ശ്രീവിദ്യയായിട്ട് പഠിച്ചാൽ മനസ്സിലാകില്ല ബ്രഹ്മവിദ്യയുടെ തന്നെ ഒരു ഭാവമാണത്. സത്യത്തിലേയ്ക്കടുക്കുന്തോറും ഈ ശ്രീവിദ്യയെ നമ്മൾ കാണും. സചലാ ശക്തിയെ കാണും.

നിശ്ചലത്തിൽ നിന്നും പൊന്തി വരുന്ന അനിർവചനീയമായ ശക്തിയെ കാണും. ആ ശക്തിക്ക് നമ്മൾ ശരണാഗതി ചെയ്യുകയും ചെയ്യും. ശരണാഗതി ചെയ്ത് അത് നമ്മളിൽ പ്രവർത്തിക്കുന്നത് കാണുമ്പോൾ നമുക്കൊരാനന്ദം ഉണ്ടാകും. പിന്നീടുള്ള ജീവിതത്തിൽ നമുക്ക് ആകെ കിട്ടാനുള്ളത് ഈ ആനന്ദമാണ്. ആ നിശ്ചലതയിൽ സദാ ഇരിക്കാൻ പറ്റില്ല. നിശ്ചലതയിൽ നിന്നും സചലമായ ശരീര മണ്ഡലത്തിൽ വന്ന് കഴിയുമ്പോൾ നമുക്കുണ്ടാകുന്ന ആനന്ദം, ഈ ശക്തി ഉള്ളിൽ കിടന്ന് കളിപ്പിക്കുമ്പോഴു ണ്ടാകുന്നതാണത്. അതിന്റെ കൈയ്യിൽ നമ്മുടെ ശരീരമൊരു ഉണക്ക പുല്ലുപോലെയാണ്. ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞ വാക്കാണിത്. നല്ല കാറ്റിൽ പറക്കുന്ന ഉണക്ക പുല്ലു പോലെ നമ്മുടെ ശരീരം ഒരു സ്വേച്ഛയുമില്ലാതെ ആ മഹാശക്തിയുടെ കൈയ്യിൽ ഒരു യന്ത്രമായിട്ട് പ്രവർത്തിക്കുമ്പോൾ നമുക്കൊരു ആനന്ദമുണ്ടാകും. ആരാ ആനന്ദിക്കുന്നത് എന്ന് ചോദിച്ചാൽ അതും അവൾ തന്നെ. അവിടെ ഭേദമില്ലെങ്കിലും ഒരു കല്പിത ഭേദം ഉണ്ട് .ഭക്ത്യർത്ഥം കല്പിതം ദ്വൈതം അദ്വൈതാതഭി സുന്ദരം എന്നൊരാചാര്യൻ പറഞ്ഞു. അദ്വൈത ജ്ഞാനത്തിന് ശേഷം ഭക്തിക്ക് വേണ്ടി കാല്പനികമായ ദ്വൈതം.

ശ്രീരാമകൃഷ്ണൻ തന്റെ ശിഷ്യരോട് ഇടക്ക്  ചോദിക്കും എനിക്കഹങ്കാരം ഉണ്ടോയെന്ന്. കുറച്ചുണ്ടെന്ന് മാസ്റ്റർ മഹാശയ പറഞ്ഞു. അപ്പോൾ ചിരിച്ച് കൊണ്ടദ്ദേഹം പറഞ്ഞു ശരിയാണ് ഇത്തിരി അഹങ്കാരം ഇല്ലാതെ ജീവിക്കാൻ പറ്റില്ല. തനി സ്വർണ്ണം കൊണ്ട് ആഭരണമുണ്ടാക്കാൻ പറ്റില്ല. ഇവിടെ അഭിമാനം എന്ന് പറയാൻ പറ്റില്ല എന്നാൽ അഭിമാനം പോലെ ഒന്ന്. ആനന്ദമനുഭവിക്കാൻ വേണ്ടി മാത്രം നിൽക്കുന്ന അഭിമാനം. ശരീര പ്രാരാബ്ധം കഴിയുന്നതുവരെ ആ അഭിമാനം അങ്ങനെ നിൽക്കും. അങ്ങനെ നിന്ന് ആനന്ദിക്കും. കാരണം ആ അഭിമാന വൃത്തി ബന്ധ കാരണമല്ല. ആ ശക്തി പ്രവർത്തിക്കുന്നതും കളിക്കുന്നതും കണ്ട് ആനന്ദിക്കും. ആ ആനന്ദമാണ് ജീവൻ മുക്തന്റെ ആനന്ദം,പൂർണ്ണത, ധന്യത.

Nochurji 🙏🙏

No comments:

Post a Comment