Thursday, October 10, 2019

*ശ്രീമദ് ഭാഗവതം 300*

ശ്രീശുകമഹർഷി  ഒരു പുസ്തകം വെച്ചു കൊണ്ടല്ലാ ഭാഗവതം പറയണത്. അപ്പപ്പോൾ എന്താണ് ഭാവത്തിൽ വരുന്നത് അതാണ് പറയണത്. പരീക്ഷിത്ത് ചോദിച്ചപ്പോ ശുകബ്രഹ്മ മഹർഷി ഇനി എന്താ പറയേണ്ടത് എന്നാലോചിച്ചതും ആ മനോമണ്ഡലത്തിൽ പൊന്തി വന്നത് ഒരു ഭക്തന്റെ രൂപം അത്  ചിന്തിച്ചതും ശുകാചാര്യർ തന്നെ സമാധിയിൽ മഗ്നനായി!!

വിഷ്ണുരാതേന സംപൃഷ്ടോ ഭഗവാൻ ബാദരായണി:
വാസുദേവ ഭഗവതി നിമഗ്നഹൃദയോഽബ്രവീത്

ഭഗവാനിൽ നിമഗ്നനായി ആഴത്തിൽ ലയിച്ചിരുന്നുകൊണ്ട് ശ്രീശുകാചാര്യർ ഈ കഥ, ഈ ഉപാഖ്യാനം പറയാണ്.
കുചേലോപാഖ്യാനം🙏🙏
സുദാമാവിനെ കുറിച്ച് പറയാണ്.

ഭാഗവതകഥകൾ  പെരുപ്പിച്ച് പെരുപ്പിച്ച് കുറെയൊക്കെ ദുഷിച്ച പേര് വരുത്തിയിട്ടണ്ട് കുചേലന്. ഒരിക്കല് ഒരു ഭാഗവതസപ്താഹ ഉദ്ഘാടനവേളയിൽ ഒരാൾ പറഞ്ഞു കുചേലോപഖ്യാനത്തിന്റെ സന്ദേശം എന്താണെന്ന് വെച്ചാൽ പണമുള്ള ആളുകൾ പണമില്ലാത്തവരെ സഹായിക്കണം. അതാണ് അദ്ദേഹത്തിന് ആകപ്പാടെ കുചേലോപാഖ്യാനത്തിൽ നിന്ന് കിട്ടിയത്.

കുചേലോപാഖ്യാനം ഒരു പരമഭാഗവതന്റെ കഥയാണ്. ആദ്യത്തെ രണ്ട് ശ്ലോകത്തിൽ തന്നെ ശുകാചാര്യർ സുദാമാവിനെ പറഞ്ഞു കഴിഞ്ഞു. ആരാണ് അദ്ദേഹം?

കൃഷ്ണസ്യാസീത് സഖാ കശ്ചിദ് ബ്രാഹ്മണോ ബ്രഹ്മവിത്തമ:
വിരക്ത::ഇന്ദ്രിയാർത്ഥേഷു പ്രശാന്താത്മാ ജിതേന്ദ്രിയ:
യദൃച്ഛയോപപന്നേന വർത്തമാനോ ഗൃഹാശ്രമീ
തസ്യ ഭാര്യാ കുചൈലസ്യ ക്ഷുത്ക്ഷാമാ ച തഥാവിധാ
കൃഷ്ണസ്യാസീത് സഖാ കശ്ചിദ്

കൃഷ്ണന് ഒരു സഖാവുണ്ടായിരുന്നു.
അതാരാണ്
 ബ്രാഹ്മണോ
ബ്രാഹ്മണൻ എന്ന് വെച്ചാൽ വെറുതെ ഒരാളെ ബ്രാഹ്മണനെന്ന് പറയല്ല. മഹാഭാരതത്തിൽ *ജ്ഞാനി, സന്യാസി* എന്നിങ്ങനെയുള്ള വാക്കുകളൊന്നും അധികം കാണില്ല്യ.
അതിന് പകരം മഹാഭാരതത്തിൽ *ബ്രാഹ്മണ:* എന്നാണ് പദം.

 *ബ്രാഹ്മണൻ* എന്ന് വെച്ചാൽ *ബ്രഹ്മനിഷ്ഠൻ* എന്നാണർത്ഥം. 
വെറുതെ ഒരു *ബ്രാഹ്മണകുലത്തിൽ* ജനിച്ച ആളെ *വിപ്രൻ* എന്ന് പറയാം.
 *വേദാദ്ധ്യയനം* ചെയ്താൽ *വൈദികൻ* . *വേദശ്രവണം* നല്ലവണ്ണം ചെയ്ത ആൾക്ക് *ശ്രോത്രിയൻ* .
 *വേദാർത്ഥം മനനം* ചെയ്യുന്നത് കൊണ്ട് *മുനി.*
 *യാഗയജ്ഞങ്ങളൊക്കെ* ചെയ്താൽ *യാജ്ഞികൻ* .
 *മന്ത്രസാക്ഷാത്ക്കാരം* നേടിയആളാണെങ്കിൽ *മന്ത്രദൃഷ്ടാ.*( *ഋഷി*) .

 മന്ത്രത്തിന്റെ ഒക്കെ സാരമായ ഉപനിഷത് തത്വം സ്വയം സാക്ഷാൽക്കരിച്ച് *ബ്രഹ്മനിഷ്ഠനായാൽ,*
ഏഷ *ബ്രാഹ്മണ:*

സാധാരണ ബ്രാഹ്മണർ എന്ന് പറയുന്നത് ഗൗണാർത്ഥത്തിലാണ്. ബ്രാഹ്മണനാവാനുള്ള Candidate അത്രന്നെ. ബ്രാഹ്മണൻ ആവാനായിട്ട് ഒരു പുറപ്പാട്. *ബ്രാഹ്മണ്യം* എന്നാൽ *ജ്ഞാനം* എന്നാണർത്ഥം.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment