Tuesday, October 22, 2019

ദേവി തത്ത്വം-34

തത്രാഗ്നി മാതായ സമിത് സമിദ്ധേ
സ്വമേവ മൂർത്ത്യന്തര അഷ്ടമൂർത്തിഃ
സ്വയം വിധാതാ തപസ്സ ഫലാനാം
കേനാഭി കാമേന തപസ്സചാരാം

കേനാഭി കാമേന തപസ്സചാരാം എല്ലാ തപസ്സുകൾക്കും ഫല ദാതാവായ പരമേശ്വരൻ എന്തോ ഒരാഗ്രഹത്തോടെ തപസ്സു ചെയ്തു എന്നാണ്. തപസ്സ് കൊണ്ടാണ് ശിവ പാർവ്വതിമാർ ചേരുന്നത്. അതു കൊണ്ട് തന്നെ അവർക്കുണ്ടായ സന്താനം ജ്ഞാനത്തിന്റെ പ്രതിനിധിയാണ്. സുബ്രഹ്മണ്യൻ ജ്ഞാന സ്വരൂപനാണ്. ശിവന്റെ ഭ്രൂമദ്ധ്യത്തിൽ നിന്നാണ് ജനനം. ആചാര്യ സ്വാമികൾ സൗന്ദര്യലഹരിയിൽ സൂചിപ്പിക്കുന്നു ലോകത്ത് സത് സന്താനങ്ങൾ ഉണ്ടാകണമെങ്കിൽ വിവാഹ ജീവിതം ഭക്തിയിലും, ജ്ഞാനത്തിലും, തപസ്സിലും, ധർമ്മത്തിലും അധിഷ്ഠിതമായാലേ വരുന്ന പരമ്പര ശുദ്ധമായിട്ടിരിക്കുകയുള്ളു.

ഇവിടെ നമ്മുടെ വിഷയം ആസക്തി എന്നുള്ളതാണ്. നമ്മുടെ ജീവിതത്തിനെ നിയന്ത്രിക്കുന്നത് തന്നെ ആസക്തിയാണ്. എത്ര സന്യാസിമാരോ, മഹാത്മാക്കളോ, ആചാര്യൻമാരോ വന്ന് നിങ്ങളൊക്കെ ആസക്തി ഉപേക്ഷിക്കു എന്ന് പറഞ്ഞാലും ഒക്കെ കേട്ടിട്ട് നന്നായി പ്രസംഗിച്ചു എന്ന് Certify ചെയ്ത് നമ്മൾ പോകുമെന്നല്ലാതെ ആസക്തി ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. കാരണം അത് നമ്മുടെ ഉള്ളിലുണ്ട്. നമ്മുടെ ഉള്ളിൽ നിന്നും അന്തർയാമിയിൽ നിന്നും വരുന്ന ഒന്നിനേയും നിഷേധിക്കാൻ സാദ്ധ്യമല്ല കാരണം അതിന്റെ സ്രോതസ്സ് സത്യമാണ്. അതിനെ അംഗീകരിച്ച് കൊണ്ട് അതിന്റെ സ്വരൂപത്തെ അന്വേഷിക്കയാണ് വേണ്ടത്.

അവിടെയാണ് ദേവീ മാഹാത്മ്യത്തിന് പ്രസക്തി. ഈ ആസക്തിക്ക് കാരണമെന്തെന്ന് ചോദിച്ചാൽ ഗുരു ഉപദേശിക്കുന്നത് മഹാമായ പ്രഭാവം കൊണ്ടാണ് ഈ ആസക്തി ഉണ്ടായിരിക്കുന്നത്.  മഹാമായ തന്നെയാണ് അകമേയ്ക്ക്  ആസക്തി രൂപത്തിൽ സ്ഥിതി ചെയ്യുന്നത്. യാ ദേവി സർവ്വ ഭൂതേഷു പ്രീതി രൂപേണ സംസ്ഥിത സക്തി രൂപേണ സംസ്ഥിത.സക്തിയായിട്ടും ആസക്തിയായിട്ടും നമ്മിൽ ഉദിക്കുന്നതും ആ അംബിക തന്നെയാണ്.

നമുക്ക് ആസക്തി അഥവാ പ്രിയം വയ്ക്കുമ്പോൾ ഒരു സുഖമുണ്ട്. പ്രിയം വച്ചിട്ടില്ലെങ്കിൽ ജീവിതത്തിന് ഒരർത്ഥമില്ല. എന്തിനോടെങ്കിലും പ്രിയം വയ്ക്കണം. പക്ഷേ നമുക്ക് കാണാം നാം ഇഷ്ടപ്പെടുന്ന വസ്തുക്കൾ നമ്മെ എപ്പോഴെങ്കിലും വിട്ട് പോകുന്നു. അല്ലെങ്കിൽ അത് നിത്യ നിരന്തരം നമുക്ക് സുഖത്തിനെ തരുന്നില്ല. ലോകത്തുള്ള എല്ലാ പ്രിയത്തിന്റെയും സ്വഭാവം ഇതാണ്. വളരെ ഇഷ്ടപ്പെട്ട് പ്രേമിച്ച് വിവാഹം കഴിച്ചവർക്ക് പോലും കുറച്ച് നാൾ കഴിയുമ്പോൾ എല്ലാ ഇഷ്ടവും അസ്തമിക്കുന്നു. അവർ പ്രതീക്ഷിച്ച ഭാവനയിലുള്ള സുഖമെല്ലാം പറന്ന് പോയി. കൊച്ചു കുട്ടികളോട് അമ്മമാർക്കുള്ള പ്രിയം. ആ കുട്ടികൾ വലുതാകുമ്പോൾ അവരുടെ പാട്ടിന് പോകുന്നു. ഒന്നുകിൽ നമ്മൾ പ്രിയം വയ്ക്കുന്ന വസ്തു നമ്മളെ വിട്ട് പോകും. അല്ലെങ്കിൽ നമ്മൾ അതിനെ വിട്ട് പോകും. അല്ലെങ്കിൽ അതിന്റെ സ്വഭാവം മാറും അതിൽ നിന്ന് സുഖം ലഭിക്കാതെയാകും.

ഒരു വസ്തു നമുക്ക് ആസക്തി തരുന്നു. ആ ആസക്തിയിൽ ഒരു നിറവ് ഒരു സുഖമുണ്ടാകുന്നു. ആ വസ്തു നമ്മെ വിട്ട് പോകുമ്പോൾ സ്വാഭാവികമായി മറ്റൊരു വസ്തുവിനെ പിടിക്കുന്നു. സുഖത്തിനായി പിന്നീട് അതിനെ ആശ്രയിക്കും, സുഖം ആ വസ്തുവിൽ നിന്നും മറയുന്നത് വരെ. ഇത്തരത്തിൽ സുഖം ഒരു യാത്രികനെ പോലെ ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേയ്ക്ക് യാത്ര ചെയ്തു കൊണ്ടിരിക്കയാണ്. നമുക്ക് ആ വസ്തുവിലുള്ള താല്പര്യം സുഖത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.

നിത്യ നിരന്തരമായി സുഖം തരുന്നതും ആസക്തി വയ്ക്കാവുന്നതുമായ ഒരു വസ്തു ലോകത്തെവിടേയും കാണാനില്ല. എന്നാൽ ആസക്തി നിത്യ നിരന്തരമായി വയ്ക്കാതെ നമുക്ക് പൂർണ്ണതയുണ്ടാവുകയുമില്ല. ആസക്തിയാണ് അദ്ധ്യാത്മികത. ഇത് പുതിയ ഒരാശയമായി തോന്നാം. എന്നാൽ ഗീതയിൽ ഭഗവാൻ പറയുന്നു
മയ്യാസക്തമനാഃ പാർത്ഥ യോഗം യുഞ്ജൻ മദാശ്രയഃ
ആസക്തിയെ എന്നിൽ വയ്ക്കുപാർത്ഥാ. ഇതാണ് ഭക്തിയുടെ കേന്ദ്ര ബിന്ദു. നാരദ ഭക്തി സൂത്രം തുടങ്ങുന്നതും ഇങ്ങനെയാണ്.

Nochurji🙏🙏
[22/10, 14:22] Sudha Bharat New: നമ്മുടെയെല്ലാം അന്തരാത്മാവായി വർത്തിക്കുന്ന സാക്ഷിസ്വരൂപനായ നിത്യവസ്തുവിന്റെ വർണ്ണനയാണ് തുഞ്ചത്താചാര്യൻ മനോഹരമായി വരച്ചുകാണിക്കുന്നത്.

സൂര്യനും അഗ്നിയും അടക്കമുള്ള പ്രാപഞ്ചികവസ്തുക്കളെ ഗ്രഹിക്കുന്നതായ പഞ്ചേന്ദ്രിയങ്ങളാകുന്ന കണ്ണ്, അവയ്ക്കു കണ്ണായിരിക്കുന്ന (കേന്ദ്രം) മനസ്സ്, ആ മനസ്സിനും കണ്ണായിരിക്കുന്ന (സാക്ഷി) ആത്മവസ്തു തന്നെ 'താൻ' (ഈശ്വരസ്വരൂപം) എന്നറിയുന്നതിലെ ആനന്ദത്തെ എങ്ങനെ വിവരിക്കേണ്ടൂ എന്നാണ് ആചാര്യഭാഷ്യം.

മനസ്സ് എന്നാൽ അടിയ്ക്കടി ഉറഞ്ഞുകൂടി പൊന്തിവരുന്ന ചിന്തകൾ; ആ ചിന്തകളെ കണ്ടുകൊണ്ടിരിക്കുന്ന ആ സാക്ഷിയെ ഒന്നു ശരിക്കും ശ്രദ്ധിച്ചു നോക്കിയാൽ ആർക്കാണ് തിരിച്ചറിയാത്തത്.

ഈശ്വരൻ സിദ്ധവസ്തുവാണ് (ഇപ്പഴും എപ്പോഴും ഇവിടെ ഉള്ളത്); അങ്ങനെയുള്ള ഇ സിദ്ധവസ്തു നേടിയെടുക്കേണ്ട ഒന്നല്ലല്ലോ; അതിലേക്ക് ശ്രദ്ധ മാത്രം കൊടുത്താൽ മതിയാകുമല്ലോ!

അതിനാലാണ് സുസ്ഫഷ്ടമയി 'ശ്രദ്ധാവാൻ ലഭതേ ജ്ഞാനം' എന്ന ആപ്തവാക്യത്താൽ ആത്മസ്വരൂപത്തെ അറിയേണ്ട മാർഗത്തെ പറഞ്ഞിരിക്കുക.

ആദ്യം ആത്മാന്വേഷണം (ഞാൻ ആര്, എന്റെ സ്വരൂപം എന്ത്); ഇതു ഞാനല്ല... ഇതു ഞാനല്ല എന്ന് അന്വേഷണത്തിലൂടെ ശരീരമനസ്സുകളടക്കമുള്ള സകല പ്രാപഞ്ചികവസ്തുക്കളെയും തള്ളിനീക്കി മുന്നേറുമ്പോൾ അന്വേഷണം അവസാനം ഇനി മുന്നോട്ടുപോവാനാവാത്ത വിധം ഒരിടത്തുചെന്ന് ഉടക്കിനിൽക്കും, അത് (ആ ഉണ്മ) ഞാൻ ആയിരിക്കുന്നു. അങ്ങനെ ആ ഞാനിനെ കണ്ടെത്തിക്കഴിഞ്ഞ് പിന്നെ അതിൽ നിരന്തര ശ്രദ്ധ, അങ്ങനെ സ്വരൂപസ്ഥിതി നമ്മിലുറയ്ക്കുന്നു, സ്വരൂപം ഞാൻതന്നെയാകുന്നു.

No comments:

Post a Comment