Wednesday, October 23, 2019

ദേവി തത്ത്വം-35

വേദാന്തികൾ എല്ലാത്തിനേയും ഉപേക്ഷിക്കണം എന്ന് നാരദൻ പറഞ്ഞിട്ട് ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹം ഒന്നന്വേഷിച്ച് നോക്കി. എല്ലാ വികാരങ്ങളും ആസക്തികളും ഉള്ളിൽ നിന്നാണ് വരുന്നത്. നമ്മൾ ഒരു വസ്തുവിനെ കണ്ട് ഇഷ്ടപ്പെടുമ്പോൾ ഇഷ്ടം വസ്തുവിലല്ല എന്നിലാണുണ്ടാകുന്നത്. ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ കാണാം ആ വസ്തു ആ ഇഷ്ടത്തെ ജനിപ്പിക്കാൻ ഒരു ബാഹ്യ കാരണം മാത്രമാണ്. ഒരു കൊച്ചു കുഞ്ഞിനെ കാണുമ്പോൾ അമ്മയുടെ ഉള്ളിൽ ഒരു പ്രിയം പൊന്തി വരുന്നു. കുട്ടിയിലല്ല അമ്മയുടെ ഉള്ളിലാണ് ഉണ്ടാകുന്നത്. അമ്മയിലുണ്ടാകുന്ന പ്രിയത്തിന് ആ കുഞ്ഞ് കാരണമായിട്ട് തീരുകയാണ്. എന്നാൽ അതിലും സൗന്ദര്യമുള്ള മറ്റൊരു കുഞ്ഞിനെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയാൽ അത്ര കണ്ട് പ്രിയം വരുന്നില്ല. അതിന്റെ കാരണമെന്താ? എന്റെ എന്തോ ഒന്നിന്റെ പ്രതിഫലനമാണ് ആ ആസക്തിയെ പൊന്തിച്ച് കൊണ്ടു വരുന്നത്. ആസക്തി ഉണ്ടാകുന്നത് എന്നിലാണ്. ഇതിന് ശാണ്ഡില്യ വിദ്യ എന്ന് പറയും. നാരദ മഹർഷി ഭക്തി സൂത്രത്തിൽ ഇതിനെ പറയുന്നുണ്ട്. ആത്മ രതി അവിരോധേനേതി ശാണ്ഡില്യഃ . ഈ തത്ത്വമറിഞ്ഞാൽ നമ്മുടെ കുടുംബ ജീവിതമൊക്കെ പരമ സുഖമാകും.

ശക്തിയുടെ മൂല തത്ത്വമിതാണ്. ശാണ്ഡില്യ മഹർഷി പറയുന്നത് എല്ലാ വികാരത്തിന്റേയും, ആസക്തിയുടേയും ,പ്രിയത്തിന്റേയും സ്രോതസ്സ് അഥവാ മൂലം ആത്മാവാണ്. ഉപനിഷത്തും പറയുന്നു ആത്മനസ്തു കാമായ സർവ്വം പ്രിയം ഭവതി. ഒരു ഭർത്താവിന് വേണ്ടിയിട്ടല്ല ഭർത്താവ് പ്രിയങ്കരനായിട്ട് തീരുന്നത്. തന്റേത് എന്നുള്ളത് കൊണ്ടാണ് ആ പ്രിയം ഉദിക്കുന്നത്.

ഒരാൾ പത്ത് ഏക്കർ തോട്ടം വാങ്ങിച്ചു. തോട്ടം കാണിക്കാൻ അമ്മയെ കൂട്ടി കൊണ്ട് പോയി. തോട്ടത്തിൽ കുറേ ദൂരം നടത്തിച്ചു. അമ്മയ്ക്കറിയില്ല മകൻ തോട്ടം വാങ്ങിച്ചുവെന്ന്. അവിടെ കിണറും പല ഇനത്തിലുള്ള മരങ്ങളും ഒക്കെ കാട്ടി കൊടുത്തു. പക്ഷേ അമ്മയ്ക്കൊരുത്സാഹവുമില്ല. മതി നടന്നിട്ട് കാല് വേദനിക്കുന്നു വരൂ തിരികെ പോകാം. അമ്മേ ഈ തോട്ടം ഞാൻ വാങ്ങിച്ചു ഇത് നമ്മുടെയാണ്. ഇത് കേട്ടതും അമ്മയ്ക്ക് എവിടെന്നോ ഒരു ഊർജ്ജം വന്നു. തോട്ടത്തിൽ മുഴുവൻ അമ്മ ഓടി നടക്കാൻ തുടങ്ങി. പല നിർദ്ദേശങ്ങളും നല്കി.സമയം കുറേയായിട്ടും അമ്മയ്ക്ക് ഒരു ക്ഷീണവുമില്ല എന്നാൽ മകൻ ക്ഷീണിച്ചു. ഈ ഊർജ്ജത്തിന്റെ സ്രോതസ്സെന്താ? എന്തിലും നോക്കി കൊള്ളുക എനിക്ക് എന്റെ എന്നുള്ള കേന്ദ്രത്തിനോട് എത്ര കണ്ട് ഏത് വസ്തുവോ, വ്യക്തിയോ , സംഭവമോ അടുക്കുമോ അത്ര കണ്ട് എന്നിൽ ഊർജ്ജമുണ്ടാകും എന്നിൽ പ്രിയമുണ്ടാകും വെറുപ്പുണ്ടാകും. വെറുപ്പും പ്രിയവും ഒന്നാണ്. പ്രിയത്തിന്റെ മറുവശമാണ് വെറുപ്പ്. പ്രിയം ഒരു വസ്തുവിനോടാകുമ്പോൾ നിശ്ചയമായും വെറുപ്പ് മറ്റൊരു വസ്തുവിനോടുണ്ടാകും.

ലോകത്തിൽ ഏറവും വലിയ സുഖത്തിന് കാരണം പ്രിയമാണ്. ലോകത്തിൽ ഏറ്റവും വലിയ ദുഃഖത്തിന് കാരണവും പ്രിയമാണ്. ഹിറ്റ്ലറിനെ പോലെയും ഹിരണ്യകശിപുവിനെ പോലെയുമുള്ള ആളുകൾ ഉണ്ടായത് പ്രിയം കൊണ്ടാണ്. അവർക്ക് അവരുടെ രാജ്യത്തിനോടും, ആദർശത്തിനോടുമുള്ള അത്യധിക ഭക്തിയാണ് അവർക്ക് അത്രയധികം ആളുകളെ കൊല്ലാനുള്ള ഊർജ്ജം നല്കിയത്.

പ്രിയം ആശ്ചര്യം ജനിപ്പിക്കുന്ന ഒരു പ്രതിഭാസമാണ്. ആസക്തി ആത്മാവിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന വികാരമാണ്. നമ്മളതിനെ അഹങ്കാരമെന്ന് പറയും . അഹങ്കാരം ആത്മാവിന്റെ ആദ്യ അവതാരമാണ്. നിത്യമായ സത്തയിൽ നിന്നും ആദ്യം പിരിഞ്ഞ് വരുന്ന രൂപമാണ് അഹങ്കാരം. എല്ലാ പ്രിയത്തിനും മൂലം നമ്മളാണ്. ഗുരുവായൂരപ്പനെ വിളിക്കുമ്പോൾ എന്റെ ഗുരുവായൂരപ്പാ എന്നാണ് വിളിക്കുന്നത്. ഒക്കെ എന്റെ അടുത്താകുമ്പോഴാണ് പ്രിയം കൂടുതൽ. എന്റെ സ്വാമി, എന്റെ കുടുംബം, സത്സംഗം പോലും നമ്മളെ ബാധിക്കുന്ന വിഷയമാണെങ്കിൽ ഇരുന്ന് കേൾക്കും. ഇല്ലെങ്കിലോ കുറച്ച് നേരം ഇരുന്നിട്ട് എഴുന്നേറ്റ് പോകും. എന്തും എന്നോടടുക്കണം. എന്നോട് സംബന്ധപ്പെടണം. അപ്പോഴാണ് ഞാൻ പതുക്കെ അതിനോട് ഇഷ്ടം കാണിച്ച് തുടങ്ങുന്നത്. ആ പ്രിയത്തിന്റെ മൂലം അഥവാ സ്രോതസ്സ് അന്തർയാമിയാണ്. ഇതാണ് ഏറ്റവും വലിയ കണ്ടു പിടിത്തം. നാരദ മഹർഷി ഭക്തി സൂത്രത്തിൽ പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ സൂത്രം.
ആത്മ രതി അവിരോധേനേതി ശാണ്ഡില്യഃ

Nochurji🙏🙏
Malini dipu 

No comments:

Post a Comment