Wednesday, October 23, 2019

ഭൗതികസുഖങ്ങളാണ് വേണ്ടതെങ്കില്‍ നമ്മുടെ ഇന്ദ്രിയങ്ങളെയും ശരീരത്തെയും ശക്തിപ്പെടുത്തിയാല്‍ മതിയാകും. ഭൗതികസുഖഭോഗങ്ങള്‍ക്ക് അവയാണ് ഉപാധി. എന്നാല്‍ ഈ ശരീരവും സങ്കല്പസൃഷ്ടികളായ പ്രത്യക്ഷരൂപങ്ങളും  ഉണ്ടായി നിലനിന്ന് ക്ഷയിക്കുമല്ലോ! അപ്പോഴും ആഗ്രഹങ്ങള്‍ തീരാത്തപക്ഷം വീണ്ടും ശരീരം സ്വീകരിക്കേണ്ടിവരുന്നു. ജനനമരണങ്ങള്‍ക്ക് മറ്റൊരു യുക്തിയുമില്ല. എന്നാല്‍ പ്രപഞ്ചസത്യം ആണ് അന്വേഷിക്കുന്നതെങ്കില്‍ അവിടെ അത്തരമൊരനുഭൂതിക്ക് ഈ ഇന്ദ്രിയങ്ങള്‍ അശക്തങ്ങളാണ്, അവയ്ക്ക് കുറവുണ്ട്. അതിനാല്‍ ''കരണങ്ങള്‍ അഞ്ചും ഉള്ളിലടക്കി വേണം സ്വരൂപത്തെ അനുഭവിക്കേണ്ടതെ''ന്ന് ശ്രീനാരായണഗുരുസ്വാമികള്‍ 'ആത്മോപദേശശതക'ത്തില്‍ ആരംഭത്തില്‍ത്തന്നെ ഉപദേശിക്കുന്നു. ഈശ്വരസത്യാന്വേഷണത്തില്‍ മനസ്സിന്‍റെയും ബുദ്ധിയുടെയും ശരീരത്തിന്‍റെയും ശുദ്ധിയാണ് അവിടെ ശക്തിയാകുന്നത്. ആഹാരം, ചിന്ത, സങ്കല്പം, പ്രവൃത്തി ഇവയിലെല്ലാം പരിശുദ്ധി പാലിച്ചുകൊണ്ടുവേണം അത് സാധിക്കുവാന്‍. പരിശുദ്ധി പ്രാപിക്കുന്തോറും നമ്മുടെ മനസ്സിന്‍റെ ബാഹ്യമായ സങ്കല്പ സൃഷ്ടികള്‍ കുറഞ്ഞുവരുകയും സ്വരൂപമായ ആനന്ദം ഉള്ളില്‍ അനുഭവപ്പെടുകയും ചെയ്യും. ഇവിടെയാണ് നിരീശ്വരവാദിയുടെ യുക്തിയും, ആസ്തികന്‍റെ യുക്തിയും വേര്‍തിരിയുന്നത്. വിവേകാനന്ദസ്വാമികള്‍ പറയും വേദാന്തം ഒന്നിനെയും നിഷേധിക്കുന്നില്ല. അത് നിലവിലുള്ളതെന്തെന്ന് വിവേകവിചാരം ചെയ്യുകയും തുടര്‍ന്ന്  അതിലും ശ്രേഷ്ഠമായ ഒന്നിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ്. സ്വാമികള്‍ നിരീശ്വരവാദികളോടും ഈശ്വരതത്ത്വത്തെ തെറ്റായി മനസ്സിലാക്കിയവരോടും പറയുന്നത് ഇതാണ്- ''നിങ്ങള്‍ സാധാരണക്കാരുടെ ദേവതാസങ്കല്പങ്ങളെ നിഷേധിക്കുന്നതായാല്‍ അതിലും ശ്രേഷ്ഠമായ ഒന്നിനെ അവര്‍ക്ക് പകരം കൊടുക്കാന്‍ കഴിയണം. അനശ്വരമായ ഒന്നിനെ! അതിനു കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കണം.'' ശ്രീനാരായണഗുരുസ്വാമികള്‍ പറയും സകലവും ഉള്ളതുതന്നെ യാണ്, തത്ത്വവിചാരം ചെയ്യുന്നൊരാള്‍ ഇതു സകലതും (പ്രത്യക്ഷവും അപ്രത്യക്ഷവുമായ ശക്തികളെ) ഏകമായി ഗണിക്കും. ഇതാണ് മനുഷ്യന്‍റെ യുക്തിവിചാരത്തിന്‍റെ പരമമായ അവസ്ഥ. അദ്വൈതം! ഒന്നിനെയും നിഷേധിക്കുന്നതല്ല, സകലതിനെയും ഉള്ളിലടക്കുന്ന ആത്മദര്‍ശനമാണ് അദ്വൈതം! സ്വരൂപദര്‍ശനം! തത്ത്വം ശരിയായി ഗ്രഹിക്കാത്ത വേദാന്തിയും നിരീശ്വരവാദിയും ഒരുപോലെതന്നെ അജ്ഞതകൊണ്ട് ദേവതാശക്തികളെ നിഷേധിക്കുന്നു. സ്വന്തം ശരീരം ഉള്‍പ്പെടെ എല്ലാം  സങ്കല്പസൃഷ്ടിയാണ് എന്ന യുക്തിയാണ് മെച്ചം. ഈ ശരീരവും കാണപ്പെടുന്ന നാമരൂപങ്ങളും മാത്രമാണ് സത്യം സൂക്ഷ്മരൂപത്തില്‍ ഉള്ള ദേവതകളൊന്നും സത്യമല്ല എന്നത് യുക്തിഹീനമായ ചിന്തയാണ്.

മനസ്സും ബാഹ്യേന്ദ്രിയങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ് ഒരാളുടെ പ്രത്യക്ഷവും സൂക്ഷ്മവുമായ  അനുഭവമണ്ഡലം. വിഭിന്നിരൂപത്തില്‍ നാം ആരാധിച്ചു പ്രത്യക്ഷപ്പെടുത്തുന്നതെല്ലാം പ്രത്യക്ഷ ദേവതകളാണ്. അത് പ്രത്യക്ഷലോകമായാലും ശരി സൂക്ഷ്മശക്തികളുടെ ലോകമായാലും ശരി. ഒരാളുടെ യുക്തിക്ക് പ്രപഞ്ചശക്തികളെ അംഗീകരിക്കാന്‍ കഴിയുന്നു എങ്കില്‍ അതേ യുക്തികൊണ്ട് സൂക്ഷ്മദേവതാ ശക്തികളെയും അംഗീകരിക്കുവാന്‍ കഴിയണം. കാരണം രണ്ടും മനുഷ്യ മനസ്സിന്‍റെ സങ്കല്പശക്തികൊണ്ട്  സൃഷ്ടിക്കുന്നതാണ്. സ്വയം സൃഷ്ടിക്കുകയും സ്വയം അതില്‍ നിന്നും സുഖങ്ങള്‍ ആകുന്ന വരം സ്വീകരിക്കുകയും ചെയ്യുകയാണ്. ഏതുപോലെയെന്നാല്‍ സ്വപ്നത്തില്‍ സംഭവിക്കുംപോലെ! ''സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീതന്നെ'' എന്ന് ഗുരു പറയും.

ഭൗതിക സുഖങ്ങളില്‍ മമതയുള്ളയാള്‍ക്ക് എപ്രകാരമാണോ ഭൗതികവസ്തുക്കളുടെ നശ്വരത അറിഞ്ഞിട്ടും അവയെ വിട്ടുപോരുവാന്‍ മനസ്സില്ലാത്തത് അതുപോലെതന്നെയാണ് മനുഷ്യന് അവന്‍റെ ഇഷ്ടദേവതാരൂപങ്ങളെയും മമത കാരണം വിട്ടുപോകാന്‍ കഴിയില്ല. വേദാന്തം അതിനെ സത്യമെന്നുതന്നെ പറയുന്നു. പക്ഷേ പരമമായ സത്യം രണ്ടാകാന്‍ യുക്തിയില്ലാത്തതുകൊണ്ട് അതും മനസ്സിന്‍റെ സിദ്ധിയായി കണ്ട് അതിലും ശ്രേഷ്ഠമായ ഒന്നിലേയ്ക്ക് പോകുകയാണെന്നുമാത്രം. ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് അവസാനം തടസ്സമായുണ്ടായിരുന്നത് തന്‍റെ ഉപാസനാമൂര്‍ത്തിയുടെ അനുഭവമാണ്! അതും കടന്നുപോകേണ്ടതുണ്ട് എന്ന് സാരം.

അതിനാല്‍ നിരീശ്വരവാദിയുടെ അന്വേഷണം വഴിമുട്ടിനില്‍ക്കുകയും ആസ്തികന്‍റെ യുക്തി ശരിയായ വഴിക്ക് പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു. ആദ്ധ്യാത്മിക സാധനയിലെ നിയമങ്ങളും ആചാരങ്ങളുമെല്ലാം പടിപടിയായി അദ്വൈത സത്യത്തിലേയ്ക്കുള്ള ഉന്നതിയാണ്. എന്തിനുവേണ്ടി ആഗ്രഹിക്കുന്നു എന്നതില്‍ മാത്രമേ ഫലസിദ്ധിയില്‍ കാലതാമസം വരുന്നുള്ളൂ. ചിലര്‍ ഭൗതിക സുഖങ്ങള്‍ക്കുവേണ്ടിയും ചിലര്‍ ജ്ഞാനത്തിനുവേണ്ടിയും എന്ന വ്യത്യാസം മാത്രം. ഭൗതിക പുരോഗതിക്ക് അതിന്‍റെതായ നിയമസംവിധാനങ്ങള്‍ ഉള്ളതുപോലെ ആദ്ധ്യാത്മിക സാധനകള്‍ക്കും അതിന്‍റെതായ നിയമങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. ഗുരുക്കന്മാര്‍ ഒന്നിനേയും നിഷേധിച്ചിട്ടില്ല, തൊട്ടടുത്ത പടി ഏതാണെന്ന് ചൂണ്ടിക്കാട്ടുക മാത്രം ചെയ്തു!
ഓം
Krishnakumar kp 

No comments:

Post a Comment