Thursday, October 03, 2019

*ഭാഗം 5*

നിത്യനൂതനത്വം നില നിർത്തുന്ന  സംവിധാന ക്രമമാണ് മരണം എന്നാണ് മരണത്തെക്കുറിച്ച് ഞാൻ ആലോചിക്കാറ്. കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻതുള്ളൽ കൃതികളിൽ കാലനില്ലാത്ത കാലം എന്ന സരസ രചനയും അനുബന്ധമായി ഓർമ്മ വരും. പഴയതൊക്കെ പിൻവലിക്കപ്പെടണം. അവ തന്നെ നൂതന ശൈലിയിൽ ആവിഷ്ക്കരിക്കപ്പെടണം. അത് കാലപ്രയാണത്തിൽ ഭംഗിയായി സംഭവിക്കുന്നത് ആസ്വദിക്കാവുന്നതാണ്. എന്നാൽ ആസക്തിയും, ആശ്രയത്വവും (Dependance & attachment) പുലർത്തിപ്പോരുന്നതു കൊണ്ട് വേണ്ടപ്പെട്ട വ്യക്തികളുടെ ദേഹ വിയോഗം നമുക്ക് തീവ്ര ദുഃഖം നൽകും. വസ്തുവകകളുടെ നഷ്ടവും ആസക്തിയുടെ തോതനുസരിച്ച് സങ്കടം സമ്മാനിക്കാറുണ്ട്.

എപ്പോഴും പഴയതല്ല പിൻവലിക്കപ്പെടുന്നത് എന്ന വസ്തുതയും സങ്കടകരമാണ്. കുട്ടികളേയും, യുവാക്കളേയും, മധ്യവയസ്കരേയും ഒക്കെ മരണം അപഹരിക്കാറുണ്ട്. രോഗബാധ, അപകടങ്ങൾ തുടങ്ങി പലതും അതിന് കാരണമായേക്കാം. കൊലപാതകങ്ങളും, ആത്മഹത്യകളും തടയാൻ പറ്റുന്ന ദുരന്തങ്ങളാണെങ്കിലും ദുരന്ത സാധ്യത തിരിച്ചറിയാൻ പലപ്പോഴും സാധിക്കാതെ പോവുന്നു.

മരണം അകാലത്തിലാവുമ്പോൾ മാതാപിതാക്കളും, ബന്ധുജനങ്ങളും, സുഹൃത്തുക്കളം, പരിചിതരും അത് അനീതിയാണെന്ന് അലമുറയിടുന്നത് സ്വാഭാവികം. എന്നാൽ അവർക്ക് മുന്നിൽ അവരവരുടെ ജീവിതമുണ്ട്. അവരിൽ പല പ്രകാരം പ്രതീക്ഷ പുലർത്തുന്ന മറ്റു ജീവിതങ്ങളുമുണ്ട്. അതു കൊണ്ട് സങ്കടാവസ്ഥ ആവുന്നത്ര വേഗത്തിൽ സന്തരണം ചെയ്തേ തീരൂ. അതിനുള്ള വഴിയെന്ത് എന്നിങ്ങനെ ഒക്കെ ആലോചിച്ചു പോയതിനാൽ ഇന്നത്തെ എന്റെ ഞായാറാഴ്ചാ പ്രഭാതം ചിന്താ ഭരിതമായി. കാരണം ഇന്ന് കാലത്ത് പത്തു മണിക്ക് അയാൾ കാണാൻ വരുന്നുണ്ട്.

മറ്റൊരു ദിവസം വർത്തമാനം തുടരാമെന്നു പറഞ്ഞു പിരിഞ്ഞ ശേഷം  മൂന്നു മാസം കഴിഞ്ഞാണ് ഞങ്ങൾക്കിരുവർക്കും പറ്റിയ ദിവസവും സമയവും കണ്ടെത്താൻ സാധിച്ചത്. കാത്തിരിക്കുന്ന എന്നെ കാണാൻ കൃത്യ സമയത്ത് അയാൾ എത്തി. 'നല്ല മഴയായതിനാൽ സമയത്തിന് എത്താൻ സാധിക്കുമോ എന്നു ഞാൻ ഭയന്നു. ' ഇത്രയും മുഖവുരയായി പറഞ്ഞ അദ്ദേഹത്തെ സസന്തോഷം ഞാൻ സ്വാഗതം ചെയ്തു. അറിഞ്ഞു പെയ്യുന്ന മഴ എന്നാണ് എനിക്കു തോന്നിയത്. മനസ്സുകളെ കാലാവസ്ഥകൾ സ്വാധീനിക്കും. ഹരിദ്വാരത്തിൽ, ഗംഗാനദിക്കരയിൽ സ്വന്തം പിതാവിന്റെ ശവദാഹം മകൻ ആവർത്തിക്കാൻ പോവുകയാണ്. കണ്ണീർ മഴയും അകമ്പടിയുണ്ടാവും. പ്രകൃതിമാതാവിന്റെ സ്നേഹവർഷം ഇത്തരുണത്തിൽ ഏറെ സഹായകമാവും. 

'അന്ന് ഹരിദ്വാരത്തിലെ ആശ്രമത്തിൽ ഞങ്ങൾക്കു രണ്ടു മുറികൾ ലഭ്യമാക്കിയിരുന്നു. മകനും ഞാനും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു. ഭാര്യയും പെൺമക്കളും രണ്ടാം മുറിയിലേക്ക് പോയി.' ഞങ്ങൾ സംസാരം പുനരാരംഭിക്കാൻ പാകത്തിൽ ഇരുന്നതും ഒട്ടും സമയം കളയേണ്ടെന്ന മട്ടിൽ അയാൾ സംഭവ കഥനം ആരംഭിച്ചു.

'ആലോചനകളിൽ മുഴുകി ഞാൻ ഏറെ നേരം കിടന്നു പോയി. എന്നാലൊരാശ്രമത്തിലായതുകൊണ്ടാവണം മനസ്സിലെ ചിന്താ പ്രവാഹത്തിനും പിറകിൽ വലിയൊരു ശാന്തി അനുഭവപ്പെടുന്നുണ്ടായിരുന്നു.   യാത്രാക്ഷീണം കൊണ്ട് മകൻ വേഗം ഉറങ്ങി. നല്ല വൃത്തിയും, ഐശ്വര്യവുമുള്ള ആ മുറിയിൽ ഒരു സ്വാമിജിയുടെ ഛായാ ചിത്രം നന്നായി കാണാൻ പാകത്തിൽ ഭംഗിയായി തൂക്കിയിരിക്കുന്നു. (ആശ്രമ സ്ഥാപകനായിരുന്നു സ്വാമിജിയെന്നു പിന്നീടറിഞ്ഞു) ലൈറ്റണച്ചിട്ടും പുറമെ നിന്നും അരിച്ചെത്തുന്ന വെളിച്ചത്തുണ്ടുകൾ ഛായാചിത്രത്തിൽ പതിച്ച് സവിശേഷ ദൃശ്യാനുഭൂതി പകരുന്നുണ്ടായിരുന്നു. ജീവസ്സുറ്റ ഒരു ഭാവം. ഛായാപടത്തിലെ സ്വാമിജിയുടെ കണ്ണുകളിൽ നിന്ന്  കാരുണ്യം വഴിഞ്ഞൊഴുകുന്നതായി എനിക്കു തോന്നി. ചുണ്ടിലെ മന്ദസ്മിതം സനാഥത്വബോധം പ്രദാനം ചെയ്യാൻ സമർത്ഥമായിരുന്നു. ഗംഗാനദിയുടെ ഒഴുക്കിന്റെ ആരവം മുറിയിൽ ഭംഗിയായി കേൾക്കാമായിരുന്നു. എപ്പോഴോ സുഖകരമായ ഉറക്കം എന്നെ ആലിംഗനം ചെയ്തു. ആ രാത്രി എനിക്ക് ഉറങ്ങാൻ സാധിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല...

(തുടരും ... )

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
4th Oct '19

No comments:

Post a Comment