Thursday, October 03, 2019


ശ്രീമഹാഭാഗവതകഥകൾ:   തുടരുന്നു........
          !!!! ------ നാരദകംസ സംവാദം. ----- !!!!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

          ആ കാലത്തൊരുദിവസം കമലാസനപുത്രനായ നാരദർ ലോകസഞ്ചാരമദ്ധ്യേ മഥുരാപുരിയിലെത്തി കംസനെ സന്ദർശിച്ചു. ബ്രഹ്മർഷിമുഖ്യനെ ഭോജരാജൻ ബഹുമാനപൂർവ്വം സ്വീകരിച്ചു പൂജ്യാസനത്തിൽ ഉപവിഷ്ടനാക്കിയതിനുശേഷം അന്വേഷിച്ചു:-- 
     
          " മുനീശ്വരാ! ഭഗവാൻ ഇപ്പോൾ ഇങ്ങോട്ടെഴുന്നെള്ളിയത് എന്തെങ്കിലും പ്രത്യേകകാര്യം അറിയിക്കുവാനോ  ---- അതോ എന്നെ കാണുവാൻ മാത്രമായിട്ടാണോ?"
     നരദർ പ്രതിവചിച്ചു:----

" ഒരു പ്രത്യേക കാര്യമില്ലെന്നില്ല. ലോകത്തുള്ള ഏതു സംഭവങ്ങളും പുറത്തറിയിക്കുക എന്നുളള ജോലിയാണ് നാന്മുഖൻ എനിക്ക് നൽകിയിട്ടുള്ളത്. അതനുസരിച്ച് ഞാൻ പറയുന്നു എന്നുമാത്രം. വൃന്ദാവനത്തിൽ നന്ദഗോപഗൃഹത്തിൽ വളരുന്ന രാമകൃഷ്ണന്മാരായ ബാലന്മാർ അങ്ങയുടെ ശത്രുക്കളാണ്. ഹേ! ഭോജരാജാവേ! അങ്ങ് ശ്രദ്ധിച്ചു കേൾക്കൂ. അങ്ങയുടെ അനുചരവർഗ്ഗത്തിൽപ്പെട്ട പൂതന, ശകടൻ, തൃണാവർത്തൻ, ബകൻ, അഘൻ തുടങ്ങിയ അസുരപ്രവീണരെ വധിച്ചത് അവരിൽ ഇളയവനായ ആ കൃഷ്ണനാണ്. ഈ അടുത്ത അവസരത്തിൽ അങ്ങയുടെ ബന്ധുവായ അരിഷ്ടനെ നിഗ്രഹിച്ചതും ആ ബാലൻ തന്നെയാണ്. അങ്ങയുടെ അനുചരസചിവനായ ധേനുകനെ നിധനം ചെയ്തത് ആ രാമനാണ്. ഇങ്ങനെ അങ്ങയുടെ വൈരികൾ അവടെ വളരുന്നു. സൂക്ഷിക്കണം.  അവർ ആരാണെന്ന്കൂടി ഞാൻ പറയാം. അവർ രണ്ടുപേരും അങ്ങയുടെ സ്യാലനായ വസുദേവയാദവൻറെ പുത്രന്മാരാണ്, വസുദേവർക്ക് രോഹിണി എന്ന പത്നിയിലുണ്ടായ തനയനാണ് രാമൻ. അങ്ങയുടെ സഹോദരി, ദേവകീദേവിയുടെ എട്ടാമത്തെ പുത്രനാണ് കൃഷ്ണൻ. അവനാണ് അങ്ങയുടെ ഘാതകനായി പിറന്നിട്ടൂള്ളവൻ. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
           " ദേവകി പ്രസവിച്ച ഉടനെ ആരുമറിയാതെ ആ പൈതലിനെ നന്ദഗൃഹത്തിൽനിന്നും കൊണ്ടുചെന്നുകിടത്തിയിട്ട്, അതേസമയം നന്ദപത്നി പ്രസവിച്ച പെൺകുഞ്ഞിനെ ഇങ്ങോട്ടു കൊണ്ടുപോന്നു. അതിനെയാണ് ദേവകി പ്രസവിച്ച എട്ടാമത്തെ കുട്ടിയായി അങ്ങ് കണ്ടത്. അവൾ ആകാശത്തു നിന്നുകൊണ്ട് അങ്ങയോടു പറഞ്ഞ വാക്കുകളുടെ പൊരുളും അതുതന്നെ ആയിരുന്നു. ഇനി അതുമിതും പറഞ്ഞിട്ടു കാര്യമില്ല. അങ്ങയുടെ രക്ഷ നോക്കിക്കൊള്ളൂ.  ആ കൃഷ്ണൻ ഇപ്പോൾ ഒമ്പതുവയസ്സും അഞ്ചുമാസവും പ്രായം തികഞ്ഞിരിക്കുന്നു."

        അംഭോജസംഭവപുത്രവാക്യം കേട്ട് ആതിരുഷ്ടനായിത്തീർന്ന ഭോജാധിപൻ " ഇപ്പോൾത്തന്നെ ആ വഞ്ചകനായ വസുദേവനെ വധിച്ചിട്ടു കാര്യം " എന്നലറി ഖഡ്ഗവുമെടുത്തുകൊണ്ട് ചാടി എഴുന്നേറ്റപ്പോൾ നാരദൻ നയത്തിൽ പറഞ്ഞു:-----

          " ഭോജേശ്വരാ! അങ്ങ് രാജാവാണ്, അവരെ വധിക്കണമെങ്കിൽ അതിന് അങ്ങുതന്നെ വേണമെന്നുണ്ടോ? ആരോടെങ്കിലും ആജ്ഞാപിച്ചാൽ ആ കൃത്യം ആ നിമിഷത്തിൽത്തന്നെ അവർ ചെയ്യുകയില്ലേ? പോരെങ്കിൽ സ്വന്തം സുഖത്തിന് വേണ്ടി ബന്ധുക്കളെ വധിക്കുന്നതും ധർമ്മമല്ല. ധർമ്മത്തെക്കുറിച്ചും ചിന്തിക്കേണ്ടേ? അതു വലിയ കീർത്തിദോഷത്തെ ഉണ്ടാക്കും. കാര്യമറിഞ്ഞല്ലോ. ഇനി ഞാൻ പോകട്ടെ. "           (തുടരും)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ചോദ്യം:-- കൃഷ്ണനെ വധിക്കുവാൻ ഇതുവരെ കംസൻ ആരെയൊക്കെയാണ് നിയോഗിച്ചത്?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
            വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

No comments:

Post a Comment