Saturday, October 19, 2019

യാഗം ചെയ്യുന്ന ആളിനെ യജമാനന്‍ എന്നു പറയുന്നു. യജമാനനാകാന്‍ ചില യോഗ്യതകള്‍ ആവശ്യമാണ്. ആദ്യം മേല്‍പ്പറഞ്ഞ ഗര്‍ഭാധാനാദി വിവാഹം, അഗ്ന്യാധാനം വരെയുള്ള ഷോഡശസംസ്‌കാരങ്ങള്‍ കഴിയണം. ധര്‍മ്മപത്‌നി ജീവിച്ചിരുപ്പുണ്ടാകണം. വിധിപ്രകാരം ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്ന മൂന്ന് അഗ്നികളെ (ത്രേതാഗ്നി) സമ്പാദിച്ച്  രണ്ടു നേരവും (രാവിലെയും വൈകുന്നേരവും) അഗ്നിഹോത്രം ചെയ്യുന്നവനാകണം. അതിനു ശേഷം അഗ്നിഷ്‌ടോമയാഗവും ചെയ്തു കഴിഞ്ഞാലേ ഈ യാഗം ചെയ്യാന്‍ അധികാരി ആകുകയുള്ളൂ. 
ഈ യാഗം അനുഷ്ഠിക്കേണ്ട കാലം വസന്തഋതുവിലെ വെളുത്തപക്ഷത്തിലെ ദേവനക്ഷത്രം മുതല്‍ക്കാണ്. അമ്പലത്തിലോ ശ്മശാനത്തിലോ പാടില്ല. നിരപ്പായ ഭൂപ്രദേശം (നെല്‍വയല്‍ പോലെ) തിരഞ്ഞെടുത്ത് അവിടെ വേണം യാഗത്തിനു വേണ്ട ശാലകള്‍ നിര്‍മ്മിക്കേണ്ടത്. ഈ ശാലകളുടെ അടിസ്ഥാന അളവ് യജമാനന്‍ കൈ ഉയര്‍ത്തി നിന്നാലുള്ള ഉയരമാണ്. ശ്യേനചിതിയുടെ വിസ്തീര്‍ണ്ണം ഈ നീളത്തിന്റെ ഏഴരസമചതുരം ആണത്രേ. ചിതി പടുക്കുവാനുപയോഗിക്കുന്ന ഇഷ്ടികകളുടെ എല്ലാം അളവ് ഈ നീളത്തിന്റെ ഭിന്നങ്ങളായിരിക്കും. ഈ നീളത്തിന്റെ സമചതുരമാണ് ആഹവനീയാഗ്നിയുടെ കുണ്ഡത്തിന്റെ അളവ്. 
പ്രധാനമായും രണ്ടു ശാലകളാണ് തയ്യാറാക്കേണ്ടത്- പ്രാചീനവംശവും മഹാവേദിയും. ഈ ശാലകളേയും അവയിലെ പ്രധാനപ്പെട്ട ഭാഗങ്ങളുടെയും ഒരു ചിത്രം ഇതോടൊപ്പം കൊടുക്കുന്നു. ഈ ചിത്രം കൈതപ്രത്തിന്റെ സാഗ്നികമതിരാത്രം എന്ന പുസ്തകത്തിലേതാണ്. ഈ പുസ്തകത്തില്‍ ശാലകള്‍, ചിതി, യാഗോപകരണങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും വിവരണങ്ങളും ഭംഗിയായി കൊടുത്തിട്ടുണ്ട്.
 പ്രാചീനവംശം- ഇത് യാഗസ്ഥലത്തിന്റെ പടിഞ്ഞാറേ അറ്റത്താണ്. പടിഞ്ഞാറേ ശാല എന്നും തന്മൂലം പറയും. ഇതിന് കിഴക്കുതെക്കുഭാഗങ്ങളില്‍ പ്രവേശനദ്വാരങ്ങളുണ്ട്. ഇതിന്റെ പടിഞ്ഞാറെ അറ്റത്ത് യജമാനപത്‌നിക്കുപയോഗിക്കാനുള്ള പത്‌നീശാലയാണ്. ഈ ശാലയില്‍ കിഴക്കു ഭാഗത്ത് മൂന്ന് അഗ്നികുണ്ഡങ്ങളും ഒരു വേദിയും ഉണ്ടാക്കുന്നു. പടിഞ്ഞാറെ കുണ്ഡം ഗാര്‍ഹപത്യാഗ്നിക്കും തെക്കുള്ളത് ദക്ഷിണാഗ്നിക്കും കിഴക്കുള്ളത് ആഹവനീയാഗ്നിക്കും വേണ്ടിയാണ്. ആഹവനീയാഗ്നിയുടെ തൊട്ടു പിറകില്‍ ഗാര്‍ഹപത്യ-ആഹവനീയങ്ങളുടെ ഇടയിലാണ് വേദിയുടെ സ്ഥാനം. ഈ ശാലയിലാണ് ആദ്യത്തെ പല കര്‍മ്മങ്ങളും നടക്കുന്നത്.
മഹാവേദി- പടിഞ്ഞാറെ ശാലയുടെ കിഴക്കുഭാഗത്തുള്ള വിശാലമായ ശാലയാണ് മഹാവേദി. ഇതിന് കിഴക്കോട്ടും പടിഞ്ഞാറോട്ടും വാതിലുകളുണ്ട്. ഇവിടെയാണ് പ്രധാനപ്പെട്ട പല കര്‍മ്മങ്ങള്‍ക്കായി പലതും ഒരുക്കിയിരിക്കുന്നത്. മഹാവേദിയുടെ പടിഞ്ഞാറെ അറ്റത്ത് മധ്യത്തിലാണ് സദസ്സ്. ഇവിടെ ഓരോ ഋത്വിക്കിനും ഇരിക്കാനുള്ള നിശ്ചിതസ്ഥാനങ്ങള്‍ ഒരുക്കുന്നു. മധ്യത്തില്‍ തെക്കു മാറി അത്തിമരം കൊണ്ടുള്ള ഒരു തൂണ്‍ നാട്ടുന്നു. ഇതിന്റെ കിഴക്കുഭാഗത്ത് വരിയായി ഋത്വിക്കുകള്‍ക്കായി ചെറിയ യാഗവേദികള്‍ (ധിഷ്ണ്യങ്ങള്‍) ഒരുക്കുന്നു. സാമഗായകര്‍ക്ക് പടിഞ്ഞാറാണ് സ്ഥാനം. ഋത്വിക്കുകളുടെ തെക്കേ വശത്താണ് യജമാനനും ബ്രഹ്മനും സ്ഥാനം. പ്രതിപ്രസ്ഥാതന്‍, അധ്വര്യു എന്നിവര്‍ കിഴക്കേ അറ്റത്താണ്. ഇരുപത്തിയെട്ട് സ്തുതികളും ഇരുപത്തിയൊമ്പതു ശസ്ത്രങ്ങളും ചൊല്ലുന്നത് ഇവിടെ വെച്ചാണ്.
ഹവിര്‍ധാനം- സമചതുരത്തിലുള്ള ഇത് സദസ്സിനും ശ്യേനചിതിക്കും ഇടയിലാണ്  വരുന്നത്. സോമലത ഇടിച്ചുപിഴിഞ്ഞ് എടുക്കുന്ന സോമരസം ശേഖരിച്ചു വെയ്ക്കുന്നത് ഇവിടെയാണ്. ആഗ്നീദ്ധ്രിയം- മഹാവേദിയുടെ വടക്കേ അറ്റത്ത് സമചതുരത്തിലുള്ള ഒരു ചെറിയ സ്ഥാനമാണ് ഇത്. മാര്‍ജാലീയം- മഹാവേദിയുടെ തെക്കേ അറ്റത്ത് ആഗ്നീദ്ധ്രിയത്തിനു നേരേ എതിര്‍വശത്ത് അതേ വലിപ്പത്തിലുള്ള ഒരു സ്ഥാനം. ഉത്ക്കരം, ചാത്വാലം- മഹാവേദിയുടെ വടക്കേ അതിര്‍ത്തിയില്‍ ആഗ്നീദ്ധ്രിയത്തിനു കിഴക്കായി ഉള്ള രണ്ടു സ്ഥാനങ്ങള്‍ ആണ്.
ശ്യേനചിതി- മഹാവേദിയുടെ കിഴക്കേ അറ്റത്ത് ആണ് ശ്യേനചിതിയുടെ സ്ഥാനം. ശ്യേനം എന്നാല്‍ ഗരുഡന്‍ (പരുന്ത്). ചിതി എന്നാല്‍ ചയനം ചെയ്തത് അഥവാ പടുത്തത് എന്നര്‍ത്ഥം. പല ആകൃതിയിലുള്ള ഇഷ്ടികകള്‍ അഞ്ച് അട്ടിയായി ഗരുഡാകൃതിയില്‍ പടുത്ത് ഉണ്ടാക്കുന്നതാണ് ശ്യേനചിതി. ഒരട്ടിയില്‍ 200 ഇഷ്ടിക വീതം ആകെ 1000 ഇഷ്ടികകള്‍. പ്രധാനയാഗങ്ങള്‍ നടക്കുന്നത് ഇതിന്റെ മേലെയാണ്. 
ഇഷ്ടികകളുടെ ആകൃതി, പേര്, വലിപ്പം എന്നിവയെല്ലാം ഏര്‍ക്കരയുടെയും കൈതപ്രത്തിന്റെയും മേല്‍പ്പറഞ്ഞ പുസ്തകങ്ങളില്‍ കാണാം. ഇതു പടുക്കുന്നതിനാണ് വേദങ്ങളിലെ ഗണിതഭാഗമായ ശുല്‍ബസൂത്രങ്ങള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഏര്‍ക്കര പറയുന്നു.- പടവ് വളരെ കൃത്യമാവണം. ഒരു വിരല്‍ വ്യത്യാസം വന്നാല്‍ തെറ്റി. ഒഴിവും പാക്കും നോക്കി പടുക്കണം. 1, 3, 5 തട്ടുകള്‍ ഒരേ തരത്തിലും 2, 4 തട്ടുകള്‍ വേറൊരു തരത്തിലും ആയിരിക്കും. എങ്കിലേ ശരിയാവൂ. കണക്കുശാസ്ത്രത്തില്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന അവഗാഹം ഇതില്‍ നിന്നും മനസ്സിലാക്കാം.
ശ്യേനചിതി തന്നെ മൂന്നു തരമുണ്ട്- പീഠന്‍ (ചതുരാകൃതി- പീഠം പോലെ), പഞ്ചപത്രിക (അഞ്ചു തൂവലുകള്‍ ഉള്ളത്), ഷഡ്പത്രിക (ആറു തൂവലുകളുള്ളത്). ഇഷ്ടികകളുടെ എണ്ണത്തിലോ ചിതിയുടെ വിസ്തീര്‍ണ്ണത്തിലോ വ്യത്യാസമില്ല. ആകൃതിയില്‍ മാത്രമാണ് വ്യത്യാസം. ആകാശത്തിലേക്കു പറക്കാന്‍ പോകുന്ന ഗരുഡന്റെ രൂപമാണിതിനുള്ളത്. സുപര്‍ണ്ണോസി ഗരുത്മന്‍ (ഹേ ഗരുഡ!  നീ സ്വര്‍ണ്ണച്ചിറകുള്ളവന്‍ തന്നെ) എന്നു തുടങ്ങുന്ന മന്ത്രം ചൊല്ലി ഇതിനെ സ്ുതിക്കുന്നുണ്ട്- കൈതപ്രം ചൂണ്ടിക്കാട്ടുന്നു. 
ആദ്യത്തെ അഗ്നിചയനത്തിന് അതായത് ഒരു യജമാനന്‍ ആദ്യമായി നടത്തുന്ന അതിരാത്രത്തിന് ആയിരം ഇഷ്ടികകളും അഞ്ച് പടവുകളും മുട്ടിന് ഉയരവും ആയിരിക്കും. രണ്ടാമതു ചെയ്യുവാന്‍ ഭാഗ്യമുണ്ടായാല്‍ രണ്ടായിരം ഇഷ്ടികകളും പൊക്കിള്‍ ഉയരവും പത്തു പടവുകളും ഉണ്ടാകും. മൂന്നാമത്തേതിന് മൂവായിരം ഇഷ്ടികകളും കഴുത്തറ്റം ഉയരവും പതിനഞ്ചു പടവുകളും ഉണ്ടാകും.
 യൂപം- കിഴക്കേ അതിര്‍ത്തിയില്‍ ശ്യേനചിതിയുടെ തൊട്ടു മുന്നില്‍ മധ്യബിന്ദുവിലാണ് യൂപത്തിന്റെ സ്ഥാനം. യൂപം എന്നാല്‍ തൂണ്. കൂവളമരം കൊണ്ട് നിര്‍മ്മിക്കുന്ന ഇതിന് എട്ടു മൂലകള്‍ (അഷ്ടകോണ്‍) ഉണ്ടാകും. ഇതിലാണ് യാഗപശുവിനെ കെട്ടുന്നത്. 
janmabhumi

No comments:

Post a Comment