Saturday, October 19, 2019

വൈദികത്തിന്റെ വിവിധ വശങ്ങള്‍

Friday 23 March 2018 2:12 am IST
വാര്‍ത്തികകാരന്‍ ജനഭാഷയിലെ ഉച്ചാരണപ്രയത്‌നത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. സ്വാമി എന്ന അര്‍ത്ഥത്തില്‍ ഉച്ചരിക്കുന്ന ആര്യശബ്ദത്തില്‍ അന്തിമസ്വരം ഉദാത്തവും അല്ലാത്തപ്പോള്‍ (വൈശ്യാര്‍ത്ഥത്തില്‍) ആദ്യസ്വരം ഉദാത്തവും ആയിരിക്കും എന്നു വാര്‍ത്തികകാരന്‍ പറയുന്നു. ആദ്യുദാത്ത ശബ്ദം ആയിരിക്കാം പടിഞ്ഞാറോട്ടു പോയത്. അത് ലിഥൂനിയന്‍ ഭാഷയില്‍ എത്തിയപ്പോള്‍ വൈശ്യനെ കൃഷിത്തൊഴിലാളി ആയി അവിടുത്തുകാര്‍ ഗ്രഹിച്ചു. സ്വരവിധി ലോപിച്ചപ്പോള്‍ രണ്ട് ആര്യശബ്ദവും ഏകാര്‍ത്ഥകം ആയിത്തീര്‍ന്നു. ലിഥൂനിയന്‍ ഭാഷയില്‍ സ്വരം നിഷ്‌കര്‍ഷിച്ചിരുന്നില്ലായിരിക്കാം. അതിനാല്‍ ആര്യശബ്ദത്തിന്റെ അഭീഷ്ടാര്‍ത്ഥവിവേകം സംഭവം അല്ലാതായി.
ലിഥൂനിയന്‍ ഭാഷയില്‍ ഋ ധാതു (അര്) കൃഷി എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കാറുണ്ട്. അതിനാല്‍ ആര്യന്‍ അവിടെ കൃഷകന്‍ ആണ്. ഋ- അര്- (ഇന്‍ഡോയൂറോപ്പിയന്‍ അരിഒ=പ്രഭു എന്ന മൂലവുമായി ഇന്നു ബന്ധപ്പെടുത്തിവരുന്നു). ഇത്രയും കൈയ്യില്‍ കിട്ടിയപ്പോള്‍ യൂറോപ്പുകാരായ ഭാഷാശാസ്ത്രജ്ഞന്മാര്‍ക്ക് ആര്യന്മാര്‍ കൃഷകരാണ് എന്നു തീരുമാനിക്കുവാന്‍ കഴിഞ്ഞു. ഇവിടെ തുടങ്ങുന്നു കല്‍പ്പനാപ്രവാഹം. കൃഷിക്കു നന്നേ പറ്റിയ സ്ഥാനം മദ്ധ്യേഷ്യയാണ്. അതിനാല്‍ ആര്യന്മാര്‍ ആദികാലത്ത് മദ്ധ്യഏഷ്യയിലാണ് വസിച്ചത് എന്നു സിദ്ധിച്ചു. കൃഷകന്‍ എന്ന അര്‍ത്ഥം തരുന്ന അര്- ആര് യ എന്ന ലിഥൂനിയന്‍ മൂലം ആര്യന്‍ എന്ന സംസ്‌കൃത ശബ്ദത്തിന്റെ സമാന്തരശബ്ദം അല്ലെന്ന് ഇന്നു പണ്ഡിതന്മാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ലിഥൂനിയന്‍ ഭാഷയെ ആധാരമാക്കി ആര്യശബ്ദത്തിന്റെ അര്‍ത്ഥം അന്വേഷിക്കുന്ന പ്രക്രിയയുടെ വ്യര്‍ത്ഥതയെ ആണ് ഇവിടെ ഉദാഹരിച്ചത്.
ഭാരതീയരായ നൈരുക്തികര്‍ സ്വരഭേദം അനുസരിച്ച് അര്‍ത്ഥം നിര്‍ണ്ണയിക്കുന്നു. അര്‍ത്ഥം അറിയാനും പദം പിരിക്കാനും സ്വരം അറിഞ്ഞിരിക്കണം എന്നു യാസ്‌കന്‍ വിധിക്കുന്നുമുണ്ട്. ഈ പ്രയോജനം സാധിപ്പാനായി ധാതു, പ്രത്യയം, സ്വരം, പ്രകരണം മുതലായതെല്ലാം നിഷ്‌കര്‍ഷിച്ചു ഗ്രഹിക്കാതെ, വെറും അന്യഭാഷകളിലെ ശബ്ദങ്ങളും ആയുള്ള ഉച്ചാരണസാമ്യം കേട്ടോ, വര്‍ണ്ണസാമ്യം കൊണ്ടോ വൈദികശബ്ദങ്ങളുടെ അര്‍ത്ഥം നിര്‍ണ്ണയിക്കാന്‍ ആവില്ല.
യാഗം എന്ന ചടങ്ങ്, വേദബന്ധു നല്‍കിയ അതിന്റെ ആശയാടിത്തറ എന്നിവ നാം കണ്ടു. അതുപോലെ വേദത്തിന്റെ ആധിഭൗതികം, അധിയജ്ഞം, ആധിദൈവികം, അധ്യാത്മം എന്നീ  അര്‍ത്ഥതലങ്ങള്‍, വൈദിക ഋക്കുകളുടെ ശരിയായ അര്‍ത്ഥം അറിയണമെങ്കില്‍ നാം മുന്നോടിയായി പഠിക്കേണ്ട കാര്യങ്ങള്‍, അത്തരം തയ്യാറെടുപ്പുകള്‍ ഇല്ലെങ്കില്‍ വരാവുന്ന അബദ്ധങ്ങള്‍ എന്നിവയും നാം മനസ്സിലാക്കി. 
ഭാരതീയരായ നിരവധി പണ്ഡിതന്മാര്‍ ഋഗ്വേദത്തിന് ഭാഷ്യം എഴുതിയിട്ടുണ്ട്. ഒരു വേദവും തുടര്‍ച്ചയായി വ്യാഖ്യാനിക്കുന്നില്ലെങ്കിലും നിരുക്തം എഴുതിയ യാസ്‌കനെ ഒന്നാമത്തെ ഭാഷ്യകാരനായി ഗണിക്കാം എന്നു വേദബന്ധു പറയുന്നു. ക്രിസ്തുവിനു ആയിരം കൊല്ലം മുമ്പാകാം യാസ്‌കമുനിയുടെ കാലം എന്ന് വേദബന്ധു അനുമാനിക്കുന്നു.  യാസ്‌കനു ശേഷം വളരെയേറെ നൂറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷം ആണത്രേ  മറ്റ് ആചാര്യന്മാര്‍ ക്രമബദ്ധമായ ഭാഷ്യങ്ങള്‍ എഴുതിത്തുടങ്ങിയത്. 
സ്‌കന്ദസ്വാമി, നാരായണന്‍, ഉദ്ഗീഥന്‍ (630 എ. ഡി), വെങ്കടമാധവന്‍ (1050 എ. ഡി), ശങ്കരാചാര്യ ശിഷ്യനായ ഹസ്താമലകന്‍ (700 എ. ഡി), ഋഗ്വേദത്തിന്റെ മാധ്വഭാഷ്യം എഴുതിയ ആനന്ദതീര്‍ത്ഥന്‍ (1198-1278), ധാനുഷ്‌കയജ്വാ (പതിമൂന്നാം ശതകം), ലക്ഷ്മണന്‍ (1100 എ. ഡി), ആത്മാനന്ദന്‍ (1250 എ. ഡി), സായണന്‍ (1335-1387 എ. ഡി), രാവണന്‍ (1450 എ. ഡി), മുദ്ഗലന്‍ (1413 എ. ഡി), ചതുര്‍വേദസ്വാമി (പതിനഞ്ചാം ശതകം), ദേവസ്വാമി, ഭട്ടഭാസ്‌കരന്‍ (പതിനഞ്ചാം ശതകം), ഹരദത്തന്‍, ദയാനന്ദസരസ്വതി (1824-1883), സിദ്ധാഞ്ജനഭാഷ്യം എഴുതിയ കപാലി ശാസ്ത്രി തുടങ്ങിയ ഭാരതീയരായ വേദവ്യാഖ്യാതാക്കളെ വേദബന്ധു ഋഗ്വേദപ്രവേശികയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വൈദികസംസ്‌കൃതിയുടെ ഉദ്ധാരണത്തിനായി യത്‌നിച്ച ശ്രീപാദ് ദാമോദര്‍ സാത്വലേക്കര്‍ എന്ന പ്രതിഭാശാലിയേയും ഓര്‍ക്കേണ്ടതുണ്ട്.
കുഞ്ചുണ്ണിരാജാ തന്റെ അവതാരികയില്‍ (ഋഗ്വേദഭാഷാഭാഷ്യം, ഒന്നാം ഭാഗം) ഷള്‍ഗുരുശിഷ്യന്‍, മുരിയമംഗലത്ത് ഉദയന്‍, നീലകണ്ഠന്‍ തുടങ്ങിയ വൈദികഗ്രന്ഥങ്ങള്‍ക്കു ഭാഷ്യാദികള്‍ രചിച്ച കേരളീയപണ്ഡിതരെയും നമുക്കു പരിചയപ്പെടുത്തിതരുന്നുണ്ട്. 
കോള്‍ബ്രൂക്ക്, ഫ്രെഡറിക് റോജന്‍, യൂജിന്‍ ബര്‍നൂഫ്, മാക്‌സ് മുള്ളര്‍, റുഡോള്‍ഫ് റാത്ത്, ഓട്ടോ ബോട്‌ലിങ്ക്, വേബര്‍, വില്‍സന്‍, ഔഫ്രെക്റ്റ്, ഗ്രാസ്സ്മാന്‍, ലുഡ്വിഗ്, ഗ്രിഫ്ത്, ഓള്‍ഡന്‍ബര്‍ഗ്, പിശെല്‍, ഗെല്‍ഡ്‌നര്‍, മക്‌ഡൊണല്‍, എ. ബി. കീത്ത്, വിന്‍തര്‍നിത്സ്, മോറിസ് ബ്‌ളൂംഫീല്‍ഡ്, ഹിലേബ്രാണ്ഡ്, എല്‍. റെനോ മുതലായ വിഖ്യാതപാശ്ചാത്യവേദപണ്ഡിതന്മാരെയും വേദബന്ധു പരാമര്‍ശിക്കുന്നുണ്ട്. 
സ്വദേശികളും വിദേശികളുമായ മേല്‍ക്കൊടുത്ത പണ്ഡിതന്മാരുടെ പഠനങ്ങളെക്കുറിച്ച് എന്‍. വി. കൃഷ്ണവാരിയര്‍ (അവതാരിക, ഋഗ്വേദഭാഷാഭാഷ്യം, രണ്ടാം ഭാഗം) ഇങ്ങനെ അഭിപ്രായപ്പെടുന്നു- നമുക്കു ലഭ്യമായ രൂപത്തില്‍ ഋഗ്വേദവും പൂര്‍ണ്ണമാണെന്നു പറഞ്ഞുകൂടാ. അനേകം ഋഷികുലങ്ങളില്‍ പരമ്പരയാ പ്രചരിച്ചുവന്ന അപാരമായ ഒരു മൗലികസാഹിത്യസമുച്ചയത്തില്‍നിന്നു തെരഞ്ഞെടുത്ത്, ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയ, സൂക്തങ്ങളുടെ ഒരു സമാഹാരം ആണല്ലോ ഋഗ്വേദം. ഈ സൂക്തങ്ങളെല്ലാം പരസ്പരാനപേക്ഷങ്ങളും, ഏറെക്കുറെ സ്വയംപര്യാപ്തങ്ങളും ആണ്. എന്നിട്ടും, അവയില്‍ പലതിന്റെയും ശരിയായ താല്‍പ്പര്യം എന്തെന്ന് നിര്‍ണ്ണയിക്കുക പ്രയാസമാകുന്നു. 
രണ്ടായിരത്തിഅഞ്ഞൂറു വര്‍ഷം മുമ്പ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന യാസ്‌കന്റെ കാലത്തുതന്നെ പല വേദമന്ത്രങ്ങളുടേയും അര്‍ത്ഥം ദുരൂഹമായിക്കഴിഞ്ഞിരുന്നു. സന്ദിഗ്ധാര്‍ത്ഥകങ്ങളോ അര്‍ത്ഥപ്രതീതി ജനിപ്പിക്കാത്തവയോ ആയ ഗ്രന്ഥസന്ദര്‍ഭങ്ങളിലേക്കു വെളിച്ചം വീശാന്‍ കഴിയുമായിരുന്ന സൂക്തങ്ങളും മന്ത്രങ്ങളും ഇന്നത്തെ ഋഗ്വേദസംഹിതയില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയതാണ് ഈ ദുരൂഹതയ്ക്കു കാരണം.
വൈദികമന്ത്രങ്ങളുടെ ഈ ദുരൂഹതയ്ക്ക് കുറേയെങ്കിലും പരിഹാരം ഉണ്ടാക്കാനാണ് യാസ്‌കന്‍ നിരുക്തം നിര്‍മ്മിച്ചത്. ധാത്വര്‍ത്ഥത്തെ അവലംബിച്ച് പദാര്‍ത്ഥത്തെ നിര്‍വചിക്കുക എന്നതാണ് യാസ്‌കന്‍ അവലംബിച്ച തത്ത്വം. ഈ അടിസ്ഥാനതത്ത്വത്തെ ആധാരമാക്കിത്തന്നെയാണ് ഇന്ത്യയില്‍പ്പിറന്ന എല്ലാ ഭാഷ്യകാരന്മാരും പിന്നീട് വേദമന്ത്രങ്ങളെ വ്യാഖ്യാനിച്ചിട്ടുള്ളത്. ഈ സമ്പ്രദായത്തിന് അതിന്റേതായ പരിമിതി ഉണ്ടെന്നത് സ്പഷ്ടമാണല്ലോ. പക്ഷേ, ഭാരതീയവ്യാഖ്യാതാക്കളെ സംബന്ധിച്ചിടത്തോളം മറ്റൊരു സമീപനം അവര്‍ക്കു സാധ്യം ആയിരുന്നില്ല. 
janmabhumi

No comments:

Post a Comment