Monday, October 07, 2019


ശ്രീമഹാഭാഗവതകഥകൾ തുടരുന്നു....
                             കംസ- അക്രൂര സംവാദം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

      മന്ത്രിമാരെയും ഗജപാലകനേയും പറഞ്ഞയച്ചതിന് ശേഷം കംസൻ ആ ഇടയബാലന്മാരെ വരുത്താനുള്ള മാർഗ്ഗമെന്താണെന്ന് ആലോചിച്ചു. ആക്രൂരൻ എന്ന ഒരു വിശ്വസ്ത യാദവനെ വിളിച്ചു മന്ത്രിച്ചു:----

      അക്രൂരാ! നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. വസുദേവരുടെ  ഒരു സോദരസ്ഥാനം നിനക്കുണ്ടെങ്കിലും ഗാന്ദിനീ പുത്രനായ നിന്നെ അതൊന്നും ബാധിച്ചിട്ടില്ല. നീ നല്ലവനാണ്. നിന്നെ ഒരു കാര്യം ഞാൻ ഭരമേല്പിക്കുന്നു. നീ അത് സാധിച്ചു തരണം. നിന്നേക്കാൾ വിശ്വസ്തനായ ഒരാൾ എനിക്ക് വേറെ ഇല്ല. വൃന്ദാവനത്തിൽ നന്ദപുത്രനായി വളരുന്ന കൃഷ്ണനെന്ന ഗോപച്ചെറുക്കൻ, വാസ്തവത്തിൽ ദേവകി പ്രസവിച്ച എട്ടാമത്തെ പുത്രനാണെന്ന് ഞാൻ അറിയുന്നു. ചില സൂത്രവിദ്യകളിൽക്കൂടി അവൻ അമ്പാടിയിൽ ഗോപകുമാരനായി വളരാൻ ഇടയായെന്ന് മാത്രം. ആ രഹസ്യങ്ങളെല്ലാം ഇപ്പോൾ പുറത്തായിരിക്കുന്നു. അവൻ എൻറെ ഘാതകനാണ്.  ആ നിലയിൽ അവനെ ഏതുവിധവും വധിക്കേണ്ടത് എൻറെ ആവശ്യവുമാണ്. ആയതിനാൽ, നീ ഉടനെ വൃന്ദാവനത്തിലെ ഗോകുലത്തിലെത്തി നന്ദാദികളേയും ആ കൃഷ്ണനേയും അവൻറെ ജ്യേഷ്ഠൻ രാമനെയും ഇവിടെ നടക്കാൻ തുടങ്ങുന്ന ധനുര്യാഗത്തിൽ വന്നു പങ്കുകൊള്ളാൻ ക്ഷണിക്കണം. രാമകൃഷ്ണന്മാരെ നീ കയ്യോടെ രഥത്തിൽ കൂട്ടിക്കൊണ്ടു പോരണം. അതിനുവേണ്ടി എൻറെ രാജകീയരഥവും നീ കൊണ്ടുപൊയ്ക്കൊള്ളുക. മാതുലനായ കംസൻ നടത്തുന്ന ധനുര്യാഗത്തിന്, ഭാഗിനേയന്മാരായ രാമകൃഷ്ണന്മാർ കൂടി വന്നുചേരണമെന്നുള്ള ആഗ്രഹം കൊണ്ടാണ്, അവരെ പ്രത്യേകം ക്ഷണിക്കുന്നതെന്നും കൂടി അവരെ ധരിപ്പിക്കണം. 
**********************************************************
       Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
***********************************************************(
        " അവരിവിടെ വന്നാൽ യിഗശാലയുടെ മുമ്പിൽ വച്ച്തന്നെ കുവലയാപീഡത്തെക്കൊണ്ട് കുത്തിക്കൊല്ലിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. അതു സാധിച്ചില്ലെങ്കിൽ മുഷ്ടികചാണൂരന്മാർ മല്ലയുദ്ധം ചെയ്തു അവരെ നിഗ്രഹിക്കും. അതിൽ സംശയിക്കാനൊന്നുമില്ല. അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ അവൻറെ പുളപ്പവസാനിപ്പിക്കും. രാമനെ വധിക്കണമെന്ന് എനിക്ക് വലിയ നിർബന്ധമില്ല. എങ്കിലും അവനും ആ വഞ്ചകൻ വസുദേവൻറെ പുത്രനായതുകൊണ്ട് ചത്തോട്ടെ എന്നു ഞാൻ വിചാരിക്കുകയാണ്. 

         " ആ വസുദേവൻ ഇപ്പോൾ കാരാഗൃഹത്തിലാണ്. അതു നീ അറിഞ്ഞിരിക്കുമല്ലോ. കൃഷ്ണൻ വധിച്ചുകഴിഞ്ഞാൽ, പിന്നെ ആ വസുദേവനെയും കയ്യോടെ വകവരുത്തണം വസുദേവവധം കഴിഞ്ഞാൽ പിന്നെ അവൻറെഅച്ഛൻ ശൂരസേനനേയും, വസുദേവൻറെ മറ്റു മക്കളെയും കൊല്ലണം. ആ കൂട്ടത്തിൽ എൻറെ അച്ഛനാണെന്ന് ഭാവിച്ചിരിക്കുന്ന ഉഗ്രസേനവൃദാധൻറേയും കഥ കഴിക്കണം. അവരെല്ലാവരും എൻറെ ശത്രുക്കളാണ്. തൊലിപ്പുറമേ കൂറുകാണിക്കുന്നു എന്നുമാത്രം. ആ മാരണങ്ങളെല്ലാം അവസാനിക്കട്ടെ. വഞ്ചകന്മാരായ സർവ്വ യാദവപ്പരിഷകളേയും ഞാൻ ഇവിടെനിന്നും തുടച്ചുനീക്കും. അക്രൂരാ! നീ ഭയപ്പെടേണ്ട. നീയെന്നും എനിക്ക് പ്രിയങ്കരനായ സഖനായിരിക്കും. നിന്നോടുള്ള വിശ്വാസം കൊണ്ടാണ് എല്ലാകാര്യവും ഞാൻ തുറന്നു പറഞ്ഞത്. അച്ഛനെന്നു ഭാവിക്കുന്ന ഉഗ്രസേനൻ എന്നു ഞാൻ പറഞ്ഞില്ലേ? ശരിയാണ്, അച്ഛനെന്നു ഭാവിക്കുന്നതേയുള്ളൂ. വാസ്തവത്തിൽ അയാൾ എൻറെ അച്ഛനല്ല. ആ കഥ ഞാൻ പറയാം.  ( തുടരും)
*************************************************************
ചോദ്യം:-  രാമകൃഷ്ണന്മാരെ വധിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തത് എന്തു യാഗമാണ്?
*************************************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
*************************************************************

No comments:

Post a Comment