Monday, October 07, 2019


ശ്രീമഹാഭാഗവതകഥകൾ:
**************************
കംസ അക്രൂര സംവാദം:--  കംസൻ തുടർന്നു പറഞ്ഞു..

      "എൻറെ അമ്മ രജസ്വലയായിരിക്കുമ്പോൾ ഒരുദിവസം സഖികളുമൊരുമിച്ച് കാനനത്തിൽപോയി വനഭംഗി കണ്ടു രസിച്ചുനിൽക്കുകയായിരുന്നു അപ്പോൾ ' ദ്രമിളൻ ' എന്ന ഒരു ഗന്ധർവ്വൻ അമ്മയുടെ സൗന്ദര്യം കണ്ടു ഭ്രമിച്ച്, ഭർത്താവായ ഉഗ്രസേനൻറെ രൂപത്തിൽ അമ്മയെ സമീപിച്ച്, അടുത്തുള്ള വള്ളിക്കുടിലിൽ കൂട്ടിക്കൊണ്ടുപോയി രതിലീലകളാടി ആനന്ദിച്ചു. അല്പം കഴിഞ്ഞപ്പോൾ, താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് അമ്മയ്ക്ക് മനസ്സിലായി. കോപത്തോടും സങ്കടത്തോടുംകൂടി അമ്മ അവനെ ശപിച്ചു:-

       " ദുഷ്ടാ! പതിവ്രതയായ എൻറെ സ്ത്രീത്വം നശിപ്പിച്ച നീ നരകത്തിൽ ചെന്നു പതിക്കും ".

        ഉടനേ ദ്രമിളൻ പറഞ്ഞു:--- ' ഹേ! സുന്ദരീ! ഞാനൊരു ഗന്ധർവ്വനാണ്. മനുഷ്യസ്ത്രീയെ ഗന്ധർവ്വൻ പ്രാപിച്ചാൽ, അവൾക്ക് പാതിവ്രത്യഭംഗമില്ല. ആയതിനാൽ നിൻറെ ശാപത്തിനും ഫലമില്ല. അതുമാത്രമല്ല, ഗന്ധർവ്വവംശത്തിൽ ഒരു സന്താനം നിൻറെ ഉദരത്തിൽ ഇപ്പോൾ സംജാതമായിരിക്കുന്നു. അവൻ ധീമാനും കീർത്തിമാനുമായ ഒരു രാജാവായിത്തീരും. അതു നിനക്കു ഭാഗ്യമല്ലേ?'

ഉടനെ മാതാവു ചോദിച്ചു:----
      ' രജസ്വലയായി മലിനതയോടെയിരിക്കുന്ന ഒരു സ്ത്രീയെ ദേവനായാലും ഗന്ധർവ്വനായാലും പ്രാപിക്കുന്നതു ധർമ്മമാണോ? അശുദ്ധമായ ആ സമയത്തുണ്ടാകുന്ന സന്താനം യോഗ്യനായിത്തീരുമോ? വർജ്ജിക്കപ്പട്ട സന്ധ്യാസമയത്ത് , ദിതിയെ പ്രാപിച്ച കശ്യപനുണ്ടായ ഹിരണ്യകശിപുവിൻറേയും ഹിരണ്യാക്ഷൻറേയും ദുഷ്ടകൃത്യങ്ങൾ അങ്ങ് കേട്ടിട്ടില്ലേ?'

       ' ഏതായാലും സംഭവിക്കേണ്ടത് സംഭവിച്ചു, നീ അതിൽ കുണ്ഠിതപ്പെടേണ്ട. നിൻറെ പുത്രൻ അതിയോഗ്യനായിത്തീരും. ഗന്ധർവ്വാംശമായതുകൊണ്ട്, അവനെ സാധാരണ ഒരു മർത്ത്യനുവധിക്കാൻ സാദ്ധ്യമല്ലെന്നുംകൂടി നീ ധരിച്ചുകൊള്ളുക. അങ്ങനെ അവൻ വംശനേതാവും ജേതാവുമായി വാഴും. അവൻ ആർക്കും കീഴ് വഴങ്ങുന്നവനായിരിക്കുകയില്ല. "

      ഇങ്ങനെ പറഞ്ഞു ഗന്ധർവ്വൻ അപ്രത്യക്നായി. യഥാകാലം മാതാവ് എന്നെ പ്രസവിച്ചു എങ്കിലും, ദുർഭഗനായ എന്നെ മാതാപിതാക്കൾ കാര്യമായി പരിപാലിച്ചു സംരക്ഷിക്കാതെ ഉപേക്ഷിച്ചു കളഞ്ഞു. കർമ്മവശാൽ ഞാൻ വളർന്നു ഈനിലയിൽ എത്തിയെന്നുമാത്രം. ഗന്ധർവ്വൻ അരുളിച്ചെയ്തതുപോലെ എല്ലാം സംഭവിച്ചു. സാധാരണ ഒരു മർത്ത്യന് എന്നെ വധിക്കാനും സാദ്ധ്യമല്ല. എൻറെ ഈ ജനനരഹസ്യം നാരദമുനിയാണ് എന്നെ ധരിപ്പിച്ചിട്ടുള്ളത്. ആ ഉഗ്രസേനനും ഈ രഹസ്യം അറിയാമായിരിക്കണം. അയാളുടെ പെരുമാറ്റം കൊണ്ട് എനിക്കത് മനസ്സിലായിട്ടുണ്ട്. ആയതിനാൽ ഉഗ്രസേനനെ വധിക്കുന്നതുകൊണ്ട് എനിക്ക് പാപമൊന്നുമില്ല. അയാൾ എൻറെ പിതാവല്ല. കേവലം ഒരു മർത്ത്യനാൽ ഞാൻ വധിക്കപ്പെടുകയില്ലെന്ന്, ഗന്ധർവ്വനെപ്പോലെ നാരദമുനിയും പറയുകയുണ്ടായിട്ടുണ്ട്. ആ സ്ഥിതിക്ക് മർത്ത്യനായ ആ ഇടയബാലനും എന്നെ കൊല്ലാൻ സാദ്ധ്യമല്ല. എന്നാലും ശത്രുവെന്ന നിലയിൽ അവനെ വധിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതുകൊണ്ട് അക്രൂരാ! യാതൊരു ചാഞ്ചല്യവും കൂടാതെ നീ, വൃന്ദാവനഗോകുലത്തിൽ പോയി, ആ രാമകൃഷ്ണന്മാരെയും നന്ദഗോപാദികളെയും ഇവിടെ കൂട്ടിക്കൊണ്ടു വരണം. ആ ബാലന്മാരെ മാത്രമാണ് നമുക്കവിടെ ആവശ്യം. പക്ഷെ, ആവരെമാത്രം കഷണിച്ചിൽ സംശയം തോന്നിയെങ്കിലോ എന്നുകരുതിയാണ് നന്ദാദികളെക്കൂടി ക്ഷണിക്കാൻ പറഞ്ഞത്. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
     " മുജ്ജന്മത്തിൽ ഞാൻ കാലനേമി എന്ന അസുരനായിരുന്നു എന്നും, കൃഷ്ണൻ വിഷ്ണുവിൻറെ അവതാരമാണെന്നുമൊക്കെ നാരദൻ പറയുകയുണ്ടായി. ഏഷണിക്കാരനായ ആ മുനിയുടെ വാക്കുകൾ മുഴുവനും ഞാൻ വിശ്വസിക്കുകയില്ല. യാഗം പതിന്നാലു ദിവസമുണ്ട്. അതിനിടയിൽ ഏതെങ്കിലുമൊരുദിവസം നീ അവരെ കൊണ്ടുവന്നാൽ മതി. ആരംഭത്തിലാണെങ്കിൽ ഉത്തമമായിരിക്കും."

      ആക്രൂരൻ കംസസന്ദേശം വഹിച്ചുകൊണ്ട്, ചിന്താപരിക്ലാന്തനായി യാത്രപറഞ്ഞു പിരിഞ്ഞു. വെറും ഒരു ജീവച്ഛവം പോലെയാണ് ആ ഭക്തൻ പുറത്തേക്കിറങ്ങി പോയത്.    (തുടരും)
******************************************
ചോദ്യം:- മുജ്ജന്മത്തിൽ കംസൻ ആരായിരുന്നു?
*******************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
******************************************
       നാളെ:----     !!  കേശിവധം  !!

No comments:

Post a Comment