Saturday, October 12, 2019

*കാർത്തിക മാസവും* *ദാമോദര പൂജയും*.


മലയാളത്തിൽ ചിങ്ങം, കന്നി എന്നിവയെപ്പോലെ സംസ്കൃതത്തിലും മാസങ്ങളുണ്ട് .അവയിൽ വിശേഷപ്പെട്ട കാർത്തിക മാസം ഈ വരുന്ന 2019 മാണ്ട് ഒക്ടോബർ 13 തീയതിയിൽ നിന്ന് നവംബർ 12 വരെ ഭക്തന്മാരാൽ  ആഘോഷിക്കപ്പെടുന്നു.

കാർത്തിക മാസത്തിന്റെ മഹിമകളിൽ ചിലത്

ഏതു വ്രതമായാലും കാർത്തിക മാസത്തിൽ അനുഷ്ഠിക്കപ്പെടുമ്പോൾ അതിനു സവിശേഷമായ ഫലം ലഭിക്കുന്നതാണ്. പരിശുദ്ധികരണത്തിന് കഴിവുള്ള വ്രതങ്ങളിൽ അവ ഏറ്റവും ഉന്നതമായി കരുതപ്പെടുന്നു. കാർത്തിക മാസം ഭഗവാൻ ശ്രീ കൃഷ്ണന് വളരെ പ്രിയപ്പെട്ടതാണ്.

' മാസങ്ങളിൽ ഞാൻ മാർഗ്ഗശീർഷം'(ഭഗവദ് ഗീത 10.35)എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു. അതുപോലെ ശ്രീമതി രാധാറാണി അതിന് തൊട്ടു മുന്നത്തെ മാസം ആയ കാർത്തിക മാസം ആയി കരുതപ്പെടുന്നു. രാധാ റാണിയുടെ മാസമായതിനാൽ ഇത് കൃഷ്ണന് ഏറ്റവും പ്രിയങ്കരമാണ്.

 കാർത്തിക മാസം അനുഷ്ഠിക്കുന്നത് മൂലം സർവ്വപാപങ്ങളും നമ്മുടെ ഹൃദയത്തിൽ നിന്ന് ദൂരീകരിക്കുകപ്പെടും. മറ്റു വ്രതങ്ങൾ നൂറുതവണ അനുഷ്ഠിച്ചാൽ ലഭിക്കുന്ന ഫലം ഒരു പ്രാവശ്യം  കാർത്തിക വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുന്നതാണ്. ശരിയായ രീതിയിൽ അനുഷ്ഠിച്ചാൽ മന്ത്രോച്ചാരണം, തീർത്ഥാടനം എന്നിവയിൽനിന്നും ലഭിച്ചേക്കാവുന്ന പുണ്യ ഫലങ്ങളെക്കാൾ ലക്ഷോപലക്ഷം മടങ്ങ് അധിക ഫലത്തെ പ്രാപിക്കുന്നതാണ്.

 ഈ മാസത്തിൽ വൃന്ദാവന ഭൂമിയിൽ ദാമോദരനെ ആരാധിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ കൃഷ്ണഭക്തി പ്രാപ്യമാകും. ധ്രുവ മഹാരാജാവ് ഭഗവാൻ കൃഷ്ണനെ ആരാധിച്ചു ആ തിരുരൂപം ദർശിച്ചതും കാർത്തിക മാസത്തിലാണ് എന്നത് എടുത്തുപറയത്തക്കതാണ്.

( ശ്രീ  സനാതന ഗോസ്വാമിയാൽ വിരചിതമായ 'ഹരി ഭക്തി വിലാസം' എന്ന ഗ്രന്ഥത്തിൽ നിന്ന്.)

 *ദാമോദര പൂജ*

കാർത്തിക മാസത്തിലെ വ്രതത്തിൽ ഭക്തന്മാർ ഭഗവാൻ ശ്രീകൃഷ്ണനെ അദ്ദേഹത്തിൻറെ ഏറ്റവും മധുരതരമായ ദാമോദര രൂപത്തിൽ ആരാധിക്കുന്നു. 'ദാമം' എന്നാൽ 'കയർ' എന്നും 'ഉദരം' എന്നാൽ 'വയർ' എന്നും അർത്ഥം. അതായത് യശോദാ മാതാവ് കൃഷ്ണൻറെ തിരു വയറിൽ  കയർ കൊണ്ട് ഉരലിൽ ബന്ധിച്ച രൂപം.അതിനാൽ കാർത്തികമാസം, ദാമോദരമാസമെന്നും അറിയപ്പെടുന്നു.

 ഭഗവാൻറെ പ്രത്യേകമായ ലീലയെ ഓർമപ്പെടുത്തുന്ന വിശേഷമായ ദാമോദര രൂപത്തെ നെയ്ദീപത്താൽ ആരാധിക്കുന്നത് അത്യുത്തമമാണെന്ന് പദ്മപുരാണം,സ്കന്ദപുരാണം തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു. ബന്ധുക്കൾ ,സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്ന് വേണ്ട, നമ്മൾ അറിയുന്ന ഓരോരുത്തർക്കും ഭഗവാൻ ദാമോദരനെ ആരാധിക്കാനും അത്യത്ഭുതകരവും മനോജ്ഞവുമായ  കൃഷ്ണലീലകളെ പാരായണം ചെയ്യുവാനും  അവസരം നൽകുകയാണെങ്കിൽ അവരേവരും ഭഗവാൻറെ സവിശേഷ കാരുണ്യത്തിന് പാത്രമാകും.

*കാർത്തികമാസത്തിലെ(ദാമോദര മാസം) അനുഷ്ഠാന മുറകൾ*

1.  ബ്രഹ്മമുഹൂർത്തത്തിൽ( സൂര്യൻ ഉദിക്കുന്നതിന് ഒന്നരമണിക്കൂർ മുൻപുള്ള സമയം)  എഴുന്നേറ്റ് കുളിച്ച് മംഗളാരതി ചെയ്തതിനുശേഷം ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കണം.

2. ഉയർന്ന വൈഷ്ണവരുടെ സംഘത്തിൽ ശ്രീമദ്ഭാഗവതം ശ്രവിക്കാൻ ശ്രമിച്ചാൽ വളരെ നല്ലത്.കാർത്തിക മാസത്തിൽ ശ്രീമദ് ഭാഗവതം പാരായണം ചെയ്താൽ പതിനെട്ട് പുരാണങ്ങളും വായിച്ച ഫലം. ലഭിക്കുന്നതാണ്.

3.  ജപിക്കുമ്പോഴും കീർത്തനം ചെയ്യുമ്പോഴും ഭഗവാൻറെ തിരുനാമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം. ഹരേ കൃഷ്ണ മഹാമന്ത്രം കൂടുതൽ മാലകൾ (108 തവണ ഹരേകൃഷ്ണ മഹാമന്ത്രം ജപിച്ചാൽ ഒരു മാല) കുടുംബാംഗങ്ങളോടൊപ്പം കീർത്തനം ചെയ്യുന്നതും അതിശ്രേഷ്ഠം.

4. ഈ മാസം മുഴുവനും ബ്രഹ്മചര്യം പാലിക്കേണ്ടത്  അത്യാവശ്യം.

5. സസ്യാഹാരം മാത്രം ഭക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

6. തുളസി ദേവിയെ ദിവസവും ആരാധിച്ച് കീർത്തനം പാടി, ശ്രീരാധാകൃഷ്ണന്മാരുടെ സേവനം ലഭിക്കാനായി പ്രാർത്ഥിക്കേണ്ട താണ്.

7. ദിവസവും രുചിയുള്ള പദാർത്ഥങ്ങൾ പാകം ചെയ്തു ഭഗവാൻ കൃഷ്ണന് നിവേദ്യം സമർപ്പിക്കുക.

8. ചാതുർമാസ്യത്തിലെ നാലാമത്തെ മാസമായതുകൊണ്ട് ഈ കാലയളവിൽ ഉഴുന്ന് ഉപയോഗിക്കാതിരിക്കുന്നത് ഉത്തമം.

 മേൽപ്പറഞ്ഞ അനുഷ്ഠാനങ്ങൾക്ക് പുറമേ പലതരത്തിലുള്ള അനുഷ്ഠാനമുറകൾ ഹരി ഭക്തി വിലാസം എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. വളരെ കഠിനമായ ഈ വ്രതങ്ങൾ അനുഷ്ഠിക്കുന്നത് സാധാരണഗതിയിൽ വിഷമമേറിയതാകയാൽ അവ ഇവിടെ വിവരിക്കുന്നില്ല.

 എല്ലാവരും കാർത്തിക മാസത്തിലെ ദാമോദര വ്രതം അനുഷ്ഠിച്ച് ഭഗവാൻ ദാമോദരന്റെ കാരുണ്യത്തിന് പാത്രമാകാൻ താഴ്മയായി യാചിക്കുന്നു.

 *ഏവർക്കും ദാമോദര മാസ ആശംസകൾ*

 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.

No comments:

Post a Comment