Friday, October 25, 2019

*അമ്മയുടെസന്ദേശം*

*ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്* 
*പ്രകാശത്തിന്റെ ഉത്സവമാണ്* 

മക്കളേ, ഭാരതം ഉത്സവങ്ങളുടെ നാടാണ്. ഒരു വര്‍ഷത്തിലുടനീളം എണ്ണമറ്റ ഉത്സവങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യമനസ്സിനെ ഈശ്വരസ്മരണയിലേക്കും ആത്മാന്വേഷണത്തിലേക്കും തിരിച്ചുവിടുക എന്നതാണ് ഉത്സവങ്ങളുടെ ലക്ഷ്യം. അതുപോലെതന്നെ സാംസ്‌കാരികമായ ഐക്യം ജനങ്ങളില്‍ വളര്‍ത്താനും ഉത്സവങ്ങള്‍ ഉപകരിക്കുന്നു. ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും, ഇരുട്ട് തിന്മയുടെയും അജ്ഞാനത്തിന്റെയും പ്രതീകമാണ്. എല്ലാ അറിവിലും വച്ചു ശ്രേഷ്ഠം ആത്മജ്ഞാനം അഥവാ അവനവനെക്കുറിച്ചുള്ള അറിവാണ്. കാരണം മനുഷ്യന് ദുഃഖത്തില്‍നിന്നുള്ള ആത്യന്തികമായ മോചനം നല്‍കുന്നത് ആത്മജ്ഞാനം മാത്രമാണ്. ഈ അറിവിനെ നമ്മുടെയുള്ളില്‍ ഉണര്‍ത്തുക എന്നതിന്റെ പ്രതീകമായിട്ടാണ് നമ്മള്‍ ദീപാവലിയ്ക്കു ദീപങ്ങള്‍ കൊളുത്തുന്നത്. കത്തുന്ന ഒരു തിരിയില്‍ നിന്ന് ആയിരം തിരികള്‍ കൊളുത്തിയാലും ആദ്യത്തെ തിരിയുടെ പ്രകാശത്തിന് ഒരു കുറവും വരുന്നില്ല. നമ്മുടെ അറിവ് എത്രമാത്രം മറ്റുള്ളവര്‍ക്കു നാം പകര്‍ന്നുകൊടുത്താലും അത് അല്‍പംപോലും കുറയുന്നില്ലെന്ന് ഇതുനമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് അറിവിന്റെ മഹത്വം. അതുപോലെ ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന നല്ല ചിന്തകളും, അയാളുടെ സല്‍പ്രവൃത്തികളും മറ്റുള്ളവരെയും സ്വാധീനിക്കുന്നു. ദീപാവലിപോലെയുള്ള ഉത്സവവേളകളില്‍ എല്ലാവരും ഒരേ മനസ്സോടെ ഈശ്വരചിന്തയില്‍ മുഴുകുന്നു, ഒന്നിച്ചു കീര്‍ത്തനങ്ങള്‍ പാടുന്നു, ഒന്നിച്ച് ആഹ്ലാദിക്കുന്നു. അതിന്റെ നല്ല തരംഗങ്ങള്‍ ചുറ്റും വ്യാപിക്കുന്നു. മറ്റുള്ളവരിലും സന്തോഷവും ഈശ്വരസ്മരണയും ഉണര്‍ത്താന്‍ അതിനു കഴിയുന്നു. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. വനത്തിനോടു ചേര്‍ന്ന് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ വഴിവിളക്കുകള്‍ ഒന്നുമില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ അവിടെ കൊള്ളകള്‍ വര്‍ദ്ധിച്ചു. കൊള്ളക്കാര്‍ വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നതു സ്ഥിരം സംഭവമായി. ചിലപ്പോള്‍ കൊലപാതകങ്ങളും നടന്നു. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതുകണ്ടു നാട്ടുകാര്‍ ഉദ്യോഗസ്ഥരെ സമീപിച്ച് നാട്ടില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാന്‍ അപേക്ഷിച്ചു. അവര്‍ പല തവണ അപേക്ഷകള്‍ നല്‍കിയിട്ടും മേലധികാരികളെ നേരില്‍ക്കണ്ടുപറഞ്ഞിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ക്കു യാതൊരു കുറവും സംഭവിച്ചതുമില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാള്‍ക്കു തോന്നി, തന്റെ വീടിനുമുന്നില്‍ ഒരു റാന്തല്‍വിളക്കു കത്തിച്ചുവച്ചാലോ എന്ന്! അത്രയും സ്ഥലത്തു പ്രകാശം കിട്ടുമല്ലോ! സന്ധ്യയായപ്പോള്‍ അദ്ദേഹം തന്റെ വീടിനുമുന്നില്‍ വഴിയോടുചേര്‍ന്ന് ഒരു റാന്തല്‍വിളക്കു കത്തിച്ചു. അതു വഴിയിലൂടെ പോകുന്നവര്‍ക്ക് പ്രകാശം നല്‍കി. ഇതുകണ്ടപ്പോള്‍ അടുത്ത വീട്ടുകാരന് അതു നല്ല ഭംഗിയുള്ളതായിത്തോന്നി. അദ്ദേഹവും തന്റെ വീടിനുമുന്നിലെ വഴിയരികില്‍ ഒരു റാന്തല്‍ വിളക്കു കത്തിച്ചുവച്ചു. ഇതുകണ്ട് അടുത്തവീട്ടുകാരും അതുതന്നെ ചെയ്തു. അങ്ങനെ എല്ലാ വീട്ടുകാരും വീടിനുമുന്നില്‍ റാന്തല്‍വിളക്കു കത്തിച്ചുവച്ചു. അതോടെ ആ ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതെയായി. കള്ളന്മാരുടെ ശല്യവും കുറഞ്ഞു. ഒരാളില്‍നിന്നാരംഭിച്ച സദ്്പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായി. ഇന്നു ലോകത്തില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മുഖ്യകാരണം വ്യക്തിമനസ്സുകളിലെ സംഘര്‍ഷമാണ്. മാറ്റം വ്യക്തിമനസ്സുകളിലുണ്ടായാല്‍ നമുക്കു സമൂഹത്തിലാകെ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയും. ഉത്സവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാനും നന്മയിലേക്ക് ഉണര്‍ത്താനുമുള്ള അവസരങ്ങളാകണം. എന്നാല്‍ ഇന്ന് ഇതു സാധിക്കുന്നുണ്ടോ എന്നത് നമ്മള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഉത്സവത്തിന്റെ പേരില്‍ ധാരാളം പണം ദുര്‍വ്വിനിയോഗം ചെയ്യുമ്പോഴും, മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കുമ്പോഴും ഈ ലക്ഷ്യം പരാജയപ്പെടുകയാണ്. ദീപാവലിയെ സാധാരണയായി ശ്രീകൃഷ്ണനുമായിട്ടും ശ്രീരാമനുമായിട്ടും ബന്ധപ്പെടുത്താറുണ്ട്. ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി കൊണ്ടാടുന്നതെന്നും ഒരു ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചപ്പോള്‍ എന്റെ ദുഃഖം ലോകത്തിന്റെ സുഖമായിത്തീരട്ടെ എന്ന് നരകാസുരന്‍ പ്രാര്‍ത്ഥിച്ചുവെന്നു പറയപ്പെടുന്നു. നമ്മള്‍ സ്വയം ദുഃഖിച്ചാലും അന്യരെല്ലാം സുഖത്തോടെയും സന്തോഷത്തോടെയും കഴിയണമെന്ന നല്ല ചിന്തയുടെ പ്രതീകങ്ങളാണ് ദീപാവലിയ്ക്കു നാം കൊളുത്തുന്ന ദീപങ്ങള്‍. അത്തരം ഒരു വിശാലമനോഭാവം വളര്‍ത്തിയെടുക്കാന്‍ ദീപാവലി നമുക്ക് പ്രചോദനമാകട്ടെ.
*അമ്മ* 
*(മാതാ അമൃതാനന്ദമയി ദേവി )*

No comments:

Post a Comment