Sunday, October 20, 2019

കാശിസത്സംഗം

കാശിസത്സംഗത്തിനെ പറ്റി എഴുതാൽ അർഹതയില്ലെന്ന് അറിയുമ്പോഴും ഏതോ ശക്തിഎന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു.  ബ്രഹ്മതത്ത്വവിചാരശ്രവണമാഹാത്മ്യം മാത്രമാണ് അജ്ഞാനിയായ എന്റെ അനിർവചനീയമായ ആനന്ദത്തിന് ഒരേയൊരു കാരണം .  ബ്രഹ്മശ്രീ നൊച്ചൂർജിയുടെ പ്രഭാഷണങ്ങളുടെ പൊരുൾ അറിയാനോ ഉൾക്കൊള്ളാനോ ഉള്ള ആദ്ധ്യാത്മികപക്വതയില്ലാത്ത എന്നിലും ചെറിയതെങ്കിലും  പ്രകാശമാനമായ എന്തോ സ്‌ഫുരണങ്ങൾ അദ്ദേഹത്തിന്റെ ദൈവീകവാക്കുകൾ വർഷിക്കുന്നു.

മനോഹരമായ ഗംഗാതീരത്ത്, ബ്രഹ്മർഷിമാരായ സനകാദികളേയും, നാരദരേയും, വ്യാസമഹർഷിയേയും, ഗോകർണനേയും, ശുകബ്രഹ്മർഷിയേയും ശങ്കര ഭഗവത്പാദരേയും പോലുള്ള പൂർവ്വസൂരികളുടെയെല്ലാം സ്മരണ നമ്മിൽ ഉണർത്തിക്കൊണ്ട് ബ്രഹ്മശ്രീ നൊച്ചുർജി പ്രഭാഷണത്തിനായി പീഠത്തിലിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു സാധാരണ സ്ത്രീയായ എനിക്ക് ഇങ്ങനെയൊരു സത്സംഗത്തിൽ പങ്കുകൊള്ളാൻ അവസരം നൽകാൻ ഭഗവാനല്ലാതെ ആരുണ്ട്?  ഗംഗാദേവിയുടെ മടിത്തട്ടിൽആ മഹാത്മാവിന്റെ വാക്ധാരയിൽ കുളിച്ച് ഏഴു ദിവസം ഇരുന്നു. മനസ്സിന്നതീതമായ വിഷയങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാതെ ഭക്തിയോടെ ശ്രവണം ചെയ്താൽ മതി എന്ന വാക്കുകളെ മാത്രം മുറുകെപ്പിടിച്ച് അതിന് ആത്മാർഥമായി ശ്രമിച്ചു. എനിക്ക്കരണീയമായി മറ്റൊന്നും തോന്നിയില്ല

രാവിലെ രമണ ഭഗവാന്റെ സദ് ദർശനവും വൈകുന്നേരം ഭഗവത്പാദരുടെ കാശീപഞ്ചകവും മനീഷാപഞ്ചകവും അദ്ദേഹം വളരെ ലളിതമായും മനോഹരമായും അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ മഹദ് വചനങ്ങളെ എന്റെ ശുഷ്ക്കമായ വാക്കുകൾക്ക് വിഷയമാക്കുന്നതുതന്നെ അക്ഷന്തവ്യമായ അപരാധമാകും എന്നതിനാൽ മൌനം പാലിക്കട്ടെ!

മഹാത്മാക്കളുടെ സങ്കൽപം സത്യമാകും അഥവാ ഈശ്വരൻ സത്യമാക്കും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് കാശിസത്സംഗം. സത്സംഗത്തിന് രണ്ടാഴ്ച മുമ്പ് കൂടി ഗംഗാദേവി സത്സംഗം നടന്ന സ്ഥലം മുഴുവൻ നിറഞ്ഞു നിന്നു. ബ്രഹ്മശ്രീ നൊച്ചുർജിയുടെ സങ്കൽപം സത്യമാക്കാൻ, ഭീഷ്മരുടെ ശപഥം സത്യമാക്കാൻ ഭഗവാൻ ചെയ്തപോലെ, കാശിവിശ്വനാഥൻ ഗംഗാദേവിയാട് സത്സംഗത്തിന് സൌകര്യമാക്കാൻ പറഞ്ഞുവെന്നും ഗംഗാദേവി ഇറങ്ങി മാറി ഏഴുദിവസത്തെ സത്സംഗത്തെ രാജസൂയയജ്ഞം പോലെ  നടത്താൻ അനുഗ്രഹം നൽകി എന്നും ഞാൻ വിശ്വസിക്കുന്നു.

പ്രവചനങ്ങളും വേദപാരായണവും ശിവപൂജയും അന്നദാനവും എല്ലാം ഏറ്റവും ഭംഗിയായി നടന്നതിനു പിന്നിൽ മനുഷ്യപ്രയത്നത്തിന് വലിയ സ്ഥാനമുണ്ടെങ്കിലും അമാനുഷികമായ ഒരു ശക്തിയുടെ സാന്നിധ്യത്തിലേ ഇത്തരമൊരു ഗംഭീരയജ്ഞം ഇത്ര ഭംഗിയായി നടക്കൂ എന്ന് അവിടെ കൂടിയവർക്കൊക്കെ തോന്നിച്ചതും ആ പരമാത്മചൈതന്യം  തന്നെ!

എവിടെയിരുന്നാലും എല്ലാവർക്കും കാശിയിൽ ഇരിക്കുന്ന അനുഭൂതി, പ്രകാശപൂർണമായ ആ അനുഭൂതി നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിച്ച് ആ യതിവര്യനെ മനസ്സു കൊണ്ട് പലവുരു നമസ്ക്കരിച്ച് മടങ്ങുമ്പോൾ മറ്റൊന്നു കൊണ്ടും ലഭിക്കാത്ത ശാന്തി അനുഭവപ്പെട്ടു. ഒരു സാധാരണഗൃഹസ്ഥയായ എന്നിൽ പോലും ചെറിയ ചെറിയ പ്രകാശസ്‌ഫുലിംഗങ്ങൾ വർഷിച്ച കാശിക്കും, പരമേശ്വര ഭഗവാനും, അന്നപൂർണേശ്വരിക്കും പ്രിയംനിറഞ്ഞ, ശ്യാമസുന്ദരനായ ഗുരുവായൂപ്പേനും, ബ്രഹ്മശ്രീ നൊച്ചൂർജിക്കും അനന്തകോടി നമസ്കാരം!

തമേവ ഭാന്തം അനുഭാതിസർവ്വം തസ്യ ഭാസാ സർവ്വമിദം വിഭാതി
🙏🙏
(Savitri Puram
from: fb )

No comments:

Post a Comment