Sunday, October 20, 2019

(ഭഗവൽഭക്തന്മാർക്ക് വായിക്കാം)

ദിവസം 207
ശ്രീമഹാഭാഗവതകഥകൾ: തുടരുന്നു...
        !!  രാമകൃഷ്ണന്മാർ  മഥുരാപുരിയിൽ !!
==================○==============
   മഥുരയിലെത്തി,  രാമകൃഷ്ണന്മാർ എത്തിച്ചേർന്ന വിവരം അക്രൂരൻ കംസനെ ധരിപ്പിച്ചു. അക്രൂരൻ സ്വവസതിയിലേക്കു പോയശേഷം സായന്തനമായപ്പോൾ രാമകൃഷ്ണന്മാർ നന്ദഗോപരുടെ കൂടെ വന്ന ഏതാനും ഗോപന്മാരുമൊരുമിച്ച് മനോഹരമായ മഥുരാപുരിയുടെ വിശേഷങ്ങൾ കാണുവാൻ ചുറ്റിനടന്നു. നേരത്തെതന്നെ കേട്ടിട്ടുള്ള കാമകോമളന്മാരായ രാമകൃഷ്ണന്മാർ നഗരപ്രാന്തത്തിൽ ആഗതരായിട്ടുണ്ടന്നറിഞ്ഞ്, മഥുരാപുരിയിലെ മധുവാണികൾ മട്ടുപ്പാവുകളിൽ കയറി നിന്നുകൊണ്ട്, അവരുടെ സൗന്ദര്യപീയൂഷം ആസ്വദിച്ചു. സന്തോഷംകൊണ്ട് അവരുടെ മൗലികളിൽ ആ കാമിനീമണികൾ പൂമാല്യങ്ങൾ വർഷിച്ചു,   കൃഷ്ണൻറെ അതിരറ്റ അഴകും അതിരറ്റ ചന്തംവഴിയുന്ന കാന്തിയും കണ്ട് അവർ അത്ഭുതമോഹപരവശരായി. 

      പിന്നെയും രാമകൃഷ്ണന്മാർ ഓരോരോ സ്ഥലങ്ങൾ കണ്ടുകൊണ്ടുനടക്കുമ്പോൾ, ഒരു രജകൻ വലിയ വസ്ത്രഭാണ്ഡക്കെട്ടുമായി ആവരുടെ മുമ്പിൽക്കൂടി ധാർഷ്ട്യത്തോടെ കടന്നുപോയി. കൃഷ്ണൻ അവനെ വിളിച്ചുനിർത്തി ചോദിച്ചു:--
      " നല്ലവനായ വെളുത്തേടാ! ഞങ്ങൾ യാഗം കാണാൻ വന്ന പശുപാലകന്മാരാണ്. ഉടുക്കാൻ നല്ല മുണ്ടില്ല. ഓരോ മുണ്ട് ഞങ്ങൾക്കു തരാമോ?"
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
  Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
__________________________________________
               " ഭാഗവതഗ്രാമം "  
what's app group ആരംഭിക്കുകയാണ്. താല്പര്യമുളളവർ നിങ്ങളുടെ ഫോൺ നമ്പർ കമൻറിൽ ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
       കോപഭാവത്തോടെ അവൻ ആക്രോശിച്ചു:--- എടാ, കൊള്ളരുതാത്ത ബാലന്മാരേ! മരിക്കാതിരിക്കണമെങ്കിൽ വേഗം പൊയ്ക്കൊ, ഇവിടുന്ന്. പശുക്കളെ മേച്ചുനടക്കുന്ന കാട്ടുജാതികളായ നിങ്ങൾക്ക് രാജാവിന്റെ വസ്ത്രമുടുക്കാൻ മോഹം വന്നാൽ അതുനിങ്ങളുടെ നാശത്തിനാണ്. കംസമഹാരാജാവിൻറെ പട്ടുവസ്ത്രങ്ങളാണ് ഈ ഭാണ്ഡത്തിൽ.തൊട്ടുപോയാൽപ്പിന്നെ നിങ്ങളുടെ പൊടിപോലും കാണുകയില്ല. അമ്പോ! ഒരു രാജകുമാരന്മാരുടെ നടപ്പ്! ഓടെടാ!.... കള്ളപ്പരിഷകളെ!" അവൻ അടിക്കാൻ കയ്യോങ്ങി. 

       കൃഷ്ണൻ മുമ്പോട്ടടുത്ത് അവൻറെ ശിരസ്സിലൊന്നു പ്രഹരിച്ചു. അതോടുകൂടി അവൻറെ തലപിളർന്ന് അവൻ ആന്തകപുരവും പ്രാപിച്ചു. 

       അനന്തരം അവൻറെ ഭാണ്ഡം അഴിച്ചു അതിൽനിന്നും നല്ലനല്ല വസനങ്ങൾ എടുത്തു വാസുദേവൻ കൂട്ടുകാർക്ക് സമ്മാനിച്ചു. ഒരു നീലപ്പട്ടെടുത്ത് ബലഭദ്രനും മഞ്ഞപ്പട്ടെടുത്തു കഞ്ജനാഭനും ധരിച്ചു. 

    പിന്നീടവർ നടക്കുമ്പോൾ, കഞ്ചുകാദിവസ്ത്രങ്ങൾ നെയ്തുണ്ടാക്കിക്കൊടുക്കുന്ന , കഞ്ചൻ എന്ന ഒരു നെയ്ത്തുകാരൻ അവരെ കണ്ടു. 
       അവർ ഏതോ ദിവ്യന്മാരായ ബാലന്മാരാണെന്നുള്ള സങ്കല്പത്തോടെ, അവൻ തൻറെ കൈവശത്തിലിരുന്ന ഏറ്റവും നല്ല കഞ്ചുകങ്ങളും വസ്ത്രങ്ങളും അവരുടെ മുമ്പിൽ തിരുമുൽക്കാഴ്ച്ചയായി വച്ച് ഭക്തിപൂർവ്വം തൊഴുതു മാറിനിന്നു. കൃഷ്ണൻ അവയെ സ്വീകരിച്ചു, അവനെ അനുഗ്രഹിച്ചതിനുശേഷം , ആ വർണ്ണ വസ്ത്രങ്ങളും കഞ്ചുകങ്ങളുമെടുത്ത് ചങ്ങാതിമാർക്കായി സമ്മാനിച്ചു.......

      ഉല്ലാസത്തോടെ നടക്കുന്നതിനിടയിൽ അവരെല്ലാവരും കൂടിഭക്തനായ സുദാമാവിൻറെ ഗൃഹത്തിലേക്കു ചെന്നു. ആ സുദാമാവിനെ കൃഷ്ണനോ  --- കൃഷ്ണനെ സുദാമാവോ അതിനുമുമ്പൊരിക്കലും കണ്ടിട്ടില്ല. എങ്കിലും അവൻ ഒരു വലിയ കൃഷ്ണഭക്തനാണെന്ന് ഭഗവാനറിയാമായിരുന്നതുകൊണ്ടാണ് അവൻറെ വസതിയിലേക്ക് കടന്നുചെന്നത്.  ആഗതർ ആരാണെന്നുപോലും അറിയാതെ ആ ഭക്തൻ രാമകൃഷ്ണന്മാരെ എതിരേറ്റു സൽക്കരിച്ച് പൂജിച്ചു. സൗരഭ്യമേറിയ രണ്ടു പുഷ്പമാല്യങ്ങൾ നിർമ്മിച്ച് ഒന്നു പീതാംബരൻറേയും മറ്റേത് നീലാംബരൻറേയും ഗളതലത്തിലണിയിച്ചു. സന്തുഷ്ടനായി ചെന്താമരാക്ഷൻ ചോദിച്ചു:--

      " സുദാമാവേ! ഞങ്ങൾ ആരാണെന്നു വിചാരിച്ചാണ് ഞങ്ങളോടിത്രവളരെ ഭക്തിയും ഔദാര്യവും അങ്ങ് കാണിക്കുന്നത്?"

        " ഒന്നുമുണ്ടായിട്ടല്ല. അമ്പാടിയിൽ അവതരിച്ച കൃഷ്ണനും രാമനും ഇവിടെ വരാനിടയുണ്ടെന്ന്, രണ്ടുദിവസങ്ങൾക്കു മുമ്പ് അക്രൂരൻ ഊരാളോടു പറയുന്നത് ഞാൻ കേട്ടു. ദിവ്യന്മാരായ ആ കുമാരന്മാരായിരിക്കും നിങ്ങളെന്ന് ഞാൻ ഊഹിച്ച് എൻറെ ഭക്തി പ്രകടിപ്പിച്ചെന്നുമാത്രം. 

      അങ്ങയുടെ ഊഹം തെറ്റിയിട്ടില്ല. ഞാൻ കൃഷ്ണനും ഇദ്ദേഹം എൻറെ ജ്യേഷ്ഠൻ രാമനുമാണ്. അങ്ങയുടെ ഭക്തികണ്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നു. അങ്ങേയ്ക്കെന്തുവേണം? പറയൂ. ഞാൻ സാധിച്ചുതരാം. "

       സുദാമാവ് തൊഴുതുകൊണ്ട് ഉണർത്തിച്ചു:--- " അടിയന് പ്രത്യേകമായി ഒന്നും വേണ്ട. നിന്തിരുവടിയുടെ അനുഗ്രഹം മാത്രം മതി 

       സർവ്വവിധ ഐശ്വര്യങ്ങളോടുംകൂടി ജീവിതം നയിച്ച്, ഒടുവിൽ സായൂജ്യപദം പ്രാപിക്കുവാൻ ഭഗവാൻ അവനെ അനുഗ്രഹിച്ചു. 
               വീണ്ടും യാത്ര തുടർന്നു.....  (തുടരും)
******************************************
ചോദ്യം:- മഥുരാപുരിയിൽവച്ച് കണ്ടുമുട്ടിയ സുദാമാവ് , എന്ത് വരമാണ് കൃഷ്നോടാവശ്യപ്പെട്ടത് 
******************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
****************************************** 

                 

      .     
  .

No comments:

Post a Comment