Monday, October 07, 2019


ശ്രീമഹാഭാഗവതകഥകൾ: കേശിവധം 
°°°°°°°°°°°°°°°°°°°°°°°°|||°°°°°°°°°°°°°°°°°°°
     അക്രൂരദൗത്യം സാധിക്കുന്നതിനു മുമ്പുതന്നെ, ആ ഗോപച്ചെറുക്കൻറെ കഥയങ്ങു കഴിച്ചാൽ കംസൻ തന്നോട് കൂടുതൽ പ്രീതിയുണ്ടായി തനിക്ക് വേണ്ടുവോളം ധനവും ബഹുമതികളും നൽകുമെന്നുള്ള പ്രതീക്ഷയോടെ, കംസൻ തൻറെ അനുചരന്മാരിൽ പ്രമുഖനായ ' കേശി' എന്ന ദേവേന്ദ്രൻ, ഒരു വലിയ കുതിരയുടെ രൂപം ധരിച്ച് ഗോകുലത്തിലെ ഗോഷ്ഠത്തിൽ പ്രവേശിച്ചു. 

       ഘോരനായ നവാഗതനെക്കണ്ട് ഗോക്കൾ ഉച്ചത്തിൽ നിലവിളിച്ചു ബഹളം കൂട്ടി. ആ ബഹളം കേട്ട് ഓടിവന്ന ഗോപാലന്മാരും ഭീതിജനകമായ അവൻറെ മേദുരാകൃതിയും ഉഗ്രമായ നോട്ടവും ക്രൂരമായ ഭാവവും കണ്ട് ഭയാകുലരായി. എട്ടുനാടും പൊട്ടുമാറുള്ള അവൻറെ ശബ്ദം കേട്ട് അവർ നടുങ്ങി. ഈവിവരം അറിഞ്ഞു അംബുജാക്ഷനും അവിടെ എത്തി. 

        ' കൃഷ്ണാ! കണ്ടോ, കൂറ്റനായ ഒരു കുതിരരാക്ഷസൻ വന്നു നമ്മുടെ തൊഴുത്തിൽ കയറി നിൽക്കുന്നത് '. -- ഗോപന്മാർ മുറവിളി കൂട്ടി. 

       പിൻകാലുകൾ നിലത്തൂന്നി മുൻകാലുകൾ പൊക്കി ചാടാനുള്ള ഭാവത്തിൽ, കണ്ണുകളും തുറിച്ചുനിൽക്കുന്ന ആ തുരഗത്തിൻറെ മുമ്പിലേക്ക്, തൂമന്ദഹാസം തൂകിക്കൊണ്ട് മുകുന്ദൻ മെല്ലെ അടുത്തു. പാതാളം പോലെയുള്ള വായും പൊളിച്ചു കുഞ്ചിരോമങ്ങളും വിറപ്പിച്ചുകൊണ്ട്, ആ അശ്വവും മുമ്പോട്ടു ചാടിയടുത്തു കൃഷ്ണനെ വിഴുങ്ങുവാനായി ഭാവിച്ചു. 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
     അപ്പോൾ അരവിന്ദനയനൻ തൻറെ തൃക്കരം ആ ദൈത്യൻറെ വായിലേക്ക് തള്ളിക്കടത്തി. ശത്രുവിൻറെ കരം തൻറെ വക്ത്രത്തിലാക്കി എന്നുളള സന്തോഷത്തോടെ, കേശി വായടച്ച് ഹൃഷികേശൻറെ കരം കടിച്ചു ഞെരിക്കാൻ തുടങ്ങി. ആ സമയം അവൻറെ പല്ലുകൾ മുഴുവനും കൊഴിഞ്ഞു പോയി. 

      മുമ്പ് അഘാസുരൻറെ ഉദരത്തിൽനിന്നും --- ബകാസുരൻറെ കണ്ഠത്തിൽനിന്നും  -- വളർന്നതുപോലെ, അവൻറെ വദനഗഹ്വരസ്ഥിതമായ ഭഗവൽതൃക്കരം വളർന്നു വണ്ണിക്കാൻ തുടങ്ങി. അതോടുകൂടി ആ അസുരാധമൻ ശ്വാസമടഞ്ഞ്, വീർപ്പുമുട്ടി, ചങ്കുപൊട്ടി, പ്രാണൻ പിടച്ച്, ചോര ഛർദ്ദിച്ച്, കണ്ണുകൾ തുറിച്ച്, നിലത്തുവീണ്, കൈകാലുകൾ തല്ലിപ്പിടച്ച് യമാലയം പൂകി. 

     അതുകണ്ട് ദേവകൾ പുഷ്പവർഷം ചെയ്തു പുഷ്പമാലിയെ പൂജിച്ചു. കേശിയെ വധിച്ചതുമൂലം കേശവനെന്നുള്ള നാമവും കൃഷ്ണന് അന്നുമുതൽ സിദ്ധിച്ചു. (തുടരും)
***************************************
ചോദ്യം: കൃഷ്ണന് ' കേശവൻ ' എന്നുള്ള പേരു സിദ്ധിച്ചതെങ്ങനെ?
*****************************************
  വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
******************************************
നാളെ  ----  !!!  വ്യോമാസുരനിധനം   !!!
*******************************************

No comments:

Post a Comment