സംന്യാസത്തെ വെടിയാന്‍ അധികാരമില്ല
Tuesday 12 November 2019 3:53 am IST
മൂന്നാം അദ്ധ്യായം നാലാം പാദം
തദ്ഭൂതാധികരണം
ഇതില്‍ ഒരു സൂത്രമേയുള്ളൂ
സൂത്രം - തദ്ഭൂതസ്യ തു നാതദ്ഭാവോ ജൈമിനേരപി നിയമാതദ് രൂപാഭാവേഭ്യഃ
നാലാമത്തെ ആശ്രമമായ സംന്യാസത്തിലെത്തിയയാള്‍ക്ക് പിന്നെ തിരിച്ച് പോക്ക് അനുവദിച്ചിട്ടില്ല. കര്‍മ്മാചാര്യനായ ജൈമിനി മഹര്‍ഷിയുടെ അഭിപ്രായവും അതാണ്. നാലാമത്തെ ആശ്രമത്തിനിന്ന് പിന്നോട്ട് ഇറങ്ങി വരാനുള്ള നിയമമോ പിന്നീട് ഗാര്‍ഹസ്ഥ്യമോ വാനപ്രസ്ഥമോ സ്വീകരിക്കാനുള്ള വിധിയോ ശിഷ്ടാചാരമോ ഇല്ല. അതിനാല്‍ സംന്യാസം ഉപേക്ഷിക്കുന്നത് ശരിയല്ല. സംന്യാസം സ്വീകരിച്ചയാള്‍ക്ക് വീണ്ടും ഗൃഹസ്ഥനാകാമോ എന്നതാണ് ഈ സൂത്രത്തില്‍ വിചാരം ചെയ്യുന്നത്. അതിന് വിധിയില്ല. അങ്ങനെയുള്ളയാളെ ആശ്രമ ഭ്രഷ്ടനായി കണക്കാക്കണം. അയാള്‍ക്ക് വേദാധികാരവും ഇല്ല.
ബ്രഹ്മചര്യത്തിന് ശേഷം ഗൃഹസ്ഥാശ്രമം. തുടര്‍ന്ന് വാനപ്രസ്ഥം പിന്നെ സംന്യാസം എന്നിങ്ങനെയാണ് നാല് ആശ്രമങ്ങളുടെ ക്രമം. ഇവയില്‍ പോകാനല്ലാതെ താഴേയ്ക്കിറങ്ങുവാന്‍ നിയമമോ വിധിയോ ഇല്ല. കര്‍മ്മാചാര്യനായ ജൈമിനി പോലും ഇതിനെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യത്തെ മൂന്ന് ആശ്രമങ്ങള്‍ ഏതില്‍ നിന്നും സംന്യാസമെടുക്കാം. അതിന് ക്രമം പാലിക്കണമെന്നില്ല. വൈരാഗ്യം അഥവാ വിരക്തി വരുമ്പോള്‍ സംന്യാസം സ്വീകരിക്കാം. പിന്നെ സംന്യാസത്തെ വെടിയാന്‍ അധികാരമില്ല.
അധികാരാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്
സൂത്രം- ന ചാധികാരികാരികമപി പതനാനുമാനാത്തദയോഗാത്
അശ്രദ്ധമൂലം ആശ്രമ ധര്‍മ്മത്തില്‍നിന്ന് വീഴ്ച പറ്റിയ നൈഷ്ഠിക ബ്രഹ്മചാരിക്ക് അധികാരികള്‍ക്ക് വിധിച്ച പ്രായശ്ചിത്തം പോലും മതിയാവില്ല. എന്തെന്നാല്‍ സ്മൃതി അയാളെ പതിതനായി കണക്കാക്കുന്നു. പതിതന്‍മാര്‍ക്ക് പ്രായശ്ചിത്ത വിധിയില്ല. സന്ന്യാസിയോ വാന പ്രസ്ഥനോ വീണ്ടും ഗൃഹസ്ഥനായാല്‍ അത് ആശ്രമമാറ്റമല്ല. ആശ്രമ ഭ്രംശമാണ്. പതനം തന്നെയാണ്. അതിനാല്‍ പതിതന്‍മാര്‍ക്ക് പ്രായശ്ചിത്തം പോലുമാകില്ല എന്ന അവസ്ഥയാണ്.
നൈഷ്ഠികബ്രഹ്മചാരി തന്റെ ബ്രഹ്മചര്യാ വ്രതത്തില്‍ ശ്രദ്ധക്കുറവ് മൂലം വീഴ്ച വരുത്തിയാല്‍ പ്രായശ്ചിത്തം എത്രത്തോളമാകാം എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അധികാരികള്‍ക്ക് നിശ്ചയിച്ച പ്രായശ്ചിത്തം മതിയോ എന്നാണ് സംശയം. അവര്‍ക്ക് പ്രായശ്ചിത്തമില്ല എന്നതാണ് മറുപടി. ആചാരത്തില്‍ നിന്നും വ്യതിചലിച്ചയാളെ പതിതനായാണ് ശ്രുതിയും സ്മൃതിയും കണക്കാക്കുന്നത്. ഇങ്ങനെയുള്ളയാള്‍ക്ക് പ്രായശ്ചിത്തം കൊണ്ട് ശുദ്ധനാകാനാവില്ല. അതിനാല്‍ വീഴ്ച പറ്റാതെ നോക്കണം. ആശ്രമഭ്രഷ്ടന് ബ്രഹ്മവിദ്യയ്ക്ക് അധികാരമില്ല.
സൂത്രം - ഉപ പൂര്‍വ്വാമപി ത്വേകേ ഭാവമശനവത് തദുക്തം
ചില ആചാര്യന്‍മാര്‍ ഉപ പാതകമായി ഇതിനെ കണക്കാക്കുന്നു. കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം കഴിച്ചാലുള്ള പോലെയുള്ള പ്രായശ്ചിത്തഭാവത്തെ അംഗീകരിക്കുന്നു. അതും ശാസ്ത്ര സമ്മതമാണ് എന്ന് അവര്‍ പറയുന്നു.
നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ധര്‍മ്മാചാരണത്തില്‍ വീഴ്ച പറ്റുന്നത് മഹാപാതകമായി പറയാത്തതിനാല്‍ അതിനെ ഉപപാതകമായി കണക്കാക്കണമെന്നാണ് ചില ആചാര്യന്‍മാരുടെ അഭിപ്രായം. അതിനാല്‍ അതിന് പ്രായശ്ചിത്തമുണ്ടെന്ന് അവര്‍ പറയുന്നു.
കഴിക്കാന്‍ പാടില്ലാത്ത അശുദ്ധ ഭക്ഷണം കഴിച്ചാല്‍ പ്രായശ്ചിത്തം ചെയ്യുന്നത് പോലെയും മറ്റ് ആശ്രമങ്ങളില്‍ വ്രതത്തിന് ഭംഗം വന്നാല്‍ പ്രായശ്ചിത്തമുണ്ട് എന്ന പോലെയും നൈഷ്ഠിക ബ്രഹ്മചര്യ വീഴ്ചയ്ക്കും പ്രായശ്ചിത്തത്തിന് ശാസ്ത്രസമ്മതിയുണ്ടെന്ന് അവര്‍ പറയുന്നു.
No comments:
Post a Comment