Tuesday, November 26, 2019

[26/11, 13:40] +91 94955 57148: വിവേകചൂഡാമണി-95

   ഇന്ദ്രിയങ്ങൾ നിയന്ത്രിതമാണ്; സുഖാസക്തിയില്ലാത്തിനാൽ
മനസ്സിൽ വിക്ഷേപങ്ങളില്ല - ഇങ്ങനെ ദാന്തനും ശാന്തനുമാണ് സാധകനെങ്കിൽക്കൂടി, ആദ്ധ്യാത്മികതത്ത്വം അത്യന്തം സൂക്ഷ്മമാകയാൽ അതിന്റെ പൊരുൾ എളുപ്പത്തിൽ ഗ്രഹിക്കാൻ ഒരു സാധാരണക്കാരന് സാദ്ധ്യമല്ല. എത്രതവണ ആവർത്തിക്കേണ്ടിവന്നാലും, ഒട്ടും വൈമനസ്യം കൂടാതെ പ്രേമത്തോടും അനുകമ്പയോടും കൂടി ശിഷ്യനെ ബോധവാനാക്കാൻ ഗുരുവിന്ന് ക്ഷമയില്ലെങ്കിൽ ആ ഗുരുവിനെക്കൊണ്ട് ശിഷ്യന്ന് വലിയ പ്രയോജനമൊന്നുമുണ്ടാവാൻ
പോകുന്നില്ല. അതിനാൽ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന
കർത്തവ്യം - ശിഷ്യന്ന് തത്ത്വോപദേശം നല്കുക എന്ന പാവനകർമ്മം ഗുരു വളരെ കൃപയോടെ ചെയ്യണമെന്നാണ് നിയമം. മുമ്പ് താനും ഒരു സാധകനായിരുന്നു; സാധകദശയിൽ സംശയങ്ങളും
വിഷമങ്ങളുമെല്ലാം തനിക്കുമുണ്ടായിരുന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം വിസ്മരിച്ചുകൂടാ. ദിവ്യമായ പ്രേമാനുകമ്പയ്ക്കിരിപ്പിടമല്ല ഗുരു എങ്കിൽ, ഗുരു-ശിഷ്യബന്ധത്തിൽ സ്നിഗ്ദ്ധതയുണ്ടാവില്ല; ആദ്ധ്യാത്മികമാർഗ്ഗത്തിൽ പുരോഗതിക്കു വേണ്ട നിർദ്ദേശം
ശിഷ്യന് ശരിയാംവണ്ണം ലഭിക്കുകയുമില്ല.

   തത്ത്വോപദേശത്തിലൂടെ, ബ്രഹ്മവിദ്യ ശിഷ്യന് പ്രയോജനപ്പെടണമെങ്കിൽ, ഗുരുവിന് ഉണ്ടായിരിക്കേണ്ട ഉത്കൃഷ്ടഗുണത്തെയാണ് 'കൃപ' എന്ന ശബ്ദം കൊണ്ട് വ്യക്തമാക്കുന്നത്. വെറും കരുണയോ അനുകമ്പയോ അല്ല 'കൃപ'. 'കരുണയിൽ' വേവിച്ച് 'പ്രേമ'മാകുന്ന മധുരം ചേർത്ത് 'പരസ്പരധാരണ'യാകുന്ന സ്വർണ്ണത്തളികയിൽ വിളമ്പുന്ന 'വാത്സല്യ'ഭാവമത്രേ 'കൃപ'!  ക്ഷമ, അനുകമ്പ, സഹിഷ്ണുത, വാത്സല്യം എന്നീ ഔദാര്യഗുണങ്ങളില്ലാത്തവനും
ക്ഷിപ്രകോപിയുമായ ഒരാൾക്ക് ആത്മാനുഭൂതിയും മറ്റു മഹനീയതയും ഉണ്ടെങ്കിൽപ്പോലും യഥാർത്ഥ 'ഗുരു' ആവാൻ സാധിക്കുകയില്ല.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[26/11, 13:40] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-15

വരദ, നാരായണായ നമഃ

ആത്മസാക്ഷാത്ക്കാരത്തിനുള്ള ശ്രമം മനുഷ്യജീവിതത്തെ ഭൗതികവും ആധ്യാത്മികവുമായ തലത്തിൽ പൂർണ്ണധന്യതയിൽ കൊണ്ടെത്തിക്കുന്നുവെന്നാണ് വേദാന്തമതം. ആത്മാന്വേഷണമില്ലാത്ത ഭൗതികത
സമ്പൂർണ്ണനഷ്ടത്തിലും അശാന്തിയിലും കലാശിക്കുമെന്നു പറയേണ്ടതില്ലല്ലോ. ബോധത്തിന്റെ ശുദ്ധവികാസം മുന്നേറുന്തോറും ഭഗവാൻ കാരുണ്യം വർഷിച്ച് സകലതും നേടിത്തരുന്നു എന്ന തോന്നലാണുണ്ടാവുക. ഈ
അനുഭവരഹസ്യം കൂടി സൂചിപ്പിച്ചുകൊണ്ടാണ് വരദനായ നാരായണ, അങ്ങേയ്ക്കു നമസ്കാരം എന്നു പറഞ്ഞിരിക്കുന്നത്.

   പൂർണ്ണമായ സത്യസാക്ഷാത്ക്കാരത്തോടെ അഖിലം ഞാൻ തന്നെയെന്ന് അനുഭവിച്ചറിയാൻ കഴിയും. ഇക്കണ്ടതെല്ലാം ഒന്നുതന്നെ എന്നനുഭവിക്കുമ്പോഴുള്ള വസ്തുസ്വരൂപമാണ് ആനന്ദഘനമായ ബോധം. അതുതന്നെയാണ് ബ്രഹ്മം. കാണപ്പെടുന്ന പ്രപഞ്ചനാമരൂപങ്ങളെല്ലാം ഈ
ബോധവസ്തുവിൽ മാറിമാറി പ്രകാശിച്ചു മറയുന്ന കാഴ്ചകൾ മാത്രം. കാഴ്ചക്കാർ എവിടെയും ബോധം തന്നെയാണ്. അവനവന്റെ പ്രപഞ്ചാനുഭവം വിശകലനം ചെയ്താൽത്തന്നെ യുക്തിക്ക് ഇത് തെളിഞ്ഞു കിട്ടും. പ്രപഞ്ചം എത്ര വലുതാകട്ടെ, പക്ഷേ, ഒരാൾക്കു തന്നിലുള്ള 'ഞാൻ' എന്ന ബോധകേന്ദ്രത്തെ ആശ്രയിക്കാതെ ഒരനുഭവവും സാധ്യമല്ലെന്നു തീർച്ചയാണല്ലോ. അങ്ങനെയാണെങ്കിൽ അനുഭവരൂപമായ പ്രപഞ്ചത്തിന്റെ കേന്ദ്രം അനുഭോക്താവിന്റെ ഉള്ളിലുള്ള 'ഞാൻ' മാത്രമാണെന്നു തീർച്ച. ആ കേന്ദ്രത്തെ പഠിച്ചാൽ നിലനിൽപ്പിന്റെ മുഴുവൻ രഹസ്യം തെളിയും. യുക്തിയുടെ മണ്ഡലത്തിൽ അനിഷേധ്യമായി വിളങ്ങുന്ന ഈ വസ്തുത വെളിപ്പെടുത്തിത്തരാനാണ് ആചാര്യൻ അടുത്ത പദ്യത്തിൽ  ഒരുമ്പെടുന്നത്.

 അർക്കാനലാദി വെളിവൊക്കെ 
 ഗ്രഹിക്കുമൊരു
 കണ്ണിനു കണ്ണു മനമാകുന്ന
 കണ്ണതിനു
 കണ്ണായിരുന്ന പൊരുൾ 
 താനെന്നുറയ്ക്കുമള-
 വാനന്ദമെന്തു!
 ഹരി നാരായണായ നമഃ         (4)

   സൂര്യൻ, അഗ്നി മുതലായ വെളിച്ചമെല്ലാം കണ്ടറിയുന്നത് കണ്ണ് എന്ന ഇന്ദ്രിയമാണ്. കണ്ണ് എന്ന ഇന്ദ്രിയത്തെ കണ്ടറിയുന്ന കാഴ്ച്ചക്കാരൻ മനസ്സാണ്. മനസ്സിനെ കണ്ടനുഭവിക്കുന്ന വെളിച്ചമോ ഞാൻ തന്നെയാണ്. ഈ തീരുമാനം വരുന്നതോടെ ഉണ്ടാകുന്ന ആനന്ദത്തിനളവില്ല, കളങ്കഹാരിയായ നാരായണ, അങ്ങേയ്ക്കു നമസ്ക്കാരം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments:

Post a Comment