Saturday, November 30, 2019



ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ട കാലം


  ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ യഥാര്‍ഥ അവകാശി ആര്? എട്ടര യോഗത്തിനോ, രാജാവിനോ? അതല്ല സര്‍ക്കാരിനോ? ജനവരി 31ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെത്തുടര്‍ന്ന് പ്രസ്താവനകളുടെയും അവകാശവാദങ്ങളുടെയും ഘോഷയാത്രയാണിപ്പോള്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ സമിതിയോ ഉണ്ടാക്കി സര്‍ക്കാര്‍ മൂന്നു മാസത്തിനകം ഏറ്റെടുക്കണമെന്നാണ് കോടതി വിധി. ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെന്ന് നേരത്തേതന്നെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളതാണ്.
കോടതി വിധിക്കെതിരെ പരമോന്നത കോടതിയില്‍ രാജകുടുംബം ഹര്‍ജി നല്‍കുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. അതിനിടയില്‍ പദ്മനാഭസ്വാമി ക്ഷേത്രം 'എട്ടര യോഗ'ത്തിന്റെ വകയാണെന്ന് വൈദിക സുരക്ഷാസമിതി പ്രസ്താവന പുറപ്പെടുവിച്ചു. അവരുടെ വാദത്തില്‍ എട്ട് പോറ്റിമാരും രാജാവും ചേര്‍ന്ന സഭയാണ് പണ്ട് ക്ഷേത്രം ഭരിച്ചിരുന്നത്. രാജാവിന് 'അര' അല്ലെങ്കില്‍ 'പകുതി' സ്ഥാനമേ ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ വാദിക്കുന്നു. ഇതിന് ബദലായി വൈഷ്ണവ സഭയുടെ ഒരുഭാഗം രംഗത്തു വന്നു. ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിനാണെന്നും 'അര' എന്ന വാക്ക് രാജാധികാരത്തിന്റെ തമിഴ് പദമായ 'അരശ്ശി' യെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ വിവരിച്ചു. ശ്രീപദ്മനാഭക്ഷേത്രവും വില്വമംഗലം സ്വാമിയുമായുള്ള ബന്ധംകൊണ്ടാണ് പുഷ്പാഞ്ജലി സ്വാമിയാരന്മാരെ അവരോധിച്ചതെന്നും അല്ലാതെ അദ്ദേഹത്തിന് പ്രത്യേക അവകാശമില്ലെന്നും വൈഷ്ണവ സഭയുടെ പ്രസ്താവനയില്‍ പറയുന്നു.

ഏതായാലും തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇന്നും ഉത്തരം കിട്ടാതെ വിവാദമായി നില്‍ക്കുന്ന എട്ടര യോഗം, അര എന്ന വാക്കിന്റെ അര്‍ഥം തുടങ്ങിവയ്ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. വാദങ്ങള്‍ എന്തായാലും ഒരു കാര്യം ഉറപ്പാണ്. ക്ഷേത്രം നടത്തിപ്പുകാരായ എട്ടര യോഗവും ക്ഷേത്രവസ്തുക്കള്‍ പരിപാലിച്ചിരുന്ന എട്ടുവീട്ടില്‍ പിള്ളമാരും (എട്ടുവീട്ടില്‍ പിള്ളമാരുടെ കാര്യത്തിലും ചരിത്രകാരന്മാര്‍ക്ക് തര്‍ക്കം ഉണ്ട്) ഒരു വശത്തും വേണാട് രാജാവ് മറുഭാഗത്തുമായി പണ്ടും അവകാശത്തര്‍ക്കം നടന്നിരുന്നു. അത് ആഭ്യന്തര യുദ്ധമായി മാറുകയും ചെയ്തതിന് ചരിത്രം സാക്ഷിയാണ്.

ഇതിന്റെ ഫലമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങുക മാത്രമല്ല, ക്ഷേത്രം അടച്ചിടുകവരെ ചെയ്തിട്ടുണ്ട്. 1672-1677 വരെ വേണാട് ഭരിച്ചിരുന്ന ആദിത്യവര്‍മ്മയുടെ കാലത്താണ് ഇത് സംഭവിച്ചത്.

1729-ല്‍ തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാട് രാജാവായതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇരുമ്പുമുഷ്ടിയും ഉരുക്ക് ഹൃദയവും ഉണ്ടായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ നിഗ്രഹിച്ച് പുതിയ ഭരണസമ്പ്രദായത്തിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ കാലത്തോടെയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആധുനീകരണം ആരംഭിച്ചതും.
തൈക്കാട് കേശവ (കേചവന്‍) നെക്കൊണ്ട് കോട്ടകെട്ടിയും കാക്കച്ചിമല (തമിഴ്‌നാട്) യില്‍ നിന്ന് വലിയ തേക്കുമരം വെട്ടിക്കൊണ്ടുവന്ന് കൊടിമരം തീര്‍ത്തും തിരുമല കുന്നില്‍നിന്നും ഒറ്റശില വെട്ടിക്കൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം നിര്‍മിച്ചും മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രം പുനരുദ്ധരിച്ചു.

നേപ്പാളിലെ ഗണ്ഡകീ നദിതീരത്തുനിന്ന് കൊണ്ടുവന്ന പതിനായിരം സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് 'കടുശര്‍ക്കര യോഗ'ത്തില്‍ ശ്രീപദ്മനാഭന്റെ വിഗ്രഹം തീര്‍ത്തു. ഗോപുരത്തിന്റെ പണിക്ക് 6000 കൂലിക്കാരും 100 ആനകളും 4000 കല്‍പ്പണിക്കാരും ഉണ്ടായിരുന്നു. 1750 ജനവരി 18 (?)ന് മാര്‍ത്താണ്ഡവര്‍മ്മ തന്റെ ഉള്‍വാള്‍ ശ്രീപദ്മനാഭ വിഗ്രഹത്തിന് മുമ്പില്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന്റേതാണെന്നും താനും അനന്തരാവകാശികളായ രാജാക്കന്മാരും 'ശ്രീപദ്മനാഭദാസന്മാര്‍' എന്ന് അറിയപ്പെടുമെന്നും പദ്മനാഭന്റെ ട്രസ്റ്റി എന്ന നിലയിലാണ് രാജ്യം ഭരിക്കുന്നതെന്നും പ്രഖ്യാപിച്ചു. ഈ നടപടിയെയാണ് 'തൃപ്പടിദാനം' എന്ന് പറയുന്നത്. ഇതോടെ ശ്രീപദ്മാഭസ്വാമിക്ഷേത്രം തിരുവിതാംകൂറിന്റെ ഭരണസിരാകേന്ദ്രവും ഭരണഘടനയും എല്ലാമായി മാറി. ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തി ശ്രീപദ്മനാഭദാസന്മാരായിട്ടാണ് അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മവരെ രാജ്യം ഭരിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി ആയതോടെ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മമഹാരാജാവ് 'രാജപ്രമുഖന്‍' ആയി. പിന്നീട് കേരള സംസ്ഥാനം വന്നതോടെ അധികാരം നഷ്ടപ്പെട്ട് അദ്ദേഹം സാധാരണ പൗരനായി മാറി. എങ്കിലും കാലത്തിന്റെ നിയോഗം ഏറ്റുവാങ്ങി രാജ്യവും അധികാരവും ഒന്നും ഇല്ലെങ്കിലും മരണംവരെ അദ്ദേഹം ശ്രീപദ്മനാഭദാസനായി ജീവിച്ചു. മഹാരാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യമായ പ്രിവിപേഴ്‌സ് എടുത്തുകളഞ്ഞിട്ടും ഒരു പരിഭവമോ പരാതിയോ അദ്ദേഹം കാട്ടിയില്ല.

ആ വാര്‍ത്ത അറിഞ്ഞ ഉടന്‍ കൊട്ടാരത്തിന് മുകളില്‍ ഉയര്‍ത്തിയിരുന്ന കൊടി എടുത്തുമാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 1991 ജൂലായ് 19 രാത്രി 78-ാം വയസ്സില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ അനുജനും ബ്രിട്ടീഷ് സര്‍ക്കാര്‍ 'ഇളയ രാജാ'വായി അംഗീകരിച്ചിരുന്ന ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മതാചാരപ്രകാരമുള്ള ചടങ്ങുകളോടെ ശ്രീപദ്മനാഭദാസനായി ക്ഷേത്രത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു.

ഇന്ത്യയിലെ വൈഷ്ണവക്ഷേത്രങ്ങളില്‍ പ്രധാനവും പതിനെട്ട് പുരാണങ്ങളില്‍ ആറ് (6) എണ്ണത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതും സംഘകാല കൃതികളില്‍ മാത്രമല്ല നൂറ്റുണ്ടുകള്‍ക്കുമുമ്പുള്ള സാഹിത്യകൃതികളിലും സന്ദേശകാവ്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതുമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രം തിരുവനന്തപുരത്തിന്റെ തിലകക്കുറിയാണ്. ഇവിടുത്തെ ആറാട്ടിന് കുതിരപ്പുറത്ത് കൊണ്ടുപോകാറുള്ള കര്‍ണാടിക് നവാബിന്റെ പച്ചക്കൊടിയും കടപ്പുറത്ത് ആറാട്ട് നടക്കുമ്പോള്‍ രാജാവിന് സംരക്ഷണം നല്‍കുന്ന മത്സ്യത്തൊഴിലാളികളുമെല്ലാം മതസൗഹാര്‍ദത്തിന്റെ മേന്മ വിളംബരംചെയ്യുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും ആറുവര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള മുറജപവും ലക്ഷദീപവും നവരാത്രി ഘോഷയാത്രയും അനന്തപുരിയുടെ പ്രധാന ആഘോഷങ്ങളാണ്. ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിന് ഭംഗംവരാത്ത നടപടികള്‍ ആണ് എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള സജ്ജീകരണങ്ങളാണ് സര്‍ക്കാരും രാജകുടുംബവും കൂടി ചേര്‍ന്ന് ആലോചിച്ച് നടപ്പിലാക്കേണ്ടത്.

അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാളിനുശേഷം ഭരണഘടന അനുസരിച്ച് 'രാജാവ്' ഇല്ലെന്നും അതിനാല്‍ നിയമാനുസൃതമായ ട്രസ്റ്റോ സമിതിയോ രൂപവത്കരിച്ച് ക്ഷേത്രഭരണം കൈമാറണമെന്നുമാണ് കോടതിവിധി. ഇതില്‍ സുപ്രീംകോടതിയുടെ നിലപാട് എന്താണെന്ന് പിന്നീടേ അറിയു. ശ്രീപദ്മനാഭസ്വാമിക്ഷേത്രവും അതിന്റെ സ്വത്തുക്കളും സംരക്ഷിക്കണമെന്നും അവിടെ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ക്ഷേത്രം പുരോഗതി കൈവരിക്കണമെന്നുമുള്ളതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകില്ല.

Sandeep das

No comments:

Post a Comment