Saturday, November 30, 2019



മുറജപം

മുറജപം
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ്‌ മുറജപം. ഇതിന്റെ ആരംഭം കുറിച്ചത്‌ ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവാണ്‌. രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ്‌ മുറജപം നടത്തിയിരുന്നത്‌. ഇതിന്റെ കാർമികത്വത്തിലേക്കായി കേരളത്തിലെ പ്രശസ്തരായ ഓത്തന്മാർ (വേദ പാണ്‌ഡ്യത്യമുള്ള ബ്രഹ്മണന്മാർ) ഒത്തു ചേരുന്നു. അൻപത്തിയാറ്‌ ദിവസം നീണ്ടു നിൽക്കുന്ന മുറജപം സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട്‌ മുഖരിതമായിരിക്കും. വടക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ധാരാളം ഓത്തന്മാർ ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനും വേണ്ടി എത്താറുണ്ട്‌, കൂട്ടത്തിൽ ആഴ്‌വാഞ്ചേരിത്തമ്പ്രാക്കൾ പോലുമുണ്ട്‌ എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. മുറജപ പര്യവാസനഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ്‌ എഴുന്നള്ളി ശ്രീ പത്മനാഭ സ്വാമിക്ക്‌ ഒരു ആനയെ നടക്കിരുത്തുന്നു. അവസാനമായി മുറജപം നടന്നത്‌ 1936 ൽ ആണ്‌.
രാജ്യത്തിന്റെ അഭിവൃദ്ധിക്കും പ്രജകളുടെ ക്ഷേമത്തിനും വേണ്ടി 1744 ജൂലൈ 5 ന് മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങിവച്ചതാണ് ഈ ചടങ്ങ്.
ചരിത്രം
മുറജപത്തിന്റെ തുടക്കത്തെ കുറിച്ച് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാർ ആയിരുന്ന ‘’’ശ്രീ ശങ്കുണ്ണി മേനോൻ’’’ എഴുതിയ ‘’ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ഫ്രം ദി ഏർള്യസ്റ്റ് ടൈംസ്’’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ചടങ്ങുകൾ
വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകളാണ് മുറപോലെ നടക്കുന്നത്. അതുകൊണ്ടാണ് ചടങ്ങിനെ മുറജപം എന്നുപറയുന്നത്. മുറജപത്തിനായി വൈദികർ ഒത്തുകൂടുന്നതിനാൽ, അവിടെ വെച്ച് സാമുദായികമായി ഉണ്ടായിട്ടുള്ള തർക്കവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും തമ്പ്രാക്കളുടെ നേതൃത്വത്തിൽ തീർപ്പുണ്ടാക്കും. തമ്പ്രാക്കളുടെ വിധിയാണ് അന്തിമമായി കണക്കാക്കുന്നത്. 
പങ്കാളികൾ
തെക്കൻ മലബാറിലെ വൈദിക ബ്രാഹ്മണരാണ് പ്രധാനമായും മുറജപത്തിൽ പങ്കെടുക്കുക. മുറജപത്തിനായി രാജാവ് നീട്ട് (ക്ഷണക്കത്ത്) അയക്കുന്നത് തിരുന്നാവായ, തൃശ്ശൂർ യോഗങ്ങളിലെ വാധ്യാന്മാർക്കും തൈക്കാട്, ചെറുമുക്ക്, കൈമുക്ക് മുതലായ വൈദികർക്കും തെക്കേടത്ത് ഭട്ടതിരിക്കും ആണ്. രാജാവിന്റെ പ്രതിനിധി നേരിട്ടു പോയി ക്ഷണിക്കേണ്ടുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയാണ്.
പടിത്തരം
മുറജപത്തിന് വരുന്ന ബ്രാഹ്മണരുടെ ഭക്ഷണം മുതലായുള്ള നിത്യച്ചെലവുകളാണ് 'പടിത്തരം' എന്നു പറയുന്നത്. 
ബ്രാഹ്മണർ :- ആഢ്യൻ
പടിത്തരം :- ഏഴേകാലും കോപ്പും
ബ്രാഹ്മണർ :- വാധ്യാൻ, വൈദികൻ, ഭട്ടതിരി
പടിത്തരം :- പണം പതിഗ്രഹം, 32 സാളഗ്രാമ കൂട്ടദാനം
ബ്രാഹ്മണർ :- തമ്പ്രാക്കൾ
പടിത്തരം :- പതിനാറരയും കോപ്പും, സ്വർണമോതിരവും, മാലയും പതക്കവും സാൽവയും.
സമ്മാനം വെള്ളിത്തളികയിൽ വെച്ച് തമ്പ്രാന്റെ മുന്നിൽ രാജാവ് നമസ്‌കരിക്കുന്ന ചടങ്ങും നിലവിലുണ്ടായിരുന്നു.
പേരിനു പിന്നിൽ
മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണിവിടെ അർത്ഥമാക്കേണ്ടത്. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ്‌ മുറജപം എന്ന വാക്കിന്റെ അർത്ഥം.
ഋഗ്വേദം, സാമവേദം, യജുർവേദം എന്നിവയാണ് മുറജപത്തിൽ ഉരുവിടുന്നത്. 56 ദിവസം നീളുന്ന ഈ യജ്ഞത്തെ 7 ആയി ഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഒരു മുറ.
നാല് വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ‘നിധി കണ്ടെത്തലും’ മറ്റുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നുവല്ലോ. ക്ഷേത്രത്തിന് വന്നുപെട്ട വിവിധങ്ങളായ ദുര്യോഗങ്ങളുടെ പ്രശ്‌നചിന്തയില്‍ ദേവജ്ഞര്‍ ഒരു കാര്യം എടുത്തു പറഞ്ഞത് ‘പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന മുറജപം മുടങ്ങിയത് വലിയ പ്രയാസങ്ങള്‍ക്ക് ഹേതുവായിട്ടുണ്ട്’ എന്നാണ്. പുതിയ തലമുറക്കാരില്‍ പലരും അന്നാണ് ‘മുറജപം’ എന്ന വാക്ക് ആദ്യമായി കേട്ടത്. സകലവിശ്വത്തെയും മൂലപ്രകൃതിയില്‍ നിന്നു സൃഷ്ടിച്ച ആദിനാരായണനായ ഭഗവാന്റെ വാണിയായ പരമപവിത്രവേദങ്ങളെ മുഴുവനും ഒരുമുറ പാരായണം ചെയ്യുന്നതാണ് മുറജപം. വേദ മന്ത്രങ്ങളാണ് മുറജപത്തില്‍ വിനിയോഗിക്കുക. ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെയുള്ള വേദവ്യാഖ്യാന ഭാഗങ്ങളെ സാധാരണയായി മുറജപത്തില്‍ ഉള്‍പ്പെടുത്താറ് പതിവില്ല. കാരണം ഈശ്വരവാണിയായ വേദമന്ത്രങ്ങള്‍ക്കുമുന്നില്‍ മനുഷ്യകൃതമായ ആരണ്യകങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും എന്തു പ്രസക്തി എന്ന് പ്രാചീനഋഷിമാര്‍ ചിന്തിച്ചിരിക്കാം.
പ്രശസ്തമായ മുണ്ഡകോപനിഷത്തില്‍ ഇങ്ങനെ പറയുന്നതു കാണാം: ‘അഗ്നിയാണ് അവന്റെ മൂര്‍ദ്ധാവ്, സൂര്യചന്ദ്രന്മാര്‍ ഇരുകണ്ണുകളാണ്, ദിക്കുകളാണ് അവന്റെ ചെവികള്‍, വേദങ്ങളാണ് അവന്റെ വാണി’. ഈശ്വരന്റെ വാക്ക് വേദമെന്നു കണ്ടെത്തിയ പ്രാചീനഋഷിവര്യന്മാര്‍ അതുകൊണ്ടുതന്നെ വേദം കേള്‍ക്കുന്നതും ചൊല്ലുന്നതും പരമപുണ്യകര്‍മമാണെന്നു പറഞ്ഞു. മന്ത്രംതന്നെ ഋഷിയാണ്, മന്ത്രം ഗുരുവുമാണ് എന്ന് ത്രികാലജ്ഞാനികളായ ആദിമഋഷിമാര്‍ തങ്ങളുടെ ശിഷ്യരോട് പറഞ്ഞു. ഇതെല്ലാം തിരിച്ചറിഞ്ഞ ഒരു ദിവ്യപുരുഷന്‍ ഏകദേശം രണ്ടു നൂറ്റാണ്ടിനു മുമ്പ് ജീവിച്ചിരുന്നു. സാക്ഷാല്‍ ജൈമിനി മഹര്‍ഷിക്കു ശേഷം ഭാരതം കണ്ട ഏറ്റവും മഹാനായ ഋഷിവര്യന്‍-മഹര്‍ഷി ദയാനന്ദ സരസ്വതി.
അദ്ദേഹം പറഞ്ഞു: ”വേദം പഠിക്കുകയും പഠിപ്പിക്കുകയും കേള്‍ക്കുകയും കേള്‍പ്പിക്കുകയും എല്ലാ ശ്രേഷ്ഠന്മാരുടെയും പരമധര്‍മമാണ്”.
മഹര്‍ഷി ദയാനന്ദന്റെ വാക്കുകളാണ്.
കാശ്യപാശ്രമവും മുറജപവും
കാശ്യപാശ്രമം എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നു മുതല്‍ ഏഴുവരെ മുടങ്ങാതെ മുറജപം നടത്തണമെന്ന ഒരു സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ആശ്രമം എല്ലാ വര്‍ഷവും മുറജപം സംഘടിപ്പിക്കുന്നത്. എല്ലാത്തിന്റെയും സംയോജകനും സംഘാടകനും ഭഗവാന്‍തന്നെയായതിനാല്‍ നടത്തിപ്പിന് ഇന്നുവരെ ചെറിയ ഒരു തടസ്സംപോലും ഉണ്ടായിട്ടില്ല; വേദഭഗവതിയുടെ കാരുണ്യാതിരേകം എന്നല്ലാതെ എന്തു പറയാന്‍?
എന്തിനാണ് കര്‍ക്കടകമാസത്തില്‍ മുറജപം നടത്തുന്നത്? മാനം തെളിഞ്ഞ ചിങ്ങത്തിലോ വസന്തത്തിന്റെ ആഗമനം വിളിച്ചോതുന്ന ചൈത്ര വൈശാഖങ്ങളിലോ നടത്തുന്നതല്ലേ കൂടതല്‍ നല്ലത്?
ഏറ്റവും പ്രയാസപ്പെടുന്ന സമയത്തുവേണം ഏറ്റവും നല്ല കാര്യം ചെയ്യുവാന്‍ – ഇത് ആചാര്യന്മാരുടെ ശിക്ഷണമാണ്. ശാരീരികമായും മാനസികമായും ധനപരമായും കാലാവസ്ഥാപരമായും ഏറെ പ്രയാസം നേരിടുന്ന സമയം, സകല പ്രയാസങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ഈശ്വരവാണിയെ ആശ്രയിക്കുകയല്ലാതെ എന്താണ് വഴി? വേദങ്ങളുടെ അലൗകിക നാദം ശ്രോതാക്കളുടെ ഹൃദന്തങ്ങളെ ചയനം ചെയ്ത് സോമരസത്തിന്റെ ഉറവകളെ സൃഷ്ടിക്കുമെന്ന് ആലങ്കാരികഭാഷയില്‍ ആചാര്യന്മാര്‍ പറയുന്നു. ശ്രോത്രേന്ദ്രിയങ്ങളിലൂടെ ഹൃദയത്തിലേക്കിറങ്ങി ആനന്ദത്തിന്റെ അദ്ഭുതലോകങ്ങളെയാണ് വേദമന്ത്രജപം ഒരുക്കുക.
വേദം പുറത്തല്ല, പുസ്തകത്തിലുമല്ല, അകത്താണ് എന്ന് ഋഷിമാര്‍. അനന്തസാധ്യതകളുടെ അദ്ഭുതസൃഷ്ടിയായ മനുഷ്യനിലെ കഴിവുകളെ ആവിഷ്‌കരിക്കുവാന്‍ വേദമന്ത്രത്തെപ്പോലെ മറ്റൊന്നിനും ശക്തിയില്ല, ഈ മന്ത്രങ്ങളുടെ മായികശക്തിയില്‍ മോഹിതനായല്ലേ സ്വാമി വിവേകാനന്ദന്‍ മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പോലും പറഞ്ഞത് ‘വേദപാഠശാല സ്ഥാപിക്കണമെന്നത് എന്റെ ആഗ്രഹമാണ്’ എന്ന്. എന്തിന് വേദപാഠശാല എന്ന ശിഷ്യന്റെ ചോദ്യത്തിന് ആ പുണ്യാത്മാവിന്റെ മറുപടി ഇങ്ങനെ: ‘അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ വേദപഠനം കൊണ്ടേ സാധിക്കൂ.’
വേദമുറജപം വിശ്വസിക്കാനുള്ളതല്ല, അവിശ്വസിക്കാനുമുള്ളതല്ല; അനുഭവിക്കാനും ആനന്ദിക്കാനുമുള്ളതാണ്. ഹൃദയപദ്മത്തിലെ കൃഷ്ണവര്‍ണത്തെ അകറ്റുന്ന മുരളീരവമാണ് മന്ത്രധ്വനികള്‍. എന്തിനാണ് ഈശ്വരാവതാരവര്‍ണനകള്‍ക്ക് അതിന്റെ രചയിതാക്കള്‍ ഇത്രമേല്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്? അതെല്ലാം കഥകള്‍ മാത്രമാണെന്ന് നമുക്കറിയാം. എങ്കിലും ഏതൊരു അവതാരകഥയുടെയും പിന്നില്‍ ധര്‍മസംരക്ഷണം- വേദസംരക്ഷണം എന്ന ലക്ഷ്യം സൂക്ഷ്മദൃക്കുകള്‍ക്ക് കണ്ടെത്താം. അങ്ങനെ വരുമ്പോള്‍ വേദങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുവിന്റേതാണ്. ഏതൊന്നിനെ സംരക്ഷിക്കുവാന്‍ ഭഗവാന്‍ വിഷ്ണുവിന് അവതരിക്കേണ്ടിവന്നുവോ, ആ പരിശുദ്ധ വേദങ്ങളെ ഹൃദയത്തിലേറ്റി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് കാശ്യപാശ്രമം സ്വീകരിച്ചിട്ടുള്ളത്.
ലോകം കലാപകലുഷിതമാണ്. മനുഷ്യമനസ്സുകള്‍ കലാപഭൂമിയാണ്. ‘ആടിനെ വെട്ടുന്ന ലാഘവത്തോടെ മനുഷ്യനെ വെട്ടുന്നു’ എന്നാണ് പലരും എഴുതാറുള്ളത്. ഒരു ആടിനെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ലാഘവത്തോടെ വെട്ടാം എന്നാണ് ഇതില്‍ പറയുന്ന ആദ്യത്തെ കാര്യം. ഋഷിമാര്‍ ചൊല്ലിയത് ശാന്തിമന്ത്രങ്ങളാണ്. സൂര്യലോകം, അന്തരീക്ഷലോകം, ഭൂലോകം, ജലം, ഔഷധികള്‍, സസ്യലതാദികള്‍ എന്നുവേണ്ട കല്ലും മുള്ളും ശാന്തിയരുളട്ടെ എന്നാണ് വേദമന്ത്രങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആര്‍ക്കാണ് ശാന്തിമന്ത്രം ചൊല്ലാന്‍ അവകാശം? ദുര്‍ബലനാണോ? തീര്‍ച്ചയായുമല്ല. ബലവാനു മാത്രമേ ശാന്തിമന്ത്രം ചൊല്ലാന്‍ അര്‍ഹതയുള്ളൂ. ബലം എന്നതുകൊണ്ട് കായികശക്തിയെ മാത്രമല്ല വിവക്ഷിച്ചിട്ടുള്ളത്, ആത്മശക്തിയാണ്. ബലമില്ലാത്തവന് ആത്മാവുപോലും അപ്രാപ്യമാണ് എന്ന് ഉപനിഷത്ത.
Hindu way of life. Source. 

Powered by Blogger.

No comments:

Post a Comment