Saturday, November 02, 2019

*ശ്രീമദ് ഭാഗവതം 323*

രണ്ടാമത്ത കാരണം, കുറേ ഋഷികൾ ദ്വാരകാപുരിയിലേയ്ക്ക് ഭഗവാനെ കാണാനായിട്ട് വന്നു. മഹാത്മാക്കളെ പരിഹസിക്കുക എന്നത് ചിലരുടെ സ്വഭാവാണ്. ആ സ്വഭാവം ഏറ്റവും സ്ഥൂലമാണ്. സ്ഥൂലബുദ്ധികളായിട്ടുള്ളവരുടെ  സ്വഭാവം.  cynicism. അത് യാദവപ്പിള്ളേരുടെ തലയിലും കയറി. 
യാ ദേവീ സർവ്വഭൂതേഷു ബുദ്ധി രൂപേണ സംസ്ഥിതാ.
യാദവന്മാര്, അതും ഭഗവാന്റെ തന്നെ പുത്രൻ! സാംബൻ! ജാംബവതിയിൽ ജനിച്ച സാംബനെ ഗർഭിണിയെ പോലെ പെൺവേഷം കെട്ടിച്ച് ഈ ഋഷികളുടെ മുമ്പിൽ കൊണ്ട് നിർത്തിയിട്ട് ചോദിച്ചു

ഇവൾ ഗർഭിണിയാണ്.
ഇവൾ ആൺകുട്ടിയെ പ്രസവിക്കോ, അതോ പെൺകുട്ടിയെ പ്രസവിക്കോ.

ഋഷികൾ കോപിച്ചു.
നിങ്ങൾക്ക് വിനാശത്തിനുള്ള കാലം അടുത്തിരിക്കണു! അതുകൊണ്ടാണിങ്ങനെ വിപരീതബുദ്ധി!
ഇതാ, ഇവൾ ഒരു ഇരുമ്പുലക്കയെ പ്രസവിക്കും. ആ ഇരുമ്പുലയ്ക്ക കുലനാശത്തിന് കാരണമായിട്ട് തീരും.
മുസലം കുലനാശനം
ആ ശാപം വീണു.
വയറ് തുറന്നു നോക്കിയപ്പോ ഇരുമ്പുലയ്ക്ക! എന്നാൽ ശരി, അത് വിധി! നടക്കേണ്ടതാണ്. ഭവിതവ്യം! എന്നേറ്റാൽ വേണ്ടില്ല്യ.
അത് മുഴുവൻ പൊടിച്ച് പൊടിയാക്കി വെള്ളത്തിൽ കലക്കി. ഒരു കഷണം ബാക്കി വന്നത് വലിച്ചെറിയുകയും ചെയ്തു. അത് ഒരു മീൻ വിഴുങ്ങി. ഈ സമുദ്രത്തിൽ കലക്കിയ പൊടി ഓരോന്നും കരയ്ക്കടിഞ്ഞ് ഏരകപ്പുല്ലുകളായി വിചിത്രമായ ആയുധങ്ങളായി മുളച്ചു നിന്നു!

നമുക്ക് നമ്മുടെ പ്രാരബ്ധം അനുസരിച്ച് എന്തൊക്കെ വരാനുണ്ടോ അതിലൊരു പൊടി പോലും ബാക്കി നില്ക്കാതെ വരും എന്നർത്ഥം. എന്ത് സൂത്രപ്പണി വേണമെങ്കിൽ കാണിച്ചോളാ, അത് വേറൊരു വിധത്തിൽ വന്നു നില്ക്കും. വേണ്ട വെയ്ക്കാൻ ആർക്കും സാധ്യല്ല.
ഒരു കഷണം ബാക്കി വന്നത് ഒരു മീൻ വിഴുങ്ങി. ആ മീനിനെ ഒരു മുക്കുവൻ പിടിച്ചു. മീനിന്റെ വയറ്റിൽ നിന്ന് ഈ ഇരുമ്പുകഷണം കിട്ടി. അത് തന്റെ അടുത്തുള്ള ഒരു കൊല്ലന് കൊടുത്തു. ഒരു വേട്ടക്കാരൻ ഒരു അമ്പ് ണ്ടാക്കാനായി ഈ കൊല്ലന്റെ അടുത്ത് വന്നപ്പോ ആ അമ്പിലെ ശല്യം(ഉള്ളില് തറച്ചു കഴിയുമ്പോ വലിച്ചെടുക്കാനുള്ളത് )  ആയിട്ട് ആ കൊല്ലൻ ഈ ഇരുമ്പ് ഒപ്പിച്ചു കൊടുത്തു.

അങ്ങനെ എല്ലാം തയാറായി. ഭഗവാന് മനസ്സിലായി ഹാ! നമ്മളുടെ പണി പൂർത്തിയാക്കാൻ വേണ്ടതൊക്കെ ആയിക്കഴിഞ്ഞു. ഇനി നമുക്ക് ഇവരെ(യാദവന്മാരെ) കൂട്ടിക്കൊണ്ടു പോവേ വേണ്ടൂ.
ശ്രീനൊച്ചൂർജി
 *തുടരും. .*

No comments:

Post a Comment