Sunday, November 03, 2019

സനാതന ധർമ്മം

ഒരു പിതാവ് നിത്യജീവിതത്തിൽ അനുഷ്ഠിക്കേണ്ടതായ ധർമ്മം, ഒരു മാതാവ് അനുഷ്ഠിക്കേണ്ട ധർമ്മം, ഒരു മകൻ അനുഷ്ഠിക്കേണ്ട ധർമ്മം, ഒരു മകൾ അനുഷ്ഠിക്കേണ്ട ധർമ്മം, സഹോദരനും സഹോദരിയും അനുഷ്ഠിക്കേണ്ട ധർമ്മം, ഒരു അദ്ധ്യാപകൻ അനുഷ്ഠിക്കേണ്ടതായ ധർമ്മം, ഒരു വിദ്യാർത്ഥി അനുഷ്ഠിക്കേണ്ടതായ ധർമ്മം, ഒരു ക്ഷേത്ര ശാന്തിക്കാരൻ അനുഷ്ഠിക്കേണ്ടതായ ധർമ്മം, ഒരു വ്യാപാരി അനുഷ്ഠിക്കേണ്ടതായ ധർമ്മം, ഒരു രാഷ്ട്രീയ പ്രവർത്തകൻ അനുഷ്ഠിക്കേണ്ടതായ ധർമ്മം, ഒരു ഉദ്യോഗസ്ഥൻ അനുഷ്ഠിക്കേണ്ടതായ ധർമ്മം, ഒരു പോലീസുകാരനോ പട്ടാളക്കാരനോ അനുഷ്ഠിക്കേണ്ടതായ ധർമ്മം... ഇങ്ങനെ ഈ ഭാരത രാജ്യത്തെ ഓരോ പൗരനും നിത്യജീവിതത്തിൽ അണുവിട വ്യതിചലിക്കാതെ പാലിക്കേണ്ടതായ സ്വധർമ്മാനുഷ്ഠാനത്തിനു പേരാണ് സനാതന ധർമ്മം.

ഭാരതീയ സംസ്കൃതിയുടെ  ശക്തമായ അടിത്തറയായി നാശമില്ലാതെ  തുടർന്നുവരുന്ന (സനാതനമായിട്ട്) സ്വധർമ്മാനുഷ്ഠാനമായതുകൊണ്ടാണ് ഇതിന് സനാതന ധർമ്മം എന്നു പേരുവന്നത്. ഇതിനെത്തന്നെ ഹൈന്ദവ ധർമ്മം എന്നും വിളിച്ചുവരുന്നു.

അവനവന്റെ സ്വധർമ്മത്തിൽ നിന്നുമുള്ള ഏതെങ്കിലും തരത്തിലുള്ള പിന്മാറ്റം മൂലം സ്വന്തം കുടുംബം നശിക്കും, കുലം മുടിയും, ദേശം നശിക്കും, രാഷ്ട്രം അധഃപതിക്കും.

ശ്രീസത്യസായി ബാബ പറയും;

അവനവൻ നന്നായാൽ ഗൃഹം നന്നായി, ഗൃഹം നന്നായാൽ സമൂഹം നന്നായി, സമൂഹം നന്നായാൽ ദേശം നന്നായി, ദേശം നന്നായാൽ രാഷ്ട്രം നന്നായി, രാഷ്ട്രം നന്നായാൽ ലോകവും നന്നായി.

അതെ; എല്ലാം തുടങ്ങേണ്ടത് അവനവനിൽനിന്നു തന്നെ. ഈ ലോകത്ത് എനിയ്ക്കാരെയെങ്കിലും നന്നാക്കാൻ സാധിക്കുമെങ്കിൽ അത് എന്നെ മാത്രമാണ്. ഞാൻ നന്നായാൽ എല്ലാം നന്നായി.

നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ...

No comments:

Post a Comment