Tuesday, November 05, 2019

ദേവി തത്ത്വം-40

ഈശ്വരനില്ലാത്തത് എവിടെയാ? സകല ചരാചരങ്ങളിലും ചൈതന്യം ഉറങ്ങി കിടക്കുന്നു. ഉണർത്തണമെങ്കിൽ ഉള്ളിൽ ഭാവമുണ്ടാകണം. ഉള്ളിൽ ഭാവമുണ്ടായാൽ കല്ലിലും ഭാവമുണ്ടാകും. കല്ലിൽ ഭഗവാൻ പ്രകാശിക്കും. മരത്തിൽ ഭഗവാൻ പ്രകാശിക്കും. ഏതിലും ഭഗവാൻ പ്രകാശിക്കും.

അങ്ങ് വടക്ക് കണ്ണിന് കാഴ്ക്കുറവുള്ള ഒരു സ്വാമിയുണ്ടായിരുന്നു. അദ്ദേഹത്തിനോട് ഒരു കോളേജ് പ്രൊഫസർ ചോദിച്ചു സ്വാമി ഈ കല്ലിനെയൊക്കെ മനുഷ്യർ ആരാധിക്കുന്നുണ്ടല്ലോ കല്ലിലൊക്കെ ഈശ്വരൻ എങ്ങിനെയാ പ്രത്യക്ഷപ്പെടുക. സ്വാമി വലിയ വേദാന്തിയാണ്. വേദാന്തം പറയുന്നത്  അന്തർയാമിയെ ഉള്ളിൽ വിചാരം ചെയ്ത് അറിയണമെന്ന്. കല്ലിലും ആത്മാവുണ്ടോ? അങ്ങ് ഇതിനെതിരെ പ്രതികരിക്കു എന്ന് പ്രൊഫസർ. സ്വാമി ഇതിനൊന്നും മറുപടി പറയാതെ ദിവസവും പ്രൊഫസറെ നടക്കാൻ കൂട്ടി കൊണ്ടു പോകും. അങ്ങനെ പോകുമ്പോൾ ഒരു കല്ലെടുത്ത് വച്ച് ദിവസവും അദ്ദേഹം വർത്തമാനം പറയും. ചിന്താമണിയെന്ന് ആ കല്ലിന് പേരിട്ടു. ആ കല്ല് എടുത്തിട്ട് ദിവസവും കുശലങ്ങൾ ചോദിക്കും സ്വാമി എന്നിട്ട് താഴെ വയ്ക്കും, തിരികെ പോകും. കുറേ ദിവസം കഴിഞ്ഞ് അല്പം ദൂരത്ത് ഒരിറക്കത്തിൽ ചെന്നിരുന്ന് സ്വാമി ചിന്താമണീ എന്ന് വിളിച്ചു. ആ കല്ല് അവിടുന്നുരുണ്ട് അദ്ദേഹത്തിന്റെ അടുക്കൽ വന്നു.

ഏതിലാ സത്തയില്ലാത്തത്. സത്ത എല്ലാത്തിലുമുണ്ട്. നിർഗ്ഗുണമെന്ന് പറയുമ്പോൾ ഗുണമില്ലാത്തത് എന്നല്ല അർത്ഥം. മറിച്ച് എല്ലാ ഗുണത്തിന്റെയും സ്രോതസ്സാണത്. സത്വ രജസ്സ് തമോ ഗുണങ്ങൾക്ക് അതീതമെന്നേ അർത്ഥമുള്ളു. ത്രിഗുണ സമ്പർക്കമില്ലാത്തതെന്നേ അർത്ഥമുള്ളു.

സ ഈശ്വരഃ ജ്ഞാന ശക്തി വീര്യ ബല തേജോവിഹി സദാ സമ്പന്നഃ

എന്ന് ആചാര്യ സ്വാമികൾ ഗീതാ ഭാഷ്യത്തിൽ പറയുന്നു. സർവ്വ അലൗകിക ഗുണങ്ങളും ഒരു കല്ലിൽ പോലും manifest ആകും. നമുക്ക് ഭാവമുണ്ടെങ്കിൽ. നമ്മുടെ ആസക്തിയാണ് നമ്മുടെ ശക്തി. നമ്മുടെ അദ്ധ്യാത്മ സാധന വിജയിക്കണമെങ്കിൽ അനാസക്തൻമാരായാൽ നടക്കില്ല. ആസക്തരായാലും നടക്കില്ല. മഹാത്മാക്കളിൽ നിന്ന് നമ്മൾ ഇത് പഠിക്കണം. അവർ ആസക്തരുമാണ് അനാസക്തരുമാണ്. അവർ നമ്മളോട് പ്രിയം കാട്ടുമ്പോൾ അത് നമ്മളെന്ന വ്യക്തിയോടല്ല മറിച്ച് ഉള്ളിലുള്ള സത് വസ്തുവിനോടാണ് പ്രിയം കാട്ടുന്നത്. അതേ പ്രിയം മറ്റൊരാളോടും വരാം. ആ പ്രിയം ഭൂമാവിനോടാണ് അല്പത്തിനോടല്ല.

Nochurji🙏🙏
Malini dipu 

No comments:

Post a Comment