Monday, November 04, 2019

ഒരാള്‍ നമുക്ക് മുന്നില്‍ വലിയ സിദ്ധിപ്രകടനങ്ങള്‍ നടത്തിയേയ്ക്കാം, എന്നാലദ്ദേഹം കാമക്രോധങ്ങളെ ജയിച്ചിട്ടില്ലെന്നു കാണുന്നു! എങ്കില്‍‍ നമുക്ക് അദ്ദേഹം ആരാധിക്കപ്പെടേണ്ടുന്ന ആദര്‍ശരൂപമല്ല! എന്നാല്‍ മറ്റൊരാള്‍ സിദ്ധികളൊന്നും കാണിക്കുന്നില്ല, പക്ഷേ എപ്പോഴും ശാന്തമായിരിക്കുന്നു! എങ്കില്‍ അദ്ദേഹം ആരാധിക്കപ്പെടേണ്ടുന്ന ആദര്‍ശ മൂര്‍ത്തിയാണ്! അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ അദ്ദേഹത്തിലൂടെത്തന്നെ പ്രായോഗികമാണെന്ന് ബോധിച്ചതിനാല്‍ നാമത് ആരാധിച്ച് ആചരിക്കുന്നു. ഈ ഗുണത്തെയാണ് ഭാരതീയരുടെ സംസ്കാരത്തിന്‍റെ സവിശേഷതയായി വിവേകാനന്ദസ്വാമികള്‍ വിദേശീയരോട് ചൂണ്ടിക്കാട്ടിയത്.

മനുഷ്യന് സിദ്ധിക്കേണ്ടുന്ന പരമമായ സിദ്ധി മനോജയം ആണ്. പണംകൊണ്ടോ കായികശക്തികൊണ്ടോ അത് സാധിക്കില്ല. 'പ്രയാസമുള്ള കാര്യമാണ് മനസ്സിനെ ജയിക്കുക' എന്നറിയുന്ന മനുഷ്യര്‍ മനോജയം സാധിച്ച മനുഷ്യരെ കണ്ടാല്‍ ആ ആദര്‍ശരൂപത്തെ ഗുരുവായി കണ്ട് ആരാധിക്കുന്നു.

എന്താണ് ഇവിടെ ആരാധിക്കുന്ന ആദര്‍ശം, എന്താണതിന്‍റെ മഹത്വം എന്നു നോക്കൂ.
ജനനത്തെ സുഖമെന്നും മരണത്തെ ദുഃഖമെന്നും തെറ്റിദ്ധരിക്കുന്ന മനസ്സ് 'ശരീരമാണ് ഞാന്‍'‍ എന്ന ബോധത്താല്‍ അമൃതാനുഭൂതിയായ 'സ്വരൂപ'ത്തെ  വിസ്മരിച്ചിരിക്കുകയാണ്. അതിനാല്‍ ശരീരനാശത്തോടെ താന്‍ മരിക്കുന്നു എന്നത് ഭയക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ജനനമരണരഹിതമായ സ്വരൂപം  ഓര്‍മ്മ വരുമ്പോള്‍ മനസ്സ് പിന്നെ ഇളകില്ല! ഇതാണ് ആദര്‍ശം. മരണത്തെ കുറിച്ചല്ല, അമൃതത്ത്വത്തെ കുറിച്ചാണ് പഠിപ്പിക്കുന്നത്.

ഈ ആദര്‍ശം സത്യമാണെന്നും അതൊരാള്‍ സാക്ഷാല്‍ക്കരിച്ചുവെന്നും നാം എങ്ങനെയാണ് വിശ്വസിക്കുക?
കാറ്റിന്‍റെ ഗതി മാറുന്നതിനനുസരിച്ച് ഇളകിയാടാത്ത ദീപംപോലുള്ള പ്രകാശവത്തായ പ്രസന്നാത്മകമായ മനസ്സാണ് ഈശ്വരീയമായ പരിശുദ്ധിയുടെ പ്രത്യക്ഷ ലക്ഷണം. അത്തരം ആദര്‍ശമൂര്‍ത്തികള്‍ ജനനത്തെ കുറിച്ച് പറയുമ്പോഴും മരണത്തെ കുറിച്ച് പറയുമ്പോഴും ഒരേ പ്രസന്നതയോടെയാണ് പറയുക. ലക്ഷ്യങ്ങള്‍ പലതാകുമ്പോഴാണ് മനസ്സ് ചലനംകൊള്ളുന്നത്. അത് ഏക ലക്ഷ്യത്തിലുറയ്ക്കുകയാണ് ഒന്നാമത് വേണ്ടതെന്ന് ആദര്‍ശമൂര്‍ത്തികള്‍ ഉപദേശിക്കുന്നു.

മനോജയം എന്ന ഉന്നതമായ ആദര്‍ശത്തെ കുറിച്ചും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. സമാധിക്ഷേത്രങ്ങളില്‍ ഇടയ്ക്കിടയ്ക്ക് അവരെ കൊണ്ടുപോകണം. ഭൗതികവിദ്യയിലൂടെയും കായികശക്തിയിലൂടെയും ബാഹ്യലോകത്തെ മനുഷ്യന്‍  കീഴടക്കിയ ആധിപത്യങ്ങളുടെ ചരിത്രവും ശാസ്ത്രവും എടുത്ത് ജനനത്തെയും മരണത്തെയും ശരീരത്തെയും കുറിച്ച് ഒരുവശത്ത് അവര്‍ പഠിക്കട്ടെ. മറുഭാഗത്ത്  ഒപ്പം ജനനമരണരഹിതമായ അവസ്ഥയുണ്ടെന്നും പഠിക്കട്ടെ. മനുഷ്യന് പ്രയാസകരമായ ആന്തരികലോകത്തെ കീഴടക്കിയ ആദര്‍ശമൂര്‍ത്തികളുടെ ചരിത്രവും ആദര്‍ശവും മാര്‍ഗ്ഗവും കൂടി അവര്‍ അറിഞ്ഞിരിക്കട്ടെ. അവര്‍ സഞ്ചരിച്ച മാര്‍ഗ്ഗങ്ങളും ആചരണങ്ങളും അതിലൂടെ അവര്‍ പ്രകാശിപ്പിച്ച ത്യാഗവും പരിശുദ്ധിയും അറിയട്ടെ. പന്മന ചട്ടമ്പിസ്വാമികളുടെയും വര്‍ക്കലശിവഗിരിയില്‍ ശ്രീനാരായണഗുരുസ്വാമികളുടെയും തിരുവണ്ണാമല രമണമഹര്‍ഷിയുടെയും സമാധി ക്ഷേത്രങ്ങള്‍‍ ഉണ്ടല്ലോ. അതുപോലെ ഭാരതത്തിലെങ്ങും ഉണ്ടല്ലോ? അത്തരം ആദര്‍ശങ്ങളെ ആരാധിച്ച് ആചരിക്കുന്നതുകൊണ്ട് നമുക്കും നമ്മുടെ മക്കള്‍ക്കും ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നാണ് അനുഭവം. ജ്ഞാനപ്രാപ്തി ആണ് ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം.
ഓം

  1. Krishnakumar kp 

No comments:

Post a Comment