Wednesday, November 06, 2019

ദേവി തത്ത്വം-41

ഭൂമാവേ സുഖം ന അല്പേ സുഖമസ്തി എന്ന് നാരദനെ സനത് കുമാരൻ ഉപദേശിക്കുന്നു. നാരദരേ അല്പത്തിനെ സ്നേഹിക്കരുത്. അല്പത്തിനുള്ളിലൂടെ അനന്തത്തിനെ കണ്ട് പ്രേമിക്കുക. കൃഷ്ണൻ ഗീതയിൽ പറഞ്ഞു മുത്തുകൾ കോർത്തിട്ടുള്ള ഒരു മാലയിലെ ചരട് സൂത്രേ മണി ഗണാ ഇവ ആ ചരട് ഞാനാണ് മുത്തുകളാണ് ഓരോ ജീവനും. വേദാന്തം സൂചിപ്പിക്കുന്നത് മുത്തിനോട് ഇഷ്ടം വയ്ക്കരുത് ചരടിനോട് ഇഷ്ടം വയ്ക്കുക. ചരടിനോട് ഇഷ്ടം വയ്ക്കുമ്പോൾ ഓരോ മുത്തും സന്തോഷിക്കും. എന്നെ കണ്ട് ചിരിച്ചു എന്ന് പറഞ്ഞ്. പക്ഷേ ഇവിടെ കാഴ്ചക്കാരൻ ചരടിനെയാണ് സ്നേഹിക്കുന്നതും, നോക്കി ചിരിക്കുന്നതും പുറമേയുള്ള മുത്തിനെ കണ്ടിട്ടല്ല. നമ്മളും ആ ചരടിനെ കാണണം.

സൂത്രം മഹാൻ അഹം ഇതി പ്രപതന്തി ജീവം ജ്ഞാന ക്രിയാർത്ഥ ഫല രൂപതയോരു ശക്തിഃ ബ്രഹ്മൈവ ഭാതി സദാ സജ്ജ ദയോഹോ പരം യത്
എന്ന് ഭാഗവതം. സൂത്രം മഹാൻ അഹം ഇതി പ്രപതന്തി ജീവം ഓരോ ശരീരത്തിന് പിറകിലും സൂത്രം ഒരു ചരടെന്ന വണ്ണം മാലയിൽ ചരടെന്ന വണ്ണം എല്ലാത്തിന് പിറകിലും അന്തർയാമിയായി ഭഗവാനിരിക്കുന്നു. അപ്പോൾ ആസക്തി വരുമ്പോൾ ഭർത്താവിനോട് പ്രിയം ഭാര്യയോട് പ്രിയം കുട്ടികളോട് പ്രിയം മാതാപിതാക്കളോട് പ്രിയം ആ പ്രിയമൊക്കെ അങ്ങനെ വച്ചു കൊള്ളുക. ഒന്നിനേയും നിഷേധിക്കരുത്. പക്ഷേ അതോടൊപ്പം തത്ത്വ വിചാരം അല്പം ചേർക്കുക. ഇവരൊക്കെ എന്നെങ്കിലുമൊക്കെ നമ്മളെ വിട്ട് പോകും ഒന്നും ശാശ്വതമല്ല. പ്രിയം വച്ചു കൊണ്ട് അവർക്ക് എന്ത് വേണമെങ്കിലും ചെയ്ത് കൊടുക്കാം. എന്നാൽ അവരിൽ നിന്ന് ഞാൻ എന്തെങ്കിലും പ്രതീക്ഷിച്ച് ആശ്രയിച്ചാൽ അവരെന്നെ വിട്ട് പോകുമ്പോൾ ഞാൻ ദുഃഖിക്കേണ്ടി വരും. അതു കൊണ്ട് ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ അങ്ങോട്ട് ചെയ്ത് കൊടുക്കുക. ആശ്രയ ദൂഷ്യം എടുത്ത് കളഞ്ഞാൽ മതി. ആശ്രയം നിത്യ സത്യത്തിനോടാണ് നാമ രൂപത്തിനോടല്ല. നാമ രൂപത്തിനെ എടുത്ത് കളഞ്ഞിട്ട് ഉള്ളിലുള്ള സത്യത്തിനെ ആശ്രയിക്കുമ്പോൾ, സത്യം സത്യത്തിനെ പ്രേമിക്കുന്നതാണ് ആസക്തി രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്  എന്ന് അറിഞ്ഞ് കഴിഞ്ഞാൽ, നാം കാണുന്നതെല്ലാം ആത്മാവായി തീരും.

കല്യാണം കഴിഞ്ഞ് അമ്പത് വർഷമായ ഭാര്യാഭർത്താക്കൻമാർക്ക് അന്നും ഇന്നും ഒരേ വ്യക്തിയുമായി ഒരുമിച്ച് ജീവിക്കുന്നതായി തോന്നാം. എന്നാൽ പണ്ടത്തെ ആൽബം തുറന്ന് നോക്കുമ്പോഴോ രൂപം ഒക്കെ മാറിയിരിക്കുന്നു. ഓരോ കോശവും മാറി കഴിഞ്ഞിരിക്കുന്നു. പക്ഷേ അവരിൽ മാറാത്ത ഒരു വസ്തുവിനെയാണ് നാം എന്നും ഓർക്കുന്നത്. നമുക്ക് വാസ്തവത്തിൽ ആരോടാണോ ആശയ സമ്പർക്കമുള്ളത് അയാളെ നമ്മൾ കാണുന്നില്ല. നമ്മൾ കാണുന്ന രൂപത്തിനോട് നമുക്ക് communication ഇല്ല. അതുകൊണ്ട് ആ രൂപം മാറിയതൊന്നും നമ്മളെ ബാധിക്കുന്നില്ല. ഹൃദയം ഹൃദയത്തിനോടാണ് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്.  ഇത് പലപ്പോഴും നമ്മളറിയാതെ പോകുന്നു. വേദാന്തം പറയുന്നത് ഇതറിയണം എന്നാണ്. ജ്ഞാനികൾ ഉള്ളതിനെ മാത്രം കാണുന്നു. പുതിയതായൊന്നും അവർ കാണുന്നില്ല.

Nochurji🙏🙏
Malini dipu 

No comments:

Post a Comment