Wednesday, November 13, 2019

ദേവി തത്ത്വം-45

പ്രിയത്തിന് തന്നെത്തന്നെ വിട്ട് കൊടുക്കുക. അതാണ് അൻമ്പേ ശിവമായ് അമർന്തിരുന്തായേ എന്ന് പറയുന്നത്. ഭഗവാന് സ്വയം വഴങ്ങി കൊടുക്കുക. തവാസ്മീതിച യാചതേ ഞാൻ അങ്ങയുടെ ആണെന്ന് പറയുക ഭഗവാനോട്. അങ്ങ് എന്റെയല്ല ഞാൻ അങ്ങയുടെയാണ്. അങ്ങയുടെ ഇഷ്ടമാണ് എന്റെ ഇഷ്ടം. അങ്ങ് എവിടെ ഇരുത്തുന്നു അവിടെ ഇരിക്കാം. എന്ത് ചെയ്യിപ്പിക്കുന്നു അത് ചെയ്യാം. ശ്രീരാമകൃഷ്ണ ദേവൻ ഇടയ്ക്കിടയ്ക്ക് പറയും അമ്മ യന്ത്രി ഞാൻ യന്ത്രം. അമ്മ ചിന്തിപ്പിക്കുന്ന പോലെ ഞാൻ ചിന്തിക്കുന്നു. അമ്മ പറയിപ്പിക്കുന്ന പോലെ ഞാൻ പറയുന്നു. അമ്മ നടത്തിക്കുന്ന പോലെ ഞാൻ നടക്കുന്നു. എന്റേത് എന്ന ഒന്നില്ല.
നാഹം നാഹം ത്വം ത്വം
ഇത് ഒരു മഹാമന്ത്രമാണ്.  ഞാനില്ല ഞാനില്ല അമ്മ മാത്രമേയുള്ളു. ആ അമ്മ അഥവാ പ്രകൃതിയാണ് സർവ്വവും ചെയ്യിപ്പിക്കുന്നത്. ഞാനാരുമല്ല അമ്മയുടെ കയ്യിലെ യന്ത്രം മാത്രം.

പ്രിയത്തിന് വഴങ്ങി കൊടുത്ത്. പ്രിയത്തിൽ നിന്ന് ഒന്നും ഇങ്ങോട്ടെടുക്കാതെ. പ്രിയത്തിന് അങ്ങോട്ട് കൊടുത്ത് കൊണ്ടിരുന്നാൽ നമ്മൾ സ്വതന്ത്രരാകും. നമ്മുടെ സനാതന സമ്പ്രദായത്തിൽ സാത്താൻ എന്നൊന്നില്ല. ദേവീ മാഹാത്മ്യത്തിൽ നോക്കിയാൽ കാണാം ഏത് ദേവിയെ ആണോ സത്വ സ്വരൂപിണിയായ്, ബ്രഹ്മ വിദ്യാ സ്വരൂപിണിയായ് സ്തുതിക്കുന്നത് ആ ദേവി തന്നെ താമസിയാണ്, രാക്ഷസിയാണ്, ഡാകിനിയാണ്, ഭയങ്കരിയാണ്, മധുപാനം ചെയ്ത് അട്ടഹസിക്കുന്നവളാണ്. ശിവനെ പോലും ചോട്ടിലിട്ട് നെഞ്ചിൽ കാല് വച്ച് നിൽക്കുന്നവളാണ്. ഭയങ്കരമായ രൂപമുള്ളവളാണ്.

അതാണ് വിവേകാനന്ദ സ്വാമികൾ വിദേശീയരോട് പറഞ്ഞത് നിങ്ങൾക്ക് കാളിയെന്ന ആദർശം ചിന്തിക്കാൻ കൂടി സാധിക്കില്ല. നിങ്ങളുടെ ദൈവങ്ങൾ നന്മയും, സൗന്ദര്യവും നല്ല കാര്യങ്ങളെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളു. അപ്പോൾ തിന്മയാരാ? എന്ന് ചോദിച്ചാൽ സാത്താനെ കൊണ്ടു വരേണ്ടിയിരിക്കുന്നു. ആ സാത്താൻ സദാ ഉണ്ടായി കൊണ്ടേയിരിക്കും. കാരണം ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ. ആ സാത്താൻ ഒരിക്കലും പോകില്ല. ആ സാത്താനും ഉഗ്രമായ രൂപവും ഈശ്വരന്റെ മറ്റൊരു വശമാണ്. ആ ഉഗ്ര രൂപമില്ലെങ്കിൽ നമ്മൾ ശരിയാകില്ല.

ഹിരണ്യകശിപു, ഹിരണ്യാക്ഷൻ എന്നിവർ  സാത്താൻമാരല്ല. മറിച്ച് ഭഗവാന്റെ തന്നെ മറ്റൊരവതാരമാണ്. അവർ അവതരിച്ചതെന്തു കൊണ്ടെന്നാൽ അവരുടെ കൈയ്യിൽ നിന്ന് നല്ല തല്ല് കിട്ടിയില്ലെങ്കിൽ നാം ചെയ്യേണ്ടത് ചെയ്യാതെ അമ്പലം പണിഞ്ഞ് പണം പിരിച്ച് നടക്കും. അവരുടെ തല്ല് കൊള്ളുമ്പോഴാണ് ഈശ്വരനും, വൈരാഗ്യവും, ഭക്തിയുമൊക്കെ പ്രധാനമാകുന്നത്. നാരദൻ പറയുന്നത് ഈശ്വരനെ നിഷേധിക്കുന്ന ആളുടെ അത്രേം വേഗത്തിൽ ഭക്തി യോഗിക്ക് പോകാൻ പറ്റില്ല. അതായത് നിഷേധിക്കുന്നവർ പെട്ടെന്ന് സത്യത്തിലെത്തുമത്രേ. കാരണം അമ്പലം തല്ലി പൊളിക്കുന്നവന് നിഷേധിച്ച് കൊണ്ടാണെങ്കിലും ഈശ്വരനെ കുറിച്ച് തന്നെ ചിന്ത, ഒരേ ധ്യാനമാണ്. ഇനി ഉദാസീനൻമാരുണ്ട്. എന്തെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് ഇരിക്കുന്നവർ. ഇവർ രണ്ടിലും പെടാത്തവരാണ്. നാരദൻ പറയുന്നത് ഒന്നുകിൽ ഈശ്വരനോട് ഭക്തി വേണം അല്ലെങ്കിൽ അസൂയയോ ദ്വേഷമോ കാമമോ ഏത് വിധത്തിൽ ബന്ധപ്പെട്ടാലും മുക്തനായി പോകും.

Nochurji🙏🙏
Malini dipu 

No comments:

Post a Comment