Friday, November 29, 2019

ദേവി തത്ത്വം-52

ഒരു ബ്രാഹ്മണന് വേദാദ്ധ്യയനം ആണ് വിദ്യാഭ്യാസം. എന്നാൽ ബംഗാൾ പോലത്തെ സ്ഥലങ്ങളിൽ കാര്യമായ വേദാദ്ധ്യയനമില്ല. അല്പം തന്ത്രവും, പൂജാ വിധികളൊക്കെ പഠിക്കും. ചിലപ്പോൾ അല്പം സംസ്കൃതവും. വേദം പണ്ടേ ഉത്തര ഭാരതത്തിൽ നിന്ന് പടിയിറങ്ങിയിരുന്നു. വേദം സംരക്ഷിക്കപ്പെട്ടത് പഞ്ച ദ്രാവിഡത്തിലാണ്. മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, കർണ്ണാടകം എന്നീ സ്ഥലങ്ങളിലാണ് വേദം സംരക്ഷിക്കപ്പെട്ടത്. അതിൽ കേരളത്തിലെ സമ്പ്രദായം അല്പം വ്യത്യസ്തമാണ്. വിവേകാനന്ദ സ്വാമികൾ പറയുന്നുണ്ട് ബംഗാളിൽ തന്ത്രം കാരണം വേദം നഷ്ടപ്പെട്ടു പോയി. വേദത്തെ തിരികെ കൊണ്ട് വരണം എന്ന്. ശ്രീ രാമകൃഷ്ണനെ അന്നത്തെ പാഠശാലയിൽ കൊണ്ടാക്കിയപ്പോൾ അദ്ദേഹത്തിന് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. എനിക്ക് ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് കിട്ടിയാലാണോ സമ്പൂർണ്ണ സംതൃപ്തിയുണ്ടാകുന്നത് അത് സാധിക്കുമോ? എനിക്ക് പാരമാർത്ഥികമായ ഹിതം ഉണ്ടാകുമോ. വളരെ പ്രശ്നം പിടിച്ച ചോദ്യമാണ് കാരണം ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ നമ്മൾ സമൂഹത്തിൽ നിന്ന് പുറത്ത് ചാടേണ്ടി വരും.  എന്നു വച്ചാൽ സമൂഹത്തിനുള്ളിൽ ഇരിക്കണമെങ്കിൽ വിവരമുണ്ടാകാൻ പാടില്ല. 😊

സമൂഹം പരസ്പരം അംഗീകരിച്ച കുറേ കാര്യങ്ങളുണ്ട്. അവനവനും പ്രയോജനപ്പെടില്ല മറ്റുള്ളവർക്കും പ്രയോജനപ്പെടില്ല. ആത്യന്തികമായ ശാന്തിക്കോ നിർവൃതിക്കോ കാരണമല്ല. ഞാൻ നിങ്ങളെ ഒരു മെസ്മിറിസം ചെയ്യും നിങ്ങൾ തിരിച്ച് എന്നെയും ഒരു മെസ്മിറിസം ചെയ്യും. പരസ്പരം collective mutual hypnotism. അങ്ങനെയാണെങ്കിലേ നമുക്ക് സമൂഹത്തിലിരിക്കാൻ സാധിക്കുകയുള്ളു. ഇതിനാലാണ് അച്ഛനമ്മമാർക്ക് കുട്ടികളിൽ അല്പ ദൈവ വിശ്വാസമൊക്കെ കാണുമ്പോൾ പേടിയാകുന്നത്. കാരണം അത് സാമൂഹിക ജീവിതത്തിന് പറ്റില്ല എന്നൊരു ധാരണയുണ്ട്. ശ്രീരാമകൃഷ്ണന് അന്ന് വിദ്യാഭ്യാസം ഒന്നും നടന്നില്ല. എങ്കിൽ എങ്ങനെയെങ്കിലും ജീവിച്ച് പോട്ടെ എന്ന് കരുതി ഒരു ജോലിക്കായാണ് കൽക്കത്തയിൽ കൊണ്ടാക്കിയത്. അവിടെ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ദക്ഷിണേശ്വര അമ്പലത്തിൽ പൂജാരിയാണ്. എന്തെങ്കിലും ദക്ഷിണ വാങ്ങി പൂജ ചെയ്തു കൊടുക്കുന്നത് ഇഷ്ടമല്ലാതിരുന്ന ശ്രീരാമകൃഷ്ണന് ഏട്ടന്റെ ഈ ജോലിയും ഇഷ്ടമല്ലായിരുന്നു. പിന്നെ ആ ജോലി ഏറ്റെടുത്തേ തീരു എന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം പറഞ്ഞു വിഗ്രഹത്തിലുള്ള  ആഭരണങ്ങളൊക്കെ ആരെങ്കിലും സൂക്ഷിക്കുമെങ്കിൽ പൂജാരിയാകാം എന്ന്.

രാമകൃഷ്ണ ദേവന് മനസ്സിൽ മറ്റൊരു ചോദ്യം ഉദിച്ചു. വെറുതെ എന്തെങ്കിലും പറഞ്ഞ് പൂജ ചെയ്യാൻ അദ്ദേഹത്തിന് താല്പര്യമില്ല. താൻ പൂജ ചെയ്യുന്നത് ആരെയാണ്? എന്താ ഈ വസ്തു. ഭാഗവതത്തിൽ പറയുന്നു ഭക്തിയുടെ ആദ്യ പടി അഛായാമേവ ഹരയേ പൂജാംവ്യ ശ്രദ്ധയേഹതേ ന തക് ഭക്തേശു ച അന്യേശു ച ഭക്ത പ്രാകൃത സ്മൃതഃ പ്രാകൃതമായ ഭക്തി എങ്ങനെയെന്നാൽ ഈ വിഗ്രഹത്തിൽ സ്വാമിയുണ്ട് അവിടെ ആവാഹനം ചെയ്യും, പൂജ ചെയ്യും, അതോടെ കഴിഞ്ഞു. പൂജാ മൂർത്തിയിൽ ശ്രദ്ധ ഉണ്ടാകുമ്പോൾ അതിനെ കുറിച്ചുള്ള ചോദ്യം ഉദിക്കയാണുള്ളിൽ. എന്തിനെയാണ് ഞാൻ പൂജ ചെയ്യുന്നത്. വാസ്തവത്തിൽ ഈ അംബിക സത്യമാണോ. വളരെ സ്ഥൂലമായ തലത്തിൽ നിന്നു കൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. രാമകൃഷ്ണ ദേവന് അനേകം ഭക്തി ഗാനങ്ങളറിയാം. ബംഗാളിൽ ഒരു പാട് കാളീ ഭക്തൻമാരുണ്ടായിരുന്നു. അതിലൊരാളായിരുന്നു രാമപ്രസാദ് . അദ്ദേഹം കാളിയോട് സംവാദം ചെയ്യുന്നതായിട്ടുള്ള അനേകം പാട്ടുകളുണ്ട്. ഈ പാട്ടുകളൊക്കെ ശ്രീരാമകൃഷ്ണന് കാണാപാഠം അറിയാമായിരുന്നു. ഈ ദിവ്യൻമാരൊക്കെ കാളിയെ കണ്ടിരിക്കുന്നു. അതു കൊണ്ട് തനിക്കും കാണാൻ സാധിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. വളരെ നിഷ്കളങ്കമായ ഒരു ആഗ്രഹമാണ് .ഈ വിഗ്രഹത്തിൽ കാളിയെ പ്രത്യക്ഷമായി കാണുക. ഇത്തരത്തിൽ ഒരു വിഗ്രഹത്തിൽ നിന്നുമാണ് ശ്രീരാമകൃഷ്ണന്റെ യാത്ര ആരംഭിക്കുന്നത്.

Nochurji 🙏🙏

No comments:

Post a Comment