Friday, November 29, 2019

സപ്തശ്ലോകീഗീത

Friday 29 November 2019 6:11 am IST

ഒന്ന്
കവിം പുരാണമനുശാസിതാര-
മണോരണീയാം സമനുസ്മരേഭ്യഃ
സര്‍വസ്യധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃപരസ്താത്  
(അധ്യായം 8,  അക്ഷരബ്രഹ്മയോഗം, ശ്ലോകം 9)
അന്വയം
കവിം പുരാണം അനുശാസിതാരം
അണോഃ അണീയാംസം സര്‍വസ്യ
ധാതാരം അചിന്ത്യരൂപം തമസഃ
പരസ്താത്  ആദിത്യവര്‍ണം ച 
പുരുഷം അനുസ്മരേത്
അന്വയാര്‍ഥം: സര്‍വജ്ഞനും മുമ്പിലേയുള്ളവനും സകലനിയാമകനും അണുവിനേക്കാള്‍ ഏറ്റവും അണുവായവനും എല്ലാറ്റിന്റെയും പരമാശ്രയമായവനും അചിന്ത്യരൂപനും അജ്ഞാനത്തില്‍നിന്നും അകന്നവനും സൂര്യതേജസ്സിയുമായ പരമാത്മാവിനെ നിരന്തരമായി ധ്യാനിക്കുമോ (അവന്‍ പരമാത്മാവിനെ പ്രാപിക്കുന്നു.)
പരിഭാഷ:അര്‍ജുനന്‍ എട്ടാം അധ്യായമായ അക്ഷരബഹ്മയോഗത്തില്‍ ഏഴു സംശയങ്ങള്‍ ഉന്നയിച്ചു. ബ്രഹ്മം, അധ്യാത്മം, കര്‍മം, അധിഭൂതം, അധിയജ്ഞം, ദേഹത്തില്‍ അധിയജ്ഞന്റെ സ്ഥിതി എന്നിവകളെക്കുറിച്ചുള്ള         സന്ദേഹങ്ങള്‍ക്ക് ഭഗവാന്‍ വിശദീകരണം നല്‍കുകയാണ്. ഇവയുടെ സാമാന്യ സ്വരൂപം ഇങ്ങനെ സംഗ്രഹിക്കാം. ബ്രഹ്മമെന്നാല്‍ പരമാത്മാവ്. അതുതന്നെ പ്രത്യഗാത്മാവായി തോന്നുന്നത് അധ്യാത്മം. അധ്യാത്മം അഥവാ ജീവാത്മാവിന്റെ ആവശ്യമെന്ന് ഭാവിച്ചുള്ള വ്യാപാരം കര്‍മം. കര്‍മത്തിന്റെ ഫലം അധിഭൂതം. ഭൂതത്തിന്റെ ജീവാത്മസ്ഥാനമായ പുരുഷന്‍  അധിദൈവം. ദൈവത്തിനു വേണ്ടിയുള്ള പ്രവൃത്തി അധിയജ്ഞം.
 നാനാരൂപമായി പ്രതിഭാസിക്കുന്നതെല്ലാം പരമാത്മാവു തന്നെയെന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നു. സര്‍വജ്ഞനും അനാദിയും സൃഷ്ടി രചയിതാവും സര്‍വ നിയന്താവുമായി അണുവിന്റെയും അണുവിനു പോലും ആശ്രയമായി നിലകൊള്ളുകയും മനസ്സ്, ബുദ്ധി തുടങ്ങിയ ഇന്ദ്രിയങ്ങളാല്‍ ചിന്തിച്ചെടുക്കാന്‍ കഴിയാത്തതുമായ പരമാത്മാവ് സൂര്യതുല്യമായ ദീപ്തിയാല്‍ അജ്ഞാനാന്ധകാരത്തെ നീക്കുന്നു.
'കവി' ശബ്ദം 'നിര്‍മാതാവ്' ( ുീല ോമസലൃ) എന്നയര്‍ഥത്തില്‍ ഋഗ്വേദത്തിലും യജുര്‍വേദത്തിലും കാണാം. 'കോക വീതി' - എല്ലാമറിയുന്നവന്‍ കവി. 'കൗതി ഇതി' -ശബ്ദിക്കുന്നവന്‍-  കവി എന്നും വ്യുല്‍പത്തി.അനുസ്മരണം, ഈശ്വരസ്മരണം അതായത് നാമസ്മരണ. ഇതത്രെ ഏറ്റവും നല്ല സാധന. അജ്ഞാതം അനാദിയും അനന്തവുമാണ്. സൂര്യതേജസ്വി അജ്ഞാനാന്ധകാരത്തെ അകറ്റുന്നു. 'ആദിത്യവര്‍ണം തമസഃ പരസ്താത്' എന്നത് വേദമന്ത്രമാണ്. പുരുഷസൂക്തത്തില്‍ ഈ മന്ത്രം കാണാം.
(തുടരും...)

No comments:

Post a Comment