Tuesday, November 12, 2019

ക്കളെ, 
ന്നു നമ്മുടെ സമൂഹത്തില്‍ എല്ലാ മേഖലയിലും അഴിമതി വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്.   അഴിമതിയില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ബോധവല്‍ക്കരണം പോലുള്ള പരിപാടികള്‍ തീര്‍ച്ചയായും ഗുണംചെയ്യും. അതോടൊപ്പം ശക്തമായ നിയമനടപടികളും ആവശ്യമാണ്. അതുമാത്രമല്ല, ഈ കലിയുഗത്തിലും ആദര്‍ശപൂര്‍ണ്ണമായ ജീവിതം സാധ്യമാണെന്നു കാണിക്കുന്ന വ്യക്തികളുടെ ശ്രേഷ്ഠമാതൃകകള്‍ 
പൊതുജനങ്ങള്‍ക്കുമുന്നില്‍ ഉണ്ടാകണം. സത്യസന്ധത, ലാളിത്യം, ആദര്‍ശനിഷ്ഠ തുടങ്ങിയവ ജീവിതവ്രതമാക്കിയവര്‍ക്കു  സമൂഹത്തില്‍ നല്ല മാറ്റത്തെ കൊണ്ടുവരാനാകും. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഓരോരുത്തരെയും ആരെങ്കിലുമൊക്കെ മാതൃകയാക്കുന്നുണ്ട്. അതിനാല്‍ നമ്മള്‍ ഓരോ വ്യക്തിയും ആദര്‍ശപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ശ്രമിക്കണം.
അത്യാര്‍ത്തികൊണ്ട് അകവും പുറവും അന്ധത ബാധിച്ചവരെ ഇന്നത്തെ സമൂഹത്തില്‍ ധാരാളം കാണാന്‍ കഴിയും. മാര്‍ഗ്ഗം ഏതായാലും, എത്രമാത്രം സമ്പാദിക്കാമോ അത്രമാത്രം സമ്പാദിക്കുക എന്ന മനോഭാവമാണ് പലരുടെയും ബുദ്ധിയിലുറച്ചിരിക്കുന്നത്. അവരുടെ മുന്‍
പില്‍ നിയമവും സര്‍ക്കാരും ഒരു വാതിലടച്ചാല്‍  അവര്‍ വേറെ ഒമ്പത് വാതിലുകള്‍ കണ്ടുപിടിക്കും. ഉദാഹരണത്തിന,് വിദേശരാജ്യങ്ങളില്‍ ഒരു പരിധിക്കപ്പുറം വേഗത്തില്‍ വണ്ടിയോടിച്ചാല്‍, പൊലീസ് പിടിക്കും. വന്‍ തുക പിഴയടയേ്ക്കണ്ടി വരും. ഇങ്ങനെ മൂന്നു തവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും. വണ്ടിയുടെ വേഗത കൃത്യമായി നിര്‍ണ്ണയിക്കാ
നുള്ള അത്യാധുനിക ഉപകരണങ്ങള്‍ പൊലീസിന്റെ കൈവശമുണ്ട്. ഡ്രൈവ് ചെയ്യുന്ന വ്യക്തിയും വണ്ടിയും അതിന്റെ നമ്പരും എല്ലാം ഒന്നിച്ചു പതിയുന്ന ക്യാമറകളും പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ കര്‍ശനമായ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിന് ഒരു മറുവശംകൂടി ഉണ്ട്. പോലീസ് വണ്ടികള്‍ എവിടെയെല്ലാം കാത്തു കിടക്കുന്നു, ക്യാമറ എവിടെയെല്ലാമുണ്ട്, എന്നൊക്കെ അറിയാനുള്ള ഉപകരണങ്ങള്‍ മിക്കവാറും എല്ലാ വാഹനങ്ങളിലുമുണ്ട്. 
പൊലീസോ ക്യാമറയോ  സമീപത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഉടനെ ആ ഉപകരണം ബീപ്പ് ചെയ്യും. അംഗീകൃത കമ്പനികള്‍ തന്നെയാണ് ഇത്തരം ഉപകരണങ്ങളും വിപണിയിലിറക്കുന്നത്. ഒരു പക്ഷെ, ഈ രണ്ടുപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനി ഒന്നു തന്നെയാകാനും സാധ്യതയുണ്ട്. ഇതുപോലെ, എങ്ങനെയും പണമുണ്ടാക്കണം, സ്വത്തു സമ്പാദിച്ചുകൂട്ടണം എന്നൊക്കെ നിശ്ചയിച്ചുറപ്പിച്ചവര്‍, അതിനുള്ള പുതിയ പുതിയ മാര്‍ഗ്ഗങ്ങളും കണ്ടുപിടിച്ചുകൊണ്ടിരിക്കും. അഴിമതി തടയാന്‍, പിഴവില്ലാത്ത സാങ്കേതികവിദ്യകളും പഴുതില്ലാത്ത നിയമങ്ങളും അത്യാവശ്യമാണ്. 
അഴിമതി നിയന്ത്രിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാനമായ  പങ്കുവഹിക്കാനാകും. കാരണം, പൊതുജനവികാരം ഉണര്‍ത്തുന്നതും,  പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതും മാധ്യമങ്ങളാണ്. ചിലപ്പോള്‍ അഴിമതി മൂടിവെയ്ക്കുകയും മറ്റുചിലപ്പോള്‍ ഊതിപെരുപ്പിക്കുകയും ചെയ്യാതെ നിഷ്പക്ഷവും ധീരവുമായ നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കണം. പൊതുവെ സാമ്പത്തിക അഴിമതികളെക്കുറിച്ചു മാത്രമാണ് നമ്മള്‍ ചര്‍ച്ച ചെയ്യാറുള്ളത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതും യുദ്ധവും സംഘര്‍ഷവും സൃഷ്ടിക്കുന്നതും നുണ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, ഭീകരവാദവും ഒക്കെ ഓരോതരം അഴിമതിയാണ്. കാരണം അവയെല്ലാം നേരായ മാര്‍ഗ്ഗത്തില്‍നിന്നുള്ള വ്യതിചലനമാണ്.
ഇതിനൊക്കെ അടിസ്ഥാനകാരണം സമൂഹത്തില്‍ വ്യാപകമാകുന്ന മൂല്യശോഷണമാണ്. മൂല്യച്യുതി തടയാന്‍ ശ്രമിക്കാതെ പ്രശ്‌നത്തിന്റെ ബാഹ്യമായ കാരണങ്ങള്‍  കണ്ടുപിടിച്ച്, അതിനു മാത്രം പരിഹാരം കാണുന്നതിനാണു നാമിന്നു മുന്‍തൂക്കം നല്‍കുന്നത്. പുറത്തു കാണുന്ന അനീതിയും അക്രമവും ക്രൂരതയും അഴിമതിയും എല്ലാം മനസ്സിന്റെ വൃത്തിയില്ലായ്മകൊണ്ടുണ്ടാകുന്നതാണ്. ബാഹ്യമായ പരിഹാരങ്ങള്‍ക്കൊപ്പം മനുഷ്യമനസ്സിലും പരിവര്‍ത്തനമുണ്ടാകണം. അതിന് വിദ്യാഭ്യാസത്തില്‍ ആത്മീയമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പരസ്പരസ്‌നേഹം, ആദരവ്, വിശ്വാസം, സഹജീവികളോടും പ്രകൃതിയോടുമുള്ള കാരുണ്യം എന്നിവ കുട്ടികളുടെ മനസ്സില്‍ വളരാനുള്ള അന്തരീക്ഷം വീട്ടിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സൃഷ്ടിക്കണം. നല്ലതിന്റെയും ചീത്തയുടെയും തുടക്കം  സ്വന്തം വീട്ടില്‍നിന്നു തന്നെയാണ്. അച്ഛനമ്മമാര്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും മക്കള്‍ക്കു മാതൃകയാകണം. അങ്ങനെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്നു നിലനില്‍ക്കുന്ന അഴിമതിക്കു ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ നമുക്കു കഴിയും.

No comments:

Post a Comment