Tuesday, November 12, 2019

ദേവി തത്ത്വം-44

കുപുത്രോ ജായേത് ക്വചിത് വി കുമാതാ ന ഭവതി ആചാര്യ സ്വാമികൾ പറയുന്നു  തോന്നിവാസിയായ മക്കളെ കാണാൻ പറ്റും എന്നാൽ ദുഷ്ടയായ അമ്മയെ കണ്ടു കിട്ടാൻ വിഷമമാണ്.
ശങ്കരാചാര്യനെ കുറിച്ച് പറയുന്നു
അന്ത ശാക്തോവഹി ശൈവഃ
വ്യവഹാരേതു വൈഷ്ണവഃ
പുറമേയുള്ള വേഷത്തിൽ ശ്രീ ശങ്കരാചാര്യർ രുദ്രാക്ഷം ധരിച്ച് ഭസ്മം ധരിച്ച് കാണുമ്പോൾ ശൈവനാണ് . ഒരു വൈഷ്ണവന് എന്തൊക്കെ ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ടോ അതൊക്കെ ആ മഹാത്മാവിന്റെ വ്യവഹാരത്തിലുണ്ട്. ഹൃദയത്തിലോ ശാക്തഃ മാതൃ ഹൃദയമെന്നർത്ഥം. ജ്ഞാനികളുടെ ഒക്കെ ലക്ഷണമാണത്.

അമ്മ എന്ന് പറയുന്നത് പ്രിയത്തിന്റെ സ്വരൂപമാണ്. അന്തർയാമി തന്നെയാണ് അമ്മയും അച്ഛനും. രമണമഹർഷിയുടെ ഉപദേശങ്ങളൊക്കെയും ശുദ്ധ ജ്ഞാനമാണ്. മഹർഷി പറയുന്നു
അമ്മയും അപ്പനും ആകി എനയ് ആക്കി അളിയ്ത്ത് അമഹിമായി വീഴ്ന്ത് നാൻ ആഴ്ന്തിടും ഉൻ, എൻ മനം മന്നിയിഴിത്ത് ഉൻ പദത്തിൽ ഇരുത്തിനേയ്.
ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ഭഗവാൻ എനിക്ക് അച്ഛനും അമ്മയുമായി കൂടെ നിന്ന് രക്ഷിച്ചു. ആരാ ഭഗവാൻ അന്തർയാമി തന്നെ. അമ്മയും അച്ഛനും ഒക്കെ പ്രിയത്തിന്റെ പ്രതിനിധിയാണ്. പ്രിയമാണ് മൂലം. പ്രിയമാണ് ജീവിതത്തിന്റെ സാരം. പക്ഷേ സ്നേഹമാണ് അഖില സാരമൂഴിയിൽ എന്ന് കവി പാടി എന്ന് കരുതി കണ്ടവരോടൊക്കെ സ്നേഹം പ്രകടിപ്പിക്കാൻ നിന്നാൽ ദുഃഖമേ വരൂ. സ്നേഹം പ്രകടിപ്പിക്കാനുള്ളതല്ല. സ്നേഹത്തിന്റെ സ്രോതസ്സ് കണ്ടെത്തി സ്നേഹത്തിനെ ഞാൻ സ്വന്തമാക്കുന്നതിന് പകരം ഞാൻ സ്നേഹത്തിന് സ്വന്തമാകണം. അതായത് ഞാൻ ഭഗവാന്റെ ആകണം ഭഗവാൻ എന്റെയാകാൻ പാടില്ല. ഈ രണ്ട് ഭാവങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഈശ്വരി അഥവാ ദേവി എന്റെയാകുന്നതിന് പകരം ഞാൻ ദേവിയുടെ ആയി തീരുന്നു.

മാനസ രാമായണത്തിൽ ഒരു കഥയുണ്ട്. മൂല ഗ്രന്ഥത്തിൽ കാണില്ല വ്യാഖ്യാനത്തിലാണ് ഈ കഥ വരുന്നത്. രാമനും ലക്ഷ്മണനും കിഷ്കിന്തയിൽ വരുന്നു. സുഗ്രീവൻ ഹനുമാനെ അവരെ കൂട്ടി കൊണ്ട് വരാനായി പറഞ്ഞയക്കുന്നു. ഹനുമാൻ രാമ ലക്ഷ്മണൻമാരുടെ അടുക്കലെത്തി സ്വയം അജ്ഞനാ പുത്രനെന്ന് പരിചയപ്പെടുത്തി. അവരെ സുഗ്രീവന്റെ അടുക്കലേയ്ക്ക് കൊണ്ടു പോകാൻ വന്നതാണ് എന്നറിയിച്ചു. അപ്പോൾ ലക്ഷ്മണൻ ചോദിച്ചു എങ്ങനെ ഞങ്ങൾ ഇത്ര ഉയരത്തിലേയ്ക്ക് വരും. സുഗ്രീവന് ഇങ്ങോട്ട് വന്നു കൂടെ?  ഹനുമാൻ പറഞ്ഞു സുഗ്രീവന് വരാൻ സാധിക്കില്ല. ഞാൻ നിങ്ങളെ എടുത്ത് കൊണ്ട് പോകാം. കാരണം സുഗ്രീവൻ ഒരു ജീവനാണ്. ജീവന് ഭഗവാന്റെ അടുത്ത് വരാൻ സാധിക്കില്ല. ഭഗവാൻ തന്നെ ജീവന്റെ അടുക്കൽ വരണം. ഒരു ജീവന് ഭഗവാന്റെ അടുക്കൽ വരാൻ ജ്ഞാന യോഗമോ ഭക്തി യോഗമോ എന്തെങ്കിലും വേണം. ഇയാൾക്ക് ഇത് ഒന്നുമില്ല. ഇടയ്ക്ക് കള്ളവും പറയും. വിശ്വാസവും പോര. ഏതോ ഒരു പുണ്യം കൊണ്ട് അങ്ങ് മുകളിലിരിക്കുന്നു. താഴെയിറങ്ങി വരാനും കൂട്ടാക്കുന്നില്ല. അതു കൊണ്ട് അങ്ങ് തന്നെ മുകളിലേയ്ക്ക് വരണം. ഞാൻ അങ്ങയെ വഹിച്ചു കൊണ്ട് പോകാം. ലക്ഷ്മണൻ ചോദിച്ചു എങ്ങനെ വഹിക്കും? അപ്പോൾ ഹനുമാൻ, രണ്ട് രീതിയിൽ വഹിക്കാം. ഒന്നുകിൽ ഒക്കത്ത് വയ്ക്കാം. അല്ലെങ്കിൽ മുതുകത്ത് വയ്ക്കാം. ഒക്കത്തിരുത്താനുള്ള ഭാഗ്യം കൗസല്യാ മാതാവിനും ദശരഥനും ഒക്കെ കിട്ടിയതാണ് അതെനിക്ക് വേണ്ട. കാരണം ആരെയാണോ ഒക്കത്തിരുത്തുന്നത് അവർ നമ്മുടേതായി തീരും. I become the owner and the object or the person becomes the possession. ഹനുമാൻ പറയുകയാണ് ഞാൻ നിങ്ങളെ ഒക്കത്തിരുത്തിയാൽ നിങ്ങളെ നോക്കേണ്ട ചുമതല എനിയ്ക്കാകും. ഞാനൊരു വ്യക്തിയായിരുന്ന് കൊണ്ട് നിങ്ങളെ നോക്കാൻ ആഗ്രഹിക്കുന്നില്ല. മുതുകത്തിരുന്നാൽ നിങ്ങളോടിക്കുകയും ഞാൻ ഓടുകയും ചെയ്താൽ മതി. അതാണ് സേഫ്. 😊

ഭക്തിയിൽ തന്റെ അല്പമായ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തി കളയുന്നവൻ  പൂർണ്ണമായും സ്വതന്ത്രനാകുന്നു എന്നതാണ് ഭക്തിയുടെ രഹസ്യം. അല്പമായ സ്വാതന്ത്ര്യത്തിനെ കൂടുതൽ പെരുപ്പിക്കുന്നത് കൊണ്ട് ബന്ധനത്തിൽ വീഴുന്നു എന്നാണ് ഭക്തൻ പറയുന്നത്. അല്പമായ സ്വാതന്ത്ര്യത്തിനെ അനന്തത്തിൽ ഇല്ലാതാക്കി തീർക്കുക. അല്ലാതെ അനന്തത്തിനെ തന്റെ കൈവശം വയ്ക്കാൻ നോക്കരുത്. ശാസ്ത്രത്തിനും അദ്ധ്യാത്മികതയ്ക്കും തമ്മിൽ ഇതാണ് വിത്യാസം. ശാസ്ത്രം അനന്തതയെ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. ഒരു കുമിളയുടെ ഉള്ളിൽ സമുദ്രത്തിനെ അടക്കാൻ നോക്കുന്നു. അദ്ധ്യാത്മികത പറയുന്നു കുമിള പൊട്ടി സമുദ്രത്തിൽ വീണാൽ സമുദ്രം സ്വന്തമാകുമെന്ന്. സ്വയം സമുദ്രമായിട്ട് തീരുമെന്ന്. എന്തിനാണ് കുമിളയുടെ ഉള്ളിലേയ്ക്ക് സമുദ്രം കൊണ്ട് വരാൻ ശ്രമിക്കുന്നത്. നീയില്ലാതായി തീരു അതിൽ. അകന്ന് നിൽക്കുന്നിടത്തോളം ഒരിക്കലും അത് നിന്റേതാകില്ല.

പ്രേമത്തെ കൈവശപ്പെടുത്തുന്നത് ലൗകികവും പ്രേമത്തിന്  സ്വയം തന്നെത്തന്നെ വിട്ട് കൊടുക്കുന്നത് അദ്ധ്യാത്മികവുമാണ്. ഇവിടെ ലൗകിക പ്രേമം തന്നെ അദ്ധ്യാത്മിക പ്രേമമായി തീരും. ഭർത്താവിനോടുള്ള പ്രിയത്തിന് ഭാര്യ അടിമപ്പെട്ട് കൊടുക്കുകയാണെങ്കിൽ ഭാര്യ സ്വതന്ത്രയാകും. ഭർത്താവിനോടുള്ള പ്രിയത്തിനെ അവകാശപ്പെടുകയാണെങ്കിൽ ഭാര്യ ബന്ധനത്തിൽ പെടും. വളരെ വിചിത്രമാണീ സിദ്ധാന്തം.

Nochurji🙏
Malini dipu 

No comments:

Post a Comment