Thursday, November 07, 2019

സദ്ഗുരു :
നിങ്ങൾ വളരെ നിസ്സാരനാണെന്ന കാര്യം നിങ്ങളെത്തന്നെ ബോദ്ധ്യപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് തീർത്ഥാടനം.

തീർത്ഥാടനത്തിൻറെ ലക്‌ഷ്യം തന്നെ നിങ്ങളെ വിനയാന്വിതനാക്കുക എന്നതാണ്.

ഹിമാലയനിരകളെ നമ്മൾ തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കാൻ കാരണം അത് നമ്മിൽ ‘ഞാന്‍ ഒന്നുമല്ല’ എന്ന ബോധം ഉളവാക്കും എന്നതു കൊണ്ടാണ്. അതാണു യഥാർത്ഥത്തിൽ സംഭവിക്കേണ്ടത്‌. എത്ര വലിയവനായിക്കൊള്ളട്ടെ, എത്ര കഴിവുള്ളവനായിക്കൊള്ളട്ടെ, ഹിമാലയത്തിന്‍റെ താഴ്‌വരയില്‍ നില്‍ക്കുമ്പോൾ വളരെ ചെറുതാണെന്ന ബോധം ഒരുവനിലുണ്ടാകാതിരിക്കുകയില്ല. കണ്ണു തുറന്നു ചുറ്റും നോക്കിയാൽ ആകാശംമുട്ടെ നില്‍ക്കുന്ന പര്‍വതശിഖരങ്ങളും, മഞ്ഞുമൂടിക്കിടക്കുന്ന മാമലകളും, അവരെ തൊട്ടുരുമ്മി കുത്തിയൊലിക്കുന്ന പുണ്യനദികളും, അതിന്റെയെല്ലാം നടുവില്‍ ഉറുമ്പിനോളം ചെറുതായ വെറും ഒരു ജീവിയാണെന്നു ബോധ്യപ്പെടുത്തുന്ന ഈ നിങ്ങളും.

തീർത്ഥാടനത്തിൻറെ ഉദ്ദേശം തന്നെ അസ്തിത്വത്തിൽ നിങ്ങളുടെ സ്ഥാനം എന്താണെന്നറിയാനും, അതിലെ വെറുമൊരു ധൂളീകണം പോലെയാണ് താനെന്നു സ്വയം അറിയാനും അനുഭവിക്കാനും വേണ്ടിയാണ്.

വെറും നിസ്സാരനായ ഈ കൊച്ചു മനുഷ്യന് അഗാധമായ പ്രപഞ്ചരഹസ്യം അതിന്റെ എല്ലാ വൈവിധ്യത്തിലും ഉൾക്കൊള്ളാൻ കഴിയും എന്ന മഹത്തായ സത്യമറിഞ്ഞ് അകമറിഞ്ഞാഹ്ലാദിക്കുകയും, നമ്രശിരസ്കരായി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യണം. നന്ദി, വിനയം, സന്തോഷം, സമാധാനം ഇതെല്ലാം അതിൻറെ ഒരു ഭാഗമാണ് – മനുഷ്യജീവിയായി ജനിച്ചതിന്റെ സൌന്ദര്യം അതിലാണ്.

താൻ വലിയവനാണെന്നു നടിക്കാന്‍ നമുക്കെന്തുണ്ട്? താന്‍ വെറും നിസ്സാരനാണെന്ന് മനസ്സിലാകാതിരിക്കുന്നടത്തോളം കാലം തന്നിലേക്ക് ഈ മഹാപ്രപഞ്ചമെന്ന സത്യത്തെ ഉൾക്കൊള്ളാൻ അവന് കഴിയില്ല. താൻ ചെറുതാണെന്ന് സ്വയം അറിഞ്ഞാലോ, അവന്‍ അപരിമിതനായി മാറുന്നു. ആ ദിശയിലേക്കു വളരാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രക്രിയയാണ് തീർത്ഥാടനം.
*കടപ്പാട് :ഹരിഒാം*

No comments:

Post a Comment