Wednesday, November 27, 2019

ഷോഡശ സംസ്കാരത്തിലെ പ്രധാന ക്രിയയാണ് ഗർഭധാന സംസ്കാരം . പല ഗ്രൂപ്പിൽ നിന്നും വന്ന ഒരു പ്രധാന സംശയമായിരുന്നു നമുക്കിഷ്ടപ്പെട്ട രീതിയിൽ നല്ല കുട്ടികളെ  ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ എന്നത് . ഗർഭധാന സംസ്കാരം പഠിപ്പിക്കുന്നത് എങ്ങിനെ നല്ല കുട്ടികളെ ഉണ്ടാക്കിയെടുക്കാം എന്നതാണ്. ഭാരതം പഴയ പ്രതാപത്തിലേക്കും പ്രൗഢിയിലേക്കും പോകേണ്ടതിന് ഇത്തരം ഒരു പുതു തലമുറ ഉണ്ടാവേണ്ടതും അത്യാവശ്യമാണ്.

ഇത്തരം ക്രിയകളെക്കുറിച്ച് നമ്മുടെ പുരാണങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഗർഭധാനത്തിന് സമയം ഒരു പ്രധാന ഘടകമാണ്. വ്യാസന്റ ജനനം ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ നമുക്ക് ഇതിന് കാണാൻ സാധിക്കും.  ഇന്നും ശാന്തി മുഹൂർത്തം നോക്കുന്ന ചില വിഭാഗങ്ങൾ നമുക്കിടയിലുണ്ട്. ആ വിഭാഗങ്ങളിൽ ജനിക്കുന്ന ബഹു ഭൂരിപക്ഷം കുട്ടികളും നല്ല ബുദ്ധിമാന്മാരാവാനുള്ള കാരണവും ഇതാണ്.

ഇതേപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ഗർഭധാന സമയത്തെ മാതാവിന്റെ മാനസിക നില .  വേദവ്യാസനിൽ നിന്നും കണ്ണടച്ച് ഗർഭധാനം നടത്തിയ അമ്പികയുടെ പുത്രനായ ധൃതരാഷടർ അന്ധനായതും, വിളറി വെളുത്ത അംബാലികയുടെ പുത്രനായ പാണ്ടുവിന് ജന്മനാൽ പാണ്ടു രോഗം ഉണ്ടായതും വ്യാസനെ സ്നേഹത്തോടെ സമീപിച്ച ദാസിക്ക് ജ്ഞാനിയായ പുത്രൻ (വിദുരർ ) ജനിച്ചതുമായ കഥ മഹാഭാരതത്തിൽ പറയുന്നുണ്ടല്ലോ.

- നിങ്ങളുടെ സന്താനങ്ങൾ ആരാകണമെന്ന് നിശ്ചയിക്കേണ്ടത്  എൻട്രൻസ് പരീക്ഷക്ക് ശേഷമല്ല . മറിച്ച് ഗർഭാധാനത്തിന് മുമ്പാണ് , കാരണം ഗർഭാധാനത്തോടെയും ഗർഭകാലത്തോടെയും ആണ് കുഞ്ഞി ന്റെ അഭിരുചി രൂപപ്പെടുന്നത് . അതിനു  ശേഷം അത് മാറ്റാൻ കഴിയുകയില്ല . കുട്ടി ജനിച്ചതിനുശേഷം അയാളുടെ അഭിരുചി ( വാസന ) മാറ്റാൻ ശ്രമിക്കുന്നത് ചെടികളുടെ കൂമ്പിൽ വെള്ളമൊഴിക്കുന്നതുപോലെയാണ് .

നിങ്ങൾക്ക് ഏത് തരത്തിലുള്ള സന്താനങ്ങളെവേണമെങ്കിലും സ്യഷ്ടിക്കാനുള്ള വിദ്യകൾ ( Technic ) തന്ത്രശാസ്ത്രതത്തിലുണ്ട് . അത് പ്രകാരം ഏത് മേഖലയിൽ അഭിരുചിയുള്ള കുട്ടിയെയാണോ നിങ്ങൾക്ക് വേണ്ടത് അത്തരം കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ കഴിയും . വേദം ഇത് വ്യക്തമാക്കുന്നു . വേദം നിങ്ങളോട് പറയുന്നു നിങ്ങൾക്ക് വൈദ്യത്തിൽ ( Doctor ) പ്രഗത്ഭനായ വ്യക്തിയെ വേണമെങ്കിൽ ഇന്നത് ചെയ്യുക , നിങ്ങൾക്ക് ഗണിതത്തിൽ പ്രഗത്ഭനായ ( Engineering ) വ്യക്തിയെ വേണമെങ്കിൽ ഇന്നത് ചെയ്യുക എന്ന് . അതുപോലെ വേദത്തിൽ പ്രഗത്ഭനാകണമെങ്കിൽ ചെയ്യേണ്ടുന്ന വിധവും വേദം പറയുന്നു . അതുപോലെ തന്നെ നിങ്ങൾക്ക് സൃഷ്ടിക്കേണ്ടത് തസ്കരനെയോ കൊലപാതകികളെയോ ആണെങ്കിൽ അതിനും വിധികൾ ഉണ്ട് . എന്തിനധികം പറയുന്നു നിങ്ങളുടെ കുട്ടികളുടെ ആയുസ്സ് നിശ്ചിയിക്കാൻ വരെ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വേദ ഗ്രന്ഥങ്ങൾ നമ്മളോട് പറയുന്നു .

 ഗർഭാധാന സംസ്കാരം കഴിഞ്ഞാൽ പിന്നീട് പ്രാധാന്യ മർഹിക്കുന്നത് ഗർഭകാലമാണ് . ഈ പത്തുമാസം കൊണ്ടാണ് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളർച്ച ഉണ്ടാകുന്നത് . ഈ പത്തുമാസം എങ്ങനെ കഴിയണമെന്ന് ആയുർവേദം നമ്മളോട് പറയുന്നുണ്ട് . അഭിമന്യു ചക്രവ്യൂഹം ഭേദിക്കുവാൻ പഠിച്ചത് അമ്മയുടെ ഗർഭത്തിലിരുന്നാണെന്ന് ഓർക്കുക .അതു പോലെ പ്രഹ്ളാദൻ ദുഷ്ടനായ അച്ഛന്റെ മകനായിട്ടു പോലും ഈശ്വരഭക്തനായത് ഗർഭകാലത്ത് നാരദമുനിയുടെ ആശ്രമത്തിലായിരുന്നത് കൊണ്ടാണ്. സാധാരണയായി നമ്മുടെ മുത്തശ്ശിമാർ പറയാറുണ്ട് ഗർഭിണി അഞ്ചാം മാസത്തിൽ വീരന്മാരുടേയും രാജാക്കന്മാരുടേയും യോദ്ധാക്കളുടേയും കഥ കേൾക്കണമെന്ന് . കാരണം ആ സമയത്താണ് കുഞ്ഞിന്റെ മനസ്സ് ഉണ്ടാകുന്നത്.  കുട്ടിക്ക് ധൈര്യം ഉണ്ടാകാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ഗർഭധാന കാലഘട്ടം വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടമാണ്. വധൂവരന്മാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപ്പണം ചെയ്യുന്ന സംസ്കാരമാണ് ഗർഭാധാനം.  ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങ്ങൾ സേവിച്ചും , വിശുദ്ധാഹാരങ്ങൾ കഴിച്ചും ശരീരത്തെയും ; ഈശ്വരഭക്തി , ആശ്രമ ധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പ തികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നും ധർമശാസ്ത്രഗ്രന്ഥങ്ങൾ വിവരിക്കുന്നു . മനുസ്മൃതി പ്രകാരം സ്ത്രീരജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം . നിശ്ചിത ദിനത്തിൽ സംസ്കാരകർമത്തോടു കൂടി  വധുവരന്മാർ പത്നി പതിത്വം വരിച്ചു ഗർഭധാനം ചെയ്യണം . അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കുകയില്ല . ഈ ക്രമത്തിനെ ഉപനിഷദ് ഗർഭലംഭനം എന്ന് " അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു . “

 ഗർഭസ്വധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
 നസ്മിന്യേന വാ കർമണ തദ് ഗർഭദാനം ”

ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീക രിക്കുക എന്നതാണർത്ഥം .

മനുസ്മൃതി പ്രകാരം സ്ത്രീ രജസ്വലയകുന്ന ദിവസം തൊട്ട് 16 ദിവസമാണ് ഋതുകാലം ഇതിൽ ആദ്യത്തെ 4 ദിവസം ബാഹ്യമായ പലകാരണങ്ങളാൽ ഗർഭധാനത്തിന് നിഷിദ്ധമാണ് . ഈ ദിവസങ്ങളിൽ സ്ത്രീയെ പുരുഷൻ സ്പർശിക്കരുത് . അതുപോലെ അമാവാസി , ചതുർദ്ദശി , അഷ്ടമി എന്നീ തിഥികളും ഗർഭാധാനത്തിന് വർജ്യങ്ങളാകുന്നു .

ഇന്ന് ജർമനിയിൽ ഒരു നഴ്സറി തുടങ്ങിയിട്ടുണ്ട് . അത് കുട്ടികൾക്കു വേണ്ടിയല്ല . ഗർഭിണികൾക്കായാണ് . കാരണം ജർമനി നിരന്തര പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കി ഭാരതത്തിന്റെ വഴിയാണ് ശരിയെന്ന് .

 ഗർഭാവസ്ഥയിലാണ് കുഞ്ഞിന്റെ സ്വഭാവം രൂപപ്പെടുന്നത്  എന്ന്  ജർമ്മനി പറയുന്നു . ഗർഭിണി ഗർഭാവസ്ഥയിൽ കൊലപാതകം കാണുകയാണങ്കിൽ കുഞ്ഞ് മന്ദബുദ്ധിയാകും . കൊലപാതകം നേരിട്ട് കണ്ടില്ലെങ്കിലും ടെലിവിഷനിൽ കണ്ടാലും മതി . നമ്മൾ കഴിഞ്ഞദിവസം പത്രത്തിൽ കണ്ടു ഒരു ഗർഭിണി ഗർഭാവസ്ഥയിൽ സ്ഥിരമായി കേട്ടപാട്ട് അവർ പ്രസവിച്ച കുട്ടി തന്റെ മുന്നാം വയസ്സിൽ സ്വരസ്ഥാനങ്ങൾ തെറ്റാതെ പാടി എന്ന് . അതൊക്കെ തെളിയിക്കുന്നത് ഗർഭാവസ്ഥയിലാണ് കൂട്ടി യുടെ വ്യക്തിത്വം രൂപപ്പെടുന്നത് എന്നാണ് . അതിനാൽ ആചാര്യന്മാർ ഗർഭാവസ്ഥയ്ക്ക് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു .

ഗർഭിണി 10 മാസത്തിലും നെയ്യ് ജപിച്ചു  കഴിക്കേണ്ടതുണ്ട് . 10 മാസത്തിലും 10 വെവ്വേറെ മന്ത്രങ്ങൾ തന്ത്ര ശാസ്ത്രം നിഷ്കർഷിക്കുന്നുണ്ട് . അടുത്ത രണ്ടു സംസ്കാരങ്ങൾ ഗർഭാവസ്ഥയിൽ ചെയ്യാനുള്ളതാണ് .

ഗർഭകാലത്ത് വിശുദ്ധാഹാരങ്ങൾ മാത്രം കഴിക്കുക .  പകൽ ഉറങ്ങാൻ പാടില്ല . പകൽ ഉറങ്ങിയാൽ പിറക്കുന്ന കുട്ടി മന്ദബുദ്ധിയായിത്തീരാം , ഗർഭിണിക്ക് രണ്ടു ഹൃദയമുള്ളതുകൊണ്ട് ദൗഹൃദീയെന്നു പറയുന്നു . ഗർഭിണിയുടെ ധാർമ്മികമായ ആഗഹം തടയപ്പെട്ടാൽ മാനസികമായും , ശാരീരികമായും വൈകല്യമുള്ള ( കൂനൻ , കൈമുടന്തൻ , കാൽമുടന്തൻ , ബുദ്ധി ഹീനൻ , നീളം കുറഞ്ഞവൻ , കോങ്കണ്ണൻ , അന്ധൻ എന്നി ങ്ങനെയുള്ള ) സന്താനങ്ങളുണ്ടാകുന്നു , അതു കൊണ്ടാണ് ഗർഭിണിയുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കിക്കൊടുക്കണമെന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നത്. ഗർഭിണി മധുരം അധികം കഴിയ്ക്കുന്നതുകൊണ്ട് സന്താനത്തിന് പ്രമേഹം ഉണ്ടാകുന്നു . പുളി അധികം കഴിക്കുന്നതുകൊണ്ട് രക്തപിത്തരോഗവും ത്വക് രോഗവും നേത്രരോഗവും ഉണ്ടാകാം .

ഉപ്പ് അധികം കഴിയ്ക്കുന്നതുകൊണ്ട് ജരയും നരയും കഷണ്ടിയുമുണ്ടാകാം , കയ്പ് അധികം കഴിച്ചാൽ ദേഹം ശോഷിച്ചതും , ചടഞ്ഞതും ആകാം , എരിവ് അധികം കഴിച്ചാൽ സന്താനത്തിന് ബലഹാനിയും , വീര്യഹാനിയും , അനപത്യത ( സന്താന ഉല്പാദന ശേഷിക്കുറവ് ) യും ഉണ്ടാകാം , ചവർപ്പ് അധികം കഴിച്ചാൽ നിറം കറുത്തുപോകാം , വാതസംബന്ധമായ അസുഖത്തിന് കാരണമായിത്തീരാം , . ഗർഭിണി മലർന്നു കിടക്കരുത് . അങ്ങിനെ ചെയ്താൽ  ഗർഭനാഡി ശിശുവിന്റെ കഴുത്തിൽ ചുറ്റി ആപത്തുണ്ടാകുവാനിടയുണ്ട് . ഗർഭകാലത്ത് ഭാര്യാഭർത്താക്കന്മാർ കലഹശീലമുള്ളവരാണെങ്കിൽ കുട്ടികൾക്ക് അപസ്മാരം ഉണ്ടാകാം , മൈഥുനത്തിൽ നിരന്തരം അമിതാസക്തിയുള്ളവരുടെ സന്താനത്തിന് ലജ്ജയില്ലായ്മയും , ലമ്പടത്വവും ഉണ്ടാകാം , സങ്കടപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ സന്താനം ഭയമുള്ളതും , ചടച്ചതും , അല്പായുസ്സും ആയിത്തീരാം , അന്യന് ആപത്ത് വരണമെന്നാഗ്രഹിക്കുന്നവരുടെ സന്താനം മുൻകോപികളും , ഈർഷ്യമുള്ളവരുമാകാം , ഗർഭിണി മദ്യം ശീലിക്കുന്നതുകൊണ്ട് ദാഹമധികവും , ഓർമ്മക്കുറവും , മനസ്സുറപ്പില്ലാത്തതുമായ സന്താനം ജനിയ്ക്കാം .

ഇത്തരം കാര്യങ്ങളൊക്കെ ഒഴിവാക്കിയാൽ ഒരു ഉത്തമ സന്താനത്തിനെയാവും ലഭിക്കുക.
Hindu Dharmam 

No comments:

Post a Comment