Saturday, November 09, 2019

ജീവജാലങ്ങളുടെയെല്ലാം പുണ്യപാപങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുകയാണ് ചിത്രഗുപ്തന്റെ പ്രധാനജോലിയായി കരുതപ്പെടുന്നത്. ഇവ രേഖപ്പെടുത്തുന്ന ഗ്രന്ഥത്തിന്റെ്  പേര് *അഗ്രസന്ധാനി* എന്നാണ്.
ചിത്രഗുപ്തന്റെ ജനനത്തെപ്പറ്റി രണ്ടു പുരാവൃത്തങ്ങളുണ്ട്. സൃഷ്ടി കര്‍മത്തിന്റെ അന്ത്യത്തില്‍ ഓലയും നാരായവുമായി പിറന്നയാളാണ് ഇദ്ദേഹമെന്ന് ഒരു പുരാവൃത്തം പറയുന്നു. അതില്‍ ബ്രഹ്മാവ് പുണ്യപാപങ്ങളുടെ കണക്കെടുക്കാനായി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. വിചിത്രവും എന്നാല്‍ ഗുപ്തവുമായ കണക്കെടുപ്പിന്റെ ശൈലി കാരണമാണ് ഇദ്ദേഹത്തിന് ചിത്രഗുപ്തന്‍ എന്ന പേര് വന്നത്.

മറ്റൊരു പുരാവൃത്തം ഇങ്ങനെയാണ്. ശിവപാര്‍വതിമാര്‍ ഭൂലോകം നോക്കിയിരിക്കവെ, ജീവജാലങ്ങളുടെ സത്കര്‍മങ്ങളെക്കുറിച്ചും ദുഷ്കര്‍മങ്ങളെക്കുറിച്ചും രേഖപ്പെടുത്തി വയ്ക്കേണ്ടതിന്റെ ആവശ്യകത പാര്‍വതിക്കു ബോധ്യപ്പെട്ടു. പത്നിയുടെ ആ ആഗ്രഹം സഫലമാക്കുന്നതിനായി പലകയില്‍ വരച്ചുണ്ടാക്കിയ ഒരു രൂപത്തില്‍ നിന്നു ശിവന്‍ ജന്മം നല്കിയ ആളാണ് ചിത്രഗുപ്തന്‍.
ചിത്രഗുപ്തപൂജ ഹൈന്ദവര്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്വര്‍ഗനരകങ്ങളില്‍ ഏതാണ് തങ്ങള്‍ക്ക് ലഭിക്കുക എന്നതിനു മാനദണ്ഡം ചിത്രഗുപ്തപുസ്തകമാണെന്ന വിശ്വാസമാണ് ഇതിനു പിന്നിലുള്ളത്. കാര്‍ത്തിക മാസത്തിലെ ശുക്ളപക്ഷ ദ്വിതീയയിലാണ് ഈ പൂജ നടത്തുക. തമിഴ്നാട്ടില്‍, കൈലാസനാഥ ക്ഷേത്രത്തിനും വൈകുണ്ഠസ്വാമിക്ഷേത്രത്തിനും ഇടയ്ക്കായി, കാഞ്ചിയില്‍ ചിത്രഗുപ്ത ക്ഷേത്രമുണ്ട്.

No comments:

Post a Comment