Wednesday, November 27, 2019

ഇള:-(ദ്രൌപദി )......അഗ്നിപുത്രി,
~~~~~~~~~~~~~~~~~~~~~~~~~~~~
‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത ’
എത്രയോ പ്രാവശ്യം നാം ആവർത്തിച്ചു കേട്ടിട്ടുള്ളതാണിത് . അതിന്റെ വിപരീതാവസ്ഥ ചുറ്റും പലപാടരങ്ങേറുമ്പോൾ ഈ വാക്കുകൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിയ്ക്കുന്നു. പുരാണങ്ങളും വേദങ്ങളുമൊക്കെ സ്ത്രീയ്ക്ക്‌ നൽകേണ്ട പ്രാധാന്യത്തെപ്പറ്റി ഉപദേശിച്ചു തന്നിട്ടുണ്ട്. പ്രമാണങ്ങളാക്കി ഊന്നിപ്പറയാനും , ആലങ്കാരികമായി അവതരിപ്പിയ്ക്കാനുമൊക്കെയുള്ള വാക്കുകൾ എന്നതിനപ്പുറം സമൂഹം എന്ത് പ്രാധാന്യമാണീ വാക്കുകൾക്കു നൽകുന്നത് ? ഇന്നെന്നല്ല പുരാണകാലത്തു പോലും അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നുള്ളതിന് പ്രധാന പുരാണ സ്ത്രീ കഥാപാത്രങ്ങൾ തന്നെ സാക്ഷ്യം നിൽക്കുന്നു. ഇവരിൽ സർവ്വകാല പ്രസക്തിയോടെ വേറിട്ടു നിൽക്കുന്ന ഒരു കഥാപാത്രമുണ്ട്. രാജകുമാരിയും, രാജ്ഞിയുമൊക്കെയായി ഐശ്വര്യങ്ങളുടെ നടുവിൽ നിന്നിട്ടും ഏറ്റവുമധികം ദുരിതങ്ങൾ പുരുഷപക്ഷത്ത് നിന്നേൽക്കേണ്ടി വന്ന , ധൈര്യവും തന്റേടവുമൊക്കെയുണ്ടായിട്ടും ചുവടുറപ്പിച്ചു നില്‍ക്കാൻ ഏറെ പാടുപെടേണ്ടി വന്നവൾ - ദ്രൌപദി . ദ്രോണരിൽ നിന്നും തനിയ്ക്കേററ അപമാനത്തിനു പകരം വീട്ടാൻ യാഗം നടത്തിയ ദ്രുപദന് യാഗാഗ്നിയിൽ നിന്നും ലഭിച്ച മക്കളാണ് ധൃഷ്ടദ്യുമ്നനും ദ്രൌപദിയും .
“നാരിമാർ മണിയാം കൃഷ്ണ
പാരിൽ ക്ഷത്രം മുടിപ്പവൾ
സുരകാര്യം ചെയ്യുമിവൾ
പരം കാലേ സുമദ്ധ്യമ
ഇവൾ മൂലം കൌരവർക്കു
കൈവരും പെരുതാം ഭയം”
എന്നൊരശരീരി ദ്രൌപദിയുടെ ജനനസമയത്ത് ഉണ്ടായത്രേ. ഈ പ്രത്യേകതകൾ കാരണമാകാം അന്നത്തെ മറ്റു സ്ത്രീകളിൽ നിന്നും അവൾ വ്യത്യസ്തയായത്‌. കുന്തിയുടേയോ ഗാന്ധാരിയുടേയോ ക്ഷമ ദ്രൌപദിയ്ക്കില്ല . യാഗാഗ്നിയിലെയും അശരീരിയിലെയുമൊക്കെ അമാനുഷികതലം മാറ്റി ക്കഴിഞ്ഞാൽ ദ്രുപദന്റെ മനസ്സിലെ പ്രതികാരാഗ്നിയിൽ നിന്ന് ജനിച്ചവളാണ് അവളെന്നും അതിനാൽ അതിന്റെ തീക്ഷ്ണത അവളുടെ സ്വഭാവത്തിനുണ്ടാകുമെന്നും കരുതണം.
അഭിമാനബോധവും ധൈര്യവും വീര്യവുമെല്ലാമുണ്ടായിട്ടും ദ്രൌപദിയ്ക്കനുഭവിയ്ക്കേണ്ടി വന്നത് കടുത്ത അപമാനങ്ങളാണ്. പാണ്ഡവപത്നിയായപ്പോൾ തൊട്ട് അവൾക്കു ദുരിതങ്ങളുടെ കാലം തുടങ്ങി. അഞ്ചു ഭർത്താക്കന്മാരെ വരിയ്ക്കേണ്ട അവസ്ഥ, ദ്യൂതസഭയിൽ പണയപ്പണ്ടമായത്, വസ്ത്രാക്ഷേപം, വനവാസം, അജ്ഞാത വാസം,ജയദ്രഥനിൽ നിന്നും കീചകനിൽ നിന്നും ഏൽക്കേണ്ടി വന്ന അപമാനം, യുദ്ധത്തിൽ സഹോദരങ്ങളു ടെയും മക്കളുടെയും മരണം – തുടങ്ങി ജീവിതത്തിന്റെ ഭൂരിഭാഗവും കനത്ത ദുഃഖങ്ങളും കടുത്ത ദുരിതങ്ങളും തന്നെയാണ് അവർക്കനുഭവിയ്ക്കേണ്ടി വന്നത്. സമ്പന്നമായ ദ്രുപദ രാജധാനിയിൽ സർവ്വൈശ്വര്യങ്ങലോടും കൂടിയാണ് ദ്രൌപദി വളർന്നത്. രാജവംശത്തിന്റെ കുലീനതയും പ്രൌഢിയും ക്ഷാത്രവീര്യവും അവളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം തന്നെയാണ്. തന്റെ നേർക്കുണ്ടായ ഓരോ അനീതിയോടും, അത് ചെയ്തവരാരായാലും അവൾ പ്രതികരിച്ചിട്ടുണ്ട്. വസ്ത്രാക്ഷേപവേളയിൽ തന്നെ പണയം വെച്ച യുധിഷ്ഠിരനെ ചോദ്യം ചെയ്യാൻ മടിച്ചില്ല – വിജ്ഞാനികളായ പ്രമുഖർക്കുത്തരം പറയാൻ കഴിയാത്ത ചോദ്യം ! വനവാസവേളയിൽ തങ്ങൾക്കവകാശപ്പെട്ടതെല്ലാം തിരിച്ചുപിടിയ്ക്കാൻ നിബന്ധനപ്രകാരമുള്ള പതിമൂന്നു വര്‍ഷം കഴിയണമെന്ന യുധിഷ്ഠിരന്റെ നയത്തെ ശക്തമായി എതിർത്തു. തങ്ങൾക്കീ അനർഹമായ ദുരിതങ്ങൾ നൽകിയ വിധിയെപ്പോലും നിന്ദിച്ചു . തന്നെ അപഹരിയ്ക്കാൻ ശ്രമിച്ച ജയദ്രഥനെ ദുശ്ശളയുടെ ഭർത്താവെന്നോർത്ത് വിട്ടയച്ച യുധിഷ്ഠിരന്റെ അഭിപ്രായത്തോട് യോജി യ്ക്കാൻ അവൾക്കു കഴിഞ്ഞില്ല. അജ്ഞാതവാസക്കാലത്ത് തന്നെ അപമാനിയ്ക്കാനൊരുങ്ങിയ കീചകനെ സന്ദര്‍ഭങ്ങളെല്ലാം പ്രതികൂലമായിരുന്നിട്ടും കൊല്ലുക തന്നെ വേണമെന്നവൾ ശഠിച്ചു. യുദ്ധത്തിനു വൈമുഖ്യം കാണിച്ച ഭർത്താക്കന്മാര്‍ക്ക് നിശിതമായ വാക്കുകൾ കൊണ്ടു തന്നെ പ്രേരണ നൽകി. തന്റെ സഹോദരനേയും മക്കളേയും ചതിച്ചു കൊന്ന ദ്രൌണിയുടെ ചൂഡാമണി തനിയ്ക്ക് നേടിത്തരണമെന്നവൾ നിഷ്ക്കർഷിച്ചു – ഇങ്ങനെ വിട്ടുവീഴ്ചയില്ലാതെ പെരുമാറിയവളാണ് ദ്രൌപദി
അഞ്ചു ഭർത്താക്കന്മാരെ സ്വീകരിയ്ക്കേണ്ടി വന്നപ്പോഴത്തെ ദ്രൌപദിയുടെ ചിത്തവൃത്തിയെക്കുറിച്ച് കഥയിലൊന്നും പറയുന്നില്ല. അതവളുടെ വിധിയാണെന്നതിനു ഒരു മുജ്ജന്മകഥ നിബന്ധിച്ചിട്ടുണ്ട്. കഥയിലെവിടേയും എടുത്തുപറയുന്നില്ലെങ്കിലും അർജ്ജുനാനുരാഗിണിയായിരുന്നു ദ്രൌപദി എന്നൂഹിയ്ക്കാം. മഹാപ്രസ്ഥാനവേളയിൽ ദ്രൌപദി തളർന്നു വീണപ്പോൾ യുധിഷ്ഠിരൻ ഭീമനോടത് പറയുന്നുമുണ്ട്. ബഹുഭർത്തൃത്വത്തിന്റെ കാര്യം പറഞ്ഞാണ് ദ്യൂതസഭയിൽ കർണ്ണൻ ദ്രൌപദിയെ നിന്ദിച്ചത് . ദ്രൌപദി സ്വയം അക്കാര്യം പറഞ്ഞ് ക്രുദ്ധയാവുകയോ വിലപിയ്ക്കുകയോ ചെയ്യുന്നില്ല. ബഹുഭർത്തൃത്വം അക്കാലത്ത് പതിവല്ലെങ്കിലും അപൂർവ്വമല്ലെന്നു യുധിഷ്ഠിരന്‍ പറയുന്നുമുണ്ട്.
ഏറ്റവും നിർഭാഗ്യവതിയായ രാജ്ഞി മാത്രമല്ല , ഏറ്റവും തെറ്റിദ്ധരിയ്ക്കപ്പെട്ട , വിമർശിയ്ക്കപ്പെട്ട സ്ത്രീകഥാപാത്രം കൂടിയാണ് ദ്രൌപദി . അഹങ്കാരിയായും, ധിക്കാരിയായും, കുരുക്ഷേത്രയുദ്ധത്തിനു കാരണക്കാരിയായുമൊക്കെ ദ്രൌപദി വിമർശനവിധേയയായിട്ടുണ്ട്. സ്വയംവരമണ്ഡപത്തിൽ ചാപഭഞ്ജനത്തിനൊരുങ്ങിയ കർണ്ണനെ ‘ സൂതനെ ഞാൻ വരിയ്ക്കാ ’ എന്ന് പറഞ്ഞു തടഞ്ഞതാണൊരു കാരണം. സ്വയംവരവേദിയിൽ ഇഷ്ടപ്പെട്ടവനെ സ്വീകരിയ്ക്കാനുള്ള പരിപൂർണ്ണസ്വാതന്ത്ര്യം കന്യകയ്ക്കുണ്ട്. ദ്രുപദൻ മത്സരം വെച്ചിരുന്നെങ്കിലും അത് ക്ഷത്രിയർക്കും ബ്രാഹ്മണർക്കുമാണെന്നു പറഞ്ഞിരുന്നു. തന്റെ അഭിപ്രായസ്വാതന്ത്ര്യമാണ് ദ്രൌപദി അവിടെ പ്രയോഗിച്ചത്. സ്വയംവരം അപഹരണവും യുദ്ധവുമൊക്കെയായി മാറുന്ന പതിവുണ്ടെങ്കിലും അതൊന്നും ഭയക്കാത്ത ക്ഷാത്രവീര്യമുള്ളവളാണ് ദ്രൌപദിയെന്നതിനാൽ തന്റെ അഭിപ്രായം അച്ഛനോടോ സഹോദരനോടോ പതുക്കെ പറയാതെ തുറന്നു പ്രഖ്യാപിയ്ക്കുക തന്നെ ചെയ്തു എന്ന് മാത്രം. വസ്ത്രാക്ഷേപവേളയിൽ യുധിഷ്ഠിരനോട് തന്നെ പണയം വെച്ചതിനെക്കുറിച്ച് ചോദിച്ചതാണ് മറ്റൊരു ഘടകം. രാജാവും പിതാമഹനും ഗുരുക്കന്മാരുമൊക്കെയുള്ള സഭയിൽ ദ്രൌപദിയുടെ ശബ്ദമുയർന്നത് ധിക്കാരമാണോ? അവരൊക്കെ നോക്കിയിരിയ്ക്കെയല്ലെ കുലവധുവിന്റെ നേരെ അരുതാത്ത അക്രമം നടന്നത്. സ്വയം അപമാനി യ്ക്കപ്പെട്ടുകൊണ്ടാണോ അവൾ അച്ചടക്കം പാലിയ്ക്കേണ്ടിയിരുന്നത് . സംരക്ഷിയ്ക്കേണ്ടവർ നിഷ്ക്രിയരായി നിൽക്കുമ്പോൾ സ്വരക്ഷയ്ക്ക് സ്ത്രീയ്ക്ക് സ്വയം പ്രതികരിച്ചല്ലേ പറ്റൂ? മറ്റേതെങ്കിലുമൊരു രാജ്ഞിയ്ക്കു ഇത്തരമൊരപമാനം രാജസദസ്സിൽ , സഹോദരസ്ഥാനീയരിൽ നിന്നനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ടോ? ഒരു ദാസിയോടു പെരുമാറും വിധമാണോ കൌരവർ ദ്രൌപദിയോട് പെരുമാറിയത് – ഇങ്ങനെയൊരു സന്ദർഭത്തിൽ പ്രതികരിച്ചതിനെ എങ്ങനെ അഹങ്കാരമായി കണക്കാക്കും?
മഹാഭാരതയുദ്ധത്തിന്റെ ആദികാരണം ദ്രൌപദി ഇന്ദ്രപ്രസ്ഥത്തിൽ വെച്ച് ദുര്യോധനനെ പരിഹസിച്ച് ചിരിച്ചതാണെന്നും , ദ്രൌപദീവസ്ത്രാക്ഷേപത്തിന്റെ പേരിലാണ് കുരുക്ഷേത്രയുദ്ധമുണ്ടായതെന്നുമൊക്കെ നിരൂപകാഭിപ്രായങ്ങൾ ദ്രൌപദിയെ പ്രതിക്കൂട്ടി ലാക്കിയിട്ടുണ്ട്. കൌരവ പാണ്ഡവർ തമ്മിലുള്ള ശത്രുത ബാല്യകാലം മുതൽക്കേ ആരംഭിച്ചിട്ടുണ്ട്. അന്നേ പല ഉപദ്രവങ്ങളും കൌരവർ പാണ്ഡവരോട് പ്രവർത്തിച്ചിട്ടുണ്ട്. സുന്ദരിയായ ദ്രൌപദിയേയും , ശക്തവും സമ്പന്നവുമായ പാഞ്ചാലരാജ്യത്തിന്റെ ബന്ധുത്വവും പാണ്ഡവർക്ക് ലഭിച്ചതിൽ കൌരവർക്കു അസൂയയുണ്ട്. സൂതനെ ഞാൻ വരിയ്ക്കില്ല എന്ന ദ്രൌപദിയുടെ നിരാസമാണ് കർണ്ണന്റെ ശത്രുതയ്ക്ക് നിദാനം. ഇന്ദ്രപ്രസ്ഥത്തിന്റെ ഐശ്വര്യം ദുര്യോധനനെ അസൂയാലുവാക്കി. അവിടെ വെച്ച് തനിയ്ക്ക് സ്ഥലജലവിഭ്രമം ഉണ്ടായപ്പോൾ ദ്രൌപദിയും ഭീമനും ചിരിച്ചത് ദുര്യോധനനിൽ ഈര്‍ഷ്യയുളവാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നുമല്ല, ദുശ്ശാസനൻ പിടിച്ചുലച്ച മുടിയുമല്ല ഭാരതയുദ്ധത്തിനു ഹേതുവെന്നു സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. ദ്രൌപദി തനിയ്ക്കേറ്റ അപമാനത്തെപ്പറ്റി പറഞ്ഞ് ഭർത്താക്കന്മാരെ യുദ്ധോദ്യുക്തരാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സഹദേവനൊഴികെയുള്ള പാണ്ഡവർ അത് കണക്കിലെടുത്തിരുന്നില്ല. യുദ്ധമടുത്ത സമയത്ത് ഭീമൻ പോലും സർവ്വനാശത്തോട് വിരക്തി തോന്നി അനുരഞ്ജന ശ്രമം നടത്തുകയാണുണ്ടായത്. തന്റെ അഴിഞ്ഞുലഞ്ഞ മുടി കാണിച്ച് വിലപിച്ച ദ്രൌപദിയെ സാന്ത്വനിപ്പിച്ചത് കൃഷ്ണനായിരുന്നു. യുദ്ധമുണ്ടായപ്പോൾ പ്രമാണകോടിയിൽ വെച്ചുണ്ടായ അനുഭവം മുതൽ എല്ലാ ഉപദ്രവങ്ങളുടേയും പക മനസ്സിൽ പേറി നടന്ന ഭീമൻ ദ്യൂതസഭയിൽ വെച്ച് താൻ ചെയ്ത ശപഥം നിറവേറ്റുക യായിരുന്നു ധാർത്തരാഷ്ട്രരെ മുഴുവൻ കൊന്നൊടുക്കിയതിലൂടെ. ദ്രൌപദിയുടെ ജനനവേളയിലെ അശരീരിയും അവളുടെ സ്വഭാവത്തിന്റെ തീക്ഷ്ണതയുമാകാം അവളെ യുദ്ധഹേതുവെന്ന പ്രതിയാക്കിത്തീർക്കുന്നത്.
മറ്റ് ക്ഷത്രിയസ്ത്രീകളെപ്പോലെയല്ല ദ്രൌപദി എന്നത് അവളുടെ ജനനം തന്നെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ദേവകാര്യം സാധിപ്പിയ്ക്കുന്നവൾ, ക്ഷത്രിയവിനാശം വരുത്തുന്നവൾ, കൌരവർക്കു ഭീഷണിയാകുന്നവൾ എന്ന സൂചനകൾ അവളുടെ വ്യക്തിത്വത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. അതോടൊപ്പം തന്നെ ശ്രേഷ്ഠയാണവൾ എന്നൊരു സൂചന കൂടി അശരീരി നല്‍കുന്നുണ്ട്. പാണ്ഡവരെ ഐവരേയും ഒരുമിച്ചു നിർത്തുകയും രമിപ്പിയ്ക്കുകയും ചെയ്തവളാണവൾ. പാണ്ഡവർക്കെപ്പോഴും ഐശ്വര്യദായിനിയായി നിന്നത് ദ്രൌപദിയായിരുന്നു. രാജ്യത്തിൽ നിന്നകന്ന് വേഷപ്രച്ഛന്നരായി കഴിയുന്ന കാലത്താണ് ദ്രൌപദി പാണ്ഡവരുടെ ഭാര്യയാകുന്നത്. അപ്പോഴാണ്‌ ധൃതരാഷ്ട്രർ അവരെ തിരിച്ചു വിളിച്ച് അർദ്ധരാജ്യം നൽകിയത്. ദ്യൂതസഭയിൽ വെച്ച് അടിമത്തത്തിൽ നിന്ന് സ്വതന്ത്രരായത് ദ്രൌപദി മൂലം തന്നെ. തന്റെ സഹോദരനേയും മക്കളേയും കൊന്ന അശ്വത്ഥാമാവിന്റെ ചൂഡാമണി ഭീമസേനൻ നേടിക്കൊടുത്തപ്പോൾ അവളത് യുധിഷ്ഠിരന് നല്‍കുകയാണ് ചെയ്തത്..
"ഇതണിഞ്ഞാൽ പേടിയില്ലാ ശാസ്ത്ര വ്യാധിക്ഷുധാദിയിൽ വാനോർ ദാനവർ നാഗങ്ങളിവർ മൂലവുമേതുമേ യക്ഷോഭയവുമില്ലില്ലാ കളളർ പേടിയുമങ്ങനെ"
ഇങ്ങനെ സർവ്വൈശ്വര്യങ്ങളും നൽകുന്ന വിശിഷ്ടരത്നം അവർക്ക് ലഭിച്ചതും ദ്രൌപദി മൂലമാണ്. അഗ്നിയിൽ നിന്ന് ജനിച്ചവൾ എന്ന പ്രയോഗം തന്നെ അവളുടെ സ്വഭാവ ത്തിന്റെ തീക്ഷ്ണതയും ,വികാരാവേശവും , പ്രതികാരബോധവുമെല്ലാം സൂചിപ്പിയ്ക്കു ന്നു. തന്നെ ഉപദ്രവിച്ചവരോടോ, അപമാനിച്ചവരോടോ അവളൊരിയ്ക്കലും ക്ഷമിയ്ക്കു ന്നില്ല. അഭിപ്രായങ്ങൾ തുറന്നുപറയാനും തുറന്നെതിര്‍ക്കാനുമുള്ള ധൈര്യവും വീര്യവും അവൾക്കുണ്ട്.ധർമ്മമാർഗ്ഗത്തിൽ നിന്നും അവൾ വ്യതിചലിയ്ക്കുന്നില്ല. ധൃതരാഷ്ട്രർ ദ്യൂതസഭയിൽ വെച്ച് ഭർത്താക്കന്മാരേയും അവളേയും അടിമത്തത്തിൽ നിന്ന് മുക്തരാക്കിയ ശേഷം മൂന്നാമതും വരം ചോദിയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ
-
"ലോഭം ധർമ്മം നശിപ്പിയ്ക്കുമതിന്നുദ്യമമില്ല മേ യോഗ്യയാകുന്നു മൂന്നാം വരം വാങ്ങുന്നതിനു ഞാൻ ഒന്ന് വൈശ്യവരം ക്ഷത്രസ്ത്രീകൾക്കോ രണ്ടുതാൻ വരം മൂന്നു രാജവരം രാജൻ ബ്രാഹ്മണന്നു ശതം വരം"
എന്ന് അതിലെ അധാർമ്മികത സൂചിപ്പിച്ച് നിഷേധിച്ച വിദുഷിയാണവൾ. തന്റെ പ്രവൃത്തികൾക്കെല്ലാം ധാർമ്മികമായ ന്യായം ദ്രൌപദിയ്ക്ക് പറയാനുണ്ട്. സ്വതസ്സിദ്ധമായ പ്രോജ്ജ്വലമായ വ്യക്തിത്വം അന്യായങ്ങളെ തുറന്നെതിർക്കാനുള്ള തന്റേടം ദ്രൌപദിയ്ക്ക് നൽകി. എന്നിട്ട് ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ അവൾക്കു കഴിഞ്ഞുവോ? കരുത്തരായ ഭർത്താക്കന്മാർ നാൽവരും അവളെ സംരക്ഷിയ്ക്കുന്നതിൽ, അവളുടെ താല്പര്യങ്ങൾ സംരക്ഷിയ്ക്കുന്നതിൽ ഉദാസീനരായിരുന്നു. യുദ്ധത്തിനൊരുങ്ങാ തെ സന്ധിയ്ക്കു തയ്യാറായ അവർ ദ്രൌപദിയുടെ അപമാനിതമായ മനസ്സിനെക്കുറിച്ചോർത്തില്ല. ഓർത്തതും അവള്‍ക്കു വേണ്ടി സംസാരിച്ചതും കുന്തിയും കൃഷ്ണനും സഹദേവനുമായിരുന്നു. ഇങ്ങനെ ഒരമ്മയും സഹോദരനും ഭർത്താവുമാണ് സ്ത്രീയുടെ രക്ഷകർ എന്നും ഇവർ കർമ്മാനുഷ്ഠാനത്തിൽ വിമുഖരെങ്കിൽ അവൾക്കെന്തു സംഭവി യ്ക്കാമെന്നും പുരാണം പഠിപ്പിച്ചു തരുന്നു. എന്നിട്ടും ഇന്നുമരങ്ങേറുന്നത് അതുതന്നെ. സിംഹാസനത്തിൽ അന്ധനും ചുറ്റും നിഷ്ക്രിയരും സ്ഥാനം കയ്യാളുമ്പോൾ ഇന്ദ്രപ്രസ്ഥ ത്തിലാണെങ്കിലും എന്ത് സംഭവിയ്ക്കുമെന്ന് കണ്ണടച്ച് നിശ്ശബ്ദരായിരിയ്ക്കുന്ന നീതിന്യായങ്ങള്‍ പണ്ടേ കാണിച്ചു തന്നിരിയ്ക്കുന്നു. ‘ കാണ്‍കയില്ലിങ്ങില്ലാത്തതെങ്ങുമേ ’ എന്ന മഹാഭാരതത്തെക്കുറിച്ചുള്ള വ്യാസന്റെ അവകാശവാദം തികച്ചും അന്വർത്ഥം തന്നെ.
rajeev kunnekkatt

No comments:

Post a Comment