Sunday, November 24, 2019

പ്രാണനില്‍ ലയിക്കുന്ന മനസ്സ്

Sunday 24 November 2019 2:23 am IST
നാലാം അദ്ധ്യായം രണ്ടാം പാദം വാഗധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്
സൂത്രം - വാങ് മനസി ദര്‍ശനാച്ഛബ്ദാച്ച
വാഗിന്ദ്രിയം ഉത്ക്രാന്തി സമയത്ത് മനസ്സില്‍ ലയിക്കുന്നു എന്നിങ്ങനെ അറിയുന്നുവെങ്കില്‍ അനുഭവത്തില്‍ കാണുന്നതിനാലും ശ്രുതിയില്‍ അങ്ങനെ പറയുന്നതിനാലും  അത് ശരിയാണ് വാക്ക് അല്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ മനസ്സില്‍ സ്ഥിതി ചെയ്യുന്നുവെന്നത് പ്രത്യക്ഷമായതിനാലും ശ്രുതിയില്‍ അങ്ങനെ പറഞ്ഞതുകൊണ്ടും അറിയണം. സാധാരണക്കാരന്റെയും ജ്ഞാനിയുടേയും ഗതിയുടെ സാമ്യതയെ ഈ പ്രകരണത്തില്‍ പറയുന്നു. ഉപാസനയുടേയും മറ്റും ഫലമായി ക്രമമുക്തിക്ക് യോഗ്യരായവരുടെ മരണസമയത്ത് ജീവന്‍ എങ്ങനെ ഉത്ക്രാന്തി ചെയ്യുന്നു എന്നതാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്. മരണമടുക്കുമ്പോള്‍ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിക്കും. ആ സമയത്ത് ഉള്ളില്‍ ബോധമുണ്ടെങ്കിലും ഒന്നും സംസാരിക്കാര്‍ പറ്റിയേക്കില്ല. ഛാന്ദോഗ്യത്തില്‍' അസ്യ സോമ്യ പുരുഷസ്യ പ്രയതോ വാങ് മനസി സമ്പദ്യതേ മനഃപ്രാണേ പ്രാണസ്‌തേജസി തേജോ പരസ്യാം ദേവതായാം '  മരിക്കുന്നയാളുടെ ശരീരത്തെ വിട്ട് വാക്ക് മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ ആദ്ധ്യാത്മിക തേജസ്സിലും തേജസ്സ് പരദേവതയിലും ലയിക്കുന്നു എന്ന് ശ്രുതിവാക്യം.ഇത്തരത്തിലാണ് ശരീരം വിട്ടു പോകല്‍.
സാധാരണ മരണങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഇത് നമുക്ക് പ്രത്യക്ഷത്തില്‍ കാണാം. ശ്രുതിയില്‍ പറയുന്നുമുണ്ട്. വാക്ക് മനസ്സില്‍ സ്ഥിതി ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ഇന്ദ്രിയവൃത്തികളെയല്ല ഇന്ദ്രിയങ്ങളെ തന്നെയാണ് ഇവിടെ പറഞ്ഞത്. മരണാസന്നനായയാളുടെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും മനസ്സ് പ്രവര്‍ത്തിക്കും.
സൂത്രം - അത ഏവ ച സര്‍വാണ്യനു
അതുകൊണ്ടുതന്നെയാണ് എല്ലാ ഇന്ദ്രിയങ്ങളും വാക്കിനെ അനുസ്മരിച്ച് മനസ്സില്‍ ലയിക്കുന്നത്. എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ അടങ്ങുന്നതെങ്ങനെയെന്ന് ഇതില്‍ പറയുന്നു.മരണസമയത്ത് ദേഹത്തിലെ ചൂട് തീരുമ്പോള്‍ ജീവന്‍ പുറത്ത് പോകുന്നു. എല്ലാ ഇന്ദ്രിയങ്ങളും മനസ്സും ജീവനെ അനുഗമിക്കുകയും ചെയ്യുന്നു. വാക്ക് എന്നത് ഇന്ദ്രിയങ്ങളുടെ കൂട്ടത്തെ കണക്കാക്കിയാണ് പറഞ്ഞത്. പ്രശ്‌നോപനിഷത്തില്‍ തസ്മാദുപശാന്തതേജാഃ പുനര്‍ഭവ മിന്ദ്രിയൈര്‍ മനസി സംപദ്യമാനൈഃ ' അതിനാല്‍ ശരീരത്തില്‍ ചൂട് ഇല്ലാതാകുമ്പോള്‍ ഉദാന വായു മനസ്സില്‍ ലയിച്ച ഇന്ദ്രിയങ്ങളോടെ ശരീരം വീട്ടു പോയി എന്നു പറയന്നു. മരണ ശേഷം ശരീരം തണുത്തിരിക്കാന്‍ കാരണം ഇതാണ്.ഇവിടെ ഇന്ദ്രിയ ശബ്ദത്തെ ബഹു വചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ അടങ്ങുന്നു എന്ന് വ്യക്തമാണ്.
മനോധികരണം
ഇതില്‍ ഒരു സൂത്രം മാത്രം
സൂത്രം - തന്മനഃ പ്രാണ ഉത്തരാത്
ആ മനസ്സ് പ്രാണനില്‍ ലയിക്കുന്നു എന്ന് അനന്തരവാക്യം കൊണ്ട് അറിയുന്നു.മന്ത്രത്തിലെ ബാക്കി ഭാഗം കൊണ്ട് ഇന്ദ്രിയങ്ങളോടുകൂടിയ മനസ്സ് പ്രാണനിലും സ്ഥിതി ചെയ്യുന്നു എന്നറിയണം. എല്ലാ ഇന്ദ്രിയങ്ങളോടും കൂടിയ ആ മനസ്സ് പ്രാണനില്‍ ലയിക്കുന്നു എന്ന് മനഃ പ്രാണേ എന്ന ഉത്തരവാക്യം കൊണ്ട് വ്യക്തമാണ്. മരണത്തിന് തൊട്ട് മുമ്പ് ജീവനുണ്ടായാലും ഒന്നും ചിന്തിക്കാനോ അറിയാനോ കഴിയാത്ത അവസ്ഥയുണ്ടാകും.

No comments:

Post a Comment