Monday, November 25, 2019

ദേഹത്തിനു കാരണമായ സൂക്ഷമഭൂതങ്ങള്‍

Monday 25 November 2019 5:57 am IST
അദ്ധ്യക്ഷാധികരണം
ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.
സൂത്രം  സോ/ദ്ധ്യക്ഷേ തദുപഗമാദിഭ്യഃ
ജീവാത്മാവിന്റെ പോക്ക് വരവുകളെ വര്‍ണ്ണിച്ചതില്‍ ഇന്ദ്രിയ മനസ്സുകളോട് കൂടിയ പ്രാണന്‍ തന്റെ നിയാമകനായ ജീവാത്മാവിലാണ് ഇരിക്കുന്നതെന്ന് അറിയണം.ഇന്ദ്രിയമനസ്സുകളോടുകൂടിയ പ്രാണന്‍ ദേഹത്തെ പ്രവര്‍ത്തിപ്പിക്കുന്ന വിജ്ഞാനാത്മാവായ ജീവനിലും ലയിക്കും. പ്രാണന്റെ പോക്ക് വരവുകളെ പറ്റി ശ്രുതിയിലുള്ള വര്‍ണന കൊണ്ട് ഇതിനെ അറിയാം. ആദി ശബ്ദം കൊണ്ട് വരവിനേയും പോക്കിനേയും നിലനില്പിനേയും അറിയണം. മരണകാലത്ത് ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടിയ പ്രാണന്‍ തേജസ്സില്‍ ലയിക്കുമെന്ന് നേരത്തേ പറഞ്ഞു. 'പ്രാണ സ്‌തേജസി ' എന്ന് പറഞ്ഞത് വിജ്ഞാനആത്മാവായ ജീവനാണ്. പ്രാണന്‍ ജീവനോടു കൂടി ദേഹം വിട്ടു പോകുന്നുവെന്ന് ശ്രുതി വാക്യമുണ്ട്. സാധാരണ മരണമടയുന്നവരെപ്പറ്റി പറയുക. അയാളുടെ പ്രാണന്‍ പോയിയെന്നാണ്.
ജീവാത്മാവിലിരുന്ന് കൊണ്ടാണ് പ്രാണന്‍ പോകുന്നത് എന്നതിനാലാണ് അങ്ങനെ പറയുന്നത്. അതിനാല്‍ പ്രാണന്‍ ജീവാത്മാവില്‍ സ്ഥിതി ചെയ്യുന്നുവെന്ന് പറയണം.ബൃഹദാരണ്യകത്തില്‍ മരണസമയത്ത് ജീവന്‍ കണ്ണിലൂടെയോ ബ്രഹ്മരന്ധ്രം വഴിയോ ശരീരത്തിലെ മറ്റേതെങ്കിലും ദ്വാരത്തില്‍ കൂടിയോ പുറത്ത് കടക്കുന്നു എന്ന് പറയുന്നു. ജീവനോടൊപ്പം പ്രാണനും പിന്നാലെ ഇന്ദ്രിയങ്ങളും പുറത്തു കടക്കുന്നുവെന്ന് പറയുന്നതിനാല്‍ പ്രാണന്‍ ജീവാത്മാവിലിരുന്നാണ് ദേഹം വിട്ട് പോകുന്നത് എന്ന് ഉറപ്പിക്കാം. ജീവാത്മാവിനോടു കൂടിയല്ലാതെയുള്ള പ്രാണന്‍ മുതലായവയുടെ പോക്ക് സംഭവിക്കില്ല.
സൂത്രം  ഭൂതേഷു തച്ഛ്രുതേഃ
ശ്രുതികളുടെ അഭിപ്രായമനുസരിച്ച് പ്രാണന്‍ മുതലായ വയോട് ചേര്‍ന്ന ജീവാത്മാവ് സൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങളിലിരുന്നാണ് പുറത്ത് പോകുകപ്രാണ, ഇന്ദിയ, മനസ്സുകളോടുകൂടിയ ജീവന്‍ ദേഹ ബീജഭൂതങ്ങളായ സൂക്ഷ്മഭൂതക്കളിലാണ് സ്ഥിതി ചെയ്യുന്നത്. എന്തെന്നാല്‍ ആ വിഷയങ്ങളുള്ള ശ്രുതികളില്‍ അങ്ങനെ പറയുന്നുണ്ട്. പ്രാണ സ്‌തേജസി എന്നതില്‍ തേജസ്സ് എന്നതിന് ദേഹത്തിന് കാരണമായ സൂക്ഷ്മ ഭൂതങ്ങള്‍ എന്ന് അറിയണം.
ജീവാത്മാവിന്റെ ഇരിപ്പിടമായ ശരീരം പഞ്ചഭൂതങ്ങളാല്‍ ഉണ്ടായതാണ്.ദേഹ നാശം വരുന്നോള്‍ സ്ഥൂലഭാവം വിട്ട് സൂക്ഷ്മ ഭാവത്തിലാകുന്നു. ജീവന്‍ സൂക്ഷ്മ ദേഹത്തെ സ്വീകരിക്കുന്നുവെന്ന് പറയാം. സൂക്ഷ്മ ദേഹം പഞ്ചമഹാഭൂതങ്ങളുടെ സൂക്ഷ്മാംശം കൊണ്ട് ഉണ്ടാക്കിയതാണ്. സൂത്രം  നൈകസ്മിന്‍ ദര്‍ശയതോ ഹിതേജസ്സാകുന്ന ഒരു ഭൂതത്തില്‍ മാത്രമിരുന്നാണ് ജീവന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ ശരിയല്ല. എന്തെന്നാല്‍ ശ്രുതിയും സ്മൃതിയും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് കൂടി ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നുണ്ട്.
തേജസ് തത്വത്തിലിരുന്നാണ് ജീവന്‍ വിട്ടു പോകുന്നത് എന്നതിനെ ഖണ്ഡിക്കുകയാണ് ഇവിടെ. എന്തെന്നാല്‍ ശ്രുതിയിലും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നു. പഞ്ചഭൂതങ്ങളുടെ പ്രതീകമായി ഇവിടെ തേജസ്സിനെ പറഞ്ഞു എന്ന് മാത്രം. അഞ്ച് ഭൂതങ്ങളേയും ഇവിടെ അര്‍ത്ഥം ഗ്രഹിക്കണം.ഇന്ദ്രിയങ്ങള്‍, മനസ്സ്, പ്രാണന്‍, പഞ്ചഭൂതങ്ങള്‍ എന്നിവയോടു കൂടിയാണ് ജീവന്‍ ശരീരം വിട്ട് പോകുന്നതെന്ന് ഉപനിഷത്തുക്കളിലും മനുസ്മൃതിയിലും പറയുന്നു. അതിനാല്‍ തേജസ്സ് തത്വത്തിലിരുന്നല്ല ജീവന്‍ ശരീരം വിട്ടു പോകുന്നത് എന്ന് അറിയണം.

No comments:

Post a Comment