Wednesday, November 27, 2019

അദിതീദേവിയുടെ പയോവ്രതം

Tuesday 26 November 2019 6:27 am IST
അദിതീദേവിയുടെ വൈഷമ്യം മനസ്സിലാക്കിയ കശ്യപമഹര്‍ഷി ദേവീക്ക് പയോവ്രതം ഉപദേശിച്ചു. ഫാല്‍ഗുനമാസത്തിലെ വെളുത്ത പക്ഷത്തില്‍ പന്ത്രണ്ട് നാള്‍ പരമമായ ഭക്തിയോടെ അരവിന്ദാക്ഷനായ ശ്രീഹരിയെ ആരാധിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കുക, മനസ്സിലെമാലിന്യങ്ങളെല്ലാം നീക്കി ശുദ്ധചിന്തയോടെ വേണം വ്രതാനുഷ്ഠാനം. അതിന് ഭൂമീദേവി സഹായിക്കും. ക്ഷമാമൂര്‍ത്തിയായ ദേവിയെ പണ്ട് ശ്രീഹരിതന്നെയാണ് യജ്ഞവരാഹമായി അവതരിച്ച് പണക്കൊതിയനായ ഹിരണ്യാക്ഷന്റെ മുന്നില്‍നിന്നും മോചിപ്പിച്ചത്. മനസ്സിന്റെ സര്‍വമാലിന്യങ്ങളും കഴുകിക്കളയാനുള്ള ക്ഷമ നിനക്കുണ്ടാകട്ടെ. അങ്ങനെ ശുദ്ധമനസ്സോടെ ശ്രീഹരിയെ ആരാധിച്ചാല്‍ ആ ഭഗവാന്‍ രക്ഷയ്‌ക്കെത്തും.
നമസ്തുഭ്യം ഭഗവതേ പുരുഷായമഹീയസേ ,സര്‍വഭൂതനിവാസായ വാസുദേവായ സാക്ഷിണേ
ആദിപുരുഷനായ, പുരുഷോത്തമനായ ആ ശ്രീഭഗവാന്‍ സര്‍വഭൂതനിവാസിയാണ്. മണ്ണിലും മരത്തിലും പുല്‍ക്കൊടികളിലും എല്ലാം ശ്രീ ഭഗവാന്‍ വസിക്കുന്നു. സര്‍വഭൂതങ്ങളും ആ ഭഗവാനില്‍ത്തന്നെ വസിക്കുന്നു. അങ്ങനെ ഏതര്‍ത്ഥത്തിലും ശ്രീഹരി വാസുദേവന്‍തന്നെയാണ്. നമ്മുടെ ഉള്ളില്‍ വസിക്കുന്ന ആ ഭഗവാനെ സര്‍വചരാചരങ്ങളിലും ദര്‍ശിക്കാന്‍ ശ്രമിക്കുക. ശ്രീപരമേശ്വരനും നരനാരായണന്മാരും എല്ലാം ഭഗവാന്‍തന്നെ. എല്ലാവരെയും നമസ്‌കരിക്കണം. 
പയോവ്രതത്തിന്റെ വിശദവിവരങ്ങള്‍ കശ്യപമഹര്‍ഷി അദിതീദേവിക്ക് പറഞ്ഞുകൊടുത്തു. എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തശേഷംവേണം വ്രതമനുഷ്ഠിക്കുന്നവര്‍ ഭക്ഷിക്കുവാന്‍. ദീനന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമെല്ലാം ഭഗവത്ഭാവത്തില്‍ ഭക്ഷണാദികള്‍ നല്‍കണം. ഇങ്ങനെ പയോവ്രതമനുഷ്ഠിച്ചാല്‍ സര്‍വവ്രതവും ആചരിച്ച ഫലം നല്‍കുമെന്ന് ബ്രഹ്മദേവന്‍ ഉപദേശിച്ചിട്ടുണ്ട്.
അയംവൈ സര്‍വയജ്ഞാഖ്യഃസര്‍വവ്രതം ഇതി സ്മൃതം
തപഃസാരം ഇദം ഭേ്രദ ദാനം ചേശ്വരതര്‍പ്പണം'
സര്‍വയജ്ഞം എന്നാണ് ഈ വ്രതത്തെക്കുറിച്ച് സ്മൃതികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുതന്നെ തപസ്സും ദാനവും എല്ലാം അടങ്ങുന്നതാണ്.കശ്യപമഹര്‍ഷിയുടെ നിര്‍ദ്ദേശങ്ങള്‍ പരമാവധി അനുസരിച്ചുകൊണ്ട് അദിതീദേവി പയോവ്രതം അനുഷ്ഠിച്ചു. 'ചിന്തയന്ത്യേയാ ബുദ്ധ്യാ മഹാപുരമീശ്വരം പ്രഗൃഹ്യേന്ദ്രിയദുഷ്ടാശ്വാന്‍ മനസാ ബുദ്ധിസാരഥിഃ'
മഹാപുരുഷനായ ഭഗവാനെ ഒന്നാണെന്ന ബുദ്ധിയോടെ, വേര്‍തിരിവില്ലാതെ ചിന്തിച്ച് ഇന്ദ്രിയങ്ങളാകുന്ന ദുഷ്ടക്കുതിരകളെ ഏകമനസ്സോടെ ബുദ്ധിയാകുന്ന സാരഥിയാല്‍ നിയന്ത്രിച്ചു. 
'മനശ്ചൈകാഗ്രയാ ബുദ്ധ്യാ ഭഗവത്യഖിലാത്മനി
വാസുദേവ സമാധായ ചചാരഹ പയോവ്രതം'
എല്ലാവരും നിറഞ്ഞുനില്‍ക്കുന്ന ഭഗവാനെ, വാസുദേവനെ സ്മരിച്ചുകൊണ്ട് പയോവ്രതം പൂര്‍ത്തിയാക്കി. ഈ ആരാധനയ്ക്ക് പെട്ടെന്നുതന്നെ ലഭിച്ചു. ആദിപുരുഷനായ ശ്രീവാസുദേവന്‍ അവിടെ പ്രത്യേക്ഷമായി അവതരിച്ചു. 
തസ്യാ പ്രാദുരഭൂത് താത, ഭഗവാനാദിപൂരുഷഃ
പീതവാസാശ്ചതുര്‍ബാഹുഃ ശംഖചക്രഗദാധരഃ

No comments:

Post a Comment