Wednesday, November 27, 2019

ജ്ഞാനിക്ക് ദേവയാനമാര്‍ഗം

Tuesday 26 November 2019 6:35 am IST
ആസൃത്യുപക്രമാധികരണം ,ഇതില്‍ ഒരു സൂത്രമേ ഉള്ളൂ
സൂത്രം - സമാനാ ചാസൃത്യുപക്രമാദമൃതത്വം ചാനുപോഷ്യ
ദേവയാന മാര്‍ഗ്ഗത്തിലൂടെ ബ്രഹ്മലോക യാത്ര ആരംഭിക്കുന്നതു വരെ രണ്ടു കൂട്ടരുടേയും ഗതിയും തുല്യമാണ്. സൂക്ഷ്മ ശരീരത്തെ സുരക്ഷിതാക്കിയിട്ട് അമൃതത്വ പ്രാപ്തി ഉണ്ടാകുന്നു. മരണസമയത്ത് ജീവന്റെ പരലോക ഗതിയെപ്പറ്റിയുള്ള ഈ വിവരണം സാധാരണ ജനങ്ങളുടെയാണോ ജ്ഞാനിയുടേയാണോ എന്ന് സംശയിക്കുന്നു, അതിനുള്ള മറുപടിയാണ് ഈ സൂത്രം.
പുണ്യശാലികള്‍ക്ക് സൂര്യ ലോകത്തിലേക്കുള്ള ദേവയാന മാര്‍ഗ്ഗം തുറന്ന് കിട്ടുന്നതുവരെ എല്ലാവരുടേയും ഗതി തുല്യമാണ്. സാധാരണ ജനങ്ങളുടേയും ജ്ഞാനികളുടേയും മരണാനന്തര ഗതി ആരംഭിക്കുന്നത് ഒരു പോലെയാണ്. സൂക്ഷ്മ ശരീരം അമൃതത്വ അനുഭൂതിയ്ക്ക് ആവശ്യമായതിനാല്‍ അതിനെ വേണ്ട പോലെ സുരക്ഷിതമാക്കിയാലേ ദേവയാന മാര്‍ഗ്ഗം തുറക്കൂ .ജ്ഞാനി ദേവയാന മാര്‍ഗ്ഗത്തിലൂടെയും മറ്റുള്ളവര്‍ പിതൃയാന മാര്‍ഗ്ഗത്തിലൂടെയും സഞ്ചരിക്കുന്നു. അതുവരെ രണ്ടു കൂട്ടരുടേയും ഗതി തുല്യമാണ്.
സംസാരവ്യപദേശാധികരണം
ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്.
സൂത്രം - തദാ/പീതേഃ സംസാരവ്യപദേശാത്
സാധാരണ ജീവന്‍മാര്‍ക്ക്  വീണ്ടും വീണ്ടും പുനര്‍ജന്മമുണ്ടാകുമെന്ന് പറയുന്നതിനാല്‍ ആ സൂക്ഷ്മ ശരീരം മോക്ഷം കിട്ടും വരെയും നിലനില്‍ക്കും. സൂക്ഷ്മ ശരീരമാണ് പിന്നീട് സ്ഥൂല ശരീരമാകുന്നത്.ഒരാളുടെ മുന്‍ കര്‍മ്മങ്ങളുടെ ഫലവും തന്റെ സംസ്‌കാരവും മൂലമാണ് സൂക്ഷ്മ ശരീരം ഉണ്ടാകുന്നത്. ഇത് ആ വ്യക്തിത്വത്തെ നിലനിര്‍ത്തി കല്പാവസാനം വരെ നില നില്‍ക്കും. കല്പത്തിന്റെ അവസാനം പൂര്‍വ്വ സംസ്‌കാരത്തോടും സൂക്ഷ്മ ശരീരത്തോടും കൂടിയാണ് പരമാത്മാവില്‍ ലയിക്കുന്നത്. അടുത്ത കല്പത്തിന്റെ ആരംഭത്തില്‍ അതുപോലെ ജന്‍മമെടുക്കുകയും ചെയ്യും. സ്വവ്യക്തിത്വം നശിച്ച് ബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍ മാത്രമേ സൂക്ഷ്മ ശരീരം നശിക്കുകയുള്ളൂ.
സൂത്രം  സൂക്ഷ്മം പ്രമാണതശ്ച തഥോപലബ്ധേഃ
ശ്രുതി പ്രമാണം കൊണ്ടും അനുഭവ/ പ്രത്യക്ഷ  പ്രമാണം കൊണ്ടും സൂക്ഷ്മ ദേഹത്തെ ആശ്രയിച്ചാണ് ജീവന്‍ സ്ഥിതി ചെയുന്നത് എന്ന് വ്യക്തമാക്കുന്നു. ജീവന്‍ പഞ്ചഭൂതങ്ങളോട് ചുറ്റപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതില്‍ അവ സൂക്ഷ്മഭൂതങ്ങളാണോ സ്ഥൂലഭൂതങ്ങളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. അവ സൂക്ഷ്മഭൂതങ്ങളാണെന്ന് ഇവിടെ പറയുന്നു. ശ്രുതി പ്രമാണം കൊണ്ടും നമ്മുടെ അനുഭവത്താലും അത് ഉറപ്പിക്കാം. കഠോപനിഷത്തില്‍ ഹൃദയത്തില്‍ നിന്ന് മൂര്‍ദ്ധാവിലേക്ക് പോകുന്ന നാഡിയിലൂടെ പുറത്ത് പോകുന്ന ജീവന്‍ അമൃതത്വത്തെ പ്രാപിക്കുമെന്ന് പറയുന്നു.സൂക്ഷ്മ നാഡികളില്‍ കൂടി പോകുന്ന ജീവന്‍ സൂക്ഷ്മഭൂതങ്ങളോട് കൂടിയാകണം. ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്ന ജീവനെ ആര്‍ക്കും കാണാനാവില്ല.അതിനാല്‍ അവ സൂക്ഷ്മഭൂതങ്ങള്‍ തന്നെയാവണം.
സൂത്രം - നോപമര്‍ദ്ദേനാതഃ
ആ ഭൂത മാത്രകള്‍ സൂക്ഷ്മങ്ങളായതുകൊണ്ട് സ്ഥൂല ശരീരം നശിപ്പിക്കുമ്പോഴും സൂക്ഷ്മ ശരീരത്തിന് നാശമില്ല.മരണസമയത്ത് ഏതൊരു സ്ഥൂല ശരീരത്തിലിരുന്നാണോ ജീവന്‍ ഈ ശരീരത്തെ വിട്ടു പോകുന്നത് ആ ശരീരത്തെ ദഹിപ്പിച്ചാലും നശിപ്പിച്ചാലും ജീവന് നാശമില്ല. അതിന്റെ ഉപാധിയായ സൂക്ഷ്മ ശരീരത്തിനും നാശമുണ്ടാകില്ല. സ്ഥൂല ശരീരവുമായുള്ള ബന്ധം വിട്ടാണ് ജീവന്‍ സൂക്ഷ്മ ശരീരത്തില്‍ പ്രവേശിക്കുന്നത്.
സൂത്രം  അസ്യൈവ ചോപപത്തേരേഷ ഊഷ്മാ
സ്ഥൂല ശരീരത്തില്‍ അനുഭവപ്പെടുന്ന ചൂട്  ഈ സൂക്ഷ്മ ശരീരത്തിന്റെ താണ്.യുക്തി കൊണ്ടും അത് തെളിയുന്നു.ജീവന്‍ ഈ ശരീരത്തിലിരിക്കുമ്പോള്‍ അതിന് ചൂടുണ്ടാകുന്നു. മരണ സമയത്ത് സൂക്ഷ്മ ശരീരത്തോടു കൂടി ജീവന്‍ പോയാല്‍ ചൂട് ഇല്ലാതായി ദേഹം തണുക്കും. ഭൂത സൂക്ഷ്മങ്ങളെ കൊണ്ടുണ്ടാക്കിയ സൂക്ഷ്മ ശരീരത്തിന്റെ ചൂടാണ് സ്ഥൂല ശരീരത്തില്‍ അനുഭവപ്പെടുന്നത് എന്നത് യുക്തിക്ക് നിരക്കുന്നതുമാണ്.

No comments:

Post a Comment