Saturday, December 07, 2019

[07/12, 17:41] Bhattathiry: ആറുമുഖൻ - അദൃശ്യമായ ജ്ഞാനത്തിന്റെ ദേവതാ ചൈതന്യം.

ആറു മുഖങ്ങൾ ഷഡ്ചക്രങ്ങളിൽ ഒതുങ്ങുന്നില്ല.  അതിന്റെ ഫലത്തിനെയാണ് നാം ദർശിയ്ക്കുന്നത്.  അഞ്ച് ജ്ഞാനേന്ദ്രീയങ്ങളും അതിന്റെ നായകനായ മനസ്സും ചേരുമ്പോൾ ആറു മുഖങ്ങൾ ആയിമാറുന്നു.  മാത്രമല്ല ഇവയുടെ സൃഷ്ടിയായ ആറു ഗുണങ്ങൾ - ജ്ഞാനം (wisdom), വൈരാഗ്യം (dispassion), ബലം  (strength), കീർത്തി (fame), ശ്രീ (wealth), ഐശ്വര്യം  (divine powers) തന്നെയാണ് നമ്മുക്ക് ദൃശ്യമാകുന്ന ആറു മുഖങ്ങൾ.

പാർവതീ പുത്രനെങ്കിലും അദ്ദേഹം നിത്യനായവന്റെ ശിവന്റെ മുക്കണ്ണിന്റെ സൃഷ്ടിയാണെന്ന കാര്യം ഓർക്കേണ്ടത് അത്യാവശ്യം.  മുക്കണ്ണ് തേടിയുള്ള ഈ യാത്രയിൽ ഇദ്ദേഹത്തെ നാം ഒരിയ്ക്കൽക്കൂടി അടുത്തറിയേണ്ടിവരും.  മുക്കണ്ണിന്റെ സൃഷ്ടിയായ ശ്രീമുരുകൻ ബാല്യം മുതലേ അതി ബുദ്ധിമാനും പണ്ഡിതനും ജ്ഞാനത്തെ പഴത്തെപ്പോലെ ഇഷ്ടപ്പെട്ടവനും ആയിരുന്നു.  അദൃശ്യമായ ജ്ഞാനത്തിന്റെ ദൃഷ്ടിയൂടെ പുത്രസ്ഥാനം നൽകുമ്പോൾ ശ്രീമുരുകൻ യഥാർത്ഥത്തിൽ സ്വബുദ്ധി ചാതുര്യം എന്ന "സെൽഫ് ഇന്റലിജൻസ്" തന്നെയാണ്.  ശരീരമാകുന്ന രാജ്യത്തിലെ സകല ആക്രമണങ്ങളേയും നയ ചാതുര്യത്തോടെ പ്രത്യാക്രണം നടത്തി പ്രതിസന്ധികളെ അതീജീവിയ്ക്കാൻ പ്രാപ്തമാക്കുന്ന നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ദേവതാ ചൈതന്യം.  പ്രകൃതിയെന്ന പരാശക്തിയുടേയും നിത്യനായ ശിവന്റെയും പുത്രൻ. രാജ്യാതിർത്തിയിൽ നിരന്തരം നടയ്ക്കുന്ന നുഴഞ്ഞു കയറ്റക്കാരെ നിഷ്കരുണം വധിച്ച് നമ്മെ സംരക്ഷിയ്ക്കുന്ന വേലായുധൻ.

പ്രണവ മന്ത്രത്തിന്റെ അർഥം അറിയാത്ത ബ്രഹ്മാവിനെ അദ്ദേഹം തടവിലാക്കി ! അറിവില്ലായ്മയുടെ അന്ധകാരം ബ്രഹ്മത്തെ കയ്യാളുന്ന ചൈതന്യത്തിനു ഭൂഷണം അല്ലെന്നു മനസ്സിലാക്കിയ ബുദ്ധിമാൻ. ഒടുവിൽ പരബ്രഹ്മമൂർത്തിയായ നിത്യനായകനിൽ നിന്നും പ്രണവ മന്ത്രത്തിനർത്ഥം നേരിട്ട് മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് ബ്രഹ്മാവിനെ മോചിപ്പിയ്ക്കുന്നതും. 

ഒരു യാചകന്റെ ഭാവത്തിൽ ജ്ഞാനത്തിനെ ഭിക്ഷയായി സ്വീകരിയ്ക്കുന്ന അത്യുനതങ്ങളിലെ വിനയം യഥാർത്ഥ വിദ്യ അർത്ഥിക്കുന്നവർക്ക് ഒരു മഹത്തായ മാതൃക കൂടിയാണ്.  മാത്രമല്ല ഒരു ഭിക്ഷുവായി ഭിക്ഷാപാത്രവുമേന്തി വില്ലിനെ കാവടിയായി അലങ്കരിച്ച് ഓരോ ഗൃഹങ്ങളിലും സഞ്ചരിച്ച് കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിയ്ക്കുന്ന സേനാനായകന്റെ ഓരോ പ്രവർത്തിയും ജനകീയവും ഫലപ്രാപ്തവുമായിരിയ്ക്കും എന്നത് എടുത്തു പറയേണ്ട കാര്യമല്ല, 

ഇന്ദ്രീയങ്ങളുടെ അധിപനായ ഇന്ദ്രന്റെ പുത്രി സ്വാത്വികഗുണയായ ദേവയാനി  അദ്ദേഹത്തിന്റെ ഒരു പത്നി ജ്ഞാന ശക്തിയുടെ പ്രതീകമാണ് .  നായാട്ട് വീരനും വന്യജീവികൾക്ക് പേടിസ്വപ്നവുമായ നമ്പി രാജന്റെ പുത്രി രാജ്യമാകെ വ്യാപിച്ചു സംരക്ഷിയ്ക്കുന്ന വള്ളിയെന്ന പത്നി "ഗാന്ധർവ്വ വിധിപ്രകാരം" വരിച്ച ഇച്ഛാശക്തിയുമാണെങ്കിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആയുധം വേൽ ക്രിയാശക്തിയും ആണ്.  അങ്ങനെ എന്റെ രാജ്യത്തിന്റെ സർവ സൈന്യാധിപൻ ദേവയാനിയെന്ന ജ്ഞാനശക്തിയുടെയും വള്ളീയെന്ന ഇഛ്ചാശക്തിയുടേയും പ്രിയതമനും ക്രിയാശക്തിയെന്ന വേലിനെ ആയുധമാക്കിയവനുമാണ്. 

മൂലാധാരം മുതൽ തുടങ്ങി ആജ്ഞയിൽ എത്തുന്ന ഷഡ് ചക്രത്തിലൂടേയുള്ള സഞ്ചരിയ്ക്കുന്ന ശക്തിയുടെ ഉറവിടത്തിന്റെ സൂചകം കൂടിയാണ് അദ്ദേഹത്തിന്റെ വേൽ. അത് അദ്ദേഹത്തിനു കൊടുത്തതോ അമ്മയായ ശ്രീപാർവതി പ്രകൃതിയുടെ ദേവതാ ചൈതന്യം.  വേലിന്റെ അഗ്രത്തെ മുനമ്പ് സകല ശാസ്ത്രങ്ങൾക്കും പുരാതന മതങ്ങൾക്ക് (ഭാരതീയ, ഗ്രീക്ക്, റോമൻ, .... ) അത്യന്തിക ലക്ഷ്യമായ മോക്ഷത്തിന്റെ മാതൃകയായ "പൈൻ" മുകുളരൂപവും.  "ഏകാഗ്രത"യോടെയുള്ള കർമ്മം മോക്ഷ ലബ്ദി.  ഇതു ത്രികാല ദർശനം നൽകാൻ പര്യാപ്തമായ  മൂന്നാമത്തെ കണ്ണിന്റെ ഭൗതിക രൂപം. വേലേന്തി നിൽക്കുന്ന നഗ്നനായ വിരാട്  പുരുഷൻ... അദ്ദേഹത്തിനെ ദർശിയ്ക്കുവാൻ ആയിരം പടികൾ കയറണമെന്നത് പളനിയിൽപ്പോയവർക്ക് അറിയാം.....
[07/12, 17:41] Bhattathiry: #തിരുപ്പതി #ക്ഷേത്രത്തിലെ #ഇരുമ്പ് #ദണ്ഡ്

തിരുപ്പതി വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ പോയിട്ടുള്ളവർ ക്ഷേത്രത്തിലേക്ക് കടക്കുന്നതിനു മുൻപായി പ്രധാനകവാടത്തിൽ വലതു ഭാഗത്തു മുകളിലായി ഒരു ഇരുമ്പു ദണ്ട് തൂങ്ങിക്കിടക്കുന്നത് ശ്രദ്ദിച്ചിട്ടുണ്ടോ? ഇതിനു പിന്നിൽ ഒരു മഹാഭക്തന്റെ ചരിത്രമുണ്ട്. ഭഗവാന് ഏറ്റവും പ്രിയങ്കരമായ സേവകളിൽ ഒന്നാണ് പുഷ്പയാഗം. തിരുമലയിൽ ഭഗവാൻ പുഷ്‌പാലങ്കാരപ്രിയനാണ്. ഇത് വെളിപ്പെടുത്തിയത് ശ്രീവൈഷ്ണവാചാര്യനായ സാക്ഷാത് ഭഗവദ് രാമാനുജാചാര്യനാണ്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു അനന്താൾവാൻ.

ഒരിക്കൽ ശ്രീരംഗത്തു ശിഷ്യരുടെ ഇരിക്കുന്ന അവസരത്തിൽ അദ്ദേഹം തനിക്കു ധീരനായ ഒരു യുവാവിന്റെ ആവശ്യമുണ്ടെന്നു ശിഷ്യരോട്‌ പറഞ്ഞു. തിരുമലയിൽ വെങ്കടേശ്വരപ്പെരുമാളിനു പുഷ്പാകൈങ്കര്യത്തിനായി ധാരാളം പൂക്കളുടെ ആവശ്യമുണ്ടെന്നും അത് താഴെനിന്ന് കൊണ്ടുപോകേണ്ടതിനാൽ വലിയ വിഷമമാണെന്നും അതിനാൽ മലയുടെ മുകളിൽ താമസിച്ചു അവിടെ ഭൂമി നന്നാക്കി ഒരു പൂന്തോട്ടം നിർമിച്ചു പരിപാലിക്കുന്നതിനു തനിക്കു ആഗ്രഹമുണ്ടെന്നും അതിനു ആര് തയ്യാറാകുമെന്നും അദ്ദേഹം അവരോട് ആരാഞ്ഞു. അന്ന് തിരുമലയോഗക്കെ വന്യമൃഗങ്ങളോടുകൂടിയ വലിയ കാടാണ്. ഇതുകേട്ട അനന്താൾവാൻ ചാടിയെണീറ്റു. താൻ അവിടെ പോകാൻ തയ്യാറാണെന്നും ഗുരുവിന്റെ ആഗ്രഹം സഫലമാക്കുകയാണ് ഇനി തന്റെ ജീവിതോദ്ദേശ്യമെന്നും ധൈര്യത്തോടെ പറഞ്ഞു.അങ്ങനെ ഗുരുവിന്റെ അനുഗ്രഹത്തോടെ ഗർഭിണിയായ തന്റെ ഭാര്യയുമായി അദ്ദേഹം അതിദുർഘടമായ മലകയറി തിരുമലയിലെത്തി. താമസിയാതെ പൂന്തോട്ടത്തിന്റെ പണികളാരംഭിച്ചു. ആദ്യമായി സ്ഥാനം നിർണയിച്ചു ഒരു കുളം കുഴിക്കുന്ന പണിയാണ് അദ്ദേഹം ചെയ്തത്. പണിക്കരാറുമില്ല. രാവിലെ ഒരു കാട്ടാമ്പരയും കുട്ടയുമായി അദ്ദേഹം സ്ഥലത്തു ചെല്ലും. കാട്ടംപാറകൊണ്ട് മണ്ണിളക്കി ഒരു കുട്ടയിലാക്കി തന്റെ ഗർഭിണിയായ ഭാര്യയുടെ തലയിൽ വച്ചുകൊടുക്കും. അവർ അത് കുറച്ചകലെ ഒരു സ്ഥലത്തു കൊണ്ടുചെന്നിടും .ഇതാണ് പണി.ഇങ്ങനെ കുറേദിവസംകൊണ്ടു ഏകദേശം ഒരു വലിയകുഴിയായി.
ഇതോടെ പൂർണഗര്ഭിണിയായ അദ്ദേഹത്തിന്റെ ഭാര്യക്ക് മണ്ണുമായി കുഴിയിൽനിന്നു കയറുന്നതിനു ആയാസമായിത്തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ ബാലൻ അവിടേക്കുവന്നത്. കണ്ടാൽ ഒരു ഇടയച്ചറുക്കനാണെന്നു തോന്നും. അവൻ വന്നു അനന്താൾവാനോട്‌ താനും കൂടി സഹായിക്കട്ടെയെന്നു ചോദിച്ചു. എന്നാൽ ഇതുകേട്ട അനന്താൾവാൻ ഇത് തന്റെ ഗുരുവിന്റെ ആദേശമാണെന്നും അതിനാൽ ഇത് താൻ തന്നെ ചെയ്തുതീർക്കേണ്ട പണിയാണെന്നും പറഞ്ഞു അവനെ ഓടിച്ചുവിട്ടു. അവിടന്ന് അവൻ അദ്ദേഹത്തിന്റെ ഗർഭിണിയായ പത്നിയുടെ അരികിലെത്തി. അവൻ ക്ഷീണിതയായ അവരോട് ‘അമ്മ വിഷമിക്കേണ്ടെന്നും അദ്ദേഹം കുട്ടയിലാക്കുന്ന മണ്ണ് മുകളിലെത്തിച്ചു തന്നാൽ മതിയെന്നും മണ്ണ് ദൂരെ നിക്ഷേപിച്ചു കുട്ട താൻ തിരികെക്കൊണ്ടുവന്നുകൊള്ളാമെന്നും ഇത് അദ്ദേഹം അറിയണ്ടന്നും പറഞ്ഞു ചട്ടംകെട്ടി പണിതുടർന്നു. കുറേശ്ശേ കുളത്തിൽ ജലം കണ്ടുതുടങ്ങി. പക്ഷെ അനന്താൾവാന് ഒരു സംശയം. തെന്റെ ഭാര്യ വേഗം തിരിച്ചുവരുന്നതെന്തുകൊണ്ടാണ്? മണ്ണ് ദൂരെ നിക്ഷേപിച്ചു ഇത്രവേഗം തിരിച്ചുവരാൻ പറ്റുമോ? അദ്ദേഹം കുളത്തിൽനിന്നു കരക്കുകയറി. അപ്പോളാണ് സംഗതി മനസ്സിലായത്. ആ പഴയ ബാലൻ തന്റെ ഭാര്യയെ സഹായിക്കുന്നു. ഗുരുവിന്റെ ആദേശപാലനത്തിനു വിഘ്നം വരുത്തിയ അവനോട് ദേഷ്യമായി. നിക്കടാ അവിടെ എന്നുപറഞ്ഞു തന്റെ കയ്യിലിരുന്ന കാട്ടാമ്പാറ അവന്റെനേർക്കു ചുഴറ്റിയെറിഞ്ഞു. അതുപോയി അവന്റെ മുഖത്ത് താടിഭാഗത്തായി തട്ടി. പക്ഷെ അവൻ കാട്ടിലെങ്ങോട്ടോ ഓടിമറഞ്ഞു.
കുളത്തിൽ ജലം നിറഞ്ഞു. സന്തുഷ്ടനായ അനന്താൾവാൻ കരക്കുകയറി ക്ഷേത്രത്തിലേക്കുപോയി. അപ്പോളാണ് അവിടെയൊരു കോലാഹലം. അകത്തു ഭാഗവാന്റെ വിഗ്രഹത്തിൽ താടിഭാഗത്തുനിന്നും ചൊരയൊലിക്കുന്നു. ഇത് കണ്ട അർച്ചകന്മാർക്കു അകത്തു പോകാൻ പേടി. ഇതൊക്കെ കണ്ടുകൊണ്ടുനിന്ന അനന്താൾവാന് പെട്ടെന്ന് ആ ബാലന്റെ കഥയോർമ്മവന്നു. ഗോവിന്ദാ എന്നുവിളിച്ചുകൊണ്ടു അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ അകത്തേക്കോടി. ഭാഗവാന്റെ കാൽക്കൽ വീണു. ആ തിരുപ്പാദങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു ആളറിയാതെ പറ്റിപ്പോയ തന്റെ അപരാധത്തെ ക്ഷമിക്കണമെന്നു പറഞ്ഞു മാപ്പപേക്ഷിച്ചു. ഒരു സിദ്ധവൈദ്യൻ കൂടിയായ അദ്ദേഹം അപ്പോൾ അവിടെയിരുന്നിരുന്ന പച്ചക്കർപ്പൂരമെടുത്തു ഭാഗവാന്റെ താടിഭാഗത്തായി ചോരയൊലിക്കുന്ന സ്ഥലത്തു ഒപ്പി. അതോടെ അത് നിലച്ചു. മഹാഭക്തനായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ സംഭാവത്തിന്റെ ഓർമ്മക്കായാണ് അദ്ദേഹം ചുഴറ്റിയെറിഞ്ഞ കാട്ടാമ്പാറ ഇന്നും അവിടെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു. ഭാഗവാന്റെ താടിഭാഗത്തുകാണുന്ന ആ വെള്ളപ്പൊട്ടു അന്ന് മുറിവേറ്റ ഭാഗമാണ്. അതിന്റെ ഓർമയിൽ അന്നുമുതൽ താടിഭാഗത്തു ഇന്നും പച്ചകർപ്പൂരം  വച്ചുപോരുന്നു.
[07/12, 17:41] Bhattathiry: മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു.
പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു.

പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ ഒരു വരവും വേണ്ട എന്ന് പറഞ്ഞു.
അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു.

അങ്ങനെയാവട്ടെ എന്ന് കൃഷ്ണൻ അനുഗ്രഹിച്ചു.
ഒരു ദിനം ഉതംഗ മഹർഷിക്ക് യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി.
അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു.

അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു.
കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു..
ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട് "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു.

പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട".
എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"
കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു,

പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു.
അവസാനം കാട്ടാളൻ അപ്രത്യക്ഷനായി.
അപ്പോഴാണ്‌ ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്‌.
ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത് ?."

കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു
"ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്.
എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല.
അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു...
ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന.

അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു.
പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."
ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി....

യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി.

ഒരാളുടെ മതമോ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു.

കാട്ടാളനിലും ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക്‌ കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു.

No comments:

Post a Comment