Saturday, December 28, 2019

രമണമഹര്‍ഷി സംസാരിക്കുന്നു

ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു (123)

January 26, 2012

ശ്രീ രമണമഹര്‍ഷി
ജനുവരി 6, 1936
ചോ; യോഗത്തിനും ആത്മസമര്‍പ്പണത്തിനും തമ്മിലുള്ള വ്യത്യാസമെന്ത്‌?
ഉ: ആത്മസമര്‍പ്പണമാണ്‌ ഭക്തിയോഗത്തിന്റെ മര്‍മ്മം. ജ്ഞാനമാര്‍ഗ്ഗത്തില്‍ ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു. എന്നുമുള്ള താനായ ആത്മാവ്‌ പ്രാപ്തമാകുന്നു. അതേ ശരണം. അതുതന്നെ പരാഭക്തിയും.
130. ശ്രീരാമകൃഷ്ണ മഠത്തില്‍ നിന്നും വന്നിരുന്ന ലക്ഷ്മണ ബ്രഹ്മചാരി ‘ഞാനാരാണെന്ന അന്വേഷണവും ഒരു മനോവൃത്തി തന്നല്ലോ. അതുകൊണ്ട്‌ മനോ നാശം എങ്ങനെ കൈവരും’ എന്നു ചോദിച്ചു.
ഉ: സീതയുടെ അതുല്യപാതിവ്രത്യശുദ്ധിയെ ഋഷിപത്നിമാര്‍ പരീക്ഷിച്ചു നോക്കിയ ഒരു കഥയുണ്ട്‌. പല ഋഷിമാര്‍ക്കിടയില്‍ ശ്രീരാമനും സ്വന്തം രൂപം മാറ്റി ഒരു ഋഷിവേഷത്തില്‍ നില്‍ക്കവേ അതില്‍ തന്റെ ഭര്‍ത്താവാരെന്ന്‌ മുനിപത്നിമാര്‍ ഒരോ മുനിമാരെ ചൂണ്ടിക്കാണിച്ചു ചോദിച്ചു. ഒരോരുത്തരെയും അല്ല, അല്ല എന്നിങ്ങനെ മറുപടി പറഞ്ഞുകൊണ്ടിരിക്കവെ മുനിവേഷത്തില്‍ നിന്ന ശ്രീരാമനെക്കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി. ഇവിടെ സീതയുടെ മൗനം ഒരു വാചാപ്രസംഗമാണ്‌. അങ്ങനെ വേദങ്ങള്‍ തത്വങ്ങളെ പരിശോധിച്ച്‌ അതോരോന്നും വസ്തുവല്ല (നേതി – ന-ഇതി ) അല്ല, എന്നു നിരാകരിച്ചിട്ട്‌ ഒടുവില്‍ ഇനിയൊന്നും പറയാനില്ലെന്ന മട്ടില്‍ നിറുത്തുന്നു. അതാണ്‌ സത്യനില. മൗനത്തില്‍കൂടി സത്യം എന്തെന്ന്‌ ഘോഷിക്കുകയാണിത്‌. ചിന്താവൃത്തിമൂലം മറ്റു വൃത്തികളെല്ലാം ഒഴിഞ്ഞ്‌, ഇനി ഒഴിക്കാനൊന്നുമില്ലാത്ത മട്ടില്‍ ആ വൃത്തി തന്റെ ആദിയായ സ്വരൂപത്തിലൊടുങ്ങവെ സ്വരൂപം അവശേഷമായി നില്‍ക്കുന്നു. ഏക പരിപൂര്‍ണ്ണ അഹംസ്വരൂപം അതാണ്‌. ഭാവാതീതമായ പരംപൊരുള്‍ – വാക്കു കൊണ്ട്‌ വര്‍ണ്ണിക്കാനാവാത്ത അനുഭവസ്വരൂപം.


No comments:

Post a Comment