Saturday, December 28, 2019

ദേവി തത്ത്വം- 61

പാലക്കാട് ഒരു ഭാഗവത സപ്താഹം നടത്തിയപ്പോൾ നരസിംഹാവതാര സന്ദർഭത്തിൽ അവരൊരു പ്ലാൻ ചെയ്തു ആരോടും പറഞ്ഞില്ല. നരസിംഹമായി ഒരാളെ വേഷം കെട്ടിച്ച് നിർത്തിയിരുന്നു. നരസിംഹാവതാര സന്ദർഭം വരുമ്പോൾ സൈഡിലുള്ള കർട്ടൺ നീക്കി നരസിംഹം പുറത്തേയ്ക്കു വരുന്നതാണ് പ്ലാൻ. അങ്ങനെ ആരും പ്രതീക്ഷിക്കാതെ നരസിംഹ വേഷം അലറി കൊണ്ട് കർട്ടൺ നീക്കി പുറത്തേയ്ക്ക് വരികയും. പുറകിൽ നിന്ന് മറ്റൊരാൾ മൈക്കിൽ കൂടി ഗർജ്ജിക്കുകയും ചെയ്തപ്പോൾ. ജനങ്ങൾ ആകെ പേടിച്ചു, ചിലർ കരഞ്ഞു, ചിലർ നമസ്കരിച്ചു ആകെ കോലാഹലമായിരുന്നു അവിടെ. എല്ലാം കഴിഞ്ഞ്  നരസിംഹ വേഷം കെട്ടിയ ആൾ പീഠത്തിൽ വന്നിരുന്നപ്പോൾ അയാളുടെ കുട്ടി മടിയിൽ വന്നിരുന്നു. പ്രഹ്ലാദൻ നരസിംഹ സ്വാമിയുടെ മടിയിൽ ചെന്നിരുന്ന പോലെ. അച്ഛനാണെന്നറിഞ്ഞാൽ എങ്ങനെയൊക്കെ അലറിയാലും ഗർജ്ജിച്ചാലും  സ്വന്തം അച്ഛനല്ലേ മടിയിലിരിക്കാൻ ഭയമുണ്ടാകില്ല. അതു പോലെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ ഭയങ്കരമായ സംഭവങ്ങൾ ഉണ്ടാകട്ടെ ഭഗവാനാണതിന് പുറകിൽ വേഷം കെട്ടി മുഖം കാണിക്കുന്നതെന്നറിഞ്ഞാൽ എന്തിന് ഭയപ്പെടണം. ഭയം തന്നെ സമാധിയായി തീരും.

ഏത് വികാരവും സമാധിയായിട്ട് തീരാം. വിവേകാനന്ദ സ്വാമികൾ പ്ലേഗ് വന്നപ്പോൾ വല്ലാതെ വിഷമിച്ച് കരയുമായിരുന്നു. ആരോ ചോദിച്ചു അങ്ങയ്ക്ക് ഇത്ര വേദനയുണ്ടാകുന്നല്ലോ . അദ്ദേഹം പറഞ്ഞു There is deep ecstasy in pain എന്ന്. ഈ വേദനയിൽ സമാധിയുണ്ട്. അതിന് പുറകിൽ ഒരു അദ്ധ്യാത്മ അനുഭവമുണ്ട്. ഭഗവാനാണ് ഉള്ളിലുള്ള അടിസ്ഥാന തത്ത്വം എന്ന് മനസ്സിലാകണം എന്നാലേ സാധിക്കുകയുള്ളു. നമ്മുടെ കേന്ദ്രത്തിൽ ഞാനെന്ന അനുഭവ രൂപത്തിൽ പ്രപഞ്ചത്തിനെ മുഴുവൻ അനുഭവിക്കാൻ കാരണമായിട്ട് നിൽക്കുന്ന ബോധം പരമേശ്വര സ്വരൂപമാണെന്നറിയുമ്പോഴേ ഇതൊക്കെ സാധിക്കു. നമ്മളിൽ അന്തർയാമി രൂപത്തിലിരിക്കുന്ന  പരമേശ്വരൻ തന്നെയാണ് മനസ്സെന്ന മൂട് പടമണിഞ്ഞ് പ്രാണനെന്ന മൂട് പടമണിഞ്ഞ് ശരീരമെന്ന മൂട് പടമണിഞ്ഞ് മനുഷ്യനായി ജീവനായി അഹന്തയായി ലോകത്തിൽ സഞ്ചരിച്ച് വ്യവഹരിച്ച് വിഷയങ്ങൾ ഭുജിക്കുന്നത്.

 പഞ്ചഭിർ ഭാസി ഷഷ്ഠഃ എന്ന് ഭാഗവതത്തിൽ വരാഹാവതാര സന്ദർഭ സ്തുതിയിൽ പറയുന്നു. ഭഗവാനെ ആറാമനായ അവിടുന്ന് അഞ്ചിലൂടെ പ്രകാശിക്കുന്നു എന്ന്. ശൈവ സിദ്ധാന്തത്തിൽ സുബ്രഹ്മണ്യന് ഏറ്റം കൂടും ശിവനേക്കാളും. ശിവൻ തന്നെയാണ് സുബ്രഹ്മണ്യൻ പക്ഷേ ശിവ ഭക്തി മാർഗ്ഗത്തിൽ സുബ്രഹ്മണ്യന് അല്പം ഏറ്റം കൂടും. എന്തെന്നാൽ ശിവൻ നിശ്ചല ബോധമാണ്. ആ നിശ്ചല ബോധം മൂന്നാമത്തെ കണ്ണ് തുറക്കുമ്പോഴാണ് സുബ്രഹ്മണ്യനായിട്ട് ജനിക്കുന്നത്. നിശ്ചലമായ ശിവം ബ്രഹ്മ വിദ്യാ സ്വരൂപിണിയായ ശക്തിയുമായിട്ടുള്ള സമ്പർക്കത്തിൽ മൂന്നാമത്തെ കണ്ണ് തുറക്കുമ്പോഴാണ്  ആറ് മുഖമുള്ള സുബ്രഹ്മണ്യൻ ജനിക്കുന്നത്. ഒന്ന് ആറായിട്ട് മാറുകയാണ്. എന്താണ് ഈ ആറിന്റെ പ്രത്യേകത? മന ഷഷ്ടാനി ഇന്ദ്രിയാണി പ്രകൃതി സ്ഥാനി കരിഷ്യതി. നിശ്ചലമായ അകമേ കണ്ട ആത്മാ തന്നെ മനസ്സിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും പുറത്തേയ്ക്ക് വന്ന് ജഗത്ത് മുഴുവൻ സർവ്വം ഘലുവിതം ബ്രഹ്മ എന്ന അനുഭവം ഉണ്ടാക്കുന്നതാണ് സുബ്രഹ്മണ്യൻ എന്ന് പറയുന്ന ശിവ പുത്രൻ.

Nochurji🙏🙏

No comments:

Post a Comment