Tuesday, December 24, 2019

ഗുരുവിന്റെ ഗുണങ്ങള്‍

Tuesday 24 December 2019 5:05 am IST
ആത്മവിദ്യയ്ക്ക് അധികാരി ആരാണെന്നതിനെക്കുറിച്ച് തുടര്‍ന്ന് വിവരിക്കുന്നു.
ശ്ലോകം 15
അതോ വിചാര: കര്‍ത്തവ്യോ
ജിജ്ഞാസോരാത്മ വസ്തുനഃ
സമാസാദ്യ ദയാസിന്ധും
ഗുരുംബ്രഹ്മവിദുത്തമം
അതിനാല്‍ ആത്മതത്ത്വം അറിയാന്‍ ആഗ്രഹിക്കുന്ന സാധകന്റെ കര്‍ത്തവ്യം വിചാരം ചെയ്യലാണ്.
അതിന് ബ്രഹ്മജ്ഞാനികളില്‍ ശ്രേഷ്ഠനും ദയാ സിന്ധുവുമായ സദ്ഗുരുവിനെ വേണ്ടതു പോലെ സമീപിക്കണം.
ഗുരു ഉപദേശമനുസരിച്ച് ആത്മാന്വേഷണവും ധ്യാനവും ശീലിക്കണം.
ആത്മജ്ഞാനിയായ ആള്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക് ആത്മജ്ഞാനത്തെ ഉപദേശിക്കാനാവൂ. സ്വയം  അനുഭവമുള്ളയാള്‍ക്കേ വേറൊരാളെ അത് ബോധിപ്പിക്കാനാവൂ, അജ്ഞാനത്തില്‍ പെട്ട് കഷ്ടപ്പെടുന്നവരെ കാണുമ്പോള്‍ അതിയായ കാരുണ്യത്തില്‍ സദ്ഗുരു അവര്‍ക്ക് ഉപദേശം നല്‍കുന്നു. ജിജ്ഞാസുവായ സാധകന്‍ തന്റെ ആദ്ധ്യാത്മിക പാതയില്‍ ആത്മാനുഭൂതി നേടിയ സദ്ഗുരുവിനെ വിധി പ്രകാരം സമാശ്രയിക്കണം.
യഥാര്‍ത്ഥ ഗുരുവിന്റെ നല്ലൊരു ചിത്രം ഇവിടെ വ്യക്തമാക്കുന്നു. ആത്മജ്ഞാനിയായ ഗുരുവിനും ചില ഗുണങ്ങള്‍ വേണം. ആത്മസാക്ഷാത്കാരം നേടിയ എല്ലാവര്‍ക്കും മറ്റുള്ളവരെ ലക്ഷ്യത്തിലേക്ക് നയിക്കാനാവില്ല. ആത്മാന്വേഷണം നടത്തുന്ന സാധകരോട് അനുഭാവവും അനുകമ്പയും വിശാലഹൃദയത്വവും ഉള്ള ആളാകണം ഗുരു. അങ്ങനെയുള്ള  ഗുരുവിന് മാത്രമേ  ശിഷ്യരുടെ നിലവാരത്തിലേക്ക് ഇറങ്ങി വരാന്‍ കഴിയുകയും വേണം.
ശ്രുതി വാക്യങ്ങളുടെ പൊരുള്‍ അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതി
നും ആദ്ധ്യാത്മിക തലത്തിലെ അവരുടെ വിഷമതകള പരിഹരിക്കാനും യഥാര്‍ത്ഥ ഗുരുവിനേ കഴിയൂ. ഇത്തരമൊരു ഗുരുവിനെ വേണ്ട പോലെ വിനയത്തോടും ആദരവോടും കൂടി ശിഷ്യര്‍ സമീപിക്കണം.
ഗുരുവിനെ തിരഞ്ഞെടുക്കുന്നതില്‍ മതിയായ ശ്രദ്ധ പുലര്‍ത്തണം. എങ്കിലും ഒരു മഹാത്മാവിനെ അളക്കാനോ അദ്ദേഹത്തിന്റെ അറിവ് പരിശോധിക്കാനോ മറ്റ് പലരോടും താരതമ്യം ചെയ്യാനോ ഒക്കെയുള്ളത് പാഴ് ശ്രമങ്ങളായിരിക്കും. ശിഷ്യന്‍ ഉത്തമ ജിജ്ഞാസുവും ഗുരു ഉത്തമ ബ്രഹ്മവിത്തും ആകണം.
ശ്ലോകം 16. 
മേധാവീ പുരുഷോ വിദ്വാന്‍
ഊഹാപോഹ വിചക്ഷണഃ
അധികാര്യാത്മവിദ്യായാം 
ഉക്തലക്ഷണലക്ഷിതഃ
നല്ല ഓര്‍മ്മശക്തിയും സാമാന്യമായി നല്ല അറിവുള്ളയാളും ശ്രുതിയ്ക്കനുസരിച്ച് ചിന്തിക്കാന്‍ കഴിയുകയും അതിനെതിരെയുള്ള ഖണ്ഡിക്കാന്‍ കഴിവുള്ള യാളുമാണ് ആത്മവിദ്യയ്ക്ക് അധികാരി. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ആത്മവിദ്യയ്ക്ക് അധികാരിയായ ശിഷ്യന്  സാധകന് വേണ്ട ഗുണങ്ങളാണ്. ആത്മാന്വേഷിയായ സാധകനെങ്ങനെയായിരിക്കണമെന്ന് ഇവിടെ ഒന്നുകൂടി വ്യക്തമായി വിവരിക്കുന്നു.
മേധാവി എന്നാല്‍ മേധാശക്തിയുള്ളയാള്‍ അഥവാ നല്ല ബുദ്ധിയും ഓര്‍മ്മശക്തിയും ഉള്ളയാള്‍ എന്നര്‍ത്ഥം. ശ്രുതി വാക്യങ്ങളെയും അര്‍ത്ഥത്തേയും നന്നായി ഓര്‍മ്മിച്ചെടുക്കാനാവണം. ഗുരു ഉപദേശമായി ലഭിക്കുന്ന ആദ്ധ്യാത്മിക തത്ത്വങ്ങളും ശ്രുതി വാക്യങ്ങളുടെ പൊരുളും നന്നായി ഉള്ളില്‍ ഉറപ്പിക്കാന്‍ കഴിയുന്നവനാകണം. ശ്രവണം ചെയ്ത ജ്ഞാനം ശിഷ്യന്റെതാകണം. ശ്രവണം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മനനത്തിലേക്ക് നയിക്കണം. കുറിപ്പ് എഴുതിയെടുത്ത് പിന്നീട് പഠിക്കുന്ന രീതി വേദാന്ത പഠനത്തിന് യോജിച്ചതല്ല. പഠിപ്പിച്ചതൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള മേധാശക്തി ശിഷ്യന് ഇല്ലെങ്കില്‍ തുടര്‍ന്ന് പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാകും.സംശയവും ആശയക്കുഴപ്പവും മൂലം പഠനം അവതാളത്തിലാകും.
വിദ്വാന്‍ എന്ന് പറഞ്ഞത് അത്യാവശ്യം ലോക പരിചയവും സാമാന്യമായൊരു അറിവും ഉണ്ടാകണം.കാവ്യം വ്യാകരണം എന്നിവ പഠിച്ചയാളാണ് വിദ്വാന്‍ . വേദാന്തരഹസ്യം അറിഞ്ഞവനാകണം എന്ന് അര്‍ത്ഥമില്ല. അത് അറിയാനാണല്ലോ ഗുരുവിനെ സമീപിക്കുന്നത്.  ഒന്നുമറിയാത്തയാള്‍ക്ക് ലൗകിക കാര്യങ്ങള്‍ പോലും പഠിക്കാന്‍ പ്രയാസമാണ്. വിവിധ ഉദാഹരണങ്ങളിലൂടെയും ആദ്ധ്യാത്മിക അറിവ് പകരണമെങ്കില്‍ സമാന്യ പരിജ്ഞാനം കൂടിയേ തീരൂ.
ശ്രുതിയ്ക്കനുസരിച്ച് ചിന്തിക്കാന്‍ കഴിയുന്നവനും ശ്രുതിക്കെതിരായതിനെ ഖണ്ഡിക്കാന്‍ കഴിയുന്നവനുമായ ആളാണ് ഊഹാപോഹ വിചക്ഷണന്‍. തര്‍ക്കവും മീമാംസയും പഠിക്കുന്നതിലൂടെ ഊഹാപോഹ വിചക്ഷണത്വം ഉണ്ടാകും. ഊഹമെന്നാല്‍ ശ്രുതിയ്ക്ക് അനുകൂലമായ തര്‍ക്കം അപോഹം ശ്രുതിക്കെതിരായതിനെ നിരസിക്കുന്ന തര്‍ക്കമാണ്. ഗുരുവില്‍ നിന്നു കേട്ടതിനെ ശ്രുതിക്കനുസരിച്ച് സ്വതന്ത്രമായി വിചാരം ചെയ്യണം.

No comments:

Post a Comment