Tuesday, December 24, 2019

ആഗ്രഹങ്ങളെ നിയന്ത്രിച്ചാല്‍ മാത്രം സംതൃപ്തി

Monday 23 December 2019 4:03 am IST
കാശത്തേക്കാള്‍ പ്രകാശിക്കുന്ന മഹാത്മാവായ ഒരു ഭിക്ഷുവിനെ മുന്നില്‍ കിട്ടിയപ്പോള്‍ എന്തുവേണമെങ്കിലും കൊടുക്കാന്‍ മഹാബലി തയ്യാറായിരുന്നു. ഇതേക്കുറിച്ച് പറയുമ്പാള്‍ ഇടയ്ക്ക് അഹങ്കാര സ്വരവും പ്രകടമായി. എന്നാല്‍ ബലിയുടെ വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്ന ചില അര്‍ഥങ്ങളും പ്രകടമാണ്.
 'അഹോ ബ്രാഹ്മണദായാദ
  വാചസ്‌തേ വൃദ്ധസമ്മതാഃ
   ത്വം ബലോ ബാലിശമതിഃ
 സ്വാര്‍ഥം പ്രത്യബുധോയതഃ' 
ഹേ, ബ്രാഹ്മണകുമാരാ, നിന്റെ വാക്കുകള്‍ വളരെ പക്വതയാര്‍ന്ന വൃദ്ധന്മാരുടേതു പോലെയാണ്. നിസ്വാര്‍ഥമാണ്. എന്നാല്‍ ബാലനായ അവിടുത്തെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നിസ്വാര്‍ഥത ഏറെ ബാലിശമായിപ്പോയില്ലേ? 
അങ്ങ് ബാലനായാണ് വന്നതെങ്കിലും അങ്ങയുടെ ഓരോ ചലനവും ഒരു മഹാത്മാവിന് ചേര്‍ന്ന വിധമാണ്. അതിനാല്‍ ആ വാക്കുകളെ ബാലിശമെന്നു തള്ളിക്കളയാനും ആകില്ല. ഏറെ പക്വതയാര്‍ന്നതാണ്. മനുഷ്യജീവിതം തന്നെ എല്ലായ്‌പ്പോഴും നിസ്വാര്‍ഥമായിരിക്കേണ്ടതാണ്. അങ്ങനെയുള്ള സേവനമനസ്സും അങ്ങയുടെ വാക്കുകളില്‍ തെളിഞ്ഞു കാണും. ഓരോ ചലനവും മറ്റുള്ളവരെ സഹായിക്കാനുള്ളതാണ്. അത് വൃദ്ധജന സമ്മതിയാര്‍ന്നതാണ്. 
 'ഓം വചോദിഃ സമാരാധ്യ
 ലോകനായേകനീശ്വരം
 പദത്രയം വൃണീതേയോള 
 ബുദ്ധിമാന്‍ ദ്വിപദാശുഷം'
 ലോകത്തിന്റെ മുഴുവന്‍ ഏകനായ ഇൗശ്വരനാണ് ഞാനെന്നറിയില്ലേ? ഒരു ദ്വീപു തന്നെ, ഒരുവന്‍കരതന്നെ, തരുവാന്‍ കെല്‍പും സന്നദ്ധതയുമുള്ളവനാണ് ഞാന്‍. എന്നോട്, മൂന്നടി മണ്ണു മാത്രം ചോദിക്കുന്നത് ബുദ്ധിയാണോ? സാധാരണ ബുദ്ധിമാന്മാര്‍ ഒരു വന്‍കരപോലെ വിശാലമായ ആവശ്യങ്ങളല്ലേ ചോദിക്കാറ്?  എന്തും തരാന്‍ തയ്യാറുള്ള ലോകേശ്വരനോട് ചെറിയ കാര്യങ്ങള്‍ മാത്രമായി ചോദിക്കയാണോ? 
ലോകത്തിന്റെ ഏകനായ ഈശ്വരനോട്, എന്തും തരാനായി സന്നദ്ധനായ, സമാരാധ്യനായ അങ്ങയോട്, ഞാനാണെങ്കില്‍ ചെറിയ കാര്യങ്ങള്‍ മാത്രമായി ആവശ്യപ്പെടില്ല. ആ തൃപ്പാദങ്ങള്‍ ആത്രമാണ് ആവശ്യപ്പെടുക. അതാണ് ബുദ്ധി. 
ഹേ, മഹാത്മന്‍, എന്നില്‍ നിന്നും ഭിക്ഷ മേടിച്ച ഒരാള്‍ പിന്നീട് വേറെ ആരോടെങ്കിലും എന്തെങ്കിലും ആവശ്യപ്പെടുന്നുവെന്നു വന്നാല്‍ അത് എനിക്കു തന്നെ നാണക്കേടാണ്. ഇത് പറയുമ്പോള്‍ ഒരു അഹങ്കാരത്തിന്റെ ധ്വനി പ്രകടമാണ്. അങ്ങേക്ക് ആവശ്യമുള്ളത് അളന്നെടുക്കണം. ഞാന്‍ അങ്ങേക്ക് അധീനനാണ്. എന്നാല്‍ ഭഗവാനും ഉണ്ട് ഏറെ ന്യായങ്ങള്‍. അത്യാവശ്യത്തിന് ഉള്ളത് കിട്ടിയാല്‍, സംതൃപ്തി ഇല്ലാത്തവന്‍ എത്ര കിട്ടിയാലും സംതൃപ്തനാവുകയില്ല. അതാണ് മനുഷ്യന്റെ പ്രകൃതം. എന്തു കിട്ടിയാലും മതിവരാത്തവന്‍ അത്യാഗ്രഹിയാണ്.
 ' യദൃഛയോപപന്നേന
 സന്തുഷ്‌ടോ വര്‍ത്തതേ സുഖം
 നാ സന്തുഷ്ടസ്ത്രിഭിര്‍ലോകൈ
 രജിതാത്മോപാസാദിദൈഃ'
യാദൃച്ഛികമായി ലഭിക്കുന്നതു കൊണ്ട് തൃപ്തിപ്പെടാത്തവന്‍ ഇന്ദ്രിയങ്ങളെ ജയിക്കാത്തവനാണ്. അതിനാല്‍ അവന്‍ എന്നും അസംതൃപ്തനാണ്. 
 'പത്തുകിട്ടുകില്‍ നൂറുമതിയെന്നും 
 ശതമാകില്‍ സഹസ്രം മതിയെന്നും 
 ആയിരം പണം കൈയിലുണ്ടാകുമ്പോള്‍
 അയുതമാകിലാശ്ചചര്യമെന്നതും'  
എന്ന് പൂന്താനം പാടിയപ്പോള്‍ വാമനമൂര്‍ത്തിയുടെ വാക്കുകളെ അനുസ്മരിച്ചിരിക്കും. 
'എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും 
മണ്ടി മണ്ടിിക്കരേറുന്നു മോഹവും' 
മനസ്സിനെ നിയന്ത്രിക്കാന്‍ പരിശീലിച്ചവനേ സംതൃപ്തിയുണ്ടാകൂ.

No comments:

Post a Comment