Tuesday, December 24, 2019

വിവേകചൂഡാമണി - 15
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

വിവേകിയാവണം സാധകൻ

ആത്മവിദ്യയ്ക്ക് അധികാരിയായ ആളുടെ യോഗ്യതയെ വര്‍ണ്ണിക്കുന്നത് തുടരുന്നു.

ശ്ലോകം 17
വിവേകിനോ വിരക്തസ്യ
ശമാദി ഗുണശാലിനഃ
മുമുക്ഷോരേവ ഹി ബ്രഹ്മ
ജിജ്ഞാസാ യോഗ്യതാമതാ

വിവേകിയും വിരക്തനും ശമം മുതലായ ഗുണങ്ങളുള്ളവനും മുമുക്ഷുവുമായ ആള്‍ക്ക് മാത്രമേ ബ്രഹ്മാന്വേഷണത്തിന് അര്‍ഹതയുള്ളൂ. ആത്മവിദ്യയെ നേടാന്‍ അന്വേഷകന് ചില ഗുണങ്ങള്‍ വേണം. എങ്കില്‍ മാത്രമേ ആത്മാന്വേഷണം വേണ്ടവിധത്തിലാകൂ. സാധകരെ പേടിപ്പിക്കാനല്ല ഇവയെ പറയുന്നത്. കൂടുതല്‍ ഉല്‍സുകനാക്കാനാണ്. ഓരോരുത്തരുടേയും ഉള്ളിലുള്ള ഈ ഉത്കൃഷ്ട ഗുണങ്ങളെ തിരിച്ചറിഞ്ഞ് പോഷിപ്പിക്കാനാണ് ഇവയെ പറഞ്ഞിരിക്കുന്നത്.

വിവേകിയാകണം സാധകന്‍. നല്ലതിനേയും ചീത്തയേയും വേര്‍തിരിച്ചറിയാനുള്ള ബുദ്ധിയുടെ കഴിവാണ്  വിവേകം. വേണ്ടതും വേണ്ടാത്തതും ചെയ്യേണ്ടതും ചെയ്യരുതാത്തതും വേര്‍തിരിച്ച് അറിയണം.  വകതിരിവ് എന്നാണ് നാടന്‍ പ്രയോഗം. സാധാരണ ലോകത്ത് ജീവിക്കുന്നവര്‍ക്ക് പലതിനേയും വേണ്ട പോലെ നോക്കിക്കാണാനും തീനമാനമെടുക്കാനും നടപ്പിലാക്കാനും വിവേകം വേണം,  അല്ലെങ്കില്‍ കുഴപ്പമാകും.

നിത്യജീവിതത്തില്‍ വിവേകത്തോടെ കഴിയുന്നവന് മാത്രമേ വിജയിക്കാനാവൂ.  അപ്പോള്‍ ആദ്ധ്യാത്മിക രംഗത്തെ കാര്യം പറയേണ്ടതുണ്ടോ? ഒരു വിവേകിയ്ക്ക് മാത്രമേ ലക്ഷ്യത്തിലെത്താനാകൂ. അത് ഇനി വിശദീകരിക്കുന്നുണ്ട്. വിരക്തനായിരിക്കണം ആത്മാന്വേഷകന്‍. പല കാര്യങ്ങളും പെട്ട് അവയിലൊക്കെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആദ്ധ്യാത്മിക പാതയില്‍ മുന്നോട്ട് പോകാനാവില്ല. വിവേകത്തിന്റെ പൂര്‍ത്തീകരണത്തെയാണ് വിരക്തി എന്ന് വിളിക്കുന്നത്. വിവേകത്തോടെ വേണ്ട വിധത്തില്‍ വിചാരം ചെയ്ത് അനാവശ്യമായിരിക്കുന്നവയില്‍ നിന്നെല്ലാം സ്വയം പിന്‍വലിയലാണിത്. വിവേകം എത്രകണ്ട് ശക്തമായുണ്ടോ അത്രകണ്ട് വിരക്തിയും ഉണ്ടാകും.

ശമം തുടങ്ങിയ ഗുണങ്ങളുള്ളയാളാകണം ഒരു സാധകന്‍. ശമം എന്നാല്‍ മനോനിയന്ത്രണം. തന്റെ ജീവിതത്തില്‍ തന്നില്‍ താന്‍ തന്നെ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളാണ് അവ. സ്വയം നിയന്ത്രണമില്ലെങ്കില്‍ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ. മുമുക്ഷുവാകണം സാധകന്‍ എന്നതാണ് അടുത്ത യോഗ്യത.  മോക്ഷത്തിന് വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നയാളാണ് മുമുക്ഷു. താന്‍ ഇപ്പോള്‍ ബന്ധനത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും അതില്‍ നിന്ന് പുറത്തു കടക്കണമെന്നും ഊരിപ്പോരണമെന്നും നന്നായി നിരന്തരം വിചാരിക്കുന്നയാളാകണം.

പലപ്പോഴും നമ്മള്‍ കെട്ടില്‍ പെട്ടിരിക്കുകയാണ് എന്ന് അറിയാത്തവരാണ് പലരും.  ഈ സംസാരത്തില്‍ കയറില്ലാതെ കെട്ടിയിരിക്കുകയാണ് ഓരോ ആളേയും.  കെട്ടില്‍ പെട്ടിരിക്കുകയാണ് എന്ന് ആദ്യം തിരിച്ചറിയണം. എങ്കിലേ അതില്‍ നിന്ന് മോചനം വേണമെന്ന തോന്നലുണ്ടാകൂ.

മോക്ഷം എന്നതിനെക്കുറിച്ച് പലപ്പോഴും തെറ്റായ ധാരയാണ് ആളുകള്‍ക്ക്. അത് മരണശേഷം നേടേണ്ട ഒന്നല്ല. ഭാവിയിലെപ്പോഴോ കൈവരുന്ന ഒന്നല്ല. അത് ഇപ്പോള്‍ ഇവിടെ വച്ച് നേടേണ്ട ഒനാണ്. നമ്മുടെ പ്രയത്‌നത്തിനനുസരിച്ചാകും അതിനെ ലഭിക്കുക. പുറം ലോകവുമായി നാംബന്ധപ്പെടുമ്പോള്‍ നമ്മുടെ പരിമിതികളും കുറവുകളും ബോധ്യമാകും.  നമ്മുടെ ഈ പരിമിതികളുടേയും ദൗര്‍ബല്യങ്ങളുടേയും സ്വാതന്ത്ര്യമില്ലായ്മയുടേയുമൊക്കെ പിടിയില്‍ നിന്ന് നമുക്ക് മോചനം നേടണം അതാണ് മോക്ഷം. ശരീര, മനോ, ബുദ്ധികളുടെ പരിമിതികളില്‍ നിന്ന് ഉയരാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മോക്ഷത്തെ കൈവരിക്കാനാവൂ.


  • ബ്രഹ്മ ജിജ്ഞാസയ്ക്ക് വേണ്ടതായ യോഗ്യതകളെ ഇതുവരെ വിവരിച്ചു. അവസാനം പറഞ്ഞ വിവേകം മുതലായ  ഗുണങ്ങളെക്കുറിച്ച് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ വിശദമാക്കുന്നുണ്ട്.

No comments:

Post a Comment