Wednesday, December 25, 2019

*നാലരയടി പൊക്കം, 1500 വർഷത്തിലേറെ പഴക്കം: കൗതുകമായി ആറന്മുളയിലെ ചീന ഭരണികൾ.*

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കലവറയിൽ നിന്ന് ലഭിച്ച വലിയ ചീന ഭരണി.
ആറന്മുള ∙ ചരിത്രത്തിന്റെ ഭൂമിക തേടുന്നവർക്കും ഭക്തജനങ്ങൾക്കും കൗതുകം നിറച്ച് പാർഥസാരഥി ക്ഷേത്രത്തിലെ വലിയ രണ്ട് ചീന ഭരണികൾ. കരവിരുതും ചരിത്രവും കൗതുകവും നിറയുന്നതാണ് ഈ ചീനഭരണികൾ. ഇവയ്ക്ക് 1500 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. ക്ഷേത്രാരംഭകാലം മുതൽ ഉള്ളതാണ് ഇവയെന്നും പറയുന്നു. ഏകദേശം നാലരയടി പൊക്കവും രണ്ടരയടി വീതിയുമാണ് ഇവയ്ക്ക് ഉള്ളത്. ക്ഷേത്രത്തിലെ കലവറയിൽ നിത്യനിവേദ്യത്തിന് വേണ്ടി ഉപ്പുമാങ്ങ സൂക്ഷിച്ചിരുന്നവയാണ് ഇവ.

ചോറും ഉപ്പുമാങ്ങയും വഴുതന മെഴുക്കുപുരട്ടിയും തൈരുമാണ് പാർഥസാരഥിയുടെ നിവേദ്യം. ഇതിൽ വളരെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ഉപ്പുമാങ്ങ. ഇന്നത്തെപോലെ മാങ്ങ നിത്യവും മാർക്കറ്റിൽ ലഭ്യമല്ലാതിരുന്ന കാലത്ത് ഭക്തജനങ്ങളുടെയും ക്ഷേത്ര അധികാരികളുടെയും നേതൃത്വത്തിൽ നാട്ടിലെ മാങ്ങാക്കാലത്ത് സുലഭമായിരുന്ന വിവിധ തരത്തിലുള്ള നാടൻ മാങ്ങകൾ ശേഖരിച്ച് ഉപ്പുമാങ്ങയാക്കി സൂക്ഷിച്ചിരുന്നത് ഈ ഭരണികളിലാണ്. അടുത്ത മാങ്ങാക്കാലം വരെ കേടുകൂടാതെ ഇതിൽ ഇരിക്കുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.

ഇത്രയും വലിപ്പമുള്ള ഈ ചീനഭരണികൾ എങ്ങനെ ഇവിടെ എത്തിച്ചുവെന്നതിന് രേഖകൾ ഒന്നും തന്നെയില്ല. പ്രാചീന കാലത്ത് പമ്പാ നദിയിലൂടെ ഉണ്ടായിരുന്ന ജലഗതാഗത മാർഗത്തിലൂടെയാവാം. ഇവ പൊക്കണമെങ്കിൽ 6 പേര് വേണം. അത്രയ്ക്കും ഭാരം ഇവയ്ക്കുണ്ട്. ഇന്നത്തെ സാധാരണ വാതിലിൽക്കൂടി ഇവ കടന്നുപോകില്ല. കയറുകെട്ടി പൊക്കിമാറ്റുന്നതിന് ഭരണിയുടെ ഇരുവശത്തും മണ്ണുകൊണ്ടുതന്നെ പിടിയും നിർമിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും വർഷത്തെ പഴക്കമുണ്ടെങ്കിലും ഇവയ്ക്ക് യാതോരുവിധമായ കേടുപാടുകളും ഇല്ല.

ഉപ്പുമാങ്ങയും മറ്റും ഇട്ടുവയ്ക്കുന്നതിന് പുതിയ പാത്രങ്ങൾ എത്തിയതോടെ ഈ വലിയ ഭരണികൾ രണ്ടും ഏറെക്കാലമായി കലവറയിൽ വെറുതെ ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ ഇവ എടുത്ത് ഭക്തജനങ്ങൾക്ക് കാണാനായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ വച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ് വിദേശികൾ ഉൾപ്പെടെയുള്ളവർ വന്ന് ഭരണികൾ കാണുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്.

ഇവ കൂടാതെ പല വലുപ്പത്തിലുള്ള 18 ചീനഭരണികൾ ഇനിയും കലവറയിൽ ഉണ്ട്. ഇവയെല്ലാംകൂടി അമ്പലപ്പുഴ ക്ഷേത്രത്തിൽ കുഞ്ചൻ നമ്പ്യാരുടെ മിഴാവ് സൂക്ഷിച്ചിരിക്കുന്നതുപോലെ പുരാവസ്തുവായി സൂക്ഷിക്കണമെന്നും ഇതിനായി ദേവസ്വം അധികാരികളും സർക്കാരും തയാറാകണമെന്നുമാണ് ഭക്തജനങ്ങളുടെ ആവശ്യം.

Kadapadu മനോരമ

No comments:

Post a Comment