Sunday, December 29, 2019

വിവേകചൂഡാമണി - 19
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സഹനത്തിന്റെ മഹത്വം

ശ്ലോകം 24
സഹനം സര്‍വ്വ ദു:ഖാനാം
അപ്രതീകാരപൂര്‍വ്വകം
ചിന്താ വിലാപരഹിതം
സാ തിതിക്ഷാ നിഗദ്യതേ

എല്ലാ ദുഃഖങ്ങളേയും സഹിക്കാനുള്ള കഴിവിനെയാണ് തിതിക്ഷ എന്ന് പറയുന്നത്. ദു:ഖങ്ങള്‍ വരുമ്പോള്‍ പ്രതികാരം തോന്നാതെ, ചിന്തിച്ച് പാടുപെടാതെ, വിലപിക്കാതെ സഹിക്കുന്നതാണ് തിതിക്ഷ.

എന്തിനേയും മൗനമായി സഹിക്കാനുള്ള കഴിവാണിത്. ഭൗതികമായ കാര്യങ്ങളില്‍ മാത്രമല്ല ഇത് വേണ്ടത്, ആദ്ധ്യാത്മിക രംഗത്ത് സഹനശേഷിയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

ദു:ഖങ്ങള്‍ വന്നുപെടുമ്പോള്‍ ആ സാഹചര്യങ്ങളോടും അതിന് കാരണക്കാരെന്ന് കരുതുന്നവരോടും വലിയ പ്രതികാര ബുദ്ധി ഉണ്ടാകും. പലപ്പോഴും ഇത് സംഭവിക്കുന്നത് തെറ്റിദ്ധാരണ മൂലമായിരിക്കും. സഹിക്കല്‍ നിവൃത്തികേടുകൊണ്ടാകരുത്. ഇതിന് ഞാന്‍ പകരം വീട്ടും, ഞാന്‍ കാണിച്ചു തരാം, വെറുതെ വിടില്ല, പാഠം പഠിപ്പിക്കും.... തുടങ്ങിയ വിചാരങ്ങളോടെ സഹിക്കുന്നത് ശരിയല്ല.

ദു:ഖങ്ങള്‍ വരുമ്പോള്‍ ചിന്തിച്ച് തല പുണ്ണാക്കുന്നവരാണ് ഏറേയും. ആരാണ് ഇതിന് പിന്നില്‍? മനപ്പൂര്‍വ്വം ചെയ്തതാകും, എനിക്ക് മാത്രം എന്തുകൊണ്ട്? എങ്ങനെ ഇങ്ങനെയായി തുടങ്ങിയ പാഴ്ചിന്തികളിലൂടെ വേറെ വഴിയൊന്നുമില്ലാതെ സഹിക്കുന്നവരാണ് പലരും.

കരഞ്ഞ് കണ്ണീരൊലിപ്പിക്കുന്നവരും ഉള്ളില്‍ ആധിയെടുത്ത് ഒരു സ്വസ്ഥതയുമില്ലാതെയും സഹിക്കുന്നവരാണ് വേറെ ചിലര്‍. ഇവര്‍ എല്ലായ്‌പ്പോഴും കുറ്റം പറഞ്ഞും പ്രാകിയും മുറുമുറുത്തും  പിറുപിറുത്തും ഗതികേടെന്ന് കരുതി കാലം കഴിക്കും.

എന്നാല്‍ ശരിയായ സഹനം ഏറ്റവും വലിയ ദു:ഖം വന്നാലും അതിനെ ഉള്‍ക്കൊണ്ട്, ദു:ഖം വരാനുള്ള കാരണങ്ങളെ പരിശോധിച്ച് അതിനെ നേരിടുക എന്നതാണ്.  അങ്ങനെയെങ്കില്‍ സഹിച്ചും ക്ഷമിച്ചും കഴിയുന്ന വിവേകമുള്ള പ്രവര്‍ത്തിയാകും തിതിക്ഷ. ശീത ഉഷ്ണ, സുഖദുഃഖ ദ്വന്ദ്വങ്ങളെ സഹിക്കാനുള്ള കഴിവാണ് തിതിക്ഷാ.

വിരുദ്ധങ്ങളായ ഇരട്ടകള്‍ എന്ന് ദ്വന്ദ്വങ്ങളെ പറയാം. ഇവ വന്നും പോയും ഇരിക്കുന്നവയാണ്. ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ മാറി മാറി വന്നുകൊണ്ടിരിക്കും. ഒരു ദ്വന്ദ്വവും സ്ഥിരമല്ല. ഓരോന്നും വരുമ്പോള്‍ ആ അവസ്ഥ അതിന്റെ രീതിയെന്ന് കരുതി കഴിയുകയാണ് നല്ലത്.

ഉഷ്ണം വരുമ്പോള്‍ ചൂടിന്റെ കാഠിന്യത്തെ പഴിക്കാതെ അതിനെ സ്വീകരിക്കുക.  ചൂടകറ്റാന്‍ വീശുകയോ കാറ്റു കൊള്ളുകയോ തണലിലേക്ക് മാറിയിരിക്കുകയോ ഒക്കെ ചെയ്യാം.

എന്തൊരു ചൂട്, വല്ലാത്ത ഉഷ്ണം, ഭയങ്കര വെയില്‍ എന്നൊക്കെ പറഞ്ഞാല്‍ ചൂടിന്റെ കഠിനത കൂടുതല്‍ ഏല്‍ക്കുന്നത് പോലെ തോന്നും. തണുപ്പായാലും മഴയായാലും ഇതുപോലെ തന്നെ. മഴയത്ത് കുടപിടിക്കാം. മഴ മാറാന്‍ കാത്തു നില്‍ക്കാം. പക്ഷേ പലപ്പോഴും നശിച്ച മഴ എന്ന് പ്രാകലാണ് പലരും ചെയ്യുക.

പഴമക്കാര്‍ എന്തിനെയും നല്ലത് എന്ന് പറയുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ പറയുമ്പോള്‍ അതില്‍ ബുദ്ധിമുട്ടിനു പുറകിലും നല്ലതിനെ കാണല്‍ ഉണ്ടായിരുന്നു.  നല്ല മഴ, നല്ല വെയില്‍, നല്ല തണുപ്പ്, നല്ല പനി, നല്ല വയറുവേദന എന്നിങ്ങനെ പറയുന്നത് തന്നെ വളരെ മോശമായതിനേയും ദു:ഖമുണ്ടാക്കുന്നതിനേയും അനുകൂലമായി കാണുന്ന ഒരു രീതിയാണ് എന്ന് പറയാം.

ലാഭം നഷ്ടം, ജയം പരാജയം, നേട്ടം കോട്ടം, രാത്രി പകല്‍ തുടങ്ങിയ എല്ലാ ദ്വന്ദ്വങ്ങളേയും ഇങ്ങനെ നല്ല രീതിയില്‍ സഹിക്കാനാവണം.  ശാരീരിക ക്ലേശങ്ങളെ മാനസികമായ ഉള്‍ക്കരുത്തു കൊണ്ട് മറികടക്കണം. ഉള്ളിലെ സഹനശേഷിയാണ് പുറത്ത് തിതിക്ഷയായി പ്രകടമാവുക.

എന്നാല്‍ സഹനത്തിന്റെയോ തിതിക്ഷയുടേയോ പേര് പറഞ്ഞ്  സ്വയം ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പടെ നടത്തുന്നത് മൂഢത്വമാണ്. പലപ്പോഴും പല സാധകരും ഇങ്ങനെ അപകടത്തില്‍ ചെന്ന് ചാടാറുണ്ട്.

പക്വമായ മനസ്സിന്റെയും തെളിവാര്‍ന്ന ബുദ്ധിയുടേയും പ്രവര്‍ത്തനമാണ് തിതിക്ഷയിലൂടെ പ്രകടമാകുന്നത്. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ വന്നു ചേരുന്ന എല്ലാ തടസ്സങ്ങളേയും വെല്ലുവിളികളേയും ക്ഷമയോടെ പക്വതയോടെ പൊറുത്ത് സഹിക്കുകയാണ് വേണ്ടത്. അവയെ നിസ്സാരമായി തന്നെ തള്ളിക്കളയണം.

മറ്റൊരാളോ മറ്റൊന്നോ നമ്മുടെ ദുഃഖങ്ങള്‍ക്ക് കാരണമല്ല എന്ന് ബോദ്ധ്യം വരണം. എന്ത് പ്രശ്‌നം വന്നാലും അതിനെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറുമ്പോഴാണ് തിതിക്ഷ ഫലവത്താകുന്നത്‌.

No comments:

Post a Comment