Monday, December 30, 2019

[31/12, 09:56] Bhattathiry: വിവേകചൂഡാമണി- 130

        മോക്ഷസ്യ ഹേതു
        പ്രഥമോ നിഗദ്യതേ
        വൈരാഗ്യമത്യന്ത-
        മനിത്യ വസ്തുഷു
        തതഃ ശമശ്ചാപി 
        ദമസ്തിതിക്ഷാ
        ന്യാസഃ പ്രസക്താഖില
        കർമ്മണാം ഭൃശം.                (69)

    അനിത്യങ്ങളായ വിഷയവസ്തുക്കളിൽ അത്യന്തവൈരാഗ്യമാണ് മോക്ഷത്തിന്ന് ഒന്നാമതായി വേണ്ടത്. തുടർന്ന്, ശമം, ദമം, തിതിക്ഷ, സർവകർമ്മപരിത്യാഗം എന്നിവയും.

   അദ്വൈതസിദ്ധാന്തത്തെ പ്രകീർത്തിക്കുക മാത്രമല്ല ഈ
വേദാന്തപ്രകരണത്തിന്റെ ഉദ്ദേശ്യം. ആദ്ധ്യാത്മികമാർഗ്ഗത്തിൽ
സ്ഥൈര്യത്തോടെ മുന്നേറാൻ ഇച്ഛിക്കുന്ന യഥാർത്ഥ സാധകൻ
തന്റെ പുരോഗതി ഉറപ്പുവരുത്താൻ കൈക്കൊള്ളേണ്ട ഉപായങ്ങളെക്കുറിച്ച് വേണ്ട പ്രായോഗിക നിർദ്ദേശങ്ങളെല്ലാം ഇതിലുണ്ട്.  മോക്ഷപദവിയുടെ സ്വരൂപത്തെക്കുറിച്ചറിഞ്ഞതുകൊണ്ടുമാത്രം   തൃപ്തിപ്പെടുന്നവനല്ല സാധകൻ.  സംസാരദുരിതങ്ങളിൽനിന്ന്
പൂർണ്ണമോചനം എങ്ങനെ നേടാമെന്ന് വ്യക്തമായറിയാൻ അയാൾ അക്ഷമനാണ്. ആത്മജ്ഞാനമുദിക്കണമെങ്കിൽ സാധകന്റെ മനസ്സിൽ ഉണ്ടായിത്തീരേണ്ട അവസ്ഥാവിശേഷങ്ങളെ ആചാര്യൻ ഇവിടെ എണ്ണിപ്പറയുന്നു.

    നശ്വരങ്ങളായ വിഷയവസ്തുക്കൾ ഭുജിക്കാനുള്ള ആസക്തി
പൂർണ്ണമായും ഉപേക്ഷിക്കുക ആണ് ഒന്നാമതായി വേണ്ടത്. വിവേകശക്തിയുള്ള ബുദ്ധി വികസിച്ച് സഫലമായിത്തീരുന്നത് പൂർണ്ണ വൈരാഗ്യമുദിക്കുമ്പോൾ മാത്രമാണ്. ലൗകികവിഷയങ്ങൾ സമ്പാദിക്കുന്നതിലും, സംരക്ഷിക്കുന്നതിലും, ഭുജിക്കുന്നതിലും ആസക്തി
വിടാത്തവന്ന് -- വൈരാഗ്യമില്ലാത്തവന്ന് -- വിജ്ഞാനത്തിന്റെ മണിയറയിൽ പ്രവേശനം ലഭിക്കുന്നതല്ല. സ്ഥിരവും ശാശ്വതവും പൂർണ്ണവുമായ പദവിക്കുവേണ്ടി കൊതിക്കുന്ന മനസ്സ്, ലൗകികവിഷയങ്ങൾ അസ്ഥിരവും നശ്വരവും അപൂർണ്ണവുമാണെന്ന് ബോദ്ധ്യം
വന്നാൽ അവയിൽനിന്ന് പിന്തിരിയുന്നു. ഇന്ദ്രിയങ്ങളെ ക്ഷയിപ്പിക്കുന്ന -- ശക്തി നഷ്ടപ്പെടുത്തുന്ന -- വിഷയങ്ങളുടെ കേളീരംഗത്തിൽനിന്ന് വിവേകി ഉടനെ പിന്മാറും. ദുർവ്യയം ചെയ്തു പോകുമായിരുന്ന ആന്തരികശക്തിയെ സംഭരിച്ച് വേണ്ടപോലെ ഇണക്കി മെരുക്കി, ബന്ധനാവസ്ഥയിൽനിന്ന് വിമുക്തി നേടാനും ആത്മമഹിമയിൽ വിരാജിക്കാനും ഉതകുന്ന വിധത്തിൽ അതിനെ ശരിയായി പ്രയോജനപ്പെടുത്തുക എന്നതാണ് വൈരാഗ്യം കൊണ്ടുദ്ദേശിക്കുന്നത്.

    ശമം, ദമം, തിതിക്ഷ എന്നിവ സാധകൻ സ്വയം വളർത്തിയെടുക്കേണ്ട ഗുണങ്ങളാണ്. (ഇവയെ 20-24 ശ്ലോകങ്ങളിൽ വിസ്തരിച്ച് പ്രതിപാദിച്ചുകഴിഞ്ഞു) ഉള്ളിൽ സംഭരിച്ച് നിർത്തിയിരിക്കുന്ന
ശക്തിയെ നിയന്ത്രിക്കാനും, അന്യചിന്തയില്ലാതെ, ഏകാഗ്രമായി ധ്യാനത്തിൽ നിഷ്ഠ കൈവരിക്കാനും ഇവ സഹായിക്കുന്നു.
 
    സുദൃഢമായ ബുദ്ധിയിൽ വിവേകമുദിക്കുന്നതിന്റെ ഫലമായി വൈരാഗ്യം ഉണ്ടാവും. ശമം, ദമം, തിതിക്ഷ എന്നീ ഉത്കൃഷ്ടഗുണങ്ങൾ ചേരുമ്പോൾ അത് സംപുഷ്ടവും സുശക്തവുമായിത്തീരും. ഈ നില കൈവന്ന സാധകൻ സ്വാർത്ഥപരമായ
കാമ്യകർമ്മങ്ങളിൽ വ്യാപൃതനാവുകയില്ല. സർവ്വകർമ്മങ്ങളും ലൗകികമോ, വൈദികമോ ആയ എല്ലാ വ്യാപാരങ്ങളും -- അയാൾ ഉപേക്ഷിക്കുന്നു. കർമ്മാനുഷ്ഠാനങ്ങളിലൂടെ നേടേണ്ടത് അന്തഃകരണശുദ്ധിയാണ്. ഉത്കൃഷ്ടസാധനയായ ധ്യാനപരിശീലനത്തിൽ
വ്യാപരിക്കാൻ ബുദ്ധിയെ സമർത്ഥമാക്കുക എന്നതാണ് കർമ്മളുടെ പ്രയോജനം. അങ്ങനെ, വേണ്ട സന്നദ്ധത നേടിക്കഴിഞ്ഞ ബുദ്ധി നിരതിശയമഹിമയോടുകൂടിയ പരമപദത്തിലേയ്ക്കു പറന്നുയരും.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[31/12, 09:56] Bhattathiry: ഹരിനാമകീർത്തനം വ്യാഖ്യാനം-49

സ്വപ്നാദിയും ഉണർവും

ബോധമൊന്നു മാത്രമേ സത്യമായുള്ളുവെങ്കിൽ സാക്ഷാത്ക്കാരത്തിനു മുമ്പുണ്ടായിരുന്ന ജഡബന്ധങ്ങളുടെ രഹസ്യമെന്ത്? അജ്ഞാന സ്വരൂപിണിയായ അവിദ്യ ബോധത്തെ മറച്ചുണ്ടാക്കിത്തീർക്കുന്ന ഭ്രമം.
ഇത്തരം ഭ്രമങ്ങൾക്ക് ഈ ജീവിതത്തിൽത്തന്നെ വേണ്ടുവോളം ദൃഷ്ടാന്തങ്ങളുണ്ടല്ലോ, നല്ല ബോധത്തോടെ ഉണർന്നിരിക്കുന്ന വ്യക്തി ഉറങ്ങാൻ കിടന്ന് അൽപം കഴിയുമ്പോൾ നേരത്തേയുള്ള ഉണർവും അനുഭവവും
നഷ്ടപ്പെടുന്നു എന്നു മാത്രമല്ല, സ്വപ്നരൂപത്തിൽ പല പുതിയ അനുഭവങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ചിലർക്ക് സ്വപ്നത്തിൽ സ്വന്തം ശിരസ്സു ഛേദിക്കപ്പെടുന്നതായി അനുഭവമുണ്ടാകുന്നു. സന്താനങ്ങൾ മരിക്കുന്നതായി കാണാനിടവരുന്നു. സ്വപ്നത്തിൽ ഒരുനിമിഷം അനേക സംവത്സരങ്ങളായി മാറുന്നു. വീടു കാടായി പ്രത്യക്ഷപ്പെടുന്നു. സ്വപനവേളയിൽ ഇവയെല്ലാം യഥാർത്ഥാനുഭവങ്ങളാണുതാനും. അതുകൊണ്ടാണല്ലോ
സ്വപ്നത്തിൽ ദുഃഖിക്കാനും സുഖിക്കാനും പരിഭ്രമിക്കാനുമൊക്കെ ഇടവരുന്നത്. ഉണർന്നിരുന്ന വ്യക്തിയിൽ ഉറക്കത്തോടെ ഈ പുതിയ അനുഭവങ്ങൾ ഉളവാക്കിയതാരാണ്? നിദ്രാശക്തി. നിദ്ര വിട്ടുണരുന്നതോടെ
താൻ മാത്രമേയുള്ളുവെന്നും സ്വപ്നത്തിൽ പലതു കണ്ടതെല്ലാം കേവലം ഭ്രമമായിരുന്നു എന്നും തെളിയുന്നു. അവിദ്യ വിട്ട് ഉണരുന്ന ജ്ഞാനിയുടെയും കഥ ഇതുതന്നെ. ശ്രീ വിദ്യാരണ്യസ്വാമികൾ പഞ്ചദശിയെന്ന പ്രകരണഗ്രന്ഥത്തിൽ പ്രഖ്യാപിക്കുന്നതു നോക്കുക;

  നിദ്രാശക്തിര്യഥാ ജീവേ
  ദുർഘടസ്വപ്നകാരിണീ
  ബ്രഹ്മണ്യേഷാ സ്ഥിതാ മായാ
  സൃഷ്ടിസ്ഥിത്യന്തകാരിണീ,
                                        (പഞ്ച. 13-83)

   നിദ്രാശക്തി ജീവനിൽ ദുർഘടങ്ങളായ സ്വപ്നാനുഭവങ്ങളെ ഉള്ളവാക്കുന്നു. അതുപോലെയാണ് ബ്രഹ്മശക്തിയായ മായ സൃഷ്ടിസ്ഥിതി പ്രളയങ്ങളൊക്കെയുണ്ടാക്കുന്നത്. സ്വപ്നമെന്നപോലെ മറ്റു പല ഭ്രമാനുഭവങ്ങളും കാണ്മാനുണ്ട്. അരണ്ട വെളിച്ചത്തിൽ അകലെ ഒരു മരക്കുറ്റി കണ്ടാൽ കളളനാണാ പിശാചാണോ എന്നൊക്കെ സംശയമുണ്ടാകാം.
മാലക്കണ്ണു പോലുള്ള രോഗങ്ങൾ ബാധിച്ചാൽ ഒന്ന് അനേകമായി കാണാനിടവരുന്നു. ഇവിടെയൊക്കെ ഉറക്കമുണർന്നും ഭ്രമം മാറിയും രോഗം ഭേദമായും യാഥാർത്ഥ്യമറിയാനിടവരുമ്പോഴാണ് താനനുഭവിച്ചതൊക്കെം വെറും ഭ്രമമായിരുന്നു എന്നു ബോധ്യപ്പെടുന്നത്. അജ്ഞാനമകന്ന്
ജ്ഞാനസാക്ഷാത്ക്കാരം നേടിയ യോഗിയുടെയും കഥ ഇതു തന്നെ.
ഇക്കാര്യമാണ് 'സ്വപ്നാദിയിൽ പലവുകണ്ടാലുണർന്നവനൊടൊപ്പം ഗ്രഹിക്ക' എന്ന ഭാഗംകൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.
'ആദി' പദം കൊണ്ടു ഭ്രമം, രോഗം എന്നിവയെ സംഗ്രഹിച്ചിരിക്കുന്നു.
എന്നു കാണേണ്ടതാണ്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments:

Post a Comment