Monday, December 23, 2019

[24/12, 06:55] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-42

ദുരിതം പാർക്കുന്നിടത്ത് അംഭോരുഹാക്ഷൻ

   മരണവേളയിലെ സങ്കൽപവും വാസനയും എന്തായിരിക്കുമെന്നുള്ളതിനെ ആശ്രയിച്ചാണ് അപ്പോഴത്തെ സൂക്ഷ്മശരീരത്തിന്റെ രൂപം നിർണ്ണയിക്കുക. അതോടെ ജീവന് തുടർന്നുള്ള ജനനം എതുതരത്തിലായിരിക്കണമെന്നും തീരുമാനിക്കപ്പെടുന്നു. സൂക്ഷ്മശരീരമാണ് കർമ്മബന്ധം നിർണയിക്കുന്ന ധർമപതിയുടെ കാര്യസ്ഥനായ ചിത്രഗുപ്തൻ. അതു രേഖപ്പെടുത്തിയിരിക്കുന്ന ലോകവാസനകളാണു ദുരിതം. ഇങ്ങനെയുള്ള ലോകവാസനകൾ അനന്തരജന്മം നിർണയിക്കപ്പെടാനായി കാലത്തിന്റെ മുമ്പിൽ വിലയിരുത്തപ്പെടുമ്പോൾ ദുരിതങ്ങളെയെല്ലാം പുറന്തള്ളിക്കൊണ്ട് ജഗദീശ്വരന്റെ
അനന്യസ്മരണമാണ് ചിത്രഗുപ്തന്റെ രേഖകളിൽ സ്ഥലം പിടിച്ചിരിക്കുന്നതെന്നു വന്നാൽ പിന്നെ ജനിക്കാനിടവരുന്നില്ല. അതാണ് ദുരിതം പാർത്തു കാണുമളവിൽ അംഭോരുഹാക്ഷൻ അടുത്തുണ്ടായിരിക്കണമെന്ന് ആചാര്യൻ അപേക്ഷിച്ചിരിക്കുന്നത്. അതല്ല, അതിരറ്റ ധനതൃഷ്ണ, മമതാബന്ധം, സുഖമോഹം തുടങ്ങിയ ലോകവാസനകളാണ് ചിത്രഗുപ്തൻ രേഖപ്പെടത്തിയിരിക്കുന്നതെന്നുവന്നാൽ അവ സഫലമാക്കാനുതകുന്ന ജന്മമായിരിക്കും ധർമ്മപതി അഥവാ മൃത്യു വിധിക്കുന്നത്. ശ്രീശങ്കരഭഗവത്പാദർ 'ഉപദേശസാഹസ്രി'യിൽ പ്രഖ്യാപിക്കുന്നതു നോക്കുക.

യത് കാമസ്തത് ക്രതുർ ഭൂത്വാ കൃതം ത്വജ്ഞഃ പ്രപദ്യതേ
യദാ സ്വാത്മദൃശഃ കാമാഃ പ്രമുച്യന്തേ മതസ്തദാ.
          (ഉപ. സമ്യങ്മതിപ്രകരണം)

അജ്ഞൻ വാസനയ്ക്കനുസരണമായ സങ്കല്പ്പത്തോടുകൂടി സ്വകർമ്മത്തിൽ കുടുങ്ങി ജനിക്കുന്നു. ഈശ്വരസ്മരണ നിലനിർത്തി ആത്മവിചാരം
ചെയ്തവന്റെ കാമങ്ങൾ ഒടുങ്ങുന്നു. അതോടെ അയാൾ മുക്തനായി അമൃതത്വം കൈവരിക്കുന്നു.

    ജീവന് പഞ്ചേന്ദ്രിയങ്ങളും മനസ്സും കൂടിച്ചേർന്ന് ഉണ്ടാക്കിക്കൊടക്കുന്ന അനുഭവങ്ങളാണല്ലോ പ്രപഞ്ചാനുഭവങ്ങൾ. ഇന്ദ്രിയങ്ങളും മനസ്സും നിലനിൽക്കുന്നതോ, പ്രാണനെ ആശ്രയിച്ചാണ്. മാത്രമല്ല, പ്രാണൻ പല രൂപത്തിൽ വേർതിരിഞ്ഞു വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കുന്നതുകൊണ്ടാണ് സംസാരകാരണമായ ശരീരം തന്നെ തുടർന്നു നിലനിൽക്കുന്നത്. ആത്മവസ്തുവിനെ സുവ്യക്തമായി കാട്ടിത്തരാൻ കഴിവുള്ള ജ്ഞാന സൂര്യൻ ഉദിച്ചാൽ പിന്നെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും
പ്രാണന്മാർക്കും എന്താണു സംഭവിക്കുക? ഇക്കാര്യമാണ് പ്രതീകാത്മകമായി ആചാര്യൻ പന്ത്രണ്ടാം പദ്യത്തിൽ വിവരിച്ചിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[24/12, 06:55] +91 94955 57148: വിവേകചൂഡാമണി- 123

   ആപ്തോക്തിം ഖനനം
   തഥോപരി
   ശിലാദ്യുത്കർഷണം സ്വീകൃതിം
   നിക്ഷേപഃ സമപേക്ഷതേ നഹി   
   ബഹിഃ ശബ്ദൈസ്തു
   നിർഗച്ഛതി
   തദ്വദ് ബ്രഹ്മവിദോപദേശ
   മനനധ്യാനാദിഭിർ ലഭ്യതേ
   മായാകാര്യതിരോഹിതം
   സ്വമമലം തത്ത്വം ന
   ദുര്യുക്തിഭിഃ                         (65)

    ഭൂമിക്കടിയിൽ കിടക്കുന്ന നിധി എടുത്തനുഭവിക്കണമെങ്കിൽ
ഒന്നാമതായി അതറിയുന്ന ആളിൽനിന്ന് അതിരിക്കുന്ന സ്ഥലം ക്യത്യമായും കേട്ടു മനസ്സിലാക്കണം. എന്നിട്ട് ആ സ്ഥലം കുഴിച്ച്, നിധിയെ മറച്ചിരിക്കുന്ന മണ്ണും കല്ലും നീക്കംചെയിത് അത് പുറത്തെടുക്കണം. അല്ലാതെ പുറത്തുനിന്ന് 'നിധി', 'നിധി' എന്ന്
വിളിച്ചുപറഞ്ഞതുകൊണ്ടൊന്നും അത് വെളിയിൽ വരാൻ പോകുന്നില്ല. അതുപോലെ, നമ്മുടെ അജ്ഞതകൊണ്ടും തജ്ജന്യമായ വ്യാമോഹം കൊണ്ടും മറഞ്ഞുകിടക്കുന്ന പരിശുദ്ധമായ ആത്മതത്വം ബ്രഹ്മജ്ഞനായ സദ്ഗുരുവിന്റെ ഉപദേശാനുസരണം
മനനധ്യാനാദികൾ ചെയ്താൽ സാക്ഷാത്കരിക്കാവുന്നതാണ്.
അല്ലാതെ ഇരുന്ന് തർക്കിച്ചതുകൊണ്ടൊന്നും ആത്മലാഭം ഉണ്ടാവുന്നതല്ല.

    സമയം പാഴാക്കാതെ, നേരായ മാർഗ്ഗത്തിലൂടെ സ്വപ്രയത്നം
ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ ബോദ്ധ്യപ്പെടുത്താൻ ശ്രീശങ്കരൻ ശ്രമിക്കുകയുണ്ടായി. ശാസ്ത്ര പഠനമോ, വാദപ്രതിവാദമോ എത്രനടത്തിയാലും പരമലക്ഷ്യമായ ആത്മാനുഭൂതി കൈവരിക്കാൻ സാദ്ധ്യമല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ആ വസ്തുതയെത്തന്നെ ഈ ശ്ലോകത്തിൽ വളരെ ചമൽക്കാരത്തോടെ പ്രതിപാദിക്കുന്നു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെയെല്ലാം രത്നച്ചുരുക്കമാണിതെന്നു പറയാം.

  'നിധി കുഴിച്ചെടുക്കൽ' എന്ന ദൃഷ്ടാന്തകഥനത്തിലൂടെ
ശ്രീശങ്കരൻ പ്രസ്തുത ആശയത്തെ സമർത്ഥമായി വ്യക്തമാക്കുന്നു.
ആദ്ധ്യാത്മികസാധനയും നിധി കണ്ടുപിടിക്കലും തമ്മിൽ എന്താണൊരു പൊരുത്തം എന്ന് സംശയിക്കുന്നവരുണ്ടാകാം. ഏതു വിഷയത്തിലും, സാധാരണക്കാരന്റെ സ്ഥൂലദൃഷ്ടിക്ക് കാണാൻ കഴിയുന്നതിൽ കൂടുതലായി, കവിയുടെ സൂക്ഷ്മദൃഷ്ടിക്ക് കാണാൻ കഴിയും എന്നത് ഒരു യാഥാർത്ഥ്യമാണ്.

   നിധി ഒളിഞ്ഞിരിക്കുന്ന സ്ഥലം വളരെ ക്യത്യമായി അറിഞ്ഞെങ്കിൽമാത്രമേ അത് നേടാനുള്ള പ്രയത്നം സഫലമാകൂ. അവിടെ കുഴിക്കാനും, അത് കണ്ടെത്താനുമുള്ള ഉത്സാഹവും ശക്തിയും വ്യക്തിക്കുണ്ടാവണം. ആശ വിടാതെ, പ്രതീക്ഷയോടെ, സാവധാനം അയാൾ കുഴിച്ചുകൊണ്ടേയിരിക്കണം. നിധിയെ മറച്ചിരിക്കുന്ന കല്ലും മണ്ണുമെല്ലാം നീക്കംചെയ്ത് അവസാനം അയാൾ അത് കണ്ടെത്തും. ആ സമയത്ത്, സന്തോഷാതിരേകത്താൽ, ആത്മനിയന്ത്രണം വിട്ട് തുള്ളിച്ചാടാതെ, പ്രശാന്തചിത്തനായി, സ്ഥൈര്യത്തോടെ അത്  കരസ്ഥമാക്കാൻ ആർക്ക് കഴിയുന്നുവോ അയാൾക്ക് ആ അനർഘനിധി ഉപയോഗിക്കാം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment