Wednesday, December 04, 2019

ജ്യോതിശബ്ദം പരമാത്മ വിഷയം

Wednesday 4 December 2019 2:24 am IST
നാലാം അദ്ധ്യായം നാലാം പാദം
ഇതില്‍ 7 അധികരണങ്ങളിലായി 22 സൂത്രങ്ങളുണ്ട്.
സംപദ്യാവിര്‍ഭാവാധികരണം
ഈ അധികരണത്തില്‍ മൂന്ന് സൂങ്ങളുണ്ട്.
സൂത്രം-  സംപദ്യാവിര്‍ഭാവഃ സ്വേന ശബ്ദാത്
ജീവന്‍  ബ്രഹ്മസ്വരൂപത്തെ പ്രാപിച്ചിട്ട് തന്റെ പരമാര്‍ത്ഥ സ്വരൂപത്തില്‍ ലയിക്കുന്നു. അങ്ങനെ ശ്രുതി പറയുന്നുണ്ട്.
പരമപദമാകുന്ന ബ്രഹ്മത്തെയാണ് ജീവന്‍ പ്രാപിക്കുന്നത്.. തന്റെ യഥാര്‍ത്ഥ ഭാവത്തിലാകുന്നു എന്ന് ശ്രുതി പറയുന്നുണ്ട്.
ഛാന്ദോഗ്യത്തില്‍ 'ഏവമേ വൈഷ സംപ്രസാദോ/സ്മാച്ഛരീരാത് സമുത്ഥായ പരം ജ്യോതിരൂപ സംപദ്യ സ്വേന രൂപേണാഭിനിഷ്പദ്യതേ' ഭാഗ്യവാനും ശുദ്ധനുമായ ജീവന്‍ ഈ ശരീരത്തില്‍ നിന്ന് വേറിട്ട് ഉത്കൃഷ്ടമായ തേജോരൂപത്തെ പ്രാപിച്ച് തന്റെ യഥാര്‍ത്ഥമായ സ്വരൂപത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു. ഇവിടെ സ്വേന എന്ന പദം സ്വന്തം രൂപത്തെ കുറിക്കുന്നു. എല്ലാ ജീവന്‍മാരുടേയും യഥാര്‍ത്ഥ സ്വരൂപം പരബ്രഹ്മം തന്നെയാണ്.
സൂത്രം-  മുക്തഃ പ്രതിജ്ഞാനാത്
സ്വസ്വരൂപത്തെ അറിയുന്നതിനാല്‍ മുക്തനാവുന്നു. പ്രതിജ്ഞാനംകൊണ്ട് മുക്ത ജീവന്‍ പിന്നെ സംസാരത്തിലേക്ക് തിരിച്ച് വരില്ല.
പഞ്ചമഹാഭൂതങ്ങളാല്‍ നിര്‍മ്മിതമായതും ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാന്‍ കഴിയുന്നതുമായ ഈ ശരീരമാണ് താന്‍ എന്ന തെറ്റിദ്ധാരണ നീങ്ങണം. എന്റെ യഥാര്‍ത്ഥ സ്വരൂപത്തെ ഞാന്‍ തിരിച്ചറിയണം. ആ പരമാത്മാവ് അഥവാ പരബ്രഹ്മം തന്നെയാണ് ഞാന്‍ എന്നറിയുമ്പോള്‍ ഒരാള്‍ മുക്തനാവും.പരബ്രഹ്മമായിത്തീരുന്നയാളുടെ കര്‍മ്മങ്ങള്‍ നശിച്ചുപോകും. അയാള്‍ക്ക് വീണ്ടും ജനിക്കേണ്ടി വരില്ല. പരമപദത്തെ പ്രാപിച്ച ജീവന് തിരിച്ചുവരവില്ലെന്നും ഉപാധി സംബസമില്ലെന്നും ശ്രുതിയില്‍ പ്രതിജ്ഞ കാണാം. 
സൂത്രം-  ആത്മാ പ്രകരണാത്
ആത്മാവ് തന്നെയാണത്. പ്രകരണം പരമാത്മ വിഷയമാണ്. പ്രകരണത്തില്‍ നിന്ന് ആത്മാവ് ശുദ്ധനാണെന്ന് അറിയണം. നേരത്തെ പറഞ്ഞതായ ഛാന്ദോഗ്യത്തിലെ മന്ത്രത്തില്‍ 'ജ്യോതി'എന്ന ശബ്ദം പരമാത്മാവിനെയാണോ ഉദ്ദേശിക്കുന്നതെന്ന സംശയത്തിന് സമാധാനം പറയുന്നു. ജ്യോതിസ് എന്നത് പരമാത്മാവ് തന്നെയാണ്.
പരമാത്മാവിനെ പ്രതിപാദിക്കുന്ന ഈ പ്രകരണത്തില്‍ അതിന് വിരുദ്ധമായ അര്‍ത്ഥത്തെ സ്വീകരിക്കുന്നത് ശരിയല്ല. പ്രകൃത വിരോധം, അപ്രകൃത പ്രാപ്തി എന്നീ ദോഷങ്ങളുണ്ടാവും.
ബൃഹദാരണ്യകത്തില്‍ 'തദ്ദേവാ ജ്യോതിഷാം ജ്യോതിഃ ' എന്ന ശ്രുതി വാക്യമനുസരിച്ച് ആത്മാവില്‍ ജ്യോതി ശബ്ദം ഉറപ്പാക്കുന്നു. അതിനാല്‍ ജ്യോതിശബ്ദം പരമാത്മ വിഷയം തന്നെയാണ്.
പരമപദത്തിലെത്തുമ്പോള്‍ കര്‍മ്മ സ്പര്‍ശവും ഉപാധി സംബന്ധവും ഉണ്ടാകില്ല അതിനാല്‍ ശുദ്ധനാകുന്നുവെന്നും പ്രകരണത്തില്‍ നിന്നും അറിയണം. 
അവിഭാഗേന ദൃഷ്ടത്വാധികരണം ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ
സൂത്രം-  അവിഭാഗേന ദൃഷ്ടത്വാത്
മുക്തനായ ആത്മാവിന് പരമാത്മാവില്‍ അവിഭാഗമായ അഥവാ അഭേദമയ സ്ഥിതിയാണ് എന്ന് ശ്രുതി പറയുന്നു.
മുക്തന്‍ പരമാത്മാവില്‍ ലയിക്കുന്നുവെന്ന് പറയുമ്പോള്‍ ആധാര ആധേയഭാവം ഉണ്ടാകുമല്ലോ എന്ന ശങ്കയ്ക്ക് ഇവിടെ മറുപടി നല്‍കുന്നു.
ആധാര ആധേയ ഭാവം വിഭാഗത്തെ അഥവാ ഭേദത്തെ ഉണ്ടാക്കും. എന്നതിനാല്‍ അത് സ്വീകരിക്കാനാവില്ല. ആധാര ആധേയ ഭാവത്തെ നിരസിച്ച് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നുവെന്ന് ശ്രുതി പറയുന്നു.
 കഠോപനിഷത്തില്‍ 'യഥോദകം ശുദ്ധേ ശുദ്ധമാസിക്തം താദൃഗേവ ഭവതി ഏവം മുനേര്‍ വിജാനത ആത്മാ ഭവതി ഗൗതമ 'ശുദ്ധമായ ജലത്തില്‍ ശുദ്ധമായ വെള്ളം ഒന്നായിരിക്കുന്നത് പോലെയാണ് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നത് എന്ന് പറയുന്നു. അതിനാല്‍ തന്നെ വിഭാഗം അഥവാ ഭേദം സ്വീകാര്യമല്ല.

No comments:

Post a Comment